മനശ്ശാസ്ത്രപണ്ഡിതന്മാരുടെ അത്ഭുതാവഹമായ അപഗഥനപാടവത്തെ കൊഞ്ഞനം കുത്തിക്കൊണ്ടു നില്ക്കുന്ന ഒന്നാണ് മനുഷ്യ ഹൃദയം. വൈചിത്യ്രങ്ങളും വൈവിധ്യങ്ങളും കെട്ടുപിണഞ്ഞു വിശകലന സാധ്യതയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്നും അജയ്യഭാവത്തില് അതു നിലകൊള്ളുന്നത്. അടുത്തകാലങ്ങളില്‍ ശാസ്ത്രത്തിന്റെ വളിച്ചം അകത്തുകടക്കാന്‍ തുടങ്ങിയതോടുകൂടി സുസൂഷ്മങ്ങളായ ഭാവകോടികളുടെ സങ്കീര്‍ണ്ണതയെ ആവരണം ചെയ്തുകൊണ്ടിരുന്ന അന്ധകാരപടലം അല്പാല്പമായി നിങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും, അവയുടെ വ്യാപ്തിയും വൈവിധ്യവും ഇന്നും ദുരൂഹമായി വര്‍ത്തിക്കുന്നതേയുള്ളു.
ഈ ലോകത്തില്‍ ജീവിക്കുന്ന സകലമനുഷ്യരും ബാഹ്യമായ ആകാരഘടനയിലെന്നപോലെത്തന്നെ ആന്തരമായ സ്വഭാവഘടനയിലും ഒന്നിനൊന്നു വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ യാതൊരു വ്യത്യാസവും തോന്നിക്കാത്ത ഇരട്ടപെറ്റ രണ്ടുകുട്ടികള്ക്കുപോലും സൂക്ഷ്മനിരീക്ഷണത്തില്‍ സാരമായ പലേ വ്യത്യാസങ്ങളും ഉള്ളതായിക്കാണാം. ശാരീരികഘടനയില്‍ പ്രത്യക്ഷപ്പെടുന്ന ഈ വൈചിത്ര്യത്തിന്റെ വ്യാപ്തി മാനസികഘടനയില്‍ അസീമവും അമേയവുമായി നിലകൊള്ളുന്നു.നിയതികൃതനിയമരഹിതമാണ് മനുഷ്യന്റെ ഹൃദയവ്യാപാരങ്ങള്‍. ആന്തരമായ ആഴിപ്പരപ്പിലെ അലമാലകളുടെ ആന്ദോളനങ്ങള്‍ പോലെയാണ് അവയുടെ ഗതിവൈചിത്യ്രം. സകലമനുഷ്യരിലും ഒന്നുപോലെ ചില സമാനഭാവങ്ങള്‍ പ്രത്യക്ഷപ്പെടുന്നില്ലെന്നില്ല. എങ്കിലും അവയ്ക്കുപോലും സൂക്ഷ്മമായ വിശകലനത്തില്‍ വ്യക്തികളെ ആശ്രയിച്ച് അല്പാല്പമായ അന്തരം കണ്ടുവരുന്നുണ്ട്.
ഈ കൃതിയിലെ നായകനായ 'സോമശേഖരന്‍' ഒരു വിചിത്ര മനോഭാവത്തോടുകൂടിയവനാണ്. അവന്റെ സ്ഥാനത്തു സാധാരണക്കാരനായ ഒരു കാമുകനായിരുന്നുവെങ്കില്‍ സുശീലയും സുന്ദരിയും സ്നേഹസമ്പന്നയുമായ മോഹിനിയുടെ പരിശുദ്ധ ജീവിതം ഇങ്ങനെ ദാരുണമായ ഒരു ദുരന്തത്തെ പ്രാപിക്കുമായിരുന്നില്ല. അവന്റെ ഹൃദയം തികച്ചും പ്രേമസമ്പൂര്ണ്ണമാണ്; അതിനെ വിശകലനം ചെയ്യുമ്പോള്‍ സൂക്ഷ്മങ്ങളായ അനവധി ഭാവങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, അവയ്ക്കെല്ലാം മീതെ നമ്മുടെ ശ്രദ്ധയെ ഒന്നോടാകര്ഷിച്ചടക്കി നിര്‍ത്തുവാന്‍ കരുത്തുള്ള കേന്ദ്രത്തോടുകൂടിയ ഒരു 'പ്രത്യേകഭാവം' നാം കണ്ടെത്തുന്നു. അതില്നിന്നുറവെടുക്കുന്ന ഒരു വിചിത്രമായ ചിന്താവൈകൃതമാണ് അവന്റെ പൈശാചിക പ്രവൃത്തിക്കു നിദാനമായി നിലകൊള്ളുന്നത്.
മനുഷ്യരാശിയില്‍ സാഡിസം, മസോക്കിസം, പിഗ്മാലിയനിസം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള സ്വഭാവവൈകൃതങ്ങള്‍ സ്ഥിതിചെയ്യുന്നതായി മനശ്ശാസ്ത്രപണ്ഡിതന്മാരും ലൈംഗികശാസ്ത്രവിദഗ്ദ്ധന്മാരും ഉദ്ഘോഷിക്കുന്നു. എല്ലാമനുഷ്യരുടെയും മാനസിക മണ്ഡലത്തില്‍ ഈ മൂന്നു സ്വഭാവങ്ങളും അല്പാല്പമായിട്ടെങ്കിലും കലര്‍ന്നിരിക്കും. പക്ഷേ, അസംഖ്യങ്ങളായ ഇതര ഭാവങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതിനാല്‍ അവ പ്രത്യേകം ശ്രദ്ധേയമായിത്തീരുന്നില്ല. എന്നാല്‍ അപൂര്‍വ്വം ചില വ്യക്തികളില്‍ ഇവയിലേതെങ്കിലും ഒന്ന് അനിയന്ത്രിതമായി വളര്ന്നുവന്നുവെന്നുവരാം. അങ്ങനെ പരിപുഷ്ടമായി പരിണമിക്കുമ്പോഴാണ് അതു നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ദ്രോഹപ്രവൃത്തിയില് നിന്നും സംഞ്ജാതമാകുന്ന സന്തോഷം സാഡിസത്തിന്റെ സന്താനമാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം അനുഭവിക്കുന്ന ചില വ്യക്തികളുണ്ട്. രക്തം കണ്ടാല്‍ മൂര്ച്ചിച്ചുവീഴുന്നവരെയും രക്തം ചൊരിയുന്നതില്‍ പ്രത്യേകതാല്പര്യത്തോടുകൂടിയവരെയും നാം കാണുന്നില്ലേ? യഥാര്‍ത്ഥമാലോചിച്ചാല്‍ നൈസര്‍ഗ്ഗികമായി നമ്മില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു സവിശേഷതയാണിതെന്നു കാണാം. ഈച്ച, ഉറുമ്പ് മതലായ സാധുപ്രാണികളെ അടിച്ചുകൊല്ലുന്നതില്‍ കൊച്ചുകുട്ടികള്‍ ആവേശപൂര്‍ണ്ണമായ ഒരാനന്ദം അനുഭവിക്കുന്നതായ് കാണുന്നില്ലേ? എവിടെയെങ്കിലും വെച്ച് ഒരു പട്ടിയെക്കണ്ടാല്‍ കല്ലെടുത്തൊന്നെറിയാത്ത ഒരു ബാലനെ എവിടെക്കാണുവാന് കഴിയും? അതില്‍ ഒരു രസമുണ്ട്; ആ പൈശാചികമായ രസാനുഭവത്തിനു പ്രേരകമായി നില്ക്കുന്ന നൈസര്‍ഗ്ഗികഭാവം, പില്ക്കാലങ്ങളില്, വിദ്യാഭ്യാസംകൊണ്ടും മറ്റും സിദ്ധമാകുന്ന സംസ്കാരത്തിനാല്‍ നാം അറിയാതെ തന്നെ നിര്വ്വഹിക്കപ്പെടുന്നുവെന്നേയുള്ളു. ലോകത്തിന്റെ ശൈശവദശയില്‍, ഹിംസ്രജന്തുക്കളുമായി മുഷ്ടിയുദ്ധംചെയ്തു വിദലിതശരീരരായി രക്തക്കളത്തില്‍ തളര്‍ന്നുവീണു കൈകാലടിച്ചു പിടയുന്ന നിസ്സഹായരായ അടിമകളുടെ പ്രാണവേദനയില്‍ ആത്മാനുഭൂതി അനുഭവിച്ചിരുന്ന റോമന്‍ ചക്രവര്‍ത്തികളുടെയും രാജ്യവാസികളുടെയും ആ പൈശാചികമനോവൃത്തി ചരിത്രം നമ്മെ കാണിച്ചുതരുന്നില്ലേ? കോഴിപ്പോര് മുതലായ വേതാളകേളികളില് ഇന്നും എത്രയെത്ര മനുഷ്യഹൃദയങ്ങള്‍ ആനന്ദനൃത്തം ചെയ്യുന്നു!
വേദനയനുഭവിക്കുന്നതില് സംതൃപ്തിയുള്ക്കൊള്ളുന്നവരുണ്ട്. അവരാണ് മസോക്കിസ്റ്റ്സ്. പരസ്പരം കണക്കിലേറെ കലഹിച്ചു 'കണ്ണീരും കൈയു' മായി കഴിഞ്ഞുകൂടുവാന്‍ എങ്ങനെയെങ്കിലും സാദ്ധ്യമാകാതെ വന്നുകൂടുന്ന ദിവസങ്ങളില്‍ അനിര്‍വാച്യമായ ഒരസുഖം അനുഭവിക്കുന്ന പല ദമ്പതിമാരെയും എനിയ്ക്കറിയാം. സാഡിസത്തിനുനേരെ വിരുദ്ധമായിട്ടുള്ളതാണ് മസോക്കിസം. മര്ദ്ദിക്കുന്നതിലല്ല മര്ദ്ദിക്കപ്പെടുന്നതിലാണ്, മറ്റുള്ളവരുടെ വേദനയിലല്ല സ്വന്തം വേദനയിലാണ്, ഇക്കൂട്ടര്‍ക്ക് ആനന്ദം.
സ്ത്രീരൂപത്തിലുള്ള ശിലാവിഗഹങ്ങളില് ലൈംഗികമായ ഉല്‍ക്കടാഭിനിവേശം ഉള്‍ക്കൊള്ളുന്നതാണ് പിഗ്മാലിയനിസം. യഥാര്‍ത്ഥമാലോചിച്ചാല്‍ കലാസ്വാദനത്തിനും ലൈംഗികജീവിതത്തിനും തമ്മില്‍ വലിയ ഒരു ബന്ധമുണ്ടെന്നുകാണാം. മാനസികഘടനയില്‍ പിഗ്മാലിയനിസം എന്ന അംശമാണ് കലാബോധത്തിന്റെ അസ്തിവാരമായി നിലകൊള്ളുന്നത്. കാമവികാരത്തിനു കാരണമായ 'ലിബിഡോ' കലാകാരന്മാരില് കണക്കിലേറെ കലര്‍ന്നിരിക്കും. കവികളുടെയോ ഗായകന്മാരുടെയോ ചിത്രകാരന്മാരുടെയോ, ശില്പികളുടെയോ ജീവചരിത്രം പരിശോധിച്ചുനോക്കിയാല്‍, ലൈംഗികജീവിതത്തിനും കലാബോധത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നുള്ള ശാസ്ത്രത്തിന്റെ വാദം തികച്ചും പരമാര്‍ത്ഥമാണെന്നു വെളിപ്പെടും. വിശ്വവിഖ്യാതരായ കലാകാരന്മാരില് ഭൂരിഭാഗവും സദാചാരത്തിന്റെ നിയമസീമയെ അതിലംഘിച്ചു കാമാത്മകങ്ങളായ ആനന്ദാനുഭൂതികളുടെ അങ്കതലത്തില്‍ സ്വച്ഛന്ദവിഹാരം ചെയ്തിരുന്നവരാണെന്നു കാണാം.
പരമാര്‍ത്ഥങ്ങളെ മനുഷ്യന് ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവ അവനെ അവനായിത്തന്നെ ലോകസമക്ഷം പ്രദര്‍ശിപ്പിക്കുന്നു. സദാചാരവിധികളുടെ മറവില്‍ പതുങ്ങിനിന്നുകൊണ്ട് ആത്മവഞ്ചന ചെയ്യുന്നതാണ് ആ ഭീരുവിന്നിഷ്ടം. ശസ്ത്രത്തിന്റെ നേരെ പൌരോഹിത്യത്തിന്റെ വെളിപാടുകള്ക്കെല്ലാം അതാണല്ലോ കാരണം. ഈ കേരളത്തില്‍ത്തന്നെ, അടുത്തകാലത്ത്, വെണ്മണിമഹാമഹത്തില്, മഹാകവി വള്ളത്തോള്‍ ചെയ്തപ്രസംഗത്തില്‍, കവികളുടെ സദാചാരബോധത്തെക്കുറിച്ചുണ്ടായ ചില സൂചനകള്‍ പത്രലോകത്തില്‍ ഏറ്റവും അരിശംകൊള്ളിച്ചത് 'സത്യനാദ' ത്തെയാണെന്നുള്ള കാര്യം ഒരിക്കലും മറക്കത്തക്കതല്ല. കാമവികാരം കണക്കിലേറെയുണ്ടായാല് കവിയോ കലാകാരനോ ആയിത്തീരുകയില്ലെങ്കിലും കവിയിലും കലാകാരനിലും മറ്റുള്ളവരിലേറെ കാമവികാരം കലര്ന്നിരിക്കുമെന്നുള്ളതു വെറും പരമാര്‍ത്ഥമാണ്. സ്ത്രീവിമുഖരായ കലാസ്വാദനലോലുപന്മാരുടെ സംഖ്യ വളരെക്കുറവായിരിക്കുമെന്നു സമ്മതിക്കാതെ നിവൃത്തിയില്ല. ശുഷ്കിച്ച സദാചാരതത്ത്വങ്ങളെ ആത്മവഞ്ചനയ്ക്കൂന്നുവടിയായെടുക്കാതെ, നിഷ്പക്ഷമായി ചിന്തിച്ചുനോക്കിയാല്‍- കലയെ ശാസ്ത്രത്തിന്റെ വെളിച്ചത്തിലേയ്ക്കു നീക്കിനിര്‍ത്തി അതിന്റെ അടിയിലേക്കു ചുഴിഞ്ഞിറങ്ങിച്ചെന്നാല്- കലയുടെ ബീജം കാമവികാരത്തില്‍ സ്ഥിതിചെയ്യുന്നതായിക്കാണാം. തേജോമയവും സുരഭിലവുമായ ഷെല്ലിയുടെ കാവ്യാന്തരീക്ഷത്തില്നിന്ന് വേഡ്സ്വര്‍ത്തിന്റെ കവനസാമ്രാജ്യത്തിലേക്കു കടക്കുമ്പോള്‍, എന്തെല്ലാം ആഹാര്യതകള് ഉണ്ടായിട്ടും, എന്തോ ഒന്നിനുവേണ്ടി നമ്മുടെഹൃദയം ഊറിപ്പായുന്നതെന്തുകൊണ്ടാണ്? ശൃംഗാരത്തിനു രസരാജസ്ഥാനം കിട്ടുവാന്‍ ഹേതുവെന്ത്? ആടുന്നവനിലും പാടുന്നവനിലുമാണ് അംഗനമാര്ക്കഭിനിവേശമെന്നു പഴമക്കാരിയായ നമ്മുടെ മലയാണ്മപോലും പറഞ്ഞുതുടങ്ങിയിട്ട് എത്ര ശതാബ്ദങ്ങളായി! ആവകചൊല്ലുകളെ ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന അനുഭവം അതേപടി വെളിപ്പെടുത്തിയാല്‍ എന്തിനു നെറ്റി ചുളിക്കുന്നു? കലയും കാമവികാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇങ്ങനെ ചില സൂചനകള്‍ നല്കുവാനല്ലാതെ സവിസ്തരം പ്രതിപാദിക്കുവാന്‍ ഈ ലഘുപ്രബന്ധത്തില്‍ നിവ്വൃത്തിയില്ലല്ലോ.
നമുക്കു വീണ്ടും മോഹിനിയിലേക്കു കടക്കാം. സോമശേഖരന്റെ മാനസികഘടനയില്‍ മേല്‍വിവരിച്ച സാഡിസം എന്ന അംശമാണ് മുഴച്ചുനില്‍ക്കുന്നത്. ശാസ്ത്രദൃഷ്ട്യാ വൈകൃതാത്മകമായ അവന്റെ ചിന്താഗതി അതിനനുരൂപവുമാണ്. എന്നാല്‍ ശ്രദ്ധേയമായ ഒരു പ്രത്യേകത അതിനുണ്ട്. തത്ത്വോപനിഷ്ടമായ ഒരു സരണിയിലൂടെയാണ് അവന്റെ ചിന്താപ്രവാഹം. നൈസര്‍ഗ്ഗികമായ മനസികഘടനയിലാണ് അവന്റെ പ്രവര്‍ത്തിയുടെ ഉത്തരവാദിത്വം മുഴുവന്‍ സ്ഥിതിചെയ്യുന്നതെങ്കിലും, അതിനെ ഒരു മൂടുപടം ഇടുവിച്ചുകൊണ്ട്, അവന്റെ സംസ്കാരജന്യമായ തത്ത്വബോധം തലയുയര്‍ത്തുന്നു. ആ തത്ത്വചിന്ത തെറ്റോ ശരിയോ, അതിന്നാധാരമായ സംസ്കാരം അഭിനന്ദനീയമോ അവഹേളനാര്ഹമോ എന്നൊരു ചോദ്യത്തിന്ന് ഇവിടെ വഴിയുണ്ട്. ഇതിനു സമാധാനം പറയേണ്ടതു കലാകാരനല്ല, നീതിശാസ്ത്രജ്ഞനാണ്. ഭൌതികദൃഷ്ട്യാ അവന്റെ കര്‍മ്മം അധിക്ഷേപാര്ഹമായിത്തോന്നിയേക്കാം; അതു കേവലം പൈശാചികവുമായിരിക്കാം. പക്ഷെ, ആ കര്‍മ്മത്തിലല്ല, അതിനുപ്രേരകമായി വര്‍ത്തിക്കുന്ന തത്ത്വത്തിലാണ് അവന് ആനന്ദിക്കുന്നതെന്നോര്ക്കണം. അവന് മോഹിനിയെ കുത്തിക്കൊന്നത് അവളുടെ ഹൃദയരക്തം ചിന്നിച്ചിതറിതെറിക്കുന്നതു കണ്ട് ആനന്ദിക്കുവാനല്ല. ആ കാഴ്ച അവനെ വേദനിപ്പിക്കുന്നതേയുള്ളു. എങ്കിലും അവളെകൊന്നതില് അവന്നൊരു സംതൃപ്തിയുണ്ട്; അതു തികച്ചും സ്വാര്ത്ഥരഹിതവുമാണ്.
സോമശേഖരന്ന് സ്വന്തമായ ഒരു തത്ത്വശാസ്ത്രമുണ്ട്. അവന് സൌന്ദര്യാരാധകനാണ്. കാമജന്യമായ സ്വാര്‍ത്ഥപ്രീതിക്കു വശഗമായിരുന്നു അവന്റെ ഹൃദയമെങ്കില്‍, മൃണ്മയമായ ശരീരത്തെ അവലംബിച്ചുനിന്ന ദുര്‍ല്ലഭവും സ്വര്‍ഗ്ഗീയവുമായ ആ സൌന്ദര്യത്തെ അവന് അനുഭോഗ യുക്തമാക്കി ത്തീര്‍ക്കു മായിരുന്നു. അതിന്നവന് ഒരുമ്പെട്ടില്ല. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ആ സൌന്ദര്യം വിവിയോഗിക്കപ്പെടുന്നുവെങ്കില്, ഉത്തുംഗമ്മയ ഒരു മേഖലയെ അധിരോഹണം ചയ്തിരിക്കുന്ന അതിന്നു മന:പൂര്‍വ്വം അവന് അപകര്‍ഷം വരുത്തുകയായിരിക്കും ചെയ്യുക. അപ്പോല്‍ അവന് ഒരു യഥാര്‍ത്ഥ സൌന്ദര്യാരാധകനല്ലാതായിത്തീരുന്നു. മേഘജ്യോതിസ്സിന്റെ ക്ഷണികജീവിതം അവന്നു തികച്ചും അഭികാമ്യമാണ്.
ബ്രൌണിങ്ങിന്റെ 'പോര്‍ഫിറിയായുടെ കാമുക' ന്നും സോമശേഖരന്നും തമ്മിലുള്ള മൌലികമായ വ്യത്യാസം ഈ തത്ത്വത്തെ ആശ്രയീച്ചാണു നില്‍ക്കുന്നത്. സാമുദായികമായ ഉച്ചനീചാവസ്ഥയെക്കുറിച്ചുള്ള ബോധം സംജനിപ്പിച്ച സ്വാര്‍ത്ഥസൃഷ്ടമായ നൈരാശ്യമാണ് പോര്ഫെറിയായെ ഞെരുക്കിക്കൊല്ലുന്നതില് അവന്നു പ്രേരകമായി നില്ക്കുന്ന മനോഭാവം. സോമശേഖരനെ അതു തീണ്ടിയിട്ടുപോലുമില്ല. ആരാധ്യനായ ആ വിശ്വമഹാകവിയുടെ കലാസുഭഗമായ ആ ഭാവനാസന്താനത്തേക്കാളധികം വിശിഷ്ടമാണ് എന്റെ ഈ വികൃത സൃഷ്ടിയെന്നു ഞാനഭിമാനിക്കുന്നില്ല. വസ്തുസ്ഥിതിയെ ഞാനൊന്നു സൂചിപ്പിച്ചുവെന്നേയുള്ളു.
സോമശേഖരന്റെ ആ പ്രത്യേകചിന്താസരണിയിലൂടെ നോക്കുമ്പോല്‍ അവന്റെ മര്‍മ്മം ഒരിക്കലും പൈശാചികമായിത്തീരുന്നില്ല. മൃണ്മയമായ ഈ ഗാത്രപിണ്ഡം ഇന്നല്ലെങ്കില്‍ നാളെ തകര്ന്നടിയുമെന്നുള്ളതു തീര്‍ച്ചയാണ്. അങ്ങനെയിരിക്കെ അത്ത്യുത്തമമായ ഒരു ശോഭനമുഹൂര്‍ത്തത്തില്‍ അതു സംഭവിക്കുന്നതല്ലേ അഭിലഷണീയം? അവര്‍ ദമ്പതികളായിത്തീര്‍ന്ന് അങ്ങനെ ജീവിച്ചുജീവിച്ച്, സന്താനോത്പാദനത്താലും മറ്റും അവളുടെ സൌന്ദര്യം ക്ഷയിച്ചുക്ഷയിച്ച് ഒടുവില്‍ അതു വാര്‍ദ്ധക്യത്തിന്റെ വികൃതലീലകള്‍ക്കു വിധേയമായി ദ്രവിച്ചടിയുവാന്‍ അവന് ഇഷ്ടപ്പെടുന്നില്ല. അതെല്ലാം പ്രകൃതിനിയമമാണെന്നും അതുകൊണ്ട് അങ്ങനെയുള്ള അവന്റെ ചിന്താഗതി ആശാസ്യമല്ലെന്നും ചിലര്‍ വാദിച്ചേക്കാം. ആ വാദം ഒരുപക്ഷേ, ശരിയാണെന്നും വരാം. എന്നാല്‍ പ്രകൃതി നിയമങ്ങളെ പ്രതിഷേധിച്ചുകൊണ്ട്ള്ള പ്രവര്‍ത്തനങ്ങള്‍ ലോകാരംഭം മുതല്‍ അപൂര്വ്വമയിട്ടെങ്കിലും ഉണ്ടായിട്ടുണ്ടന്നുള്ള പരമാര്‍ത്ഥം വിസ്മരിക്കാവതല്ല. കാണുന്നതിനെ അതേപടി പകര്‍ത്തുകയല്ല , കാണേണ്ടതിനെ കാട്ടിക്കൊടുക്കുകയാണ് കവിയുടെ കര്‍ത്തവ്യമെന്ന ഒരു വാദത്തിനും ഇവിടെ വഴിയുണ്ട്. കാണുന്നതിനെ കണ്ട്, അതിനെ നോക്കി നല്ലപോലെ മനസ്സിലാക്കുന്നതില്‍ നിന്നാണ്, കാണേണ്ടതെങ്ങനെയുള്ളതായിരിക്കണം എന്ന ബോധം ഉറവെടുക്കുന്നതെന്ന് അതിനു സമാധാനം പറയേണ്ടിയിരിക്കുന്നു. 'ഇയാഗോ' അനുകരണാര്ഹനല്ലായിരിക്കാം. അധികം 'ഇയാഗോമാ'മാര്‍ ലോകത്തില്‍ ജീവിക്കുന്നുമില്ലായിരിക്കാം. പക്ഷേ, അങ്ങനെയുള്ളവരെ ചിത്രീകരിക്കുന്നത് ഒരിക്കലും ഒരപരാധമായിരിക്കുമെന്നു തോന്നുന്നില്ല. സോമശേഖരന്നും ഇതുപോലെ ഒരപൂര്വ്വസൃഷ്ടിയായാണ് എന്നുമാത്രം
-ചങ്ങമ്പുഴ കൃഷ്ണപിള്ള
"കമനീയകധാമമായെന്നെ-
ക്കാണണമിന്നെന്‍ കാമുകന്.
ആ മദനനെയിന്നെനിക്കൊരു
രോമഹര്‍ഷത്തില്‍ മൂടണം.
വിസ്മയാധീനചിത്തനായാത്മ-
വിസ്മൃതിയിലാക്കോമളന്
മാമകാഗമചിത്രമോര്ത്തൊരു
പ്രേമഗാനം രചിക്കണം.
സാനന്ദമതു സാധിതമാക്കാന്‍
ഞാനണിഞ്ഞൊരുങ്ങീടട്ടെ..."
മഞ്ജുവാസന്തവാസരോത്സവ-
രഞ്ജിതോദയം, ശ്രീമയം,
ഉല്ലാസാമലസൌരഭോജ്ജ്വല-
ഫുല്ലസൂനസമാകുലം,
ബാലമാരുതചാലിതലതാ-
ജാലനൃത്തസമ്മേളിതം,
കോകിലാലാപലോലകല്ലോല-
കോമളാരാവപൂരിതം,
മോദസമ്പൂര്ണ്ണമാകുമാ രംഗം
മോഹനം, മനോമൊഹനം!
സോമശേഖരന്‍ ധീരമാനസന്
പ്രേമചിന്താപരവശന്
വാണിടുന്നു തന് പൂമണിമച്ചില്
ക്ഷീണിതാവിലപ്രജ്ഞനായ്;
കമ്രആയൊരാ ദൃശ്യമൊന്നിലും
കണ്ണയച്ചിടാതേകനായ്!
നിത്യമെത്തിടാറിപ്പൊഴാണടു-
ത്തപ്രണയസ്വരൂപിണി
തന് പവിത്രോപഹാരമായൊരു
ചെമ്പനീരലര്ച്ചെണ്ടുമായ്!
"നേരമാകുന്നു, നേരമാകുന്നു,
നീയെവിടെ, യെന്‍ സ്വപ്നമേ?-
തപ്തമായൊരന് ജീവിതത്തിലെ-
സ്സുപ്രഭാതവിലാസമേ!
എങ്ങൊളിച്ചിരിക്കുന്നു നീ കാവ്യ-
രംഗമേ, വിശ്വമഞ്ജിമേ?
ഇപ്രകൃതിതന്നപ്രമേയമാം
സുപ്രഭാകേന്ദ്രമൊന്നിലും,
ചെന്നിടുന്നതില്ലെന്മനമിപ്പോള്
നിന്നുദയപ്രതീക്ഷയാല്!
വേഗമിങ്ങു വരേണമേ നീ, യെന്‍-
ഭാഗധേയവിലാസമേ!..."
(തോന്നുന്നു സോമനോരോ മാത്രയും
നീങ്ങിടാത്ത യുഗങ്ങളായ്)
എങ്ങുപോകുന്നി, തേകയായ് പോവ-
തെങ്ങു നീയേവം മോഹിനീ?
ലോകസൌഭാഗ്യവല്ലികേ, ദിവ്യ-
രാഗനിര്മ്മലദീപികേ!
ഒന്നു കാണട്ടെ ഞങ്ങളും നിന്നെ-
യൊന്നവിടെ നീ നില്ക്കണേ!
ഹന്ത, ദൈവമേ, മുന്നിലിക്കാണ്മ-
തെന്തൊരത്ഭുതസൌഭഗം!
കേവലമൊരു തന്വിയല്ലേതോ
ദേവകന്യകയാണു നീ!
മന്നിലെന്നല്ല വിണ്ണിലും കാണി-
ല്ലിന്നിലയ്ക്കൊരു താരകം.
എത്രകാലം ഭജിച്ചിരിക്കണ-
മിദ്ധരയിതു നേടുവാന്‍?
ലഭ്യമല്ലല്ലൊരപ്സരസ്സിനു-
മിത്തരമൊരു ചൈതന്യം!
ചെമ്പനീരലര്‍ പെറ്റതാകു, മൊ-
രമ്പിളിക്കതിരല്ല നീ
ഏതു വാര്മഴവില്ലിലും കാണി-
ല്ലീവിധമൊരു കൌതുകം
ദിവ്യവൃന്ദാവനീയരാഗത്തിന്
ഭവ്യദോന്മദരശ്മികള്,
സഞ്ചരിപ്പതുണ്ടോമലേ, നിന്റെ
പുഞ്ചിരികളില്പ്പോലുമേ!
നിര്‍ണ്ണയ, മെത്ര ഭാവനകള്‍ക്കും
വര്ണ്ണനാതീതയാണു നീ!
പൂനിലാവൊളിയാളിടും പരി-
ലോലമാമൊരു സാരിയാല്‍,
നിഹ്നുതാംഗിയായ് മിന്നിടുന്നിതാ
നിര്മ്മലസ്വപ്നരൂപിണി!
കാലടിവെയ്പില്, കാലടിവെയ്പില്,
ചേലിലേകാന്തവീഥിയില്,
ലോലനൂപുരാരാവവീചികാ-
മാലയോരോന്നിളകവേ;
കുഞ്ചുകാഞ്ചലാച്ഛാദിതകുച-
കുംഭങ്ങള്‍ കുലുങ്ങവേ;
മാറിലാളിന പൊന്മയമണി-
മാലികകള്‍ കിലുങ്ങവേ;
ചാലേ പിന്നിലായ് ക്കെട്ടിയിട്ടൊരാ
നീലക്കാറണിവേണിയില്,
ചൂടിയ നറും മുല്ലമാലത-
ന്നീടെഴുന്ന പരിമളം
സുന്ദരാളകചുംബനാര്ത്ഥിയാം
മന്ദവായുവിലോലവേ;
തന്മുഖോദ്യന്മധുരശൃംഗാര-
ബിംബിതസ്മിതധാരയാല്,
വെണ്'നുണക്കുഴി' വീശി, യാക്കവിള്-
പ്പൊന്നലര് തുടുത്തീടവേ;
ലോലലോചനാഗങ്ങള് തൂമിന്നല്‍
മാലയാഞ്ഞാഞ്ഞെറിയവേ;
വിശ്വസൌന്ദര്യ സാരമങ്ങൊരു
വിഗഹമാര്ന്നമാതിരി,
കണ്ടില്ലേ, നിങ്ങള്‍ കണ്ടില്ലേ?-നോക്കൂ,
മണ്കവരുമാറങ്ങനെ
പോകയാണവള്‍, പോകയാണവള്‍
രാഗലോലയാ, യേകയായ്!
കോവണിപ്പടി സഞ്ജനിപ്പിപ്പൂ
കോമളമാമൊരു ശിഞ്ജിതം.
സോമ, നെന്തോ, പിടഞ്ഞെഴുന്നേല്പൂ
രോമഹര്ഷവിവശനായ്!
വന്നണയുന്നു മന്ദമന്ദമ-
ത്തെന്നലിലൊരു സൌരഭം.
സാദരമതു സൂചിപ്പിക്കുവ-
തേതു ദിവ്യസമാഗമം?
ഭൂമിയില്‍ സ്വര്‍ഗ്ഗനിര്‍വൃതി നേടും
സോമ, നീയെത്ര ഭാഗ്യവാന്
ജന്മസാഫല്യം നേടുവാനിട-
വന്ന നീയെത്ര പുണ്യവാന്!
"ഹാ, മനസ്സേ, ചൊരിഞ്ഞീടായ്കനിന്
പ്രേമഗദ്ഗദനിര്ഝരം!
ആ മനോഹരസ്വപ്നസാന്നിധ്യം
നീമുകരുക മൂകമായ്!
നിര്‍വ്വിശങ്കം നീ നീന്തിയാലുമാ
നിര്വൃതിതന് തിരകളില്‍!"
സ്തബ്ധനായതാ മാരുന്നൂ സോമ-
നത്ഭുതോദ്വേഗവിഹ്വലന്
"എന്തു കാണ്മൂ ഞാന്‍ മുന്നി, ലിക്കാണ്മ-
തെന്തൊരത്ഭുതസ്വപ്നമോ?
ഓമലാളല്ലേ, മോഹിനിയല്ലേ,
ഹാ, മമ മുന്നില്ക്കാണ്മു ഞാന്‍?
വിശ്വസിക്കാനരുതെനിക്കെന്റെ
വിഹ്വലനയനങ്ങളെ.
മുമ്പൊരിക്കലും കണ്ടിട്ടില്ലിത്ര
സുന്ദരിയായിവളെ ഞാന്‍
നിര്ഗ്ഗളിപ്പിതക്കണ്ണില്നിന്നൊരു
സ്വര്ഗ്ഗചൈതന്യവിസ്മയം
മുഗ്ദ്ധമാ മുഖത്തൊന്നു ചുംബിക്കാ-
നെത്ര ദുര്ബ്ബലനിന്നു ഞാന്‍!
ഇത്രനാളുമൊളിച്ചിരുന്നതെ-
ങ്ങിസ്സമാരാധ്യസൌഭഗം?
എന്തുചൈതന്യസാരകേന്ദ്ര, മി-
തെന്തു സായൂജ്യമണ്ഡലം?
അല്പനേരത്തേക്കെന്നെയീവിധം
വിഭ്രമിപ്പിക്കാന്‍ മാത്രമോ,
ജീവനായികേ, നീ വഹിക്കുന്ന-
തീവിലാസചൈത്രോത്സവം?
ഇന്നലേവരെ നിന്നിലിത്രമേല്
മിന്നിടാത്തൊരിസ്സൌഭഗം
മായികമാ, ണതാരറിഞ്ഞു ഹാ,
മായുകില്ലെന്നു ഭാവിയില്‍!
ഓര്ക്കിലാരംഗംദുസ്സഹ, മതൊ-
ന്നോര്ക്കുവാന്പോലും വയ്യ, മേ!
ഇന്നു ഗണ്യ നീ, യിന്നു ധന്യ നീ-
യിന്നത്തേതിന്റെയാണു നീ!
കാണുവാന്മേല നാളെയെന്നൊരു
കാര്‍നിഴല്‍ നിന്നെ നിര്‍മ്മലേ
വായ്ക്കുമിക്കാന്തി മായ്ക്കുവാന്മേല
വാര്‍ദ്ധകത്തിന്റെ കൈയുകള്
ഒക്കരുതു കാലത്തിനര്പ്പിക്കാ-
നക്കവിളില്ച്ചുളുക്കുകള്
മഞ്ജിമതന്‍ പരിധിയില്‍ നീയാം
മഞ്ഞുതുള്ളി മറയണം.
മാഅകാത്മാവില് നീയണിയിച്ച
രോമഹര്‍ഷങ്ങളൊക്കെയും
എന്നുമീവിധം നില്ക്കണമെങ്കി-
ലെന്നെവിട്ടു നീ പോകണം
സിദ്ധിമൂലം മുഷിവുതട്ടാത്ത
സക്തിയെന്തുണ്ടീയൂഴിയില്?
ഏതമൃതും ചെടിച്ചുപോകുന്ന
ചേതനയാണു മര്ത്ത്യനില്!
നിന്നഴകിനാല്‍ നീ ജനിപ്പിച്ചൊ-
രെന്നിലുള്ളൊരീയുത്സവം,
മാലിനാലംബമാക്കിടാം, പക്ഷേ
നാളെനിന്‍ പരിവര്‍ത്തനം
കാണുമോ നിന്നെയീവിധംതന്നെ
ഞാനുലകിലെന്നെന്നുമേ?
ഇല്ല, കാണില്ല, പിന്നെ ഞാനതു-
ചൊല്ലിമോഹിപ്പതെന്തിനായ്?
പൊള്ളയാം നിഷ്ഫലതയില്‍ തല-
തല്ലിടുന്നോരെന് കാമിതം
ശാശ്വതാനന്ദദിവ്യപീയൂഷ-
മാസ്വദിക്കുവതെങ്ങനെ?
പാല്ക്കതിരണിത്താരകം നാളെ-
പ്പാഴ്ക്കരിക്കട്ടയാവുകില്
എന്തു ദാരുണമായിരിക്കു, മ-
ച്ചിന്തപോലും മേ ദുസ്സഹം!
ആകയാലിന്നു നീ മറയണം,
നാകഹീരകദീപികേ!
അത്യനഘമാമീ മുഹൂര്‍ത്തത്തി-
ലുത്തമേ, നീ മരിക്കണം,
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...."
കൊണ്ടുവന്നൊരച്ചെമ്പനീരലര്-
ച്ചെണ്ടുതന് നാഥനാദ്യമായ്,
"എന്റെ സമ്മാന" മെന്നു പുഞ്ചിരി-
ക്കൊണ്ടവള്‍ മന്ദമേകിനാള്.
മിണ്ടിയില്ലവന്; തന്മുഖത്താര്ക്കും
കണ്ടിടാമൊരു സങ്കടം.
തല്‍ക്ഷണം തല താഴ്ത്തിടുന്നവന്
തപ്തരാഗാര്‍ദ്രമാനസന്‍.
മഞ്ജുശൃംഗാരസാന്ദ്രമാമൊരു
മന്ദഹാസം പൊഴിച്ചവള്‍
ആടിയാടികുഴഞ്ഞടുത്തുവ-
ന്നാദരാലിദമോതിനാള്:
"എന്താണിന്നിത്ര മൌന, മീ മുഖ-
ത്തെന്താണിന്നിത്ര സങ്കടം?
സന്തതം ഹര്ഷരശ്മികള്മാത്രം
സഞ്ചരിക്കുമീയാനനം
ഇന്നുമാത്രമെന്തേവമല്ലലാല്
മങ്ങിക്കാണുവാന് കാരണം?
അത്തലാലങ്കിരിച്ചീടുന്നൊരീ-
യശ്രുബിന്തുക്കളൊക്കെ ഞാന്‍
ഉള്പ്പുളകമാര്ന്നെന്നധരത്താ-
ലൊപ്പിയൊപ്പിക്കളഞ്ഞിടാം!"
ജീവിതേശന്തന്നാനതാനനം
പൂവിതളെതിര്കൈകളാല്,
ചഞ്ചലഹേമകങ്കണാരവം
സംക്രമിക്കുമാറോമലാള്,
ആത്തരാഗമുയര്ത്തി, മംദമാ
നേത്രഫാലാധരങ്ങളില്,
മാറി മാറിപ്പൊഴിച്ചിതായിരം
മാദകാമൃതചുംബനം.
പ്രേമസാന്ദ്രമതേല്ക്കെ, യക്ഷണം
കോള്‍മയിര്‍ക്കൊണ്ടു കോമളന്.
എന്നിട്ടും മാഞ്ഞീലാര്ത്തിതന് നിഴ-
ലമ്മുഖത്തുനിന്നല്പവും.
ഉദ്ഭവിക്കയാണപ്പൊഴുമവ-
നുള്‍ത്തളിരിലീ മര്മ്മരം;
'അത്യനഘമാമീ മുഹൂര്‍ത്തത്തി-
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...'
രണ്ടു ഭാഗമായ് ചീകിവെച്ചൊരാ-
ക്കൊണ്ടല്നേര്ച്ചുരുള്കുന്തളം
മെല്ലെമെല്ലെത്തെരുപ്പിടിച്ചുകൊ-
ണ്ടല്ലണിവേണി ചൊല്ലിനാള്‍:
"കാണട്ടേ ഞാനിന്നീമുഖത്തൊരു
ചേണിയലുന്ന സുസ്മിതം.
പേണ്ണിനാണൂഴിയില്പ്പുമാനല്ല
കണ്ണുനീരും കരച്ചിലും
എന്തുകാരണമീവിധം ഭവാന്
ചിന്തയില്‍ വീണടിയുവാന്‍?
കണ്ടിട്ടില്ലല്ലോ മുന്‍പൊരിക്കലും
കുണ്ഠിതമേവമങ്ങയില്.
എന്തുതാനാട്ടെ, സര്‍വ്വവും തുറ-
ന്നെന്നോടൊന്നു പറയണേ!
ഹന്ത, തപ്തമാമീ മുഖം കാണ്‍കെ
നൊന്തിടുന്നു മന്മാനസം.
താവകാധീനമല്ലയോ, നാഥ,
ജീവിതത്തിലെന്‍ സര്‍വ്വവും?
കാഴ്ചവെച്ചില്ലേ സാനുരാഗമ-
ക്കാല്ത്തളിരിങ്കലെന്നെ ഞാന്‍?
പ്രാണനായക, സാദരം തവ
മാനസാമലവേദിയില്,
ഗാനസാന്ദ്രമായുള്ളതാമൊരു
കോണെനിക്കു ലഭിക്കുകില്‍,
നിര്‍ണ്ണയ, മതിന്മീതെ മറ്റൊരു
ജന്മസാഫല്യമില്ല മേ!..."
കണ്മണിയേവമോതിക്കൊണ്ടൊരു
ചുംബനമവനേകിനാള്,
എന്നിട്ടും മാഞ്ഞീലല്ലലിന് നിഴ-
ലമ്മുഖത്തുനിന്നല്പവും.
ഉല്പതിക്കയാണപ്പൊഴുമവ-
നുള്‍ത്തളിരിലീ മര്മ്മരം:
'അത്യനഘമാമീ മുഹൂര്‍ത്തത്തി-
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...'
പുഷ്പമാലകള്പോലെഴും കൈകള്‍
സസ്പൃഹം നീട്ടിയോമലാള്
മാരതുല്യനാമപ്പുമാനെത്തന്
മാറോടുചേര്‍ത്തു നിര്‍ത്തിനാള്‍.
തല്ക്കുളിര്മുലപ്പൊല്ക്കുടങ്ങള്ത-
ന്നുള്ക്കുളിരാകും സ്പര്‍ശനം;
കഞ്ജലോലമക്കൈകളേകിടും
മഞ്ജുമംഗളാലിംഗനം;
അപ്പവിഴാധരങ്ങള് സപ്രേമ-
മര്പ്പണംചെയ്യും ചുംബനം;
വീണക്കമ്പികള്‍ സഞ്ജനിപ്പിക്കും
ഗാനബിന്ദുക്കള്മാതിരി
ജീവനാളത്തില്‍ ചേര്ന്നലിഞ്ഞുപോ-
മാ വിനയാര്ദ്രഭാഷണം;
എന്തൊരാനന്ദരംഗമാ, ണതില്‍
സന്തപിക്കയോ, സോമ, നീ?
ഏതുശപത്താലീവിധം, തവ
ജാതകം പ്രതികൂലമായ്?
പിന്നെയുമെന്തോ ചൊല്കയാണവള്
നിന്നൊടൊ, ന്നതു കേള്‍ക്കനീ:
എന്തുവന്നാലും ഞാനില്ലേ?-പോരേ?
സന്തപിക്കരുതീവിധം.
അന്ത്യനിശ്വാസമായിടുംവരെ
യ്ക്കങ്ങയെപ്പിരിയില്ല ഞാന്‍
താവകാനന്ദം മാത്രമേ വേണ്ടൂ
ഭൂവിലെന് സ്വര്ഗ്ഗമെത്തുവാന്.
അങ്ങയെ ധ്യാനിച്ചെന്നുമെന് മന-
സ്പന്ദനങ്ങള്‍ മറയണം.
മാനസേശ, ഭവത്സുഖത്തിനായ്
ഞാനൊരുക്കമാണെന്തിനും,
സങ്കടഭാവമെന്തിനാ, ണിതു
കണ്ടുനില്ക്കാനരുതു മേ!
ഒന്നുണര്ന്നൊരു ചുംബനം ന്ല്ക്കു-
കെന്നരുണാധരങ്ങളില്!
ഇന്നലേവരെ, ക്കാണുമ്പോഴേക്കും
മന്ദഹാസോജ്ജ്വലാസ്യനായ്,
ഓടിവന്നുമ്മവെച്ചുവെച്ചോരോ
ചാടുവാക്കുകളോതുവോന്,
ഇന്നൊരുവെറും സാലഭഞ്ജിക-
യെന്നപോ, ലേവം നില്ക്കയോ!
ജീവനാഥ, വിഷാദമഗ്നമാം
ഭാവമൊന്നിതു മാറ്റണേ!
തന്നിടാമല്ലോ വേണമെങ്കില്‍ ഭവാ
നിന്നു മല് പ്രാണന്‍പോലും ഞാന്‍!"
മിന്നി തല്ക്ഷണമപ്പുമാനൊരു
മിന്നല്‍ തന്മനോഭിത്തിയില്.
വേണെങ്കില്ത്തനിക്കേകിടാംപോലും
പ്രാണന്പോലുമത്തയ്യലാള്,
ആത്തകൌതുകമര്പ്പണം ചെയ്വ-
താക്രമിക്കേണ്ട ഘട്ടമോ?
ഉല്പതിക്കയാണപ്പൊഴുമവ-
നുള്‍ത്തളിരിലീ മര്മ്മരം!
'അത്യനഘമാമീ മുഹൂര്‍ത്തത്തി-
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...'
മാത്രനേരത്തിനുള്ളിലാ മുഖം
ക്ഷാത്രതേജോഭരിതമായ്
സങ്കടം പോയീ, സംശയം പോയീ,
ചെങ്കനല്‍ പാറീ കണ്‍കളില്‍
എന്തുമാറ്റമി, താ മിഴിയതാ
ചിന്തിടുന്നോരോ കൊള്ളിമീന്‍.
എന്തക്കാണ്മതു ദൈവമേ, കഷ്ട-
മെന്തിതെന്തൊരു സംഭവം!
എന്തു പൈശാചയജ്ഞസംരംഭ-
മെന്തൊരാസുരതാണ്ഡവം?
എന്തെല്ലാമാകാം ലോകത്തില്‍ മര്‍ത്ത്യ-
നെന്ത, തെന്തൊരു സാഹസം!
താഴ്ത്തിടുന്നു കുഠാരമോമലിന്
മാര്ത്തടത്തിലാ രാക്ഷസന്.
ചിന്നിച്ചീറിത്തെറിക്കയാണതാ
ചെന്നിണത്തിന് കണികകള്‍.
എന്തുസാഹസ, മെന്തു ഘോര, മി-
തെന്തുവേതാളതാണ്ഡവം!
രക്തരംഗമതെത്തിനോക്കുവാന്
ശക്തരല്ല നാമാരുമേ!
കാണുവാനരുതാ ദയനീയ-
പ്രാണവാദന ലേശവും!
വേഗമയ്യോ, യവനികയിട്ടാ
വേദനാരംഗം മൂടണേ!
കയ്യടിച്ചില്ല, കാലടിച്ചില്ല,
തയ്യലാളാര്ത്തുകേണില്ല.
ആഗമിച്ചില്ലവളില്നിന്നൊരു
ദീനരോദനം പോലുമേ.
ഇപ്പൊഴുമാ മുഖത്തുദിപ്പിതൊ-
രുള്പ്പുളകദസുസ്മിതം!
എങ്കിലും രണ്ടു കൊച്ചരുവിക-
ളങ്കുരിപ്പിതക്കണ്കളില്.
"പ്രാണനായകാ!..." ശേഷമോതുവാന്
ത്രാണിയറ്റവള് വീണുപോയ്.
'കാരണമെന്തു തന്നെയീവിധം
ഘോരനിഗഹം ചെയ്യുവാന്‍?'
ഉദ്ഭവിച്ചിതക്കണ്ണിണയിലി-
ശ്ശബ്ദശൂന്യമാം സംശയം.
ആ ദയനീയരംഗദര്ശനം
വേദനിപ്പിച്ച മാനസം
നൂറുനൂറായ് നുറുങ്ങി, ത്തന്‍ കൈകള്‍
മാറിലാഞ്ഞടിച്ചങ്ങതാ,
കേണുകേണുച്ചരിയ്ക്കയാണെന്തോ
സോമനും ഹാ, സഗദ്ഗദം:
"ചയ്തിട്ടില്ലപരാധമൊന്നും നീ
ചൈതന്യത്തിന് വികാസമേ!
സങ്കടമെനിക്കുണ്ടിതു കാണാ-
നെങ്കിലും നീ മരിക്കണം!
നിഗഹിച്ചു നിനക്കുവേണ്ടി ഞാന്‍
നിര്‍ദ്ദയം നിന്നെയോമലേ!
ജീവിതാനുഭോഗത്തിലും കാമ്യം
പാവനേ, ഹാ, നിന് സൌന്ദര്യം!
മന്നില്‍നിന്നു മറഞ്ഞിദം നിന്റെ
മഞ്ജിമ നിത്യമാക്കി നീ!
പ്രേമത്തിന് പാത്രം പൂര്‍ണ്ണമാക്കി നി-
ന്നീ മരണത്തിന് മാധുര്യം.
വിണ്ണിലെന്നും വിളക്കുവെയ്ക്കണം
നിന്നനുപമജീവിതം!
മിഥ്യയാം നിഴല്‍ വിട്ടുയര്‍ന്നു നീ
നിത്യതയിലേക്കോമലേ!
അത്യനഘമുഹൂര്ത്തത്തില്ത്തന്നെ-
യുത്തമേ, ഹാ, മരിച്ചു നീ!
മാമകകൃത്യം സാഹസമെങ്കി-
ലോമനേ, നീപൊറുക്കണേ!"
-മേയ് 1935.