ബാഷ്പാഞ്ജലി - ശൂന്യതയില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ശൂന്യതയില്‍
ഘോരഘോരനിരാശയില്‍ത്തന്നെയെന്‍-
ജീവനാളം വരണ്ടു വരണ്ടു ഞാന്‍
എത്രനാളിനിപ്പോകണമീവിധം
ചില്‍പ്രകാശമേ, നിന്നടുത്തെത്തുവാന്‍?
ഞാനൊരു ശിശു, നിന്നെയെങ്ങാനുമെന്‍-
ചാപലത്താലനാദരിച്ചെങ്കിലോ!
å അന്ധകാരമായ്;- എന്‍മുന്നിലൊക്കയു-
മന്തമറ്റ കൊടും മണല്‍ക്കാടുകള്‍.
കൈയിലില്ലൊരു മണ്‍വിളക്കെങ്കിലും
വയ്യ വയെ്യനി, ക്കേകാന്തഭീരു ഞാന്‍!
ആത്തവേദനം ഞാന്‍, പൊഴിച്ചീടുമെ-
ന്നാത്മരോദനമാരുണ്ടു കേള്‍ക്കുവാന്‍?
നിന്ന നില്‍പിലിതാ പതിക്കുന്നു ഞാ,-
നൊന്നു വന്നെന്നെത്താങ്ങൂ വെളിച്ചമേ!!å 17-4-1108