ശ്മശാനത്തിലെ തുളസി - മരണത്തിന്റെ മറവില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കളങ്കസ്നേഹത്തിന്‍ തൂമരന്ദ-
മകതാരിലാശു തുളുമ്പിനില്‍ക്കേ,
അനഘേ, നിന്‍ ധ്യാനത്തില്‍ മഗ്നനായ് ഞാ-
നനവദ്യാനന്ദം നുകര്‍ന്നിരുന്നു.
അതുമമ ജീവിതവാടികതന്‍
മധുമാസകാലങ്ങളായിരുന്നു-
ഒരുഞൊടിക്കുള്ളിലെന്‍ ഭാഗ്യതാര-
മിരുളിലെവിടെയോ പോയൊളിച്ചു.
മുകുളങ്ങളെല്ലാം വിടര്‍ന്നു വീണു
പികപാളി മാന്തോപ്പു വിസ്മരിച്ചു.
കരിമുകില്‍ മാല പരന്നവാനില്‍
കതിരോന്റെ ചെങ്കതിര്‍ തേഞ്ഞുമാഞ്ഞു.
ഇതുവരെക്കമ്രമായ്ക്കണ്ടു ലോകം
ഹതഭാഗ്യമ്മൂലമിരുണ്ടടിഞ്ഞു!
സ്വയനാശിയാകും നിയതിക്കുള്ള
കയമൊന്നുകൂടിക്കലങ്ങിപ്പൊങ്ങി.
ദ്യുതിയാളുമെത്രയോ നീര്‍പ്പോളക-
ളതിനുള്ളില്‍ പൊട്ടിത്തകര്‍ന്നിരിക്കാം.
അവസരമില്ലാത്ത 'കാല' ത്തിനി-
ന്നവയല്ലാം നോക്കിയിട്ടെന്തു കാര്യം?
ഒരു പിഞ്ചുചിത്തമുടങ്ങുവെങ്കില്‍
കരയുന്നതെന്തിനു യോകഗോളം?
അതിനേക്കാള്‍ മീതെയായെത്ര കാര്യ-
മതിനുണ്ടനുദിനം ചെയ്തുതീര്‍ക്കാന്‍?
ചൊരിമണല്‍ തൃഷ്ണയ്ക്കൊരങ്കുശമായ്
ചൊരിയുകയാണെന്റെ കണ്ണുനീര്‍ ഞാന്‍.
ഗിരിനിരക്കോട്ടതന്‍ തുഞ്ചില്‍നിന്നു
സുരപഥം ചുംബിക്കും വന്‍തരുവും
ഒരു ഫലമില്ലാത്ത കാട്ടുതാളിന്‍
നറുകൂമ്പില്‍ത്തത്തും ജലകണവും
ഒരുപോലടിച്ചു നിലത്തു വീഴ്ത്തും
കരപുടം ചിത്രം പരം വിചിത്രം.
ഒരു ഭാഗം ലോലമാം ബാലിശത്വം
പര, മഹോ, പാരമ്യപാടവത്വം.
ഇവരണ്ടിന്‍ മദ്ധ്യത്തിലെത്രനേരം
സവിലാസസ്വപ്നം സമുല്ലസിക്കും?
വിവശമെന്‍ ചിത്തം വിശിഷ്ടചിത്രം
വിരചിച്ചതെല്ലാം വിഫലമായി.
അഴകേറും വാനില്‍ ഞാനാഭകൂട്ടാന്‍
മഴവില്ലിനേറെനാള്‍ നിന്നുകൂടേ?
പരിമളപൂരം പകര്‍ന്നുകൊള്‍വാന്‍
വിരിമലരെന്നെന്നും മിന്നിക്കൂടേ?
ശരി, ശരി, ശൂന്യതയില്ലെങ്കില്‍
പരിപൂര്‍ത്തിയെന്താണെന്നാരറിയും?
ഇരുളെന്നൊന്നില്ലായ്കില്‍ പൂനിലാവിന്‍
തെളിമയറിഞ്ഞീടാന്‍ സാദ്ധ്യമാണോ?
നിലയറ്റെന്‍ നിശ്വാസം നീണ്ടു നീണ്ടു
നിയതിതന്നാഴമളന്നൊടുവില്‍
ഒരു രാഗനാളമായ് നിന്നടുക്കല്‍
വരുവോളം കാക്കുവേനോമലേ ഞാന്‍!...