അല്ല;-ചായങ്ങള്‍ ചേര്‍ത്തു ചാലിച്ച-
തല്ല, നിന്നെ ഞാ, നോമലേ!
ആകയില്ലൊരു തൂലികയ്ക്കുമീ
നാകസൌഭഗം പൂശുവാന്‍.
ചിത്രമല്ല, ചിരന്തനമാ, മ-
ച്ചിത്പ്രകാശശ്രീയാണു നീ!
മിത്ഥ്യയ, ല്ലനവദ്യമാമൊരു
സത്യവിഗഹമാണു നീ!
നിര്‍മ്മലേ, ദേവി, നീയൊരുവെറും
നിര്മ്മിതിയാവുന്നെങ്ങനെ?
ശുഷ്കഭാവനയ്ക്കോമലേ, ഹാ, നിന്
സര്ഗ്ഗചൈതന്യവിസ്മയം.
ചിത്രണംചെയ്യാനാവുമോ?-ലോകം
വിശ്വസിക്കുമോ ചൊല്ലിയാല്‍?
അല്ല;-ചായങ്ങള്‍ ചേര്‍ത്തു ചാലിച്ച-
തല്ല, നിന്നെ ഞാ, നോമലേ!
നന്ദനാരാമവീഥികള് വെടി-
ഞ്ഞെന്തിനിങ്ങോട്ടു പോന്നു നീ?
ഞാനൊരു വെറും ചിത്രകാരന്
പ്രാണസൌന്ദര്യയാചകന്.
ജ്ഞാനഭണ്ഡാരശൂന്യനാകുല-
മാനസന്, പ്രണയാലസന്.
പാവനാദര്ശലോലുപന്, വെറും
ഭാവനാമാത്രജീവിതന്!-
എന്നെയോ വന്നനുഗഹിപ്പു നീ
വിണ്ണിന് വാടാവെളിച്ചമേ!
ഹര്ഷമേ, രോമഹര്ഷമേ, സുതാ-
വര്‍ഷമേ, നിന് സമാഗമം,
ശൂന്യമായൊരിജ്ജീവിതപാത്രം
പൂര്ണ്ണമാക്കുമിസ്സന്ധ്യയില്,
മായണം, ക്ഷണചഞ്ചലോജ്ജ്വല-
മായികമാമിപ്പാഴ്നിഴല്!
പൊന്‍ചിറകു വിരിച്ചു വാടാത്ത
പുഞ്ചിരിതന്‍ കിനാവുകള്‍
സഞ്ചിതോന്മദം സന്തതം ചുറ്റും
സഞ്ചരിക്കുമാറങ്ങനെ,
നിത്യതതന്‍ നികുഞ്ജകത്തി,ലി-
ക്കുഡ്മളം വികസിക്കണം!
ഇല്ലെനിക്കൊന്നുമില്ല, ലോകത്തില്‍
വല്ലതുമിനി നേടുവാന്‍!
നിര്മ്മലമാ, മീ യൌവനത്തിലു-
ള്ളെന്‍ മധുരപ്രതീക്ഷകള്‍;
പ്രേമധാരയില്‍ വീണു മുങ്ങിയ
കോമളങ്ങളാമാശകള്;
ഗാനചിന്തകളാര്ദ്രമാക്കിയ
മാനസത്തിന് തുടിപ്പുകള്‍;
ശുദ്ധികൊണ്ടു നിറമ്പിടിച്ചോ,രെന്‍
മുഗ്ദ്ധസങ്കല്പലീലകള്;
അസ്മദശ്രുക്കള് കാട്ടിയോരാത്മ-
വിസ്മൃതിതന്‍ കിനാവുകള്‍;
ഉദ്യുതോല്പ്പുളകോല്ക്കടങ്ങളാം
മദ്വികാരലഹരികള്;
ഗര്വ്വഹീനമെന് ജീവിതത്തിലെ-
സ്സര്വസദ്ഗുണരശ്മികള്;-
എന്നിവയെല്ലാമൊന്നുചേ,ര്‍ന്നൊരു
പൊന്നുടലെടുത്തെത്തുകില്,
ദേവലോകത്തു ചെന്നതു ദിവ്യ-
ജീവചൈതന്യം നേടുകില്‍,
നിന്നഴകിന്‍ നിഴലുപോ, ലതു
നിന്നിടാമെന് തിലോത്തമേ!
അത്രമാത്രമനഘയാം നിന്റെ
ചിത്രമേവം രചിക്കുവാന്‍.
മത്കലാപ്രേമമിത്രകാലവും.
ദു:ഖമൂര്ച്ഛയില് നില്ക്കിലും.
സ്വപ്നമേ, വന്നീലിന്നോളം, സ്വര്‍ഗ്ഗ-
കല്പകത്തണല് വിട്ടു നീ!
ഇന്നെനിക്കെന്റെ ജന്മസാഫല്യം
തന്നു നീ, ദിവ്യചാരി മേ!
ഇന്നൊരദ്ഭുതസിദ്ധിയാക്കി നീ
മന്നിലെന്‍ ശുഷ്കജീവിതം!
അഭ്യുദയക്കൊടുമുടിത്തുഞ്ചി
മജ്ജയക്കൊടി നാട്ടി നീ!
ഇല്ലെനിക്കൊന്നുമില്ല, ലോകത്തില്‍
വല്ലതുമിനി നേടുവാന്‍!
ഇത്രനാളുമിജ്ജീവിതത്തിലെ
മൃത്യുവെന്തെന്നറിഞ്ഞു ഞാന്‍.
മായികസ്വപ്നനിര്വൃതിയുടെ
മാധുരിയാസ്വദിച്ചു ഞാന്‍.
ആകയാ,ലാ യഥാര്ത്ഥമൃത്യുവെന്
ലോകജീവിതം മായ്ക്കുകില്‍.
അച്ചിദാനന്ദമിന്നിതിനേക്കാ-
ളെത്ര കാമ്യമായ് ത്തോന്നിടാം!
മല്കലാപ്രണയത്തിനു നേടാ-
നൊക്കുകില്ലിതിന് മീതെയായ്,
മറ്റൊരു നിധി, നീണ്ട ജീവിത-
മെത്രമാത്രം ശ്രമിക്കിലും!
ജന്മവാസനകൊണ്ടു നേടിയൊ-
രമ്മഹനീയ പാടവം,
ചിത്രതല്ലജമൊന്നിനാലൊരു
നിത്യജീവിതമേകി മേ!
ഹാ, മരിക്കിലും ഞാന്‍ മരിക്കുകി-
ല്ലോമലാളേ, നീ കാരണം!
വിസ്തൃതമാമീ വിശ്വരംഗത്തില്‍
വിസ്മയാസ്പദേ, നിന്നെ ഞാന്‍.
എന്നെന്നേക്കുമായ് വിട്ടുപോകിലും
നിന്നിലെന്നെന്നും നിന്നിടും!
മഞ്ജുവിഗഹേ, ഞാനൊരു വെറും
മന്ദഭാഗ്യനാണെങ്കിലും;
വിദ്രുമോജ്ജ്വലേ, ഞാനൊരു വെറും
വിത്തശൂന്യനാണെങ്കിലും;
ഭദ്രദീപികേ, ഞാനൊരുവെറും
ക്ഷുദ്രജീവിയാണെങ്കിലും;
എന്നൊരുനാളുമാവുകില്ലിനി
മന്നിനെന്നെ മറക്കുവാന്‍!
കേവലസ്വപ്നമാത്രമാകുമി-
ജ്ജീവിതം നീണ്ടുനില്ക്കുകില്;
മേലിലും വലിച്ചീടുമാശ, യെന്‍
പേലവമാം മനസ്സിനെ.
മന്നിലെങ്ങും തെളിഞ്ഞിടുമോരോ
മഞ്ജിമയെപ്പുണരുവാന്
ആകയില്ലെനിക്കെന്നാല്,
മറ്റൊരുനാകസൌഭഗമീവിധം.
ചിത്രണം ചെയ്വാന് മേലി, ലാകയാ-
ലിക്ഷണം ഞാന്‍ മരിക്കണം!
പാവനേ, നിന്റെ മുന്നി, ലിന്നെന്റെ
ജീവിതസ്വപ്നം മായണം!-
എങ്കില്‍, മന്നിനെന്നെന്നും ഞാനൊരു
പൊന്കിനാവായിത്തീര്ന്നിടും!
മാമകാമലജീവിതമൊരു
രോമഹര്‍ഷമായ് വാഴ്ത്തിടും! ...
മത്സിരകള് തളര്‍ന്നിടുന്നു,-ഹാ!
മത്സരിപ്പു മല്പ്രജ്ഞകള്!
സ്പന്ദനങ്ങള്‍ മുറുകിടുന്നു, നി-
ഷ്പന്ദമാകുന്നെന് ചൈതന്യം!
അല്ലെങ്കിലെന്തി,നിന്നെന് ചൈതന്യ-
മെല്ലാം നിന്നിലലിഞ്ഞല്ലോ!
പോയല്ലോ നിന്നിലേക്കു മത്സത്വം
ചായക്കൂട്ടിലൂടൊക്കെയും!
ശിഷ്ടമിന്നെനിക്കുള്ളതീ വെറു-
മസ്ഥിപഞ്ജരം മാത്രമാം!
ആയതു, മടി വേച്ചുവേ,ച്ചെന്തി-
താപതിക്കുവാന് പോകയോ!
ഏതോ ധൂമികയ്ക്കുള്ളില്, വിസ്തൃത-
ഭൂതലം മറയുന്നിതോ?
എന്തുമാറ്റ,മിതെന്തിനാകാ,മി-
തെന്തു?-ഞാന്‍ മരിക്കുന്നുവോ!
അദ്ഭുതം!-ഹാ, മരണമേ വരൂ
സസ്പൃഹമെതിരേല്പു ഞാന്‍!
വെല്ക, മത്കആഭാഗ്യരത്നമേ!
വെല്ക, നീയെന്‍ തിലോത്തമേ!
ലാലസിച്ചിതാ മച്ചിലൊക്കെയും
ലോലസായാഹ്നദീപ്തികള്.
അന്തിമാരുണകാന്തിവീചികള്
ചിന്തിയ വാനിലേകയായ്,
ഉല്ലസദ്ദ്യുതി തൂകിനിന്നിതുല്-
ഫുല്ലതാരക,യെന്തിനോ! ...
ഒന്നു മുന്നോട്ടേക്കാഞ്ഞിതാ വേഗ-
മന്ദ, നക്കലാകാരന്!...
ആ മുഖത്തൊരു ഗാഢചുംബനം
പ്രേമപൂര്വ്വകമേകവേ.
തീര്‍ന്നിതാ രംഗം! - കാലിടറി, യ-
ങ്ങൂര്ന്നുവീണു നിലത്തവന്‍!
ആ മിഴികളടഞ്ഞു! - കൂരിരുള്‍
വീണു ഭൂമിയിലൊക്കെയും!
കേവലമൊരു മൃത്യുവല്ലതു
ജീവിതോത്കൃഷ്ടസിദ്ധിയാം!-
അക്കലാപ്രേമദിവ്യശക്തിയാ-
ലര്പ്പിതമായ മുക്തിയാം!-
ഉണ്ടൊരവ്യക്തമര്മ്മരാംശമ-
ച്ചുണ്ടിലൂറുന്നുണ്ടിപ്പൊഴും!...
"വെല്ക, മത്കലാ-
ഭാഗ്യരത്നമേ!
വെല്ക, വെല്കെന്
തിലോത്തേേേമേ!...."
ജനുവരി 1936.