വരുവതഖിലവും ശുഭത്തിനാണെ-
ന്നരുളി, മനോഹരസാന്ത്വനാമൃതത്താല്‍,
ഉരുകദനമകറ്റിടുന്നി തെന്നില്‍-
ക്കരുണകല, ര്‍ന്നയി ഭാഗ്യദേവതേ, നീ!
പകലിരവൊരുപോല്‍ വിരാമമില്ലാ-
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിന്-
പ്രകടിത നിര്‍മ്മലരാഗദീപ്തിമാത്രം!
വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
അധികൃതവചനങ്ങളാല്‍, സ്വയം നീ-
യധിപതിയാക്കുകയാണു നിന്മനസ്സില്!
അയി സുദതി, കഠോരജീവിതത്തിന്‍
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവന്‍ ഞാന്‍;
പ്രിയകരസുഖവിശ്രമം യഥേച്ഛം
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!
അവനിയിലതുലാനുഭോഹമോരോ-
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കില്‍,
അവശതയകതാരിനേശുവാനി-
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!
പണമൊരുവനു ഭൌതികപ്രതാപ
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം;
ഘൃണയതിനൊരുനാളുമില്ല-ജീന-
വ്രണമതുണക്കുകയില്ല തെല്ലുപോലും!
നവനവമൃദുചുംബനങ്ങളേകി
ക്കവനവിലാസിനി, നീയടുത്തു നില്‍ക്കെ;
ഇവനെഴുമനവദ്യനിര്‍വൃതിയ്ക്കി-
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!
സകലരുമകലട്ടെ, നീരസത്താ-
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നില്‍;
പകയതിലിവനില്ല, വാടുകില്ലെ-
ന്നകതളിര്‍ നിന് പ്രണയാമൃതം ലഭിയ്ക്കില്‍!
ജീവപ്രേയസി, ജീവിതാശകള്‍ നശി-
ച്ചത്യുഗനൈരാശ്യമാ-
മാ വന്‍കാട്ടി, ലിരുട്ടില്‍, ഞാനവശനായ്-
ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ വര്‍ദ്ധിച്ചലയുമ്പൊഴെന്‍ വഴി തെളി-
ച്ചാശ്വാസമേകിടുവാന്‍
പൂവല്‍പ്പൊന്‍കതിര്‍ പെയ്തുദിച്ച, കനിവിന്-
നക്ഷത്രമാ, ണാര്‍ദ്ര നീ!! ....
9-3-1120
31
അടിമുടി മടുമലര്‍ തടവീടുമുടല്പോലു-
മടിയുന്നിതൊടുവിലാപ്പൊടിമണലില്;
മനമനിയ്ക്കുരുകുന്നു മറന്നീടട്ടഖിലം ഞാന്‍.
മഭിരേ, നീ കനിഞ്ഞൊന്നു പുണരുകെന്നെ! ....
24-10-1119