വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
(മഞ്ജരി)
'ഘോരകൃപാണമേ! മുന്നോട്ടുപോക നീ
ചോരപ്പുഴയില്‍ പുളച്ചുനീന്താന്!
വാരിധീവീചികള്പോലെ പരക്കുന്ന
ക്രൂരമുകിലപ്പടനടുവില്.
ആര്ത്തുമദിക്കുകയില്ല നീയെന്നാകി-
ലാര്ത്തിയിതില്പ്പരം വേറെയുണ്ടോ?
വീരരായിടും മഹാരാഷ്ട്രവംശത്തില്
പോരാളിവീരന്മാരുണ്ടിനിയും
ക്ഷത്രശ്രീയോലുന്ന ഞങ്ങള്തന്വക്ത്രത്തില്
തത്രഭീരുത്വമുദിച്ചുവെങ്കില്
അന്നാളില്മാത്രമേ നിങ്ങള്ക്കീബ്ഭാരത-
മന്നിടം സ്വായത്തമായിരിക്കൂ!
സിംഹാസനത്തിലെ ക്രൂരത്വമേ! നിന്റെ
സിംഹപരാക്രമമെങ്ങുപോയി?
ഓങ്ങിയാല് രക്തം കുടിക്കാതെ മാറാത്ത
മംഗലയാകും 'ഭവാനി' കാണ്‍കെ,
എത്രയും പൊക്കിവിടുര്ത്തിയ നിന് ഫണ-
മിത്രയ്ക്കുമാത്രം ചുരുങ്ങിപ്പോയോ!
ഘോരകൃപാണമേ! മുന്നോട്ടുപോക നീ
ചോരപ്പുഴയില്‍ പുളച്ചു നീന്താന്‍!
ഈ വീരസൂക്തികള് പാടും 'ശിവാജി' യി-
ന്നേവനുമാദര്ശപാത്രമത്രേ!