രാഗപരാഗം - സ്മരണ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

   സ്മരണ

അന്തിത്തിരിയാലൊരാവേശകസ്മിതം
ചിന്തിനില്‍ക്കുന്നു നിന്‍ നിശ്ശബ്ദമന്ദിരം.
കണ്ടിടാറില്ലതിലേറെനാളായി ഞാന്‍
പണ്ടത്തെ ദീപ്തിപ്രസരങ്ങളൊന്നുമേ!
നിത്യമൂകത്വം വിറങ്ങലിപ്പിച്ചൊരാ-
നിര്‍ജ്ജനോദ്യാനങ്ങള്‍ കാണുമ്പൊഴൊക്കെയും
എന്മിഴിത്തുമ്പില്‍നിന്നിറ്റുവീഴാറുണ്ടു
നിന്നെയോര്‍ത്തൊരായിരമശ്രുകണികകള്‍!

വിസ്മയം തോന്നുമാറെന്മുന്നിലന്നിതാ
വിദ്യുല്ലതപോലണഞ്ഞു നീ പിന്നെയും!
നിര്‍ഗ്ഗമിക്കുമോള്‍ നിന്‍ പിന്നാലെയെത്തുവാന്‍
സ്വര്‍ഗ്ഗം പറക്കുന്നു നീ പോം വഴികളില്‍!

മഞ്ജുഹേമന്തം നിലാവില്‍ക്കുളിപ്പിച്ചു
മഞ്ഞണിയിച്ച മദാലസരാത്രികള്‍
ഇന്നുമെത്താറുണ്ടു നീ വിട്ടുപോയ നിന്‍
പുണ്യാശ്രമത്തിലെ പുഷ്പിതവാടിയില്‍!
എങ്കിലും മൂകരായ് നില്‍ക്കുകയല്ലാതെ
തങ്കരവല്ലകി മീട്ടിടാറില്ലവര്‍!
കേട്ടിടാറില്ല നീ പോയനാള്‍തൊട്ടു നിന്‍
കൂട്ടിലെത്തത്തതന്‍ കൊഞ്ചലശേഷവും!
തെന്നലാലിംഗനംചെയ്കിലും മര്‍മ്മരം
ചിന്നിടാറില്ല മരതകപ്പച്ചകള്‍!
അപ്പപ്പൊഴെത്തുമത്തോപ്പിന്റെ വീര്‍പ്പിലൂ-
ടസ്പഷ്ടമേതോ വിഷാദപരിമളം.

       (അപൂര്‍ണ്ണം)