ബാഷ്പാഞ്ജലി - തുഷാരഗീതി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

തുഷാരഗീതി
സ്വാഗതം സവിതാവേ, നിര്‍മ്മലാത്മാവേ, സ്വാമിന്‍,
ഭാഗധേയത്താലെനിക്കങ്ങയെക്കാണാറായി!
ധന്യനാമവിടുത്തെക്കാരുണ്യാതിരേകത്താ-
ലെന്നാത്മാവൊരു കൊച്ചുതേജോമണ്ഡലമിപ്പോള്‍,
ഞാനൊരുമഞ്ഞുതുള്ളി- തെറ്റിപ്പോയ് ക്ഷണികത
നാനാത്വങ്ങളിലൊരു നീര്‍പ്പോളയെക്കാള്‍ തുച്ഛം.
ഭൂമിക്കും നാകത്തിനുമൊന്നുപോലൊരു രത്ന-
സീമയായ് നിലകൊള്ളും ചക്രവാളത്തെപ്പോലെ,
നിത്യമല്ലാത്തോരെന്നിലെന്തിനാണവിടുത്തെ
നിസ്തുലപ്രഭാപൂരം ചൊരിഞ്ഞു പാഴാക്കുന്നു?
ഇത്തേജോഭരം തെല്ലും താങ്ങുവാന്‍ കെല്‍പില്ലല്ലോ
സത്വരം, സ്വാമിന്‍, രാഗമൂക ഞാന്‍ മൂര്‍ച്ഛിച്ചാലോ?
å ഒരുകാലത്തും തല പൊക്കിടാത്തിപ്പുല്‍ക്കൊടി-
ക്കൊരുഭാരവുംകൂടിയേറ്റിയെന്‍ജനിയാല്‍ ഞാന്‍!
കമ്മര്‍സാക്ഷിയാം ഭവാനെന്നോടു നിശ്ശബ്ദമായ്
നര്‍മ്മസല്ലാപം ചെയ്വതാരുമിന്നറിയേണ്ടാ,
ഈ നിഗൂഢമാം ദിവ്യപ്രേമമൊന്നല്ലി,തമോ-
ലീനമായൊരെന്‍ജന്മം വെളിച്ചമാക്കിത്തീര്‍ത്തു?
അകളങ്കാത്മാവാകുമങ്ങയോടെനിക്കൊട്ടും
പ്രകടിപ്പിക്കാനില്ല ശക്തി, യെന്‍ കൃതഞ്ജത.
നിസ്തുലരാഗത്താലെന്‍ ഹൃദയം വികസിക്കെ
നിര്‍ജ്ജീവ വസ്തുക്കള്‍ക്കും സൌന്ദര്യമായ് ഞാന്‍പോലും.
å അവസാനിച്ചീടാത്ത പുളകാങ്കുരത്തിനാ-
ലവനീദേവി നിത്യമൂകയായ് നിലകൊള്‍കെ,
പരിപാവനയാമജ്ജനനി കാണ്‍കെക്കാണ്‍കെ-
പ്പരിപൂര്‍ണ്ണതയിങ്കല്‍ ചെന്നു ഞാന്‍ ലയിക്കാവൂ!
å പക്ഷികള്‍ മനോജ്ഞമാം പഞ്ചമഗാനങ്ങളാല്‍,
വൃക്ഷങ്ങള്‍ മധുരമാം മര്‍മ്മരാരവത്തിനാല്‍,
ലതകള്‍ നൃത്തത്തിനാല്‍, പുഷ്പങ്ങള്‍ സുഗന്ധത്താല്‍,
å സതതം ചിത്തം തുടിച്ചെന്നെന്നുമാനന്ദിക്കും.
നിസ്സാരമാകും, ക്ഷണം മാഞ്ഞുപോമൊരു വെറും
നിശ്ശബ്ദ മന്ദസ്മിതം മാത്രമാണെന്നാനന്ദം.
ആയതിന്‍ പരിധിയാണെന്നുടെ പരിപൂര്‍ത്തി;
മായണമതിങ്കല്‍ ഞാനെത്തിയാലപ്പോള്‍ത്തന്നെ!
അലഘുപ്രഭയോലുംതവ ദിവ്യാംശുവൊന്നി-
ലലിഞ്ഞുചേര്‍ന്നീടുവാന്‍ വെമ്പലായി മേ, ദേവ!
മായുന്നതെന്തിനായ് ഞാന്‍?- തന്മൂലം ഭവദ്രശ്മി
മാമകാഭയാലല്‍പം മിന്നിക്കാനായാലായി!
രാഗചുംബിയാം തുച്ഛജീവിതം മദീയം ഹാ!
ത്യാഗത്തിലെത്തിപ്പൂ ഞാന്‍!- വിരമിക്കട്ടെ, നാഥ!! 12 2 1109