വാളും കത്തിയും
കഷ്ടിച്ചൊരാറു വയസ്സുകാണും
മൊട്ടിട്ടു ബാല്യം ചിരിച്ചിതെന്നില്.
അന്നു ഞാന്‍ ദര്‍ശിച്ച ലോകമല്ലീ
മുന്നിലിന്നെന്തിതിനെന്തുപറ്റി?
പച്ചക്കിളികളത്തൈമരങ്ങള്
പട്ടിളംപുഷ്പങ്ങള്പൂമ്പാറ്റകള്
ഇന്നിവയ്ക്കൊന്നിനും ഭംഗിയില്ലാ
കണ്ണിലമൃതംതളിപ്പതില്ല.
ആകട്ടെ, പോട്ടെ ഞാനാളുമാറി
ലോകമെനിക്കു പഴഞ്ചനായി....
അച്ഛിന്നകൌതുകമാട്ടം കാണാ-
നച്ഛനന്നെന്നെയും കൊണ്ടുപോയി.
മദ്ദളച്ചെണ്ടമേളങ്ങളൊത്തെന്-
ചിത്തവും തുള്ളിക്കളിച്ചുപോയി.
വേഷങ്ങള്‍ വന്നു ...ഞാനെന്തറിഞ്ഞു?
തോഷമെന്നാലും പതഞ്ഞുറഞ്ഞു...
ഏറെക്കഴിഞ്ഞൊരു വാളുമായി-
ട്ടേതോ ഭയങ്കരന്‍ വന്നണഞ്ഞു.
രംഗത്തില്‍ നില്ക്കുമൊരുത്തനുമാ-
യങ്ങിങ്ങുടനേപിടിവലിയായ്.
എന്മുഖം മങ്ങി ...വഴക്കതു ക-
ണ്ടെന്മനസ്പന്ദങ്ങള്ക്കൂക്കുകൂടി.
പെട്ടെന്നവന് വാല്കഴുത്തിനോങ്ങി
വെട്ടി-യാപ്പാവം നിലംപതിച്ചു.
വാവിട്ടുകേണു ഞാ, നച്ഛനെന്നെ
വാരിയെടുത്തെങ്ങോ കൊണ്ടുപോയി.
അക്കാഴ്ചയിന്നുമൊന്നോര്ത്തിടുമ്പോ-
ളുള്ക്കടഭീതിയൊന്നുത്ഭവിപ്പൂ.
എങ്കിലു, മിന്നതോടൊപ്പമായി
തങ്ങിടുന്നുണ്ടൊരു ലജ്ജയെന്നില്!
അന്നൊരുനാളിലെങ്കൈ മുറിഞ്ഞു,
ചെന്നിണം ചോര്‍ന്നു.. ഹാ, ഞാന്‍ കരഞ്ഞു.
ഉച്ചയ്ക്കുമുമ്പൊരു വീട്ടില്‍ ഞാന-
ന്നച്ഛനോടൊന്നിച്ചു ചെന്നുപറ്റി.
കണ്ടു വെളുത്തു കൊഴുത്തു നല്ല
രണ്ടു യുവസുന്ദരികളെ ഞാന്‍.
എന്നെയച്ഛന്‍ മേശഏലിരുത്തി
തന്വംഗിമാരെന്നരികിലെത്തി.
എന്തൊക്കെയാണവര്‍ ചോദിച്ചതെ-
ന്നന്തരംഗത്തിലിന്നോര്മ്മയില്ല.
അല്പസമയം കഴിഞ്ഞൊരുവ-
ളപ്പുറത്തേക്കെങ്ങോവിട്ടുപോയി.
അച്ഛനും ശേഷിച്ച സുന്ദരിയും
സ്വച്ഛന്ദമോരോ വിനോദമോതി.
പൊട്ടിച്ചിരിച്ചുരസിച്ചു-പൂച്ച-
ക്കുട്ടിയൊന്നപ്പോളവിടെയെത്തി.
ഞാനതിനെപ്പിടികൂടുവാനായ്
സാനന്ദം താഴോട്ടു ചാടും മുമ്പേ,
എന്നിംഗിതമറി, ഞ്ഞാര്ദ്രയാമ-
സ്സുന്ദരിവേഗമജ്ജന്തുവിനെ,
കയ്യിലെടുത്തെന്നരികിലായി-
പ്പയ്യവേ നിര്‍ത്തി-ഞാന്‍ തുഷ്ടനായി....
വാതില്‍ തുറന്നു, മുറിക്കകത്താ-
ച്ചേതോഹരാംഗികടന്നിതാദ്യം.
പിന്നെയെന്നച്ഛനും വാതില്‍ വീണ്ടും
മന്ദമടഞ്ഞു ഞാനേകനായി.
മാര്ജ്ജാരശൂരന്റെ ശുണ്ഠി കാണാന്‍
വാച്ചകൌതുഹലമെന്മനസ്സില്.
വാലില്‍പ്പിടിച്ചു ഞാന്‍ മെയ്വളച്ചു
വാശിയോടാ ജന്തു ചീറ്റിനിന്നു.
ഞാനതിന് മൂക്കത്തു തൊട്ടു-മാന്താ-
നാണുവട്ടംകൂട്ടിടുന്നതിഷ്ടന്.
'അമ്പടാ' ഞാനിപ്പോള്‍ സമ്മതിക്കാം
വെമ്പി ഞാന്‍ വേറേ കുസൃതി കാട്ടാന്‍.
അച്ചുമരിന്മേലൊരാണിയിന്മേല്
കൊച്ചുകണ്ണാടിയെങ്കണ്ണില്പ്പെട്ടു.
മറ്റൊരു പൂച്ചയായ് ശണ്ഠക്കൂട്ടാന്
പറ്റുമസ്സൂത്രമെന്നോര്ത്തുടനേ,
കണ്ണാടി ഞാനേറ്റു കൈയിലാക്കി
തിണ്ണമപ്പൂച്ചയോ ചാടിയോടി.
എന്തിനിച്ചെയ്യും? ഇരുന്നു വീണ്ടും
ചിന്താവിവശനായ് മേശമേല്‍ ഞാന്‍.
ദൂരെ, ജനല്പ്പഴുതിങ്കലൂടെ
നേരിട്ടുകാണുന്ന നീല വാനില്‍
വെള്ളിയുരുകിയൊലിച്ചവെയിലില്
വെള്ളിമേഘങ്ങളിഴഞ്ഞുപോയി.
വട്ടം പറന്നു പരുന്തവയെ
മുട്ടിയിടയ്ക്കൊന്നുരുമ്മിനോക്കി
കര്ണ്ണരന്ധ്രത്തില്ത്തരിപ്പുകേറ്റി
മണ്ണുമാന്തിക്കപ്പല്‍ ചൂളമിട്ടു.
കാണായ് ചലിപ്പതു പച്ചിലകള്‍
കായലില്‍നിന്നു വരുന്ന കാറ്റില്‍!
വാതില്‍ തുറന്നു-വരാംഗി പോയി
താതനെയൊന്നു വിളിച്ചുപോയ് ഞാന്‍.
മിണ്ടാതവിടെയിരിക്കുകെന്നാ
ണുണ്ടായതാജ്ഞ-ഞാന്‍ ശാന്തനായി.
കയ്യിലൊരു കൊടും കത്തിയുമായ്
തയ്യലാളുണ്ടുവരുന്നു വീണ്ടും.
പോവുകയാണു മുറിയിലേക്കാ-
പ്പൂവേണി-വാതിലടഞ്ഞു വീണ്ടും
കത്തി!-തീയാളിയെന്മാനസത്തില്-
ക്കത്തി!- ഞാന്‍ പേടിച്ചരണ്ടുപോയി.
ആട്ടത്തിലന്നു ഞാന്‍ കണ്ടതെല്ലാം
കൂട്ടമോടാര്ത്തെത്തിയെന്മനസ്സില്.
അച്ഛനെക്കൊല്ലുവാന്!-എന്തുചെയ്യും?
മജ്ജീവരക്തമുറഞ്ഞുപോയി.
നിശ്ചയമച്ഛനെക്കുത്തിവീഴ്ത്തും
നിര്‍ദ്ദയം ...നീറിയെന്‍ പിഞ്ചുചിത്തം
ഓര്ത്തിടുന്തോറു, മടങ്ങിനില്ക്കാ-
താര്ത്തിയെന്നുള്ളിലിരച്ചുകേറി.
ചുണ്ടുവിറച്ചു, ജലം നിറഞ്ഞു
രണ്ടുനേത്രത്തിലും-ധൈര്യപൂര്‍വം
ചെറ്റിടകൂടിയിരുന്നു, ഹാ, ഞാന്‍...
പറ്റിടുന്നി, ല്ലതാ, മുന്നി, ലയേ്യാ,
രക്തത്തില്‍ മുങ്ങിപ്പിടയ്ക്കയാണെ-
ന്നച്ഛന്‍!-ഞാന്‍ വാവിട്ടുകേണുപോയി.
"അച്ഛനെക്കൊല്ലല്ലേ, കൊന്നിടുന്നെ-
ന്നച്ഛനെ, യച്ഛനെക്കൊല്ലരുതേ! ..."
വാതില്‍ തുറന്നു വരാംഗിവന്നു
വാലിയക്കാരനുമോടിവന്നു.
അച്ഛനുമപ്പുറത്തേക്കു പോയോ-
രച്ചെമ്പകാംഗിയും പാഞ്ഞണഞ്ഞു!
"എന്താണു കാര്യം?"-മരുത്തിലോമല്-
ച്ചെന്തളിര്പോല് ഞാന്‍ വിറച്ചുനില്പൂ
പാതിതോല്ചെത്തിയ മാമ്പഴവും
പാപമറിയാത്തൊരക്കത്തിയും
ഓരോകരത്തില് വഹിച്ചുകൊണ്ട-
ത്താരണിവേണി പകച്ചുനില്പൂ.
അച്ഛനെക്കൊന്നില്ല-ഭാഗ്യമായി!
മച്ചിത്തതാരിലാശ്വാസമായി.
എല്ലാര്ക്കും കാര്യം മനസ്സിലായി
മല്ലാക്ഷീ ലജ്ജാവനമ്രയായി.
എങ്കിലും, കണ്ണീര് ധാരയായി-
ട്ടെന് കണ്ണില്നിന്നുമുതിര്ന്നിരുന്നു.
താന്തനാമെന്നെത്തന്തോളിലേന്തി-
സ്സാന്ത്വനിപ്പിച്ചുസസ്നേഹമച്ഛന്.
ചാമ്പേയകാംഗിവാത്സല്യപൂര്വം
മാമ്പഴം പൂളിയെനിക്കുതന്നു.
ഏങ്ങി ഞാന്‍ ദു:ഖം ശമിച്ചു...ചെറ്റും
മോങ്ങീലപിന്നെ ഞാനെന്തു മൂഢന്!
ഭീരുത്വഭീഷണിയിപ്രകാരം
പോരുംവഴിക്കച്ഛനുച്ചരിച്ചു:
"അമ്മയോടിക്കഥ മിണ്ടിയാല്‍ ഞാന്‍
ചമ്മന്തിയാക്കും ചതച്ചു നിന്നെ!" ...
മിണ്ടിയിട്ടില്ല, പിതൃശ്മശാനം
കണ്ടിടുമ്പോളിന്നെന് കണ് നിറവൂ!