ചിന്തകളൊക്കെയും ചെന്തളിര്‍ ചൂടുമാ-
റന്തികത്തെത്തി നീ വാസന്തമഞ്ജിമേ!
നിന് പദസ്പര്‍ശം തൃണാഗങ്ങളില്, പുഷ്പ-
സമ്പത്തുവാരിവിതറുന്നു നീളവേ.
വിണ്ണില്‍ പുലര്കാലശുദ്ധിയുടലാര്ന്നു
വന്നിടുമ്പോലുല്ലസിപ്പു നീയുജ്ജ്വലേ!
താവകദര്ശനമാത്രയില് ജീവനില്‍
താവുകയാണു ശാന്തിയും കാന്തിയും
നിന് കൈവിരല്ത്തുമ്പിളകില് പറന്നുപോം
പങ്കിലത്വത്തിന്റെ പാഴ്നിഴല്പ്പാടുകള്!
ഏതുഗാര്ഹസ്ഥ്യത്തെ വൈകുണ്ഠമാക്കുവാന്
ഭൂതലത്തിങ്കല്‍ നീയെത്തി, ദേവാംഗനേ?
ചിത്തക്ഷതങ്ങള്‍ തലോടിയുണക്കുവാന്
പ്രത്യക്ഷമായോരനുഭൂതിയല്ലി നീ!
വിട്ടുമാറാതെ നിന്നാര്ദ്രാനനത്തിനെ-
ക്കെട്ടിപ്പിടിപ്പൂ പരിവേഷരശ്മികള്!
മന്ദോഷ്ണതയുംവെളിച്ചവും വീശുന്ന
സുന്ദരത്വത്തിന് നിരവദ്യചിഹ്നമേ!
ഏതഭൌമോല്ക്കടനിര്വ്വാണപൂര്ത്തിതന്
പ്രാതിനിദ്ധ്യംവഹിച്ചിങ്ങു വന്നെത്തി നീ?
ഇസ്സുപ്രഭാതവും നിന്റെ സാന്നിദ്ധ്യവും.
മത്സ്മൃതിക്കുത്സവമാകാവു നിത്യവും.
ലോകപാപത്തിന്‍ തിമിരമകറ്റുവാന്
പോക നീ, ശന്തിതന് പൊന്നിന് കിരണമേ!
-നവംബര്‍ 1938