ബാഷ്പാഞ്ജലി - കളിത്തോപ്പില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കളിത്തോപ്പില്‍

          ശോഭ
-കഴിയട്ടെ പറഞ്ഞുഞാ, നതിനുമുന്‍പേ
കളിയാക്കുന്നതെന്തിനെന്‍ തോഴിമാരേ?
          കല
മണിവിളക്കിന്നലെക്കെടുത്തിയപ്പോള്‍
മഴവില്ലാക്കവിളത്തു മിന്നിയില്ലേ?
         കാന്തി
മണിയറവാതിലടച്ചനേരം
തരിവളയല്‍പംകിലുങ്ങിയില്ലേ?
         രാധ
പുലരിയില്‍ പ്പൂങ്കോഴി കൂകിയപ്പോള്‍
പരിഭവിച്ചേറെപ്പഴിച്ചതില്ലേ?-
........................................
         ശോഭ
പറഞ്ഞോളു സഖികളേ, വേണ്ടുവോളം;
പരമാര്‍ത്ഥമെനിക്കല്ലേയറിഞ്ഞുകൂടു?.....
  * * *
        പരിമള
ഇനിയു, മപ്പുസ്തകം പാതിപോലും
സുഷമേ, നീ വായിച്ചുകഴിഞ്ഞതില്ലേ?-
        സുഷമ
പ്രണയലിഖിതങ്ങളെഴുതിടേണ്ടേ?
പരിമളേ, സമയം പിന്നെനിക്കെവിടെ?-
        കുസുമ
ഒരുമുല്ലമലര്മാല കൊരുത്തുവെയ്ക്കാന്‍
സരളേ; ഞാന്‍ തീരെ മറന്നുപോയി!
         സരള
കുസുമേ, നിനക്കേവം മറവിയൊന്നും
കണ്ടിട്ടില്ലല്ലോ ഞാനിതിനുമുന്‍പില്‍.
        കുസുമ
അതുകൊള്ളാം, സരളേ, ഞാന്‍ പണ്ടുകണ്ട
കുസുമയല്ലിപ്പോളെന്നറിഞ്ഞുകൂടേ?-
         സരള
ഒരുചിത്രശലഭം നിന്നരികിലെത്തി
ശരി, ശരി, ഞാനതു മറന്നേ പോയി!-
................................................
        ശോഭ
സഖികളേ, നേരമിന്നതിര്‍കടന്നു
സരസിജപ്പൊയ്കയില്‍ വെയിലുവന്നു;-
സരളയ്ക്കും കുസുമയ്ക്കും കളിയാണെല്ലാം
സലിലകേളിക്കിനിസ്സമയമുണ്ടോ?
  * * *
        കല
വരു, വരു,-വിലയുള്ളസമയമല്ലേ?
വെറുതെ നാമതു തീര്‍ത്താല്‍ കഷ്ടമല്ലേ?-
        സുധ
പരിമളമിളിതമാം സ്വപ്നമോരോ-
ന്നിളകീടും രോമാഞ്ചകാലമല്ലേ?-
       കുസുമ
മലര്‍വല്ലിക്കുടിലിലെപ്പൂങ്കുയിലേ,
മധുമാസം വന്നതറിഞ്ഞില്ലേ, നീ?
        ശോഭ
പറയാതിരുന്നാല്‍ പറയിപ്പിക്കും
പറഞ്ഞാലോ?- പിന്നെ,പ്പൊറുതിമുട്ടി!
ഒരുതരത്തിലും മേല കഴിഞ്ഞുകൂടാന്‍;
വിഷമിച്ചു ഞാനിന്നെന്‍ തോഴിമാരേ!-
(സഖികള്‍ എല്ലാവരും ഒന്നിച്ച്)
അല്ലല്ല, പിണങ്ങിയോ?-
നേരമ്പോക്കായിഞങ്ങള്‍
ചൊല്ലിയതല്ലേ, വേണ്ട
പിണക്കം ശോഭേ! 19-5-1107

അഞ്ചിതമിയൊരച്ചെമ്പനീര്‍ത്താരിനൊ-
രഞ്ചാറുനാള്‍കൂടിനിന്നുകൂടെ? 4-8-1106