(മഞ്ജരി)
ഒന്ന്
രാധ:
"സങ്കടസിന്ധുവില് വീണുഴലുമെന്നെ-
ത്തിങ്കളേ! നീയും ഹസിക്കയാണോ?
മാനവരത്നത്തെക്കാണാന് കൊതിച്ചഭി-
മാനവിഹീനയായ് മാഴ്കുമെന്നെ,
എന്തിനീമട്ടില് പരിഹസിച്ചീടുന്നി-
തന്തികേയില്ലെന്റെയാത്മനാഥന്!
നില്ലു നീ ഹേമന്തയാമിനീ, നിന്നോടു
ചൊല്ലുവാനുണ്ടെനിക്കേറെയെല്ലാം
അന്നു കൂട്ടാളിപോല് നന്ദകുമാരനൊ-
ത്തെന്നുടെ ചാരത്തണഞ്ഞതാം നീ,
ഏകയായ് വന്നതിന്നെന്താണു കശ്മലേ?
പോക, ഞാനൊറ്റയ്ക്കിരുന്നുകൊള്ളാം!
മന്മനോമണ്ഡപം തല്ലിത്തകര്ക്കുമാ-
മന്മഥനെങ്ങു മറഞ്ഞിരിപ്പൂ?
വാരിളംതാരകത്താരണിഞ്ഞുള്ള നല്-
സ്സാരിയുടുത്തോരീ വ്യോമലക്ഷ്മി
തിങ്കളെക്കെട്ടിപ്പുണരുന്ന കാണുമ്പോ-
ളെങ്കരളെങ്ങനെ ശാന്തമാകും?
വല്ലീനിരകളെച്ചുംബിച്ചു ചുംബിച്ചു
സല്ലീലം മര്മ്മരോന്മത്തനാകേ,
ഇല്ലായ്കയില്ലെനിക്കൊട്ടുമസൂയ,യി-
ന്നുല്ലാസംകൊള്ളുമീ മാരുതനില്‍!
മാധുര്യമേറുമീഗ്ഗന്ധം പരത്തിടാന്‍
മാധവീ, നിന്നോടു ചൊല്ലിയോ ഞാന്‍?
നീലാളിപാളികള് നീളെത്തിരിഞ്ഞു നിന്
കൂലത്തിലെമ്മട്ടും വന്നുകൊള്ളും
ഞാനെത്ര കേണിട്ടും കാണ്മതില്ലാരേയും
ദീനയാമെന്നോടു സല്ലപിപ്പാന്!
ഞാനൊരു ഗാപികയായതെന്തിന്നൊരു
കാനനപുഷ്പമായ് വന്നിടാതേ?
അന്തിമലരി വിടര്‍ന്നതു കണ്ടപ്പോ-
ളന്തരംഗം മമ വെന്തുപോയീ!
കണ്ണുനീര്‍കൊണ്ടു കഴിച്ചിടാം കണ്ടോട്ടേ
കണ്ണനെച്ചിന്തിച്ചെന് കാലമെല്ലാം!
കോമളരൂപന്റെ കണ്ഠത്തില് ചാര്‍ത്താനാ-
യീ മലര്‍മാല കൊരുത്തുപോയ് ഞാന്‍!
വാടിപ്പോയ്;-വാരിളം പുഷ്പങ്ങളേ, നിങ്ങള്‍
വാടിയില്‍ വാണു ലസിച്ചവകള്!
എന്‍ കരസ്പര്‍ശത്താല്‍ നിങ്ങള്ക്കുമീവിധം
സങ്കടരംഗമണഞ്ഞിടാറായ്
ഓര്ത്തതില്ലെള്ളോള,മെന്നെയിന്നീവിധം
താര്ത്തളിര് ഗാത്രന്‍ ചതിക്കുമെന്നായ്!
സന്ധ്യയെക്കാണുവാനോടിക്കിതച്ചോരാ-
ബ്ബന്ധുരവാസരം വീര്‍പ്പടക്കി,
വാരുണദിഗ്വധൂതന് മടിത്തട്ടിങ്കല്
വാടിത്തളര്ന്നുടന് വന്നു വീഴ്കേ,
ആയാസമാറ്റുവാനാരോ വിളിച്ചുടന്
പായോനിധിക്കുള്ളില് കൊണ്ടുപോയി!
കാറൊളിവര്ണ്ണനില് മാത്രം ഞാന്‍ കാണ്മീലാ
കൂറിന് കണികയുമെന്തു കഷ്ടം!
വൃന്ദാവനത്തിലെ വല്ലീനികുഞ്ജങ്ങള്
മന്ദിരമാക്കി ഞാനെത്രരാവായ്
ഈവിധമെണ്ണിക്കഴിക്കുന്നി,തെങ്ങെന്റെ
ജീവിതനായകന്‍ ഗോപബാലന്‍?
പാതിരാപ്പൈങ്കിളി പാടീടും പാട്ടിന്റെ
കാതിനു കാരിരുമ്പമ്പുതന്നെ!
ചെന്താമരാക്ഷനെച്ചിന്തിച്ചു മാത്രം ഞാന്‍
സന്താപമെന്തും സഹിച്ചുകൊള്ളാം!
ആയിളം ചേവടിയെന്മടിത്തട്ടില്വ-
ച്ചായിരം പ്രാവശ്യം ചുംബിച്ചാലും
സമ്പൂര്‍ണ്ണസംതൃപ്തി സന്ദേഹമാണെനി-
ക്കന്പിനോടായതു സാദ്ധ്യമാണോ?
ഓടക്കുഴല്‍ വിളി കേള്‍പ്പൂ, വരുന്നുണ്ട-
ക്കോടക്കാര്വര്ണ്ണനെന്നന്തികത്തില്.
ധന്യയായ്തീര്ന്നൂ ഞാ, നിന്നിയെനിക്കൊരു
വന്യമലരുമായ് വന്നീടേണ്ട!"
രണ്ട്
കൃഷ്ണന്:
"രാധേ! യെന്‍ പ്രേമസര്‍വ്വസ്വമേ! നീയേവ-
മാധിചേര്ന്നീടുവാനെന്തു മൂലം?
ഓമലേ! മന്ദാക്ഷമന്ദഹാസാഞ്ചിത-
മീ മധുരാനനം താഴ്ത്തിയേവം,
മേവുന്നതെന്തു നീ, മാമകമാനസം
വേവുന്നതൊന്നുമറിഞ്ഞീടാതേ?
മഞ്ജീരശിഞ്ജിതമാറ്റൊലിയേല്ക്കാനി-
ക്കുഞ്ജഗൃഹങ്ങള് കൊതിപ്പതുണ്ടാം;
ദൂരത്തു കാണ്ക നീ വാനിന്റെ പൂങ്കവിള്
സൈര്വം മുകരും കൊടുമുടിയേ!
ഓതുവതുണ്ടവരന്യോന്യം പ്രേമത്തിന്
പൂതമാമേതോ പുരാവൃത്തങ്ങള്‍!
സോമന്റെ സുസ്മിതം സാരമാക്കേണ്ട നാ-
മോമനേ! കാലവിളംബമെന്യേ,
നീണാളായാശിച്ച, പീയൂഷസിദ്ധിക്കായ്
ചേണാര്ന്നിടുംപടി പോകയല്ലീ?
ചൈത്രനിശീഥങ്ങളെത്ര കഴിഞ്ഞുപോയ്
തത്രയെന് വക്ത്രത്തിലുറ്റുനോക്കി?
കാനനച്ചോലകള്‍ കൌതുകാല് പാടുമീ-
ഗ്ഗാനങ്ങളെന്തെന്നറിയുമോ നീ?
പ്രേമാങ്കുരത്തിന് സുശോഭനമാം പരി-
ണാമത്തിന് വര്ണ്ണനമാത്രമത്രേ!
കൈരവബന്ധുവിന് കൈതവസുസ്മിതം
വൈരജനകമെനിക്കു ഭദ്രേ!
എന്തിനീയാലസ്യം?- താവകദാസനു-
ണ്ടന്തികേയെന്തിനും സന്നദ്ധനായ്!
മംഗലരൂപിണി, നിന് മനോമോഹന
തുംഗസ്തനങ്ങളെയാത്തതൃഷ്ണം,
കല്‍ഹാരവാപിയില്‍ നീന്തുമാക്കോകികള്
കല്മഷംപൂണ്ടതാ നോക്കിനില്പൂ!
പുഞ്ചിരിപ്പൂനിലാവാശിച്ചെന്ലോചന-
പ്പിഞ്ചുചകോരങ്ങള് വെമ്പിടുന്നൂ!
താരാഥിനാഥന് മറഞ്ഞീടുമിപ്പോഴാ-
ശ്ശരദാനീരദമാലികയില്;
ആ മഞ്ജുകുഞ്ജം മഹിതമായ്ത്തീര്ക്ക നാ-
മീമനോമോഹനയാമിനിയില്!
താരുകളൊട്ടു പറിച്ചുകൊണ്ടന്നു ഞാ-
നീ രത്നമേഖലയൂരി വേഗം
ആയവയോരോന്നും വാരിവിതറട്ടേ,
നീയുയര്ന്നെന്നെക്കടാക്ഷിച്ചാലും!
ഏറെനാളാശിച്ചപീയൂഷമിന്നു നാ-
മേറിയമോദാലശിക്കയല്ലീ?"