നീറുന്ന തീച്ചൂള - അവരാര്‌
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വരുവതാരവര്‍ വരുവതാരവര്‍

വയറെരിഞ്ഞിടും കൂട്ടര്‍

വരിഞ്ഞുകെട്ടിക്കൊണ്ടരതല; പോരി-

നെരിപൊരിക്കൊള്ളും കൂട്ടര്‍? (വരുവ...)

വരിവരിയായിക്കടലിലെക്കൊടും

തിരപ്പടര്‍പ്പുകള്‍പോലെ

വനദവീഥിയിലിരമ്പിപ്പാഞ്ഞിടു-

മിടിവാള്‍ക്കീറുകള്‍പോലെ. (വരുവ...)

 വിഹിതവൈഭവഘനധനമദ-

മഥനലോലുപരായി

വനഹുതാശനസദ്യശദാഹക-

സമരഭീകരരായി (വരുവ...)

വകചോദിപ്പോരെ വകവയ്ക്കാത്തോരെ-

വളച്ചുനിര്‍ത്തി, ക്കൈചൂണ്ടി

വകതിരിവിലേക്കവരെയോന്നുപോല്‍

വഴിതെളിക്കുവാന്‍ വേണ്ടി (വരുവ...)

വലിയ വിപ്ലവച്ചുഴലികള്‍വീശി-

സ്ഥിതിഗതികളെ മാറ്റി

വരിഷ്ഠമാകമസ്സമത്വപീഠത്തില്‍

മനുഷ്യജീവിതമേറ്റി; (വരുവ...)

വരണ്ടുവിണ്ടിടും മനശ്ശതങ്ങളില്‍

കുതുകത്തൂ മഴ തൂകി

വളര്‍ന്നുപൂത്തു സല്‍ഫലങ്ങളേകിടും

നവനവാശകള്‍ പാകി (വരുവ...)

വലയിതജയ പടഹമാകുമോ-

രരുമച്ചെങ്കൊടി പൊങ്ങി

വസുമതിയതിന്‍ തണലില്‍ വിശ്രമി-

ച്ചിരിപ്പതെന്തൊരു ഭംഗി! .... (വരുവ...)

23-6-1946