ഓണപ്പൂക്കള്‍ - തിരുവില്വാമല
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ശ്രീവില്വശൈലമേ, വെല്‍ക; നിന്‍ നിസ്തുല-
ശ്രീവിലാസത്തിന്റെ മയൂഖമതതല്ലികള്‍,
സപ്തവര്‍ണ്ണസ്വപ്നചിത്രങ്ങള്‍ വീശുന്നി-
തിപ്പൊഴുമോര്‍മ്മതന്‍ ചില്ലില്‍പ്പതിഞ്ഞിതാ!

വിശ്രമം പച്ചത്തണല്വിരിച്ചുള്ള നിന്‍-
വിസ്തൃതവക്ഷസ്സി, ലാത്മഹര്‍ഷാര്‍ദ്രരായ്,
ഞാനു, മെന്‍പ്രാണനാമോമല്‍സഖാക്കളും
വാണൊരാ രംഗമോര്‍ത്താടുന്നു മാനസം!
ചെങ്കതിര്‍ച്ചാര്‍ത്താല്‍, ക്കുണുങ്ങും മരങ്ങളെ-
ക്കുങ്കുമം ചാര്‍ത്തിച്ചണയുന്നൊരന്തികള്‍,
ശ്യാമൊജ്ജ്വലങ്ങളശ്ശൈലശീര്‍ഷങ്ങളില്‍
പ്രേമപുരസ്സരം ചുംബിച്ചു നില്‍ക്കവേ,
വിശ്വസൌന്ദര്യം മുഴുവനും ചേര്‍ന്നൊരു
വിസ്മയചിത്രം വിരാജിപ്പു ഭൂമിയില്‍!

വീക്ഷണോല്ലാസദമായ് വിലസുന്നൊരാ
'രാക്ഷസപ്പാറ' യിലേറിനിന്നങ്ങനെ,
ചുറ്റുപാടും കണ്ണയയ്ക്കുകിലക്ഷണ-
മറ്റുപോകാതില്ലൊരല്ലലും മര്‍ത്ത്യരില്‍
പൊല്‍ക്കതിര്‍പ്പൂമഴച്ചാര്‍ത്തിലന്തിയ്ക്കൊരു
നല്‍ക്കനകാലയം തന്നെയാണസ്ഥലം!

ദൂരത്തു ദൂരത്തണിയിട്ടു വിണ്ണിന്റെ
മാറത്തുരുമ്മുമക്കുന്നിന്‍മുടികളും;
ചിത്രം വരച്ചപോല്‍ സിന്ദൂരമേഘങ്ങ-
ളെത്തിപ്പിടിയ്ക്കാനൊരുങ്ങും മരങ്ങളും;
നേരിയ രാജതരേഖപോല്‍ മിന്നുന്ന
ഭാരതഭാസുരശ്രീലസ്രവന്തിയും;
ചുറ്റും മരതകപ്പച്ച വിരിച്ചിട്ടൊ-
രറ്റം പെടാത്തൊരാ നെല്‍ച്ചെടിപ്പാടവും;
ചാരുചാമീകരസോപാനമോഹന-
ശ്രീരാമലക്ഷ്മണശ്രീമയക്ഷേത്രവും;
നാസ്തികന്മാരെയും ഭക്തിയില്‍മുക്കുമ-
സ്തോത്രഘോഷങ്ങളും, സ്വര്‍ണ്ണദീപങ്ങളും;
തെല്ലും വിരാമമ്പെടാതെ, മെന്മേല്‍, ത്തിര-
തല്ലി മുഴങ്ങുമക്ഷേത്രമണികളും;
ശുഭ്രവസ്ത്രാലംക്കൃതോജ്ജ്വലാംഗാഭയില്‍
വിഭ്രമിപ്പിക്കുന്ന വിദ്യോതിനികളും;
സന്ധ്യയ്ക്കിവയൊക്കെയൊന്നിച്ചുചേര്‍ന്നൊരു
ഗന്ധര്‍വ്വലോകമാണശ്ശൈലമണ്ഡലം!
ആ നാടിനെക്കുറിച്ചോര്‍ക്കുമ്പൊളിപ്പൊഴു-
മാനന്ദനര്‍ത്തനമാടുന്നു മന്മനം!! ....

കെട്ടഴിച്ചെന്നെ, യെന്‍ശപ്തനഗരമേ,
വിട്ടയച്ചീടുകാ നാട്ടിലേയ്ക്കൊന്നു നീ!
അത്രമേല്‍ വീര്‍പ്പുമുട്ടുന്നതുണ്ടിന്നെനി-
യ്ക്കല്‍പം ശ്വസിച്ചിടട്ടാശുദ്ധവായു ഞാന്‍.
എണ്ണയില്‍ മുങ്ങിക്കുതിര്‍ന്നങ്ങനെ
ചിന്നിപ്പടരും പുകച്ചുരുള്‍ച്ചാര്‍ത്തിനാല്‍,
കണ്ണെനിയ്ക്കയ്യോ, കലിയ്ക്കുന്നു-പോകട്ടെ
കര്‍ണ്ണികാരങ്ങള്‍ പൂവിട്ടൊരക്കുന്നില്‍ ഞാന്‍!
ആവശ്യമില്ലെനിയ്ക്കാഡംബരത്തിന്റെ
കോവണിത്തട്ടുകളെണ്ണുമിജ്ജീവിതം;
പോട്ടേ, സഹര്‍ഷം മരച്ചോട്ടില്‍ ദൂരെയ-
ക്കാട്ടുപുല്ലൂതുമിടയന്റെ കൂടെഞാന്‍!
ഇക്കുഴല്‌വെള്ളം കുടിച്ചു മടുത്തെനി,-
യ്ക്കക്കാട്ടുചോലയില്‍പ്പോയി നീന്തട്ടെ ഞാന്‍!
ക്ഷുദ്രമശകശപ്താലാപമല്ലി, യെന്‍-
നിദ്രയ്ക്കു നല്‍ക്കുവാനുള്ളു നിങ്കൈവശം
മജ്ജീവരക്തം നിനക്കുഞാനര്‍പ്പിച്ചു
ലജ്ജ തോന്നുന്നു മേ, കഷ്ടം, നഗരമേ!
വന്നിടാം വീണ്ടുമനുശയാധീനനായ്
നിന്നടുത്തേയ്ക്കു ഞാന്‍ മല്‍ഗാമദേവതേ!
                        11-7-1119
       1

വാരുണരംഗമോ?-രക്തപ്രളയമോ?
ദാരുണം ദൂരെയക്കാണ്മതെന്തെന്തു ഞാന്‍?
ഉച്ചണ്ഡതാപം വളര്‍ത്തിയത്യുച്ചത്തി
ലുദ്ധതനായുജ്ജ്വലിച്ച മാര്‍ത്താണ്ഡനെ,
കുത്തിമലര്‍ത്തിക്കടലിലെറിഞ്ഞതാ
രക്താംബരം ചാര്‍ത്തി നില്‍പൂ മുകിലുകള്‍!
ശാന്തിതന്‍ നേരിയ മന്ദസ്മിതം മുഖ-
ത്തേന്തി, ക്കുണുങ്ങിയണയുന്നു താരകള്‍.
ഏതോ നവീനസമുല്‍ക്കര്‍ഷദേവത-
യ്ക്കാതിത്ഥ്യമേകാനൊരുങ്ങുന്നമാതിരി!...
                        9-3-1113