ഓണപ്പൂക്കള്‍ - ആരാധിക
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

  ആരാധിക

അങ്ങെന്നെ മറക്കില്ലേ
ജീവിതവനികയില്‍
മംഗളവസന്തശ്രീ
വരുന്നനാളില്‍?

താവകനവനവ
ഭാവനകളി, ലൊളി
താവിയെന്‍തരുണിമ
തളിര്‍ത്തുനില്‍ക്കേ;

മാമകചലനങ്ങ-
ളാ മനോമുകുരത്തില്‍
മാരിവില്‍ മാറി മാറി
വിരിച്ചു സത്യം,

ഇല്ലറിയില്ല ലോകം,
ഞാനൊരു നിഴലായി-
ട്ടല്ലിലടിഞ്ഞു മാഞ്ഞു
മറഞ്ഞു പോകും!

ആ മനം ശതാബ്ദങ്ങള്‍-
ക്കപ്പുറം, ചക്രവാള-
സീമയില്‍പ്പുരട്ടുമ-
സ്സാന്ധ്യരാഗം.

എന്‍കരള്‍ത്തുടിപ്പുകള്‍-
കൊണ്ടു ഞാനിന്നു കൂട്ടും
കുങ്കുമച്ചാറാണെന്ന-
ന്നാരറിയും?

അന്ധകാരത്തില്‍ ഞാന്‍ നി-
ന്നങ്ങയെ ജ്യോതിര്‍മ്മയ
ഗന്ധര്‍വ്വമേഖലകള്‍
തുറന്നുകാട്ടി.
ലോകവും, ഞാനും, എന്തി-
നല്ലെങ്കില്‍ബ്ഭവാന്‍ പോലും
ഹാ, കഷ്ട, മറിഞ്ഞീല-
ന്നാ രഹസ്യം

കാണികള്‍ക്കഖിലവു-
മത്ഭുതം തോന്നുമൊരു
ചേണഞ്ചും വാനമ്പാടി-
യെന്നപോലെ,

ഗാനത്തിന്‍ കുളിര്‍ത്തെളി-
ത്തേനു തിര്‍ത്തുതീര്‍ത്തുകൊ-
ണ്ടാനന്ദലോലനായ-
ങ്ങുയര്‍ന്നുപോകെ,

ദൂരത്തിക്കാട്ടുപൂവിന്‍-
മാനസമഭിമാന-
ധാരയില്‍ തുളുമ്പിയ-
താരറിഞ്ഞു?

കിന്നരമേഖലയില്‍
പൊന്നില്‍ക്കുളിച്ചു പല
മിന്നല്‍ക്കൊടികള്‍ മുന്നില്‍
കുണുങ്ങിനില്‍ക്കെ,
ദൂരത്തിപ്പുല്‍ക്കൊടിതന്‍-
നാമ്പില്‍നിന്നുയര്‍ന്നൊരാ
നേരിയനേടുവീര്‍പ്പ-
താരറിഞ്ഞൂ?

പൂമൊട്ടിന്‍കിനാവുകള്‍,
പൂവിന്റെ നിരാശകള്‍
സോമലേഖകള്‍ മാഞ്ഞ
പാതിരകള്‍!

അല്ലെങ്കിലാശകള്‍ക്കെ-
ന്തര്‍ത്ഥമിപ്പൂഴിമണ്ണില്‍?-
ഇല്ല മേ പരിഭവം
തെല്ലുപോലും!

കഷ്ട, മീയെന്നെപ്പോലി-
ക്കനനപ്പച്ചകള്‍ക്കും
മൊട്ടിട്ടില്ലനുദിന-
മെത്ര മോഹം!

എന്നാലെങ്ങവയിപ്പോള്‍?-
ഒന്നൊന്നായടര്‍ന്നടര്‍
ന്നൊന്നൊഴിയാതഖിലം
മണ്ണടിഞ്ഞൂ.

എന്നാലതിമേന്മ
വര്‍ണ്ണിച്ചു പുകഴ്ത്തിയോ-
രന്നത്തെപ്പൂങ്കുയിലി-
ന്നെങ്ങുപോയി?-

ഇല്ലില്ലൊരര്‍ത്ഥവുമി-
ങ്ങാശകള്‍ക്ക, വിടുത്തോ-
ടില്ല മേ പരിഭവം
തെല്ലുപോലും!

പോവുക, വിജയശ്രീ
പൂമാലയേന്തിനില്‍പൂ
മേവിടാം ഞാന്‍ തനിച്ചീ
മൂടല്‍മഞ്ഞില്‍!

അങ്ങെന്നെക്കുറിച്ചിനി-
യോര്‍ത്തിടേണ്ടൊരു നാളും
മംഗളാശംസ ചെയ്തു
മടങ്ങുന്നേന്‍ ഞാന്‍!
      12-9-1115

       18

ഴലിന്‍ ഗീഷ്മാന്തത്തി-
ലാകിലെ, ന്താത്തോദാര-
മഴകിന്‍ നിലാവുമാ-
യെത്തി നീ ശശിലേഖേ!

ഇത്രനേരവുമൂഷ്മാ
വുയര്‍ന്നു പരന്നൊരി-
ത്താപ്താന്തരീക്ഷത്തില്‍, നീ-
യമൃതം തളിച്ചല്ലോ!

ആശകള്‍ നക്ഷത്രങ്ങള്‍
ചൂടി നിന്നിതാ, നിന-
ക്കാശിസ്സു നേരും നേരം
ചിരിപ്പൂ വെണ്‍മേഘങ്ങള്‍!
                        24-9-1119