മയൂഖമാല - അന്ത്യയാത്ര
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

(ഒരു ഗ്രീക്കുകവിത--ലിയോണിദാസ്)

എത്രയും ധീരരായ് മുന്നോട്ടു മുന്നോട്ടു
മൃത്യുസാമ്രാജ്യം തിരഞ്ഞു പോയീടുവിന്‍
കണ്ടുപിടിക്കാന്‍ വിഷമമില്ലാവഴി
കണ്ടകാകീര്‍ണ്ണവുമല്ലൊരുനാളിലും!
പാറപ്പടര്‍പ്പില്ല കേറിക്കടക്കടക്കുവാ,-
നാറുകളില്ല തുഴഞ്ഞുപോയീടുവാന്‍!
ദുര്‍ഗ്ഗമപ്പാതകളൊന്നുമതിലില്ല
ദുസ്തരമല്ലതിന്‍ മാര്‍ഗ്ഗമൊരിക്കലും.
വിസ്തൃതസുന്ദരപ്പൂവണിപ്പാതയൊ-
ന്നെത്തിപ്പതിനുണ്ടവിടത്തില്‍ നമ്മളെ!
ക്ലേശപ്രദമല്ല സഞ്ചാരമല്പവും
നാശകരമല്ല യാനം, മനോഹരം!
കണ്ണമടച്ചു നടക്കിലും നിങ്ങള്‍ക്കു
ചെന്നുപറ്റാം വഴിതെറ്റാതെ നിര്‍ണ്ണയം!...

--മെയ് 1933