നിര്‍വ്വാണമണ്ഡലം
ഹൃദയങ്ങള്‍തമ്മില്‍പ്പുണര്‍ന്നിടുമ്പോ-
ളിളകുന്നൊരാനന്ദമര്മ്മരവും,
പ്രണയപരവശയായി വാഴും
കുലകന്യാരത്നത്തിന് കണ്ണുനീരും,
സുമിതസുരഭിലകുഞ്ജകത്തില്
'മധുവുധു' കാലരജനികളില്,
പുളകിതലജ്ജാവനമ്രയായി
മരുവും നവോഢതന്നങ്കഭൂവില്,
തലചാച്ചുറങ്ങുന്ന കാമുകന് തന്
നിരവദ്യനിര്മ്മലനിര്വൃതിയും,
മലരിലോരോന്നിലും മാറി മാറി-
യലയും പൂമ്പാറ്റയെക്കാണുംനേരം,
അതിനെപ്പിടിക്കാന്‍ കൊതിച്ചുനില്ക്കു-
മരുമപ്പൂമ്പൈതലിന് പിഞ്ചുചുണ്ടില്‍
വഴിയുന്ന ലാലാജലാര്ദ്രമാകും
തിരളൊളിപ്പുഞ്ചിരിപ്പൂനിലാവും,
ചുടുവെയിലേറ്റിടാതാറ്റുവക്കില്
വടവൃക്ഷച്ഛായയിലുച്ചനേരം,
വിരമിച്ചമരുന്നോരാട്ടിടയന്
ചൊരിയുന്ന പുല്ലാങ്കുഴല്‍ വിളിയും,
ഒരുമിച്ചു ചേര്ന്നതിനൂതനമാ-
മൊരുലോകമെത്തി ഞാന്‍ വിശ്രമിപ്പൂ!
ഇവിടെയന്താനന്ദം!-എന്നെയാരു-
മിവിടെനിന്നയ്യോ വിളിക്കരുതേ!
ഇവിടത്തെക്കേളീതടാകന്തോറും
സുരസുന്ദരിമാര്‍ നിറഞ്ഞിരിപ്പൂ.
സഖികളവരെന്നരികിലെത്തി
സരസമായ് സന്തതം സല്ലപിപ്പൂ.
അവരെല്ലാമെന്നെ നടുക്കിരുത്തി
പ്രണയഗാനങ്ങള്‍ പൊഴിച്ചിടുന്നു.
അതുകേട്ടു കേട്ടു ഞാനെന്നെയും വി-
ട്ടെവിടെയോ ചെന്നു ലയിച്ചിടുന്നു.
പുളകംകൊണ്ടെന്നെപ്പൊതിയുവാനായ്
'നളിനി' ക്കും 'ലീല' യ്ക്കുമെന്തുമോഹം!
പതിവായി 'ചമ്പകക്കുട്ടി' യുമായ്
പനിമലര്ത്തൊപ്പിങ്കല് ചെന്നിരിക്കേ,
അറിയാറില്ലല്ലോ ഞാനെന്നിലാളും
പരിഖേദത്തിന്റെ കണികപോലും!
സുദതി 'സുഭദ്ര' ഞാനുമായി-
സ്സുലളിതഹേമന്തചന്ദ്രികയില്
ശിഥിലതരംഗങ്ങളുമ്മവെയ്ക്കും
പുളിനങ്ങള്തോറുമുലാത്തിടുമ്പോള്
സകലതും തീരെ മറന്നു ഞാനൊ-
രകളങ്കാനന്ദമനുഭവിപ്പൂ!
കനകപ്രഭാമയം!-എത്രയെത്ര
കമനീയമെന്റെയീ സ്വര്ഗ്ഗരംഗം!
ഇവിടെയെന്താനന്ദം!-എന്നെയാരു-
മിവിടെനിന്നയ്യോ വിളിക്കരുതേ!