വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
< മയൂഖമാല
എന്റെ കൗലശം (ഒരു ജപ്പാന്കവിത--കോക്കിനോമോട്ടോ-നോ-ഹിറ്റൊമാറോ)
ശോണിമവീശിയ പൂങ്കവിള്‍ക്കൂമ്പുമായ്
സായാഹ്നസന്ധ്യ വന്നെത്തിടുമ്പോള്‍;
സ്ഫീതാനുമോദമെന് പൂമണിമച്ചിന്റെ
വാതായനം തുറന്നിട്ടിടും ഞാന്‍.
രാഗമധുരമാമോരോ കിനാവിലും
മാമകപാര്ശ്വത്തിലെത്തുമെന്നായ്
സമ്മതം നല്കിയിട്ടുള്ളൊരെന് ദേവനെ-
പ്പിന്നെ, ഞാന്‍ സാദരം കാത്തിരിക്കും!
അല്ലില്‍, പടിപ്പുരവാതില്ക്കലെത്തുവാന്
തെല്ലൊരു കൗശലം ഞാനെടുത്തു.
"ചേലില്, മുളകളാല്‍ മുറ്റത്തു നിര്‍മ്മിച്ച
'വേലി' ഞാന്‍ ചെന്നൊന്നു നോക്കിടട്ടേ!"
ഏവം കഥിച്ചെഴുനേറ്റു ഞാനങ്കണ-
ഭൂവിലേക്കാമന്ദമാഗമിച്ചു.
എന്നാ,ലെന് നാഥ, ഞാനങ്ങനെ ചെയ്തതു
നിന്നെക്കണ്ടെത്തുവാനായിരുന്നു!...
--ഫെബ്രുവരി 1933