കലാകേളി - വിടവാങ്ങല്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

രു ദിനമയേ്യാ, പിരിഞ്ഞുപോണ-
മൊരു ജീവനായ്ത്തീര്‍ന്ന നമ്മള്‍പോലും!
കരയുന്നതെന്തിനു തോഴീ, നമ്മള്‍?
കരുണയില്ലീ നിയതിക്കു ചെറ്റും!
വിധിപോല്‍ വരട്ടെ, നീയാശ്വസിക്കൂ,
വിഫലപ്രതീക്ഷകള്‍ വിസ്മരിക്കൂ!

ഉലകല്ലേ, നാമെല്ലാം മര്‍ത്ത്യരല്ലേ?
ചലനത്തിനെന്തുമധീനമല്ലേ?
വ്യതിയാനമോരോന്നു ജീവിതത്തിന്‍
പതിവാണ, തെമ്മട്ടും വന്നുകൂടും.
അതില്‍ നമ്മള്‍ കുറ്റപ്പെടുത്തുവാനി-
ല്ലണുപോലുമാരെയുമോമലാളേ!
കരളില്‍ തരിതരിപ്പേറ്റിടായ്വാ-
നൊരു പാറക്കല്ലല്ല നമ്മളാരും!
മൃദുവായിത്തൊട്ടാലും പാട്ടു ചോരും
ഹൃദയമെന്നൊന്നു വഹിച്ചു നമ്മള്‍!

വെയിലിലാ വല്ലി വരണ്ടു വാടാം;
മഴയില്‍ തഴച്ചു തളിരു ചൂടാം!
അനിലഗതികള്‍ക്കനുസൃതമാ-
യതു പലമട്ടിലും ചാഞ്ഞുപോകാം!
നിയമവും നീതിയും ചെന്നതിന്റെ
നില കാത്തുനില്‍പതു നിഷ്ഫലം താന്‍!

ഇരുളിലടിഞ്ഞു കിടക്കുകയി-
ല്ലൊരുവന്‍തന്‍ ജീവിതകാലമെല്ലാം.
അറിയാതൊരിക്കല്‍ വിളിച്ചുണര്‍ത്താ-
മവനെയുല്‍ക്കര്‍ഷത്തിന്‍ സുപ്രഭാതം!
അതിലവന്‍ കണ്ണു തുറന്നു, പക്ഷേ,-
യമലാംബരത്തോളം ചെന്നു പറ്റാം,
എരിയുന്ന യത്നത്തില്‍നിന്നുയരു-
ന്നൊരു കൊടുങ്കാറ്റിന്‍ ചിറകിലേറി!

അയി സഖി, ഞാനപരാധിയെങ്കി-
ലലിവിനോടെന്നെ മറക്കണം നീ!
പരമസൌഭാഗ്യം പറന്നണയു-
മൊരു ദിനം നിന്‍ പടിവാതിലിലും!
അതിനെത്തലോടുന്ന നാളി, ലെന്നെ-
യറിയാത്ത ഭാവം നടിക്കരുതേ!
കരുതിയിട്ടില്ല കിനാവിലും നിന്‍
കരളില്‍ പരിക്കുകളേറ്റുവാന്‍ ഞാന്‍!
-മമ ഭാഗ്യരശ്മിയെപ്പിന്തുടര്‍ന്നു,
മതിമോഹനേ, ഞാന്‍ പിരിഞ്ഞീടട്ടേ!