ശ്രീതിലകം - വെളിച്ചത്തിന്റെ മുമ്പില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വെളിച്ചത്തിന്റെ മുമ്പില്‍

അന്തമില്ലാതെനിക്കു ചുറ്റുമാ-
യന്ധകാരം പരക്കവേ,
വിണ്ണില്‍നിന്നു,മെന്‍ മണ്‍കുടിലില്‍, നീ
വന്നുചേര്‍ന്നു വെളിച്ചമേ!

താവകാഗമരോമഹര്‍ഷങ്ങള്‍
താവിത്താവിയെന്‍ ജീവിതം,
സാവധാനം ലയിക്കയാ,യൊര്‍
പാവനോന്മാദമൂര്‍ച്ഛയില്‍,
സ്വര്‍ഗ്ഗദീപ്തിയിലുജ്ജ്വലിച്ചിതാ
സ്വപ്നരംഗം മുഴുവനും!

നിന്നരികില്‍ വികാരമൂകയായ്
നിന്നിടുമെന്‍ നിറുകയില്‍,
വെമ്പിവെമ്പിപ്പൊഴിച്ചു നീ,യോരോ
ചുംബനമലര്‍മൊട്ടുകല്‍!
മാനസത്തിന്‍ നിഗൂഢമാം ചില
കോണിലും കൂടി, യക്ഷണം
സഞ്ചരിച്ചിതജ്ഞാതമാമേതോ
സംഗീതത്തിന്‍ ലഹരികള്‍!

നിത്യതതന്നപാരതയിലേ-
ക്കെത്തിനിന്‍ കൈ പിടിച്ചു ഞാന്‍.
വിസ്മൃതിയുടെ മഞ്ഞുമൂടലില്‍
വിട്ടു ഞാനെന്‍ സമസ്തവും!
മാമകാശകള്‍ നൃത്തമാടിയ
മായികോത്സവവേദികള്‍,
സര്‍വ്വവും കൈവെടിഞ്ഞു, വിസ്തൃത-
നിര്‍വൃതിയുടെ വീഥിയില്‍,
എത്തിയപ്പോഴേക്കെന്‍ യഥാര്‍ത്ഥമാം
സത്തയെന്തെന്നറിഞ്ഞു ഞാന്‍!

നശ്വരാഡംബരങ്ങള്‍ നീങ്ങി,യെന്‍
നഗ്നസത്യം തെളിയവേ;
നിന്നെയെന്നിലു,മെന്നെ നിന്നിലു-
മൊന്നുപോല്‍ചേര്‍ന്നു കണ്ടു ഞാന്‍!
നിന്നില്‍നിന്നുമകന്നു, പിന്നെയും
നിന്നില്‍ വീണു ലയിവ്വിദം,
നില്‍പൊരുജ്ജ്വലബിന്ദുവല്ലി ഞാന്‍
നിത്യതേജ:സമുദ്രമേ!

മണ്ണില്‍നിന്നറിയാതെ ചേര്‍ന്നതാ-
മെന്നിലെപ്പങ്കമൊക്കെയും,
മണ്ണില്‍ത്തന്നെ വെടിഞ്ഞു ശുദ്ധമാം
നിന്നില്‍ വീണ്ടും ലയിപ്പു ഞാന്‍!
ഈ വിയോഗസമാഗമങ്ങളാല്‍
ജീവിതവും മരണവും,
കാഴ്ചവെയ്ക്കുന്നു, രണ്ടു ഗാന, മെന്‍
കാല്‍ത്തളിരിലെന്നെന്നുമേ!
ഒന്നു ശോകാകുലാര്‍ദ്ര, മവ്യക്ത-
മൊന്നതിസ്പഷ്ടമാദകം!
ഒന്നു മായികം, നശ്വരം, ഹാ, മ-
റ്റൊന്നു സത്യ, മനശ്വരം!
വിശ്വരംഗത്തില്‍നിന്നെമാത്രം ഞാന്‍
വിശ്വസിപ്പൂ, മരണമേ!

കാലദേശങ്ങള്‍ക്കപ്പുറം, നിന്റെ
ലോലസംഗീതനിര്‍ഝരം
പുഞ്ചിരിപ്പൊന്‍തിരകള്‍ മേളിച്ചു
സഞ്ചരിപ്പൂനിരന്തരം!
ജീവഹര്‍ഷനിദാനമേ, ലോക-
ഭാവനകള്‍ക്കതീതമേ!
അന്തമില്ലാതെനിക്കു ചുറ്റുമാ-
യന്ധകാരം പരക്കവേ;
എന്നില്‍നിന്നെന്നെ നീക്കി, ഞാനായ
നിന്നെ, നിന്നോടു ചേര്‍ക്കുവാന്‍
വിണ്ണില്‍നിന്നു, മെന്‍ മണ്‍കുടിലില്‍, നീ
വന്നു ചേര്‍ന്നു, വെളിച്ചമേ!

                               -ജൂണ്‍ 1936