ഭാവസാന്ദ്രോദ്യുത്സ്മിതാങ്കിതോത്ഫുല്ലമാം
ജീവിതത്തിന്റെ വസന്തം കഴിഞ്ഞുപോയ്.
എങ്ങോ പറന്നുപോയെന്നില്നി, ന്നെപ്പൊഴും
സംഗീതധാര ചൊരിഞ്ഞൊരച്ചിന്തകള്.
എല്ലാം കഴിഞ്ഞു, വിരിഞ്ഞമലരുക-
ളെല്ലാം കൊഴിഞ്ഞു, മറഞ്ഞു പരിമളം!
സ്പന്ദിപ്പതില്ലെന്പരിസരം, സൌന്ദര്യ-
ശിഞ്ജിതത്താലിന്നു, പണ്ടത്തെ മാതിരി.
കാണുമാറില്ല ഞാനിന്നു, വന്നെന്മുന്നില്
നാണം കുണുങ്ങുന്ന പൊന്നിന്കിനാക്കളെ.
കല്പനകോടികള്തന് കണ്മുനകളാ-
ലുല്പലമാലകള് ചാര്ത്തിടാറില്ല ഞാന്‍.
നീറുന്ന മന്മനം, ഹന്ത ദുഷ്കാലമേ,
നീയെന്തിനേകിയതിപ്പരിവര്ത്തനം?
കര്മ്മക്രമങ്ങള്തന്നുത്തുംഗഭീമമാം
കന്മതിലാണിന്നു, കഷ്ട, മെന്‍ ചുറ്റിലും
ചൂടും വെളിച്ചവും കേറാത്ത പാഴ്നിഴല്‍-
പ്പാടുകള്തന് പ്രേതലോകത്തിലാണു ഞാന്‍.
ഒന്നനങ്ങാന്‍കൂടി വയ്യെനി,യ്ക്കെന്കാല്ക-
ളൊന്നിച്ചുപൂട്ടുമിച്ചങ്ങലച്ചുറ്റിനാല്!
ശുഷ്കിച്ചുണങ്ങിവരണ്ടൊരക്കങ്ങളെ
ഞെക്കിഞെരടിക്കുഴയുമെന്കൈകളാല്
മാടിവിളിപ്പൂ ഞാന്‍ പിന്നെയും നിങ്ങളെ-
മൂടുപടമിട്ട തങ്കക്കിനാക്കളേ!
പ്രജ്ഞയ്ക്കൊരെത്തുംപിടിയും കൊടുക്കാത്തൊ-
രജ്ഞാതമാം ശപ്തസര്ഗ്ഗപ്രഭാവമേ,
ഈ വിശപ്പിക്കുന്ന ലോകത്തില്‍, മര്ത്ത്യനാ-
യാവിര്ഭവിപ്പിച്ചതെന്തിനാണെന്നെ നീ?
നാക്കും പുറത്തിട്ടലഞ്ഞു നടക്കുമാ-
നായ്ക്കള്‍ക്കുപോലും കഴിയാം സ്വതന്ത്രമായ്!
ജീവിതഭാരവും പേറി, യനങ്ങുവാ-
നാവാതിരുന്നു നരകിപ്പതില്ലവ!
ആരുമവയോടസൂയപ്പെടുന്നുമി-
ല്ലാരുമപഹസിയ്ക്കുന്നില്ലൊരിക്കലും.
ജീവിതത്തോടു ചെന്നേറ്റുമുട്ടുമ്പോഴെന്-
ജീവന് മുഴുക്കെപ്പരുക്കെറ്റടിവു ഞാന്‍.
അല്പേതരോന്മദം താവും ഹൃദയവു-
മശ്രൂബിന്ദുക്കളണിയും മുഖവുമായ്,
മല്പതനത്തിനു സാക്ഷ്യം വഹിക്കുവാന്‍
സസ്പൃഹമെത്തുന്നു ചുറ്റും സഖാക്കളും!
എന്തിതോ ലോകം; 'ഇവിടെ ജീവിക്കലാ-
ണെന്തിനേക്കാളും വിഷമം നിനയ്ക്കുകില്‍!! ....
പോകട്ടെ സര്‍വ്വവും, പൊള്ളയായ്ത്തീരട്ടെ
ലോക, മെനിക്കതിലില്ല മേ കുണ്ഠിതം.
മുന്നേക്കണക്കിനി മേലിലു, മാക്കുളിര്-
പ്പൊന്നിന്‍ കിനാക്കളെന്മുന്നില് വന്നാല്‍ മതി,
ശോകം തുളുമ്പുമെന്നേകാന്തതയിലും
നാകം രചിക്കാനവയ്ക്കുണ്ടു വൈഭവം!
കോമളമാമക്കരസ്പര്ശമാത്രയില്-
ക്കോള്മയിര്ക്കൊള്ളുമെന്നാത്മാവു കൂടിയും!
നിസ്തുലമാമൊരു നിര്വൃതിതന് ഹൃദ്യ-
മദ്യലഹരിയില്‍ മത്തടിച്ചങ്ങനെ,
ആടിയും പാടിയും ശാന്തിതന്‍ കല്പക-
വാടിയില്‍ നീളെ വിഹരിക്കുമെന് മനം.
ഇന്നിക്കൊടും കല്ത്തുറുങ്കിനകത്തുനി-
ന്നെന്നെ നീ കാലമേ വിട്ടയയ്ക്കേണമേ!
-29-7-1943.