ലീലാങ്കണം - ഒരു പുല്‍ക്കൊടിയുടെ പ്രേമഗാനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

(മഞ്ജരി)

പ്രേമമേ!നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!

ഈയുഷസന്ധ്യതന്‍ ഭൂയിഷ്ഠശോഭമാം
പീയൂഷപൂരിതസുസ്മിതാംശം.
മാമകമൂര്‍ദ്ധാവില്‍ മിന്നും ഹിമോദക-
മാണിക്യഖണ്ഡം തലോടിയാലും.
എന്നടുത്തെത്തിക്കുലുക്കിവിളിക്കുമീ-
ത്തെന്നല്‍ കരഞ്ഞു പറഞ്ഞെന്നാലും,
മംഗലഗാനമോ, മാരണഘോഷമോ
പൈങ്കിളിക്കൂട്ടം പുലമ്പിയാലും,
ചഞ്ചല്‍ത്തേന്‍ മാങ്കൊമ്പില്‍ മേവിന കോകിലം
പഞ്ചമംപാടി മയക്കിയാലും,
തെണ്ടിമണ്ടീടുമാ വണ്ടിണ്ട വന്നെന്‍ കാല്‍-
ത്തണ്ടു പിടിച്ചു കരഞ്ഞെന്നാലും,
ഈ രാഗസിന്ധുവില്‍ നിന്നു പിന്മാറുകി-
ല്ലാരാമവല്ലികേ,നിര്‍ണ്ണയം ഞാന്‍!

പ്രേമമേ! നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!

കാലങ്ങളെത്രയായ് കാട്ടുപുല്ലാമെന്റെ
ലോലഹൃദയം വിരിഞ്ഞശേഷം?
എത്ര മിന്നല്‍ക്കൊടി മിന്നിമറഞ്ഞുപോ-
യെത്ര മഴവില്ലു മാഞ്ഞുപോയീ?
പൊല്‍ പനീര്‍പ്പൂക്കള്‍ കൊഴിഞ്ഞതില്ലെത്ര, ന-
ല്ലുല്പലപുഷ്പങ്ങളെത്ര വാടി?
വാസന്തലക്ഷ്മിയും ഹേമന്തദേവിയും
ഭാസിച്ചിരുന്നൂ ഭരിതമോദം!
വാനിനെ നോക്കി വരവായി വാര്‍ഷിക-
മാനിനി മന്ദമായാടിയാടി,
ഫുല്ലസുമങ്ങള്‍ കൊഴിഞ്ഞു തരുനിര
പല്ലവതല്ലജപാളി ചാര്‍ത്തി!
അന്നും ഞാന്‍ രാഗവാന്‍-ഇന്നും ഞാന്‍ രാഗവാന്‍
എന്നുമിമ്മട്ടു ഞാന്‍ നിന്നുകൊള്ളാം!
എന്നെച്ചതിച്ചിടാനിന്നും ശ്രമിച്ചില്ലേ?
തെന്നലും മിന്നലും മാറിമാറി?

ആകട്ടേ!-എങ്കിലെ,ന്തെന്തു ചെയ്താകിലു-
മാകുലമില്ലെനിക്കല്പംപോലും!
ലോലകളേബരന്‍-നാളെ ഞാന്‍ പാഴ്വളം
നാലഞ്ചു മണ്‍തരിമാത്രമായീ!
"മന്നിന്‍ മറിമായം കാണാതെയെങ്ങനെ-
യിന്നിലയിങ്കല്‍ ഞാന്‍ വാണീടുന്നൂ?
നാളത്തെക്കാറ്റെന്റെ നാമ്പു പറിക്കുവാന്‍
ചീളെന്നു വന്നേക്കാം!-വന്നീടട്ടേ!
എന്നെങ്കിലുമെനിക്കുണ്ടന്ത്യം-ഞാനതില്‍
ഖിന്നനായ് തീരുവതെന്തിനായീ?
ആജന്മകാലം ഞാനാനന്ദചിത്തനായ്
രാജിക്കാം!-മറ്റെന്തു ചാരിതാര്‍ത്ഥ്യം?

പ്രേമമേ!നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!

വാരിളംവല്ലികേ, വാനില്‍ നീ നോക്കുക
വാരൊളിവാര്‍ന്നൊരാ വാരിദാളി!
എങ്ങുനിന്നാണവര്‍, പോകുവതെങ്ങവര്‍
മംഗലേ, നീയതറിവതുണ്ടോ?
ഇന്നലെസ്സിന്ധുവിന്‍ വിസ്തൃതമാര്‍ത്തടം
തന്നിലലഞ്ഞ തരംഗപാളി!
ഇന്നവരംബരമൈതാനംപൂകിന
ചെമ്മരിയാട്ടിന്‍ ചെറുകിടാങ്ങള്‍!
ആഴിതന്നങ്കത്തില്‍ വീണ്ടും നീരായവര്‍
വീഴുന്നൂ നാളെയോ മറ്റന്നാളോ!
ഏതുമറിവീലവ,രവര്‍തന്‍ഗതി-
യേതോ മഹല്‍ശ്ശക്തിതന്‍ പ്രഭാവം
ആയവര്‍തന്‍ പരിപാടികളൊക്കെയും
സ്വീയേംഗിതംപോല്‍ കുറിച്ചീടുന്നൂ!
ഓരോ ദിനങ്ങളുമോരോ തരത്തിലായ്
തീരുന്നു; നാമതു കണ്ടീടുന്നു!
കാലക്കുരുവി,തന്‍ ലോലച്ചിറകടി-
ച്ചാലക്ഷ്യമാക്കിപ്പറക്കും, വൃക്ഷം
ഏതെന്നറിവാന്‍ ശ്രമിപ്പാന്‍ തുനിയുകി-
ലേതും ഗ്രഹിക്കില്ലതിന്റെ തത്ത്വം!
എങ്ങോട്ടുപോയാലു,മെന്നെ വിളിക്കുമ്പോ-
ളങ്ങോട്ടു ചെല്ലേണ്ടതെന്റെ കൃത്യം!
ആ നിമേഷംവരെ,യ്ക്കാനന്ദപീയൂഷം
ഞാനാസ്വദിച്ചു വസിച്ചുകൊള്ളാം!

പ്രേമമേ! നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!

നിശ്ശബ്ദമായി ഞാന്‍ നിന്നോടു ചൊല്ലുമീ
നിസ്സീമരാഗരഹസ്യലേശം,
നീ ചെവിക്കൊള്ളുകയില്ലെങ്കില്‍ വേണ്ട;കേള്‍
ഞാന്‍ ചരിതാര്‍ത്ഥനാണിന്നുമെന്നും!
നിന്നിളംചേവടിതന്നിലെന്‍ശീര്‍ഷം ഞാ-
നൊന്നുചാച്ചീടാനനുവദിച്ചാല്‍,
ആനന്ദനിഷ്പന്ദനായി ഞാനെന്നുടെ-
യാനനമിപ്പോല്‍ കുനിച്ചുകൊള്ളാം!

ത്വല്‍പദച്ചൊട്ടില്‍ ഞാനേതും തുഷാരാംശം
നല്‍പനിനീരായി വീഴുമെങ്കില്‍,
നിന്‍‌നിഴല്‍പ്പാടില്‍ ഞാന്‍ നിന്നൊരുനാഴിക
നിര്‍വൃതിനേടുവാനാവുമെങ്കില്‍,
എന്നല്പജീവിതശേഷം നിനക്കായി-
ത്തന്നെയര്‍പ്പിക്കുവാന്‍ സാധിച്ചാകില്‍:-
ഭാഗധേയത്തിന്‍പൊടിപ്പേ, ഞാന്‍ താവക
രാഗവാനായതു ഭാഗ്യമായീ!

പ്രേമമേ! നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!"