ആശ്രുപൂജ
അനുമോദനം വെറും വ്യര്‍ത്ഥം, ഹാ, പി-
ന്നനുശോചനത്തിനെന്തര്ത്ഥം?
ശരിയാണതെങ്കിലും ദു:ഖം വന്നാ-
ലറിയാതെ കേണുപോമാരും.
നരനുമാത്രം മന്നില്‍ നല്കീ ദൈവം
നവനവഹാസവിലാസം.
അതുമൂലമായിടാം കഷ്ട, മവ-
ന്നധികം കരയുവാന്‍ യോഗം!
ഉതിരുമിക്കണ്ണീരൊന്നൊപ്പാന്പോലു-
മുയരുന്നതില്ലിന്നു കൈകള്‍.
ഇടനെഞ്ചുപൊട്ടുമാ, റയേ്യാ, കേട്ടൊ-
രിടിവെട്ടതെന്തായിരുന്നു?
മരണത്തിനിത്രയ്ക്കുമാത്രം, കെല്പീ
മഹിയിലുണ്ടെന്നാരറിഞ്ഞു!
ഇനിയൊരുനാളിലും ഹര്ഷത്തിന്റെ
കനകച്ചിറകുകള് വീശി,
മഹിമകള്‍ പൂത്തും തളിര്‍ത്തും നില്ക്കും
മലയാളത്തിന് മലര്ക്കാവില്
ഫലിതാത്മകങ്ങളച്ചിന്താചിത്ര-
ശലഭങ്ങളെത്തുകില്ലെന്നോ?
സുഖദസുഷുപ്തിയില് സ്വപ്നത്തിന്റെ
സുലളിതാംശുക്കള്ക്കിടയില്,
മദഭരിതോജ്ജ്വലനൃത്തംചെയ്തു
മതിമയക്കീടിനശേഷം,
ഇരുളും വെളിച്ചവും പുല്‍കിപ്പുല്‍കി-
പ്പിരിയുമക്കാല്യോദയത്തില്
അകലുമൊരപ്സരസ്സിന് കാല്ച്ചില-
മ്പണിയുന്ന ശിഞ്ജിതം പോലെ,
മറയാനിടയായിതെന്നോ, മന്നില്‍
മഹിതമ'സ്സജ്ജയ' നാമം!
ഇനിയൊരുനാളുമത്തൂവല്ത്തുമ്പൊ-
ന്നിളകുവാനൊക്കുകില്ലെന്നോ?
കഠിനം, കഠിനം, ജഗത്തേ, നിന്റെ
കഥയിതോര്ക്കുമ്പോളസഹ്യം!
ഇനിയെന്തി, നൊക്കെയും തീര്‍ന്നു, പുഷ്പ-
വനികയില്‍ ഗീഷ്മം കടന്നു.
തളിരും മലരും കൊഴിഞ്ഞു, മര-
ത്തണലുകളെല്ലാം മറഞ്ഞു.
നിറയുന്നു ചുറ്റിലും മൌനം, നേര്‍ത്ത
ചിറകടിപോലുമില്ലെങ്ങും
സകലതും ശൂന്യം, വിവിക്തം, മൂകം
വികലം, വിഷാദാഭിഷിക്തം
മരണമേ, നിന് ജീവദാഹത്തിന്റെ
മറുവശത്തുള്ളൊരിച്ചിത്രം!
അരുതിതൊന്നോര്ക്കുവാന്പോലു, മില്ലി-
ല്ലറുതി നിന് തൃഷ്ണയ്ക്കു തെല്ലും!
ഒരു നെടുവീര്പ്പുവിടാതെ, കണ്ണി-
ലൊരുതുള്ളിക്കണ്ണീര് വരാതെ,
അകലെ, സ്വതന്ത്രമായ്, പൊട്ടിച്ചിരി-
ച്ചവിടുന്നു നിന്നൂ, മഹാത്മന്!
എരിയും മനസ്സിലമൃതം പെയ്തു
പരിചില്‍ തവോജ്ജ്വലഹാസം.
അവിടുന്നൊരക്ഷരം മിണ്ടുമ്പോഴേ-
ക്കഖിലരും പൊട്ടിച്ചിരിച്ചു;
ദുരിതങ്ങളെല്ലാം മറഞ്ഞു ഹര്‍ഷ-
ഭരിതരായ് മുന്നില്‍ നിരന്നൂ.
അറിവിലതെന്തിന്ത്രജാലം! മുന്നി-
ലവിടുന്നു കാണിച്ചു ലോകം-
ചിരിയുടെ ലോകം- ആ ലോകത്തേക്കു
ചിറകുവിടര്‍ത്തുന്നു ചിത്തം!
ഹലമെ, ന്തെതെല്ലാം കഴിഞ്ഞു, വെറും
ചലനചിത്രംപോല് മറഞ്ഞു!
സ്ഫുരിതഹര്ഷാര്ദ്രമച്ചിത്തമ്പോലു-
മൊരുപിടിച്ചാമ്പലായ്ത്തീര്ന്നൂ!
ഹതഭാഗ്യരയേ്യാ, കുതിര്ത്തീടുന്നി-
തതുപോലും, ഞങ്ങള്കണ്ണീരില്!-
മിഴിനീരുകൊണ്ടെന്തുകാര്യം?-മാഞ്ഞ
മഴവില്ലതെന്നേക്കും മാഞ്ഞു!
അതുലമാം ശാന്തിതന്‍ നിത്യോത്സവ-
മതിനിനി നേരുക നമ്മള്!
മലയാളത്തിന്റെ ഫലിതം ചാര്‍ത്തും
മണിമാലകള്‍ക്കു നടുവില്‍
മരതകപ്പച്ചപ്പതക്കം തൂക്കീ
മഹനീയ'സഞ്ജയ' നാമം!
വിമലദ്യുതിവീശി മേന്മേലതു
വിലസിടട്ടാകല്പകാലം
-ഒക്റ്റോബര്‍ 1943.