രാഗപരാഗം - രാഗപരാഗം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

  രാഗപരാഗം

കതിര്‍മാത്രമെഴുന്ന താരകേ, നിന്‍
ഹൃദയത്തില്‍ കമനീയ താമരന്ദം
ബത, കൈവിരല്‍കൊണ്ടു തോണ്ടി നക്കി-
ക്കൊതിയാല്‍ ഞാന്‍ നുണയുന്നു നന്ദികെട്ടോന്‍!

ഒരു വെള്ളയരിപ്പിറാവിനേക്കാ-
ളരുമേ, നിന്‍ മൃദുലത്വമാം മനസ്സില്‍
ഖരമെന്‍ നഖരം കടത്തി നിന്നെ-
ക്കരയിപ്പൂ കനിവറ്റ കശ്മലന്‍ ഞാന്‍!

സദനത്തിനു കല്‍പവല്ലികേ നിന്‍
ഹൃദയം പുഞ്ചിരി പെയ്തുപെയ്തു നില്‍ക്കേ,
മൃതിപോലുമെനിയ്ക്കു പുല്ലു, കിട്ടും
ഗതിമേലെത്രയധ:പതിയ്ക്കിലും ഞാന്‍!

തരിശാകിനൊരെന്റെ ജീവിതത്തില്‍
തവ കാല്‍വെപ്പു വിതച്ചുതന്ന ഭാഗ്യം
തളിരിട്ടണിയിട്ടു നില്‍പ്പു നിത്യം
തണലും താങ്ങുമെനിയ്ക്കു നല്‍കിയാര്യേ!!....

                          ചങ്ങമ്പുഴ

മത്തനാണു ഞാനെങ്കിലെന്തിന്നെന്‍
ഹൃത്തിലൂറുമിസ്സൌന്ദര്യബോധം
തത്വചിന്തതന്‍ കൂട്ടില്‍ക്കിടക്കും
തത്തകള്‍ കഷ്ടമെമ്മട്ടറിയും?
ഞാനിതുവരെപ്പാടിപ്പറന്നു
ഗാനസൌന്ദര്യസാരം പകര്‍ന്നു
കിട്ടിയില്ലെനിയ്ക്കാത്മീയതതന്‍
റൊട്ടി-പക്ഷേ ഞാനിന്നും കൃതാര്‍ത്ഥന്‍!!

                         -ചങ്ങമ്പുഴ