മയൂഖമാല - വിരഹി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വിരഹി (ഒരു ഇംഗ്ലീഷ് കവിത--ജെയിംസ് തോംസണ്‍)

മംഗലരാംഗമീ മന്നിടം കൈവെടി-
ഞ്ഞങ്ങു നീ, കഷ്ടം, പറന്നൊളിച്ചു?
മൃത്യുവശഗരായ് മാറിമറയുന്ന
മര്‍ത്ത്യര്‍ക്കു വിശ്രമംനല്കുവാനായ്
ആനന്ദസങ്കേതമാകുമേതാരാമം
വാനിങ്കലുല്ലസിക്കുന്നതാവോ!
ആ രമ്യമാകുമാ വാടിയില്‍ വാഴുവാ-
നാരോമലേ, നീ പറന്നുപോയോ?

അല്ലെങ്കില്‍, നിത്യമെന്‍‌ ശോകാര്‍ദ്രഗാത്തിന്‍
പല്ലവി കേട്ടു പരവശയായ്
തിങ്ങിപുറപ്പെടും ദീര്‍ഘനിശ്വാസമാര്‍-
ന്നങ്ങെങ്ങും ചുറ്റിത്തിരികയോ, നീ?
നിന്നിളംപൂവൊളിച്ചേവടിപ്പാടുക-
ളൊന്നൊഴിയാതെമറഞ്ഞമൂലം
ശൂന്യമായ്ത്തീര്‍ന്നൊരെന്‍ പൂമണിമേടയില്‍
കാണ്മതില്ലാനന്ദരേഖയേ ഞാന്‍!...

ഓമല്‍ത്തരുത്തണല്‍തോറുമൊറ്റയ്ക്കു ഞാന്‍
ധീമങ്ങിയങ്ങിങ്ങലഞ്ഞിടുമ്പോള്‍;
നീയായ് ഗണിച്ചു, നിഴലിനോ,ടെന്മനം
നീറുംകഥകള്‍ പറഞ്ഞുകൊള്ളാം!
എന്നശ്രബിന്ദുക്കളൊക്കെ, ഞാനായതിന്‍
മുന്നില്‍ പൊഴിച്ചു മടങ്ങിക്കൊള്ളാം!
ആവിധമെങ്കിലും തെല്ലാശ്വസിക്കുവാ-
നാവുമെന്നാകില്‍ കൃതാര്‍ത്ഥനായ് ഞാന്‍!

കാരുണ്യകല്ലോലമോലുമേതെങ്കിലും
കാനനച്ചോലതന്‍ കൂലഭൂവില്‍
ശോകാകുലാക്ഷിപുടങ്ങളടച്ചു, ഞാ-
നേകാന്തവിശ്രമംകൊണ്ടിടുമ്പോള്‍;
വിണ്ണില്‍നിന്നൊറ്റ വിനാഴികയെങ്കിലും
മന്നിതിന്‍ വീണ്ടും മടങ്ങിയെത്തി;
സന്ദര്‍ശിച്ചീടേണമെന്നെ,യൊരുജ്ജ്വല-
സുന്ദരസ്വപ്നത്തി,ലോമനേ, നീ!...

--ജനുവരി 1932