എന്റെ സഖി
ഇളമരുത്തേറ്റു കൊച്ചലച്ചാര്ത്തുക-
ളിളകിടുന്നൊരിത്താമരപ്പൊയ്കയില്,
സഖികളോടുചേര്ന്നാടിക്കുഴഞ്ഞവ-
ളണവതെന്നിനി കേളിനീരാട്ടിനായ്?
അവളെയിന്നൊന്നു കാണാന്‍ കൊതിക്കയാ-
ണിവിടെയുള്ളീ മണല്ത്തരിപോലുമേ!
å പരിണയം കഴിഞ്ഞന്നൊരു നാളവള്
പിരിയുവാന്വന്നു യാത്രചൊല്ലീടവെ,
ഇവിടെ നില്ക്കുമിപ്പുല്ക്കൊടികൂടിയും
വിവശിതയായതിന്നു മോര്‍ക്കുന്നു ഞാന്‍!
å പവിഴമല്ലിക പ്പൂവുതിര്ന്നെപ്പൊഴും
പരവതാനി വിരിച്ചൊരിപ്പുല്ത്തടം ,
പരിണതോജ്ജ്വലമാണെന്നിരിക്കിലും
പരമശൂന്യമായല്ലി തോന്നുന്നുമേ!
å ഇവിടെ നില്ക്കുമീ മാതളത്തയ്യിനി-
ന്നില പൊടിച്ചോരു നൂതനസംഭവം,
അറിയുവാനിടയാവുകി,ലെത്രയി-
ന്നടികയില്ലവളാനന്ദസിന്ധുവില്!
അവികലോത്സവമാത്മാധിനാഥനൊ-
ത്തകലെയാണവള് വാഴുന്നതെങ്കിലും,
അലയുവതുണ്ടവളുടെ മാനസ-
മനുനിമേഷമീയാരാമ വീഥിയില്‍!
ഒരുവിധവും മറക്കാനരുതവള്-
ക്കരുമയാകുമിപ്പുള്ളിമാന് കുഞ്ഞിനെ!
å കിളികളോരോന്നുണര്ന്നു, ചിറകടി-
ച്ചുദയകാന്തിയില് പാറിപ്പറക്കവെ,
ശിശിരസുന്ദരലോലനീഹാരക
യവനിക മന്ദം നീങ്ങിത്തുടങ്ങവെ,
പകുതിയോളം വിടര്‍ന്ന പൂവിന് നവ-
പരിമളമിളം കാറ്റിലിളകവെ,
കുസുമസൌരഭമോലുമാക്കാറെതിര്-
ക്കുടിലകുന്തളം കെട്ടഴിഞ്ഞങ്ങനെ;
ഇരുവശം നിന്ന ചെമ്പനീര്പ്പൂക്കള-
ത്തുടുകവിളില് പ്രതിഫലിച്ചങ്ങനെ;
ഒരു മൃദുമന്ദഹാസമച്ചെഞ്ചൊടി-
ത്തളിരിലല്പംസ്ഫുരിക്കുമാറങ്ങനെ;
ജലഘടവുമായി മലര്ത്തോപ്പിലേ-
ക്കവള്വരും വരവിന്നുമോര്ക്കുന്നു ഞാന്‍!
ചലനചിത്രങ്ങള്‍ കാണിക്കയാണിദം
ചപലസങ്കല്പമെന്നെപ്പലപ്പൊഴും!
സ്മരണയിങ്കല്ത്തെളിഞ്ഞു ഞാന്‍ കേള്പ്പിത-
ത്തരിവളകള്തന് സംഗീതമര്മ്മരം!!
åå *åå *åå *
പ്രകൃതിമാതെടുത്തോമനിച്ചോളവള്;
പ്രകൃതിയായ് സദാ സല്ലപിച്ചോളവള്!
അവളെയാശിച്ചിരുന്നവനല്ല ഞാ-
നവളിലൊട്ടനുരക്തനുമല്ല ഞാന്‍.
വെറുതെ,യെന്നിട്ടുമെന്തിനോ, കഷ്ട;-മീ
വിരഹമോര്ത്തോര്ത്തു നീറുന്നിതെന്മനം!
അവളതിമാത്രമാര്ദ്രുയാ,ണായതാ-
ണഴലിനിന്നെനിക്കാദിമകാരണം!
å ദിവസവും ഞങ്ങള്‍ കാണും, പരസ്പര-
മകമഴിഞ്ഞൊന്നു പുഞ്ചിരിക്കൊണ്ടിടും;
അമിതമോദമോടൊന്നുരണ്ടക്ഷര-
മരുളി, യാത്രപറഞ്ഞു പിരിഞ്ഞുപോം;
പരമനിര്മ്മലസൌഹൃദമീവിധ-
മനുനിമേഷം വളര്‍ന്നു, ഹാ, ഞങ്ങളില്‍!
å മധുരശൈശവബന്ധമതറ്റിടാന്
മമ ജഢമിനി മണ്ണിലടിയണം
അതുമറക്കുവാനോര്ക്കില് മറക്കുമോ?
മതിയില്നിന്നതു മായ്ക്കുകില്‍ മായുമോ?
å മിഴികളാലസ്സുരാംഗനാസൌഭഗം
കരളിനാലാപ്പരിശുദ്ധസൌഹൃദം-
ഇവയഥേച്ഛ,മൊരുപോല്‍ നുകരുവാ-
നിട ലഭിച്ചല്ലോ!-ഞാനെത്ര ഭാഗ്യവാന്!!åå 30-6-1109