നീറുന്ന തീച്ചൂള - വെളിച്ചം വരുന്നു
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ന്നില്‍നിന്നുമെരിഞ്ഞുയര്‍ന്നാളി-
ച്ചിന്നുമീത്തീപ്പൊരികളേക്കണ്ടോ?
ചൂടു പോരെന്നോ?-തൊട്ടൊന്നു നോക്കൂ
പേടിതോന്നുന്നോ?-സംശയം തീര്‍ക്കൂ!
  പോയനാളിന്‍ ചുടലകള്‍ ചിക്കി
പേയുതിക്കുന്നതല്ലെന്റെ ശബ്ദം.
മാറ്റിടിഞ്ഞു തളര്‍ന്നുമറയും
മാറ്റൊലിയല്ല മാമകശബ്ദം.
നിര്‍ഗ്ഗളിക്കുമതിന്‍ ഹൃത്തില്‍നിന്നും
സര്‍ഗ്ഗചൈതന്യസ്പന്ദങ്ങളെന്നും.
ഹീനമാമൂല്‍മതിലുകളെല്ലാം
ഞാനിടിച്ചു തകര്‍ത്തു കുതിക്കും.
നീ ചതിയില്‍ തടിച്ചുതഴയ്ക്കും.
നീതികള്‍ ഞാന്‍ ചവിട്ടിമെതിക്കും.
ഗര്‍വ്വിഴയുമസ്സാമൂഹ്യശൈലം
സര്‍വ്വവും ഞാനിടിച്ചു പൊടിക്കും!
മേല്‍ക്കുമേല്‍ മാനവോല്‍ക്കര്‍ഷദമാം
മാര്‍ഗ്ഗമോരോന്നു വെട്ടിത്തെളിക്കും!

  അബ്ദകോടികള്‍ കൈകോര്‍ത്തുവന്നി-
ശ്ശബ്ദഖഡ്ഗമിതെന്‍ കൈയിലേകി.
എന്തിനാണെന്നോ?-ചെന്നിണംപോലും
ചിന്തിയെന്റെ നാടെന്റെ നാടാക്കാന്‍!
വഞ്ചനക്കൊന്ത പൂണുനൂല്‍ തൊപ്പി-
കുഞ്ചനങ്ങളരുത്തുമുറിക്കാന്‍.
മര്‍ത്ത്യനെ മതം തിന്നാതെ കാക്കാന്‍
മത്സരങ്ങളെ മണ്ണടിയിക്കാന്‍.
വിഭ്രമങ്ങളെ നേര്‍വഴികാട്ടാന്‍
വിശ്രമങ്ങളെത്തട്ടിയുണര്‍ത്താന്‍
വേലകള്‍ക്കു കരുത്തുകൊടുക്കാന്‍
വേദനകള്‍ക്കു ശാന്തിപൊടിക്കാന്‍
തത്സമത്വജസാമൂഹ്യഭാഗ്യം
മത്സരിക്കാതെ കൊയ്തെടുപ്പിക്കാന്‍
നിസ്തുലോല്‍ക്കര്‍ഷചിഹ്നരായ് നില്‍ക്കും
നിത്യതൃപ്തിതന്‍ ചെങ്കൊടി നാട്ടാന്‍!
ശപ്തജീവിതകോടികള്‍ വന്നി-
ശ്ശബ്ദസീരമിതെന്‍ കൈയിലേകി.
എന്തിനാണെന്നോ?-കട്ടപിടിച്ചോ-
രന്തരംഗമുഴുതുമറിക്കാന്‍.
തപ്തവേദാന്തമ,ല്ലമൃതാര്‍ദ്ര-
തത്ത്വശാസ്ത്രം തളിച്ചുനനയ്ക്കാന്‍.
ജീവകാരുണ്യപൂരം വിതയ്ക്കാന്‍
ജീവിതങ്ങള്‍ക്കു പച്ചപിടിപ്പിക്കാന്‍.
ഭാവിലോകത്തിലെങ്കിലുമോരോ
ഭാവുകങ്ങള്‍ തളിര്‍ത്തുല്ലസിക്കാന്‍
വിത്തനാഥരും ദാസരും പോയി
വിശ്വരംഗത്തില്‍ മര്‍ത്ത്യതയെത്താന്‍
കര്‍ഷകന്റെ തെളിമിഴിക്കോണില്‍
ഹര്‍ഷരശ്മികള്‍ നൃത്തമാടിക്കാന്‍
ദുഷ്പ്രഭുത്വത്തിന്‍ പട്ടടകൂട്ടാന്‍
സല്‍പ്രയത്നത്തെപ്പൂമാലചാര്‍ത്താന്‍!

  ഇജ്ജഗത്തു ദുഷിച്ചു, ജീര്‍ണ്ണിച്ചു,
സജ്ജഗത്തൊന്നു സജ്ജമാക്കും ഞാന്‍.
ശക്തയന്ത്രശതങ്ങളിലൂടെന്‍
ശബ്ദഘോഷങ്ങള്‍ കേട്ടുവോ നിങ്ങള്‍?
യന്ത്രശാലപ്പുകച്ചാര്‍ത്തിലൂടെന്‍
കുന്തളാവലി കണ്ടുവോ നിങ്ങള്‍?
എന്റെ നാടെന്റെ നാടെന്റെ നാടെ-
ന്നെന്റെ ഗായത്രി കേട്ടുവോ നിങ്ങള്‍?
എന്തധര്‍മ്മവും തച്ചുതകര്‍ക്കു-
മെന്റെ ദോര്‍ബ്ബലം കണ്ടുവോ നിങ്ങള്‍?
എന്റെ കൈത്തണ്ടിരുമ്പാണു നോക്കൂ
എന്റെ മെയ്യിതുരുക്കാണു നോക്കൂ!
ശിഷ്ടപാലനം ദുഷ്ടനിധനം
വിഷ്ടപാവനം മാമകലക്ഷ്യം.
ഞാനമാനുഷനല്ലാ മനുഷ്യന്‍
പ്രാണനാണെനിക്കെന്നും മനുഷ്യന്‍!-

  വിസ്തരിപ്പീല ഞാനിനിയൊട്ടും
'വിപ്ലവ' മെന്നാണെന്റെ പേര്‍ കേള്‍ക്കൂ.
വിശ്വസംസ്കാരമേകി മേ ജന്മം
വിശ്വസൌഹൃദമേകി മേ സ്തന്യം
ആത്മനാഥപുരോഗതി, ഞങ്ങള്‍-
ക്കാത്മജന്മാരോ?-നാളത്തെ നിങ്ങള്‍!
ഞങ്ങള്‍ നിങ്ങളില്‍ ജീവന്‍ കൊളുത്തും
ഞങ്ങള്‍ നിങ്ങളെപ്പോറ്റിവളര്‍ത്തും.
വിശ്വസിക്കുകനാഥമല്ലൊട്ടും
വിശ്വരംഗം വരുന്നു വെളിച്ചം . .
28-10-1945