യവനിക
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

സ്തബ്ധമായീ സഭാസദനാന്തം
ലബ്ധസംഗീതസാന്ദ്രപ്രശാന്തം.

സ്വര്‍ണസിംഹാസനത്തിലിരിക്കും
മന്നവന്റെ കടമിഴിക്കോണില്‍,

വന്നുനിന്നെത്തിനോക്കിച്ചിരിച്ചു
മിന്നിടും രണ്ടു കണ്ണീര്‍ക്കണങ്ങള്‍.

ചാരവേ പിന്നില്‍ ചേടികള്‍ വീശും
ചാമരങ്ങളനങ്ങിടാതായി.

മന്ത്രിപുംഗവര്‍, സൈനികര്‍, രാജ്യ-
തന്ത്രകോവിദ, രംഗപാലന്മാര്‍,

കിങ്കര, രെന്തി, നസ്സദസ്സൊന്നോ-
ടങ്കിതചിത്രരംഗമായ് മാറി.

ആ വിശാലമാം ശാലതന്‍ മദ്ധ്യ-
ഭൂവി, ലുന്നതമണ്ഡപമൊന്നില്‍,

ഗായകകവി 'ശേഖരന്‍' ഹര്‍ഷ-
ദായകസ്വപ്നരൂപിയായ് മേവി.

തല്‍ഗ്ഗളനാളവേണുവില്‍നിന്നും
നിര്‍ഗ്ഗളിച്ചോരമൃതപ്രവാഹം,

ഓമനിച്ചു ചെന്നോരോ മനസ്സും
രോമഹര്‍ഷശിശിരിതമാക്കി.

വന്ദ്യഭൂവരന്‍ തന്നേകപുത്രി
സുന്ദരിയാം 'അജിതകുമാരി',

കാണുവാനിടയായീല രാജ-
കാവ്യകാരനക്കന്യാമണിയെ! ...

തെല്ലകലത്തുയരത്തു വെണ്ണ-
ക്കല്ലുകെട്ടിപ്പടുത്തോരെടുപ്പില്‍,

മഞ്ഞവര്‍ണ്ണച്ചുരുളിടതിങ്ങി-
ക്കുഞ്ഞലത്തൊങ്ങലങ്ങിങ്ങൊഴുകി,

മിന്നും പട്ടുയവനികയൊന്നിന്‍
പിന്നില്‍നിന്നൊരു നിശ്വാസലേശം

സംക്രമിപ്പൂ ഞൊടിയിടയേതോ
കങ്കണസ്വരമോടിടകൂടി!

ഗാനധാരതന്നാരോഹണത്തില്‍
പ്രാണഹര്‍ഷത്തിന്‍ പൂര്‍ണ്ണോദയത്തില്‍,

മഞ്ജിമയ്ക്കു മണിയരങ്ങാമാ
മഞ്ഞവര്‍ണ്ണഞെറികള്‍ക്കു നേരേ,

പാട്ടുറഞ്ഞ ഹൃസ്പന്ദങ്ങളോടേ
പാതികൂമ്പിയ കണ്ണുകളോടേ,

ശ്രീയുതസ്മിതസാന്ദ്രാസ്യനായി-
ഗ്ഗായകന്‍ ശിരസ്സൊന്നു തിരിച്ചു.

ചെണ്ടൊളി ചേര്‍ന്നതിമൃദുവാകും
രണ്ടു കൈവിരല്‍ത്തുമ്പുകള്‍ ചൂടി,

ഹാ, ഞൊടിയൊരു മിന്നല്‍ക്കൊടിയ്ക്കാ-
യാ ഞെറിവക്കൊരിത്തിരി നീങ്ങി.

അഞ്ജനക്കണ്മുനയൊന്നുലഞ്ഞു
മഞ്ജുഹാസമൊരല്പം പൊഴിഞ്ഞു,

അത്രമാത്രം-അരഞൊടിക്കുള്ളില്‍
ബദ്ധമായീ മറഞെറി വീണ്ടും.

സ്വപ്നതുല്യമാശ്ശിഞ്ജിതം മാത്ര-
മുത്ഭവിപ്പതുണ്ടപ്പൊഴുമല്‍പം.

വ്യക്തമല്ലാത്തൊരു നിഴല്‍പ്പാടാ
വസ്ത്രബിത്തിതന്‍ പിന്നില്‍ ത്രസിപ്പൂ! ...

ആ മണിപ്പൊന്‍ ചിലമ്പൊലിയോലും
പൂമൃദുപദമെമ്മട്ടിരിക്കും?

അത്തരിവള മിന്നിക്കിലുങ്ങും
പൊല്‍ത്തളിര്‍ക്കൈകളെമ്മട്ടിരിക്കും?

ആ നിഴല്‍പ്പാടിനാലംബമാകും
മേനിതന്നഴകെ ന്തായിരിക്കും?

ഹാ, വിദൂരത്തദൃശ്യമായ് നില്‍ക്കു-
മാ വിലാസമെന്തത്ഭുതമാവോ!

ശര്‍വ്വശക്തന്റെ കാരുണ്യപൂര-
മുര്‍വ്വിയിങ്കല്‍ പതിതരെപ്പോലെ,

മണ്‍തരികളെപ്പുല്കുമത്തൃക്കാല്‍-
ച്ചെന്തളിരുകളന്തരംഗത്തില്‍,

ഭക്തിപൂര്‍വ്വം പ്രതിഷ്ടിപ്പതേക്കാ-
ളിദ്ധരണിയിലെന്തുണ്ടൊരു ഭാഗ്യം!

ഗായകനു ഹൃദയം വിടര്‍ന്നു
ഗാനധാരയിലോളം വളര്‍ന്നു.

അത്തിരകളുയര്‍ന്നു വിണ്ണോള-
മെത്തി മുട്ടി നുറുനുറുങ്ങായി,

താരകോടികള്‍ വാരിത്തഴുകി-
ത്താഴെ വീണ്ടും പതിക്കുന്ന പോലെ;

ഏകമായാപ്രതീതി കൊളുത്തി-
ശ്ശോകമൊട്ടുക്കകലെത്തുരത്തി,

ആദിമദ്ധ്യാന്തഹീനമാം മട്ടാ
നാദവാഹിനി വീര്‍പ്പിട്ടൊഴുകി.

മുഗ്ദ്ധഗാനസരിത്തതില്‍ജ്ജീവ-
ന്മുക്തരായ് മുങ്ങി നീന്തിയെല്ലാരും! ...

നിന്നു ഗാനം-കുറച്ചുനേരത്തേ-
യ്ക്കൊന്നുമാരുമനങ്ങിയില്ലൊട്ടും.

പിന്നെയേറ്റു നൃപേന്ദ്രനുല്‍ഫുല്ല-
സ്വിന്നശാന്തസ്മിതാര്‍ദ്രാസ്യനായി.

ആ മിഴികളില്‍ത്തിങ്ങിത്തുളുമ്പി
സീമയറ്റഭിനന്ദനഭാവം.

ആനതാസ്യനായ് കൂപ്പുകൈയോട-
ഗ്ഗാനലോലന്‍ സഭാഗൃഹം വിട്ടു.

ഹാ, മനസ്സില്‍ പ്രതിദ്ധ്വനിക്കുന്നു-
ണ്ടാ മനോഹരനൂപുരാരവം.

തന്മിഴികള്‍ക്കു മുന്നില്‍ പ്രപഞ്ചം
നന്മപൂത്ത പൂവാടിയായ് മിന്നി;

പുഞ്ചിരിക്കൊണ്ടു, ഗാനാര്‍ദ്രമാം തന്‍
നെഞ്ചകമ്പോല്‍ നിലാവല ചിന്നി!

ആറ്റുവക്കിലാ മാമരക്കാവി-
ലാത്മശാന്തിതന്നങ്കുരം പോലെ,

നേര്‍ത്ത നീലനിലാവില്‍, പുളകം
ചാര്‍ത്തിനില്‍ക്കും കുടിലിനു നേരേ;

പാലപൂത്തു പരിമളം കാറ്റില്‍
പാറിയെത്തുമപ്പാതയിലൂടേ,

മായികനൃത്തമാടിടും മൂക-
ച്ഛായകള്‍തന്നകമ്പടിയോടേ,

കാട്ടുപൊന്തയില്‍ രാക്കിളി പെയ്യും
പാട്ടു കേട്ടു രസിച്ചു ഗമിയ്ക്കെ,

ബദ്ധകൌതുകം മന്ത്രിച്ചിതിത്ഥം
ശുദ്ധശുദ്ധമാഗ്ഗായക ചിത്തം:-

"വിശ്വസൌന്ദര്യമൊണ്‍നിച്ചൊരാത്മ-
വിസ്മൃതിയ്ക്കധിനായികയായി,

സ്പഷ്ടരൂപമെഴാതേവമെന്നോ-
ടൊട്ടിനില്‍പവളാരു നീ, ദേവി? ..."

രണ്ട്

രാമണീയകം മേളിച്ചിണങ്ങി
രാപകലുകളോരോന്നു നീങ്ങി.

ശേഖരകവിപുംഗവകീര്‍ത്തി-
മേഖലയില്‍ വസന്തം വിളങ്ങി.

മാനവേന്ദ്രനാം നാരായണനാല്‍
മാനിതനായ്, യശോധനനായി,

ചേലിയലു 'മമരാപുരി' യില്‍
ലാലസിച്ചിതഗ്ഗായകവര്യന്‍!

ധന്യധന്യമത്തൂലിക ജീവ-
സ്പന്ദമേകിന ഗാനശതങ്ങള്‍,

വര്‍ണ്ണനാതീതവശ്യത വായ്ക്കും
വര്‍ണ്ണസങ്കീര്‍ണ്ണപിന്‍ഛിക വീശി,

മര്‍ത്ത്യഹൃത്തിനടിത്തട്ടിലെത്തി-
ത്തത്തി മാസ്മരനൃത്തം നടത്തി!

അപ്രതിമപ്രതിഭയില്‍ മങ്ങാ-
തുജ്ജ്വലിക്കും മയൂഖനാളങ്ങള്‍,

ഇന്ദ്രചാപങ്ങള്‍ നെയ്തുനെയ്താടും
സുന്ദരമാമഭാവനതന്നില്‍,

ചിത്തമൊന്നായ്ക്കവര്‍ന്നിടുമോരോ
ചിത്രപംക്തികള്‍ മേളിച്ചിച്ചിണങ്ങി,

ചിന്തപൂത്തും തളിര്‍ത്തും പുളകം
ചിന്തിനിന്നു സുഷമയില്‍ മുങ്ങി.

ചുറ്റുമുറ്റിപ്പടര്‍ന്നതില്‍ത്തങ്ങി
കുറ്റമറ്റ കലാത്മകഭംഗി.

ഹാ, മരതകപ്പച്ചയൊലിക്കും
കോമളശ്രീയമുനാതറത്തില്‍,

നിത്യപൂരുഷ, നച്യുതന്‍, കൃഷ്ണന്‍,
നിത്യനാരിയാം രാധയുമായി,

ആത്തരാഗം രമിച്ച രംഗങ്ങള്‍-
ക്കാത്മദീപ്തമാം രൂപമിണക്കി,

ഫുല്ലഗാന്ധര്‍വ്വമാധുര്യമുള്‍ച്ചേര്‍-
ന്നുല്ലസിച്ചിതപ്രേമഗാനങ്ങള്‍!

'മഞ്ജരി'- രാജകന്യതന്‍ തോഴി-
മഞ്ജിമയ്ക്കൊരു കുഞ്ഞലയാഴി

ഉണ്ടവള്‍ക്കൊരു ചെമ്പനിനീര്‍പ്പൂ-
ച്ചെണ്ടിനൊപ്പം ചിരിക്കുന്ന ചിത്തം!-

അംഗുലിയൊന്നനങ്ങുകില്‍ ഗാനം
വിങ്ങിടും വീണഓലൊരു ചിത്തം!-

സ്പന്ദനങ്ങളില്‍ സൌരഭം തേങ്ങും
മന്ദവായുപോല്‍ നേര്‍ത്തൊരു ചിത്തം!-

സാത്വികാസ്വാദനങ്ങളെപ്പുല്‍കി-
സ്സല്‍ക്കരിക്കുന്ന സമ്പൂതചിത്തം! ...

ആ നടപ്പാത നിര്‍ജ്ജനമായി-
പ്പൂനിലാവുലഞ്ഞന്തി വരുമ്പോള്‍,

കട്ടിവെച്ച നിഴലുകള്‍ മുന്നില്‍
മുട്ടുകുത്തി നമസ്കരിക്കുമ്പോള്‍,

ഗായകാലയപാര്‍ശ്വത്തിലൂടേ
ഗാനസാന്ദ്രമാം നെഞ്ചിടിപ്പോടേ,

സ്നാനകര്‍മ്മാര്‍ത്ഥമാറ്റുവക്കത്തേ-
യ്ക്കാനതാംഗിതന്നാഗമം കാണാം.

പോയിടാതെ കവിയുടെ വീട്ടില്‍-
പോയിടാറില്ലവളൊരു നാളും.

ഓലമേഞ്ഞു, മണ്‍ഭിത്തികളോടും
ശ്രീലഹര്‍ഷദസ്വച്ഛതയോടും;

ഉച്ചവെയ്ലുമരിച്ചിറങ്ങാതേ
പച്ചകെട്ടിയ പന്തലുപോലെ,

നാലുദിക്കിലും പൂമരം തിങ്ങി
ലോലമര്‍മ്മരം മാറാതിണങ്ങി,

മന്ദവായുവില്‍ പൂമഴ വീഴും
സുന്ദരാങ്കണവീഥികളോടും;

ലാലസിക്കുമക്കൊച്ചു കുടിലില്‍
കാലുകുത്താന്‍ കഴിവതുപോലും,

ഭാഗ്യമെന്നോര്‍ത്തു നിത്യപ്രശംസാ-
യോഗ്യമാശ്ശുദ്ധകന്യാഹൃദന്തം.

ദീപദീപ്തമാ മച്ചില്‍, സുഗന്ധ-
ധൂപലാളിതയായൊരു കോണില്‍,

അങ്കിതലതാപുഷ്പാദിചിത്ര-
സങ്കലിതമാം കൊച്ചു പുല്‍പ്പായില്‍;

തെല്ലിടം ചാഞ്ഞു കൈ നിലത്തൂന്നി,
മുല്ലമൊട്ടൊന്നു ചെഞ്ചുണ്ടില്‍ മിന്നി,

ഹാ, വലംകൈത്തളിരില്‍ച്ചിബുകം
പൂവിതള്‍പോലലസമായ്ത്തങ്ങി,

പ്രീതിപൂര്‍വ്വം ചടഞ്ഞിരുന്നോരോ-
ന്നോതിടുന്നതു കേട്ടു രസിയ്ക്കെ;

എത്രഗന്ധര്‍വ്വലോകംകടന്നാ
മുഗ്ദ്ധകന്യകാചിത്തം പറന്നു!

നിര്‍മ്മലാശയന്‍ ഗായകന്‍ തൂകും
നര്‍മ്മസൂക്തത്തിരച്ചാര്‍ത്തിലൂടെ,

എത്ര വിദ്രുമദീപങ്ങള്‍ ചുറ്റി-
ത്തത്തിയാ സ്വപ്നലോലഹൃദയം!

നീലിമയില്‍ക്കിനാവുകള്‍ നീന്തും
നീണ്ടിടമ്പെട്ടൊരാ മിഴി രണ്ടും,

മിന്നി, മിന്നി, മനോഹരസ്മേരം
ചിന്നി, നക്ഷത്രരേണുക്കള്‍ പൂശും!

ആ വിലാസിനി തന്‍തളിര്‍പ്പട്ടു-
ദാവണികള്‍തന്‍ വര്‍ണ്ണപ്രിയത്തില്‍,
കറ്റവാര്‍കൂന്തല്‍ പൂവെച്ചു ചീകി-
ക്കെട്ടി മോടി ചമയ്ക്കുമാ മട്ടില്‍,

അല്‍പനാളായഭിനവകാമ്യ-
കല്‍പനയൊന്നു വേറിട്ടു കാണാം.

ആടയാഭരണാദികളാലാ
മോടികൂട്ടുന്നതാരാസ്വദിക്കാന്‍?

ഒക്കില്‍ മണ്‍കുടംവെച്ചു, കിണറ്റിന്‍
വക്കിലെത്തുന്ന നാട്ടുപെണ്ണുങ്ങള്‍,

കാതു കൈ കഴുത്തോരോന്നൊളിവില്‍-
ക്കാണിനേരം പരസ്പരം നോക്കി,

തെല്ലസൂയതികട്ടി വിഴുങ്ങി
മെല്ലെയൊന്നു ചിരിച്ചതിന്‍ ശേഷം,

തമ്മിലെന്തോ കുണുകുണുത്തൊന്നോ-
ടുണ്മയില്‍ ച്ചേര്‍ന്നൊരുത്സവംകൂടി,

ശിഞ്ജിതമ്പോലിടയ്ക്കിടെപ്പൊങ്ങി
മഞ്ജരിയെന്ന പേരിന്റെ ഭംഗി! ...

അമ്പലക്കുള, മാപണം, രഥ്യാ-
മണ്ഡലം, വഴിയമ്പലം, സത്രം,

ഏന്നേ, ണ്ടൊരു നാലുപേര്‍ നാട്ടി-
ലൊന്നുചേരുമിടങ്ങളിലെല്ലാം,

മഞ്ഞിനെപ്പൂനിലാവുപോല്‍പ്പുല്‍കീ
മഞ്ജരീശേഖരാഖ്യകള്‍ തമ്മില്‍!

വല്ലതുമൊന്നു കിട്ടിയാലേറെ-
ച്ചൊല്ലുവതാണു ലോകസ്വഭാവം.

എന്നുമല്ലിതില്‍ക്കുറ്റപ്പെടുത്താ-
നൊന്നുമില്ല ജനങ്ങളെയാരും!

ശേഖരനൊരു കാരണം പാകി
ശാഖകളതിനന്യരുമേകി.

മന്ദിരാന്ത വിജനതയിങ്കല്‍
മഞ്ജരിയുടെ സന്ദര്‍ശനങ്ങള്‍,

തന്മനസ്സിനു സമ്പൂതമാമൊ-
രുന്മാദാസ്പദമാണെന്ന സത്യം,

പാരില്‍നിന്നൊളിയ്ക്കാനൊരുനാളും
പാടുപെട്ടില്ലവനണുപോലും!

മഞ്ജരി-ലസല്‍ത്യ്രക്ഷരി-ശബ്ദ-
രഞ്ജനതന്‍ മൃദുമധുമാരി;

അര്‍ത്ഥമോ?-തൂമലര്‍കുലയെന്നാ-
ണെത്ര മാധുര്യപൂര്‍ണ്ണമാനാമം!

ഹന്ത, സാധാരണര്‍ക്കീയഭിജ്ഞ-
യ്ക്കെന്തഴകൊന്നിതില്‍പ്പരം വേണം?

എങ്കിലും, തൃപ്തി പൂര്‍ണ്ണമായീലാ
തങ്കരളില്‍ക്കവി, യ്ക്കതുമൂലം,

ഭംഗികൂട്ടാനപ്പേരിനൊരോമല്‍-
ത്തൊങ്ങല്‍കൂടിത്തൊടുത്തിട്ടു ധന്യന്‍.

അങ്ങനെ, വെറും മഞ്ഞരി പേര്‍ത്തും
പൊങ്ങി 'വാസന്ത' മഞ്ജരിയായി!

'ചിത്ര!' മെന്നായ്ച്ചിരിച്ചു സാമാന്യ-
മര്‍ത്ത്യര്‍ കേട്ടു തലയാടിയോതി!! ...

മൂന്ന്

ന്നുചേര്‍ന്നു വസന്തം-വനശ്രീ-
വര്‍ണ്ണലജ്ജ വഴിഞ്ഞു ചിരിച്ചു.

തത്തിയെത്തുന്ന തൈമണിക്കാറ്റിന്‍
തല്‍പമേറിസ്സുഗന്ധം മദിച്ചു.

വണ്ടുവന്നു വലംവെച്ചുരുമ്മി-
ത്തണ്ടുലയുന്ന താമരപ്പൂക്കള്‍,

പാടലശ്രീ പകര്‍ന്നിടതിങ്ങി-
സ്ഫാടികോജ്ജ്വലവാചികള്‍ മിന്നി,

നീട്ടി നീട്ടിക്കുറുക്കിക്കുറുക്കി-
ക്കാട്ടില്‍ നീളെക്കരിങ്കുയില്‍ കൂകി.

പൊന്നൊലിയ്ക്കുമിളവെയില്‍ച്ചാലില്‍
മിന്നിയാടും തളിര്‍ക്കുലച്ചാര്‍ത്തില്‍,

നൂണിറങ്ങിക്കറങ്ങിപ്പതുങ്ങി-
ത്താണുയര്‍ന്നു പൂമ്പാറ്റകള്‍ പാറി.

താലിമാലകള്‍ കെട്ടിക്കുണുങ്ങി-
ത്തായ്മരം ചേര്‍ന്നു വല്ലിനിന്നാടി.

അഷ്ടദിഗ്വധൂരത്നങ്ങളേന്തി
തുഷ്ടി തൂകും ഹിരണ്മയകാന്തി!-

ഏവമോരോ വിലാസങ്ങള്‍ നേടി-
ഭാവമോഹനമായൊരച്ചൈത്രം,

നല്‍കി നൂതനചോദനം മേന്മേല്‍
പുല്‍കി ദീപ്തമാം ശേഖര ചിത്തം!

ഭാവനക്കളിത്തോണിയിലേറി-
ദ്ദേവഗംഗയിലങ്ങിങ്ങു ചുറ്റി,

ഉള്‍പ്പുളകമണിഞ്ഞണിഞ്ഞോമല്‍-
ക്കല്‍പപുഷ്പമധൂളികള്‍ ചൂടി,

നന്ദനോദ്യാനസൌന്ദര്യസാരം
സ്പന്ദനങ്ങളില്‍ക്കൂട്ടിക്കലര്‍ത്തി,

ജന്മജന്മാന്തരങ്ങളില്‍ത്തങ്ങും
നന്മയൂറിയൊഴുകിയൊന്നായി,

കര്‍മ്മവൈഭവാബദ്ധമക്കാവ്യ-
കര്‍മ്മയോഗിതന്‍ മാനസം പാടി!

അന്നു ശേഖരഗാനത്തില്‍ നീന്തി
വന്നു രാജസദസ്സില്‍ വസന്തം.

കണ്ടു കണ്‍പൂട്ടി ശ്രോതാക്കള്‍ മുന്നില്‍-
ച്ചെണ്ടുലഞ്ഞ ഹരിതവനാന്തം.

കേട്ടുചുറ്റും ചിറകടിയ്ക്കൊപ്പം
കൂട്ടുപോവും കലകളഘോഷം;

ശംഖനാദസമാനം മുഴങ്ങി-
സ്സംക്രമിക്കും മധുകരാരാവം!

ഏതുലോകമി, തേതാഭിചാര-
സ്ഫീതശക്തിതന്‍ പൂര്‍ണ്ണവിപാകം?

എന്തു രംഗമി, തെന്തഭിമാദ-
തന്ത്രികകള്‍തന്‍ മാന്ത്രികോത്സംഗം?

ഹാ, ജനൌഘമെവിടെഗ്ഗമിച്ചു?
രാജസൌധവുമെങ്ങെങ്ങൊളിച്ചു?

എങ്ങു ഭൂവരന്‍, രാജസദസ്സെ-
ങ്ങെങ്ങുപോയിതഗ്ഗായകന്‍ പോലും?

ഒന്നുമി, ല്ലൊക്കെ മിത്ഥ്യയാ, ണുള്ള-
തൊന്നുമാത്രം-ആ വര്‍ണ്ണപ്രപഞ്ചം!-

വിഭ്രമോന്മുക്തചേതന, യാത്മ-
വിസ്മൃതിയെപ്പുണരുന്ന മഞ്ചം-

സത്യസൌന്ദര്യസത്തകള്‍ പൂത്ത
നിത്യശീതളശ്രീലനികുഞ്ജം-

ജാതമോദമങ്ങൊറ്റഞൊടിയില്‍
നീതരായിതാശ്രോതാക്കളെല്ലാം.

അന്നുമത്തിരശീലയ്ക്കുപിന്നില്‍-
നിന്നുതിര്‍ന്നു വളകിലുക്കങ്ങള്‍.

ഭിത്തിമേലിടയ്ക്കവ്യക്തമായി-
ത്തത്തിയേതോ നിഴലുകളോടി.

പൂത്ത പൊന്‍കൊന്നപ്പൂങ്കാവുപോലെ
പൂനിലാവു പരന്നതുപോലെ;

ലോലസുസ്മിതമാലകള്‍പോലെ
ലാലസിച്ചിതാ മഞ്ഞഞെറികള്‍.

ഗായകാത്മാവിലേയ്ക്കങ്ങുനിന്നും
പായുകയായൊരാവേശനാളം! ...

കേവലം ഗാനമല്ലതൊരേതോ
ദ്രാവകീകൃതസ്വപ്നസാമ്രാജ്യം.

തല്‍പ്രവാഹത്തിലേതോ ജഗത്തേ-
യ്ക്കിപ്രപഞ്ചമൊലിച്ചൂര്‍ന്നുപോയി.

തണ്ടലര്‍പോല്‍ വിശേഷിച്ചതിങ്കല്‍
രണ്ടുചിത്തം വിടര്‍ന്നു നിന്നാടി.

രാജകന്യകതന്‍ കടക്കന്നില്‍
രാജസമൊരുലാളനം കൂമ്പി! ...ആ വസന്തവിലാസാപദാന-
ഭാവഗാനങ്ങള്‍ കേട്ടതിന്‍ ശേഷം.

മന്ദഹാസമോടാത്താനുഭാവം
മന്നവനന്നു ചോദിച്ചിതേവം:-

"ഫുല്ലപുഷ്പപ്രസന്നമായുള്ളോ-
രുല്ലസല്‍ച്ചൈത്ര രാജാങ്കണത്തില്‍,

മത്തടിച്ചാര്‍ത്തു മൂളുകയെന്യേ
മറ്റുയാതൊന്നും മക്ഷികയ്ക്കില്ലേ? ..."

തെല്ലുകണ്ണൊന്നു ചിമ്മിച്ചിരിച്ചു
ചൊല്ലിമെല്ലെക്കവീന്ദ്രനുമിത്ഥം:-

"ഉണ്ട്-വാസന്തമജ്ഞരിതന്‍ തേ-
നുണ്ടിടും ജോലിക്കൂടി, യെന്‍ സ്വാമിന്‍! ..."

കൂട്ടമായിതു കേട്ടു ചിരിച്ചു
കേട്ടുനിന്നവര്‍ രാജസദസ്സില്‍!

ഗായകവര്യനേകിയ നാമ-
ധേയമംഗീകരിച്ചതായ്ക്കേള്‍ക്കെ,

മഞ്ജരിയ്ക്കന്നജിതകുമാരി
മന്ദഹാസം പകര്‍ന്നേകിപോലും!

മഞ്ജരിതന്‍ മനസ്സിലാനന്ദ-
മര്‍മ്മരങ്ങള്‍ പൊടിഞ്ഞിതുപോലും!-

ഒത്തുചേരുന്നു ജീവിതം തന്നില്‍
സത്യവും പൊയ്യുമാവിധം തമ്മില്‍.

എങ്ങുമീശ്വരന്‍ തീര്‍പ്പതില്‍, സ്വന്തം
തൊങ്ങല്‍ കൂട്ടിയിണക്കുന്നു മര്‍ത്ത്യന്‍.

അക്കവീശ്വരഗാനങ്ങളെന്നാ-
ലൊക്കെയൊന്നുപോല്‍ സത്യങ്ങള്മാത്രം.

ആദിമാത്രതൊട്ടുള്ളാത്മഖേദം
എഠുമന്തമൊന്നില്ലാത്ത മോദം-

നിത്യഭാവങ്ങളെവമിണങ്ങി
നിസ്തുലങ്ങളഗ്ഗാനങ്ങള്‍ മിന്നി!!

നാല്

നാടു നീളെപ്പരന്ന യശസ്സിന്‍
സ്ഫാടികാഭയിലാമഗ്നമായി,

പൂജതന്‍ പൂര്‍ണ്ണകുംഭാഭിഷിക്ത-
രാജഗായകനാമം വിളങ്ങി!

പുല്ലണിപ്പച്ചത്താഴ്വരക്കാട്ടി-
നുള്ളിലാടുകള്‍ മേഞ്ഞലയുമ്പോല്‍,

ശ്യാമളസരില്‍ത്തീരത്തിലോരോ
പൂമരം ചേര്‍ന്നിരുന്നിടയന്മാര്‍,

സ്വച്ഛശേഖരഗാനങ്ങള്‍ വര്‍ഷി-
ച്ചുച്ചവെയ്ലില്‍ നിലാവുപുരട്ടി!

കാറ്റുപായ്ക്കുട നീര്‍ത്തിപ്പിടിച്ച-
ങ്ങാറ്റില്‍ നീങ്ങുന്ന തോണികള്‍ക്കുള്ളില്‍,

ഭാവമൊപ്പിച്ചു നേര്‍പ്പിച്ചു നീട്ടി-
ക്കെവുകാരാക്കവിതകള്‍ പാടി!

താരകകള്‍ വിളറി, ക്കിഴക്കിന്‍
താമരപ്പൊയ്ക പൂത്തുല്ലസിക്കെ;

വൃക്ഷരാശിയിലങ്ങിങ്ങുണര്‍ന്നു
പക്ഷികളോരോ കീര്‍ത്തനം ചൊല്‍കെ;

ശീകരാര്‍ദ്രമാം വായുവില്‍, നേര്‍ത്ത
പൂഗഗന്ധമൊളിച്ചു കളിക്കെ;

കങ്കണങ്ങള്‍ കിലുങ്ങിക്കിലുങ്ങി
മങ്കമാരത്തയിര്‍ കലക്കുമ്പോള്‍,

ഗാമഗഹമുഖങ്ങളില്‍നിന്ന-
പ്രേമഗാനങ്ങള്‍ വീര്‍പ്പുവിട്ടെത്തി;

താലിപൊട്ടിച്ചൊരോമല്‍ക്കൃഷക-
ബാലികതന്‍ സ്മൃതികളെപ്പോലെ!

ചന്ദ്രശാലയില്‍, ഗീഷ്മാന്തശാന്ത-
ചന്ദ്രികാമയമാകിയ രാവില്‍;

രോമഹര്‍ഷങ്ങള്‍ തിങ്ങി ത്രസിക്കും
കാമുകന്‍തന്‍മലര്‍മടിത്തട്ടില്‍;

ആഞ്ഞുപുല്‍കവേ, ലജ്ജിച്ചു താനേ
ചാഞ്ഞു വീഴും പ്രഭുവരപുത്രി,

കൊക്കുരുമ്മാനിണയടുക്കുമ്പോള്‍
കൊഞ്ചി നീങ്ങും കുയില്‍പ്പേടപോലെ,

പ്രേമസാന്ദ്രസാകൂതസ്മിതത്തോ-
ടാ മനോഹരഗാനങ്ങള്‍ പാടി!

അറ്റരണ്ടവറുതിയില്‍, വെള്ളം
തൊട്ടിടാതെ, വയലുകള്‍ക്കുള്ളം,

കത്തിടുമ്പോള്‍, കനിവിന്‍ കഴുത്തില്‍
കത്തിവെയ്ക്കാത്ത കര്‍ഷകയോധന്‍,

കൊക്കരണിയില്‍ ത്ലാവിട്ടു തേകി
നില്‍ക്കെ, യപ്പാട്ടുമൊപ്പമൊഴുകി!

ചൂടുമാറി, പ്പുതുമഴ ചാറി-
പ്പാടമൊക്കെക്കുളിര്‍ക്കുന്ന നാളില്‍;
നീലമേഘത്തെ നോക്കിക്കുടക-
പ്പാല കോള്‍മയിര്‍ക്കൊള്ളുന്ന നാളില്‍;

ഉച്ചനേരത്തു പൊത്തിലൊതുങ്ങി-
ക്കൊച്ചരിപ്രാവു കൂവുന്ന നാളില്‍;

ചേറിലങ്ങിങ്ങു ചേരിനിരന്നു
ഞാറുപാകും പുലപ്പെണ്‍കിടാങ്ങള്‍-

കൂട്ടിനുള്‍ലിലിരുന്നു കൂകാനും
ഭാഗ്യമില്ലാത്ത കൊച്ചരിപ്രാക്കള്‍-

ചേലുമീട്ടുമൊരീണത്തിലൊന്നി-
ച്ചാലപിച്ചിതാഗ്ഗാനശതങ്ങള്‍.

അന്തിമായുമ്പോഴമ്പലമുറ്റ-
ത്തന്തികത്തുള്ളരയാല്‍ത്തറയില്‍,

വട്ടമിട്ടിരുന്നോരോ വിനോദം
തട്ടിമൂളിച്ചു, ധൂമങ്ങള്‍ ചിന്നി,

മാറിമാറിച്ചിലിമ്പി കൈമാറി
മോദമാളുന്ന കാര്‍പ്പടികന്മാര്‍,

പാടി, രാധികാമാധവരാഗ-
ധാടി വായ്ക്കുമാദ്ദിവ്യഗീതങ്ങള്‍!

ചന്ദ്രലേഖയൊരല്‍പം സ്ഫുരിച്ചാല്‍
മന്ദവായുവന്നൊന്നു മന്ത്രിച്ചാല്‍,

ജാലകങ്ങ, സദനാങ്കണങ്ങള്‍
ചോലവൃക്ഷച്ചുവടുക, ളേവം,

എങ്ങുനിന്നുമുയര്‍ന്നു നാടാകെ-
ത്തങ്ങിടുമക്കവിയുടെ ഗാനം!

പിച്ചയാചിച്ചലയുവോര്‍പോലു-
മുച്ചരിച്ചിതാക്കാവ്യഖണ്ഡങ്ങള്‍.

പൊന്‍മുടിചൂടും മന്നവര്‍പോലു-
മുണ്മയില്‍പ്പാടിയഗ്ഗീതകങ്ങള്‍-

എന്നുവേ, ണ്ടാക്കവിയുടെ ഗാന-
മൊന്നുരണ്ടു വരികളേന്നാലും

അല്ലലറ്റു ഹൃദിസ്ഥമാക്കീടാ
തില്ല നാട്ടിലന്നൊറ്റൊരാള്‍ പോലും! ...

ഖ്യാതി പൊങ്ങിയെന്നാകിലും ഗര്‍വ്വ-
മേതുമേശാതഭിമതനായി,

നിത്യതൃപ്തി നുകര്‍ന്നുല്ലസിച്ചു
നിഷ്കളങ്കഹൃദയന്‍ കവീന്ദ്രന്‍.

വന്നു സുന്ദരി മഞ്ജരി വീട്ടില്‍
ചെന്നുതാനെന്നും രാജസദസ്സില്‍;

പാടി, മുന്നിലാ മഞ്ഞഞെറിക-
ളാടി-നേരിയ ശിഞ്ജിതം ചിന്നീ!

ശിഞ്ജിതങ്ങള്‍, ശിഥിലങ്ങള്‍, മുന്നില്‍
മഞ്ജുളങ്ങളാ മഞ്ഞഞെറികള്‍!

നേര്‍ത്ത നീലനിഴലുക, ളേതോ
വാസ്തവത്തിന്‍ മുഖാവരണങ്ങള്‍!-

ആ യവനികയ്ക്കപ്പുറം, ദിവ്യ-
മായൊരജ്ഞാതഗൂഢപ്രപഞ്ചം!

തന്നനാര്‍ഭാടജീവിതാലംബ-
സ്പന്ദനങ്ങള്‍ക്കധിഷ്ഠാനതാരം,

ഉല്ലസിപ്പതുണ്ടങ്ങതി, ലേതോ
ഫുല്ലവിദ്യുല്‍ പരിവേഷപൂര്‍വ്വം!

താനതിനെത്തന്നാത്മഗാനത്താല്‍
താണു കൈകൂപ്പിയര്‍ച്ചനചെയ്വൂ!-

എന്തുശാന്തിയാ, ണെന്താത്മഹര്‍ഷം
എന്തു ദിവ്യപ്രചോദനവര്‍ഷം!

എത്രധന്യനാ, ണെത്ര സന്തുഷ്ട-
നെത്ര സംതൃപ്തനക്കവിവര്യന്‍!

കന്മഷമറ്റാജ്ജീവിത, മോമല്‍-
ക്കമ്രകല്‍ഹാരവാപിപോല്‍ മിന്നി!! ...

അഞ്ച്

രാഗമോഹമദാദികള്‍ തങ്ങി
രാപകല്‍ത്തിരയോരോന്നു നീങ്ങി.

ദക്ഷിണദിക്കില്‍നിന്നാര്‍ത്തണഞ്ഞു
ദക്ഷദക്ഷനൊരു കവിമല്ലന്‍;

ശീതശാന്തശരല്‍ക്കാലസന്ധ്യാ-
വേദിയിലൊരിടിവെട്ടുപോലെ-

സ്വപ്നസാന്ദ്രസുഷുപ്തിയിലേക
ശപ്തമക്വണദംശനംപോലെ-

ചാരുനൃത്തഗാനോത്സവമദ്ധ്യേ
ചീറിടുമൊരു പേമാരിപോലെ-

വ്യാപൃതഭാവകാവ്യകര്‍മ്മത്തില്‍
വ്യാകരണവിഡംബനംപോലെ!

നാട്ടില്‍നിന്നു തിരിച്ചു, താന്‍ ചെന്ന
നാട്ടിലെങ്ങും ജയക്കൊടി നാട്ടി,

ലോകമൊട്ടുക്കെഴും കവിവര്യര്‍-
ക്കാകമാനമടിയറവേകി,

അന്നൊടുവിലമരാപുരിയില്‍
വന്നതാണുപോലാ മഹോദ്ദണ്ഡന്‍!

മുണ്ഡിതശീര്‍ഷപിണ്ഡ, മതിങ്കല്‍
തുണ്ഡതുല്യം നടുക്കല്‍പകേശം,

ചന്ദനാങ്കിതസ്വിന്നലലാടം
നിന്ദപൊങ്ങിക്കുമളച്ച നേത്രം.

കുഞ്ചിതാഗമാം നാസ, യിന്നോളം
പുഞ്ചിരിയൊന്നു പുല്‍കാത്ത വക്ത്രം-

വല്ലകാലത്തതിനതു വന്നാല്‍
പല്ലുമാത്രമിളിയ്ക്കുന്ന വക്ത്രം.

ഒട്ടിയ കവിള്‍ത്തട്ടുകള്‍, കണ്ഠം
മുട്ടി മിന്നിടും സ്വര്‍ണ്ണരുദ്രാക്ഷം.

കുങ്കുമഭസ്മചന്ദനരേഖാ-
സങ്കരാങ്കിതപങ്കിലഗാത്രം.

കൈയിലാ വീശുപാള, പിന്‍പേ വാ-
ക്കയ്യു പൊത്തിയ ശിഷ്യസമൂഹം.

ചുറ്റുപൂണുനൂല്‍ മാറിലതേതോ
തറ്റുടുത്ത സജീവകങ്കാളം.

സര്‍വ്വശാസ്ത്രത്തികവും, ദുരയും
ഗര്‍വ്വു, വന്‍പും, കുളിയും കുറിയും,

ഹാ, ക്തര്‍ക്കും, പിശുക്കും കുറുമ്പും
ലോകനിന്ദ കുനിഷ്ഠും കുശുമ്പും

ഒക്കെയൊന്നിച്ചു ചേര്‍ത്തൊന്നിണക്കാ-
നൊക്കുമെങ്കി, ലശ്ശാസ്ത്രിയോടൊക്കും!

കര്‍ക്കശന്‍ കലി ചത്തുയര്‍ന്നേറ്റ
കല്‍കിതന്നെയപ്പണ്ഡിതരാജന്‍!!

വാക്കിലോരോന്നുമെട്ടുപത്തര്‍ത്ഥം
വാ പൊളിച്ചും, പൊളിപ്പിച്ചു കൊന്നും,

ശ്ലേഷവും, ധ്വനി, പ്രാസം, യമകം
ശേഷമുള്ള സമസ്തകസേത്തും,

അട്ടിയട്ടിയായ്ച്ചേര്‍ന്നൊരു കീറാ-
മുട്ടിയായി മരവിച്ച പദ്യം,

ബദ്ധഗര്‍വ്വമൊടിച്ചു മടക്കി-
സ്രഗ്ദ്ധരച്ചട്ടക്കൂട്ടിലടക്കി,

കാഴ്ചവെച്ചു നരേന്ദ്രനെ വാഴ്ത്തി-
ക്കാല്‍ത്തളിരിലക്കാവ്യപ്രഭാവന്‍!

പദ്യപാരായണാല്‍പരം ഭൂപന്‍
ഹൃദ്യമായോതി സസ്മിതമേവം:-

"ഭദ്ര, ഹേ, കവേ, സ്വാഗതം, നീണാ-
ളുദ്രസം ഭവാന്‍ വാഴുകായുഷ്മന്‍!"

മെല്ലെയൊന്നു നമിച്ചു സഗര്‍വ്വം
ചൊല്ലിനാനിദം പുണ്ഡരീകാഖ്യന്‍:-

"മന്ദിരേ, ഭോ, മദാഗമം, ശബ്ദ-
ദ്വന്ദയുദ്ധാര്‍ത്ഥമാണദ്യ, ധീമന്‍!

കുത്ര കര്‍ഹിചില്‍ കര്‍ശിതം, ഹാ, മല്‍
ജൈത്രയാത്രാകലാഹകം, ശ്രീമന്‍!

ദേഹി ദേഹി മേ വാഗ്രണഭൂമൌ
ദാഹികപ്രതിദ്വന്ദിയെ, സ്വാമിന്‍! ..."

ഒന്നുയര്‍ന്നക്കവീന്ദ്രനു നേരേ
കണ്ണെറിഞ്ഞൊരു പുഞ്ചിരി തൂകി,

"ഉണ്ടു ഞങ്ങള്‍ക്കു ശേഖരന്‍"-മാനം
വിണ്ടുകീറാതെ കാത്തൂ മഹീശന്‍!

സ്പന്ദനങ്ങള്‍ക്കു തീവ്രതയേറി
സുന്ദരമാം കവിഹൃദയത്തില്‍-

അന്തരാത്മാഭയില്‍ സപ്തവര്‍ണ്ണം
ചിന്തിമിന്നും മണിമുകുരത്തില്‍!

വാസ്തവത്തില്‍ തനിക്കറിവീലാ
വാക്സമരമതെന്തെന്നുപോലും!

വാക്കുകള്‍- അവര്‍ യുദ്ധത്തിനെന്നോ?
പോര്‍ക്കാളത്തിലവര്‍ക്കെന്തു കാര്യം?

തറ്റുടുത്തു തുടയ്ക്കവ തല്ലി-
പ്പറ്റലരോടെതിര്‍പ്പവരാണോ?

കട്ടകെട്ടുന്ന രക്തക്കളത്തെ-
പ്പട്ടുമെത്തയെന്നോര്‍ക്കുവോരാണോ?

പ്രാണനിലാ നഖാഗങ്ങള്‍ കേറ്റി-
ശ്ശോണിതം നക്കി നില്‍ക്കുവോരാണോ?

ദേവഹര്‍മ്മ്യങ്ങള്‍ തീവെച്ചു മാട-
പ്രാവുകളെപ്പിടിപ്പവരാണോ?

വാക്കില്‍നിന്നാണുസര്‍വ്വവും-അയേ്യാ,
വാക്കുകള്‍!-അവര്‍ യക്ഷികളാണോ?

വൈപരീത്യമിതെന്തു, താന്‍ കണ്ട
വൈഖരികളഹോ, കുലസ്ത്രീകള്‍!

കന്ദുകക്രീഡയാടിടുമോമല്‍
സുന്ദരികള്‍, സുശീലകള്‍ മാത്രം.

ശപ്തസംഗാമഭൂമിയിലേയ്ക്കാ
സ്വപ്നലോലകളെമ്മട്ടു ചെല്ലും?

രോമഹര്‍ഷം വിതയ്ക്കുമക്കൈകള്‍
ഭീമഖഡ്ഗങ്ങളേന്തിടുമെന്നോ?

ചുംബനങ്ങള്‍ തുളുമ്പിടുന്നോര-
ച്ചൂണ്ടു രക്തം കുടിച്ചിടുമെന്നോ?

വിശ്വസിക്കാനരുതു തനിയ്ക്കീ
വിക്രിയാവൈകൃതങ്ങളെത്തെല്ലും!

-എങ്കിലു, മൊരു നൊമ്പരം തോന്നീ
തന്‍ കരളില്‍ കവിയ്ക്കെന്തുകൊണ്ടോ!
അന്നു രാത്രിയിലേകാന്തശാന്ത-
സുന്ദരമാം നിജാലയം തന്നില്‍,

വിശ്ലഥനിദ്ര വീണ്ടും തൊടുത്തു
വിശ്രമിക്കും കവിയുടെ മുന്നില്‍,

കുഞ്ഞുകുഞ്ഞല ചിന്നിയുലഞ്ഞാ
മഞ്ഞവര്‍ണ്ണയവനിക മിന്നി.

ഇല്ല ശിഞ്ജിത, മില്ല സുഗന്ധ-
മില്ല നേരിയോരാ നിഴലാട്ടം.

എന്തു മൂകത, യെന്തൊരു ശൈത്യം
എന്തസഹനീയോഗജഡത്വം!

ഒന്നു പാടാന്‍ കഴിഞ്ഞെങ്കി, ലയ്യോ,
തന്നില്‍നിന്നുമാപ്പാട്ടെങ്ങു പോയി?

ജീവനാണു തന്‍പാ, ട്ടതു പോയി
കേവലം താന്‍ വെറും പ്രേതമായി!

പ്രേതമാണു താന്‍-തന്‍പേരില്‍ മേലില്‍
പ്രീതി തോന്നിയിട്ടാര്‍ക്കെന്തു കാര്യം?

അത്ഭുത, മാ യവനികയെമ്മ-
ട്ടിത്ര വേഗം കരിന്തുണിയായി?

എങ്ങുപോയിതാ മഞ്ഞഞെറികള്‍?-
മംഗലത്തിന്റെ പൂപ്പുഞ്ചിരികള്‍!

അക്കരിമറതന്‍ പിന്നിലെന്താ-
ണഗ്നിനാളങ്ങള്‍, ചെന്തീപ്പൊരികള്‍!

കത്തിപോല്‍ ക്കൈവിരലുകള്‍ മീതേ
തത്തി നില്‍പൂ നഖാഗകോഗങ്ങള്‍!

ചഞ്ചലിപ്പൂ തിര, യതിന്നേതിന്‍
നെഞ്ചെരിക്കും തിരപ്പുറപ്പാടോ? ...

മാറിയാ മറ-പന്തങ്ങളാളി
മാരകമതെന്തുദ്രുജവ്യാളി!

അട്ടഹാസ, മാ ദംഷ്ട്രകള്‍-കണ്ടാല്‍
ഞെട്ടും-എന്തു ഭയങ്കരസത്വം!

മുണ്ഡിതോച്ഛിഖശീര്‍ഷ, മതാരാ-
പ്പുണ്ഡരീകന്‍!-നടുങ്ങീ കവീന്ദ്രന്‍!

കണ്ണു ഞെട്ടിത്തുറന്നു-തമസ്സില്‍
കമ്രതാരം വിളിപ്പൂ നഭസ്സില്‍!! ...

ആറ്

പാടലബലിക്കല്ലിനു മുന്‍പൊ-
രാടിനെപ്പോലരണ്ടാഞ്ഞു ചൂളി,

പണ്ഡിതാഢ്യനെതിരേ, വിവര്‍ണ്ണ-
ഗണ്ഡനായ് കവി ചെന്നൊന്നു നിന്നു.

ധ്യാനലോലമാം പുഞ്ചിരിയോടേ
താണു കൈകൂപ്പിത്താഴത്തിരുന്നു.

ഒന്നു ശീര്‍ഷമനക്കിയതല്ലാ-
തൊന്നുമേ ചെയ്തീലുദ്ധൃതഗര്‍വ്വന്‍.

പിന്നില്‍ മേവുന്ന ശിഷ്യര്‍തന്‍ നേരേ
പിന്നെയൊന്നര്‍ത്ഥഗര്‍ഭമായ് നോക്കി.

മര്‍ത്ത്യലക്ഷനിബിഡിതം വാണീ-
മത്സരാങ്കമാ മന്ത്രശാലാന്തം.

ശ്വേതഭിത്തികാശീര്‍ഷശാലാഗ
പീതലോലയവനിക മിന്നി.

അങ്ങു നോക്കവേ ഗായകഹൃത്തി-
ലങ്ങുമിങ്ങുമൊരിക്കിളിയോടി.

ധ്യാനപൂര്‍വ്വം നമിച്ചു പിന്നീട-
ഗ്ഗാനലോലഹൃദയമിതോതി:-

"മത്സമീപേ വിജയമണഞ്ഞീ
മത്സരത്തിലിന്നെന്നെ വരിക്കില്‍,

കാഹളിതമാമിങ്ങവിരാമം
സ്നേഹരൂപിണി, ദേവി, നിന്‍ നാമം! ..."

ഭേരി പൊങ്ങി മുഴങ്ങി-വണങ്ങി-
ദ്വാരപാലകന്‍ വാങ്ങിയൊതുങ്ങി.

"വെല്ക, നാരായനാഖ്യന്‍ നരേന്ദ്രന്‍
വെല്ക, നാടിന്‍ പുരാപുണ്യചന്ദ്രന്‍!"-

വാച്ച ഭക്തിയോടൊത്തു കൈകൂപ്പി
വാഴ്ത്തിയുച്ചത്തില്‍ വൈതാളികന്മാര്‍.

ദാര്‍വ്വടമൊന്നിളകീ-ജനൌഘം
സാര്‍വ്വഭൌമനെക്കണ്ടേറ്റുകൂപ്പി.

വൈരധൂളികള്‍ പാളിപ്പളുങ്ങും
ഗൌരനീരാളധാരാഞ്ചലങ്ങള്‍,

ചന്ദ്രകാന്തത്തറയിലിഴഞ്ഞു
മന്ദഹാസം മെഴുകി സ്രവിക്കെ;

വജ്രകുണ്ഡലം വെട്ടിത്തിളങ്ങി
വസ്ത്രമണ്ഡലദീപ്തി വര്‍ദ്ധിക്കെ;

മുഗ്ദ്ധകോടീരപുച്ഛകപിച്ഛം
മുത്തൊളിയിലിളകിക്കളിക്കെ;

മാറില്‍ മഞ്ജുമണിമയമാല്യം
മാരിവില്‍ മാറി മാറി മഥിക്കെ;

ഹാ, പദേ പദേ രാജസശ്രീതന്‍
വ്യാപിതാംശുക്കള്‍ പൂമഴപെയ്കെ;

അങ്കിതശാസ്ത്രസജ്ജാഢ്യരായോ-
രംഗരക്ഷകന്മാരൊടുംകൂടി;

കാന്തിതന്‍ നീലനീരലച്ചാലില്‍
നീന്തിനീങ്ങും ശരന്മുകില്‍ പോലെ;

വന്നു, ഹേമാംഗസിംഹാസനത്തില്‍
വന്ദ്യധാത്രീന്ദ്രവര്യനിരുന്നു.

ആദരമാര്‍ന്നിടംവലമൊപ്പ-
മാളികള്‍ നിന്നു ചാമരം വീശി.

-അല്പമാത്രകള്‍ പോയി, ജനൌഘം
അപ്പൊഴേയ്ക്കുമൊന്നുല്‍ബുദ്ധമായി.

"വെല്ക, ശേഖരന്‍, രാജകവീന്ദ്രന്‍
വെല്ക സംഗീതവാസന്തചന്ദ്രന്‍! ..."

വാച്ചതുഷ്ടിയോടൊത്തു കൈയാട്ടി
വാഴ്ത്തിയുച്ചത്തിലാര്‍ത്തു പൌരന്മാര്‍.

"വെല്ക, പുണ്ഡരീകാഖ്യന്‍, സുധീന്ദ്രന്‍!
വെല്ക, വിശ്വൈകകാലാപകേന്ദ്രന്‍ ..."

വര്‍ദ്ധിതാദരം പ്രാര്‍ത്ഥിച്ചു പാര്‍ശ്വ
വര്‍ത്തികളായ ഭക്തശിഷ്യന്മാര്‍ ...

പുണ്ഡരീകനെഴുന്നേറ്റു-ശാലാ-
മണ്ഡലാന്തം പ്രശാന്തതപെറ്റു.

ധിക്കൃതത്തള്ളലാല്‍ സ്വയം കണ്ഠം
പൊക്കി, മുറ്റി മുഴങ്ങും സ്വരത്തില്‍,

കാപടികന്‍ നൃപസ്തുതിക്കമ്പ-
ക്കാലിനു തീ കൊളുത്തിപ്പുളച്ചു.

അക്കൃതിയില്‍ നൃപാലനൊരിക്കല്‍
പൊക്കമുള്ളൊരു പര്‍വ്വതമായി.

പിന്നെ വിസ്തൃതസാഗരമായി
പിന്നെയുഗവനാന്തരമായി.

ചന്ദ്രനായ്നിന്നിട്ടിന്ദ്രനായ്മാറി
ചന്ദ്രഹാസമിളക്കിയലറി.

ബ്രഹ്മനായ്, വിഷ്ണുവായ്, ശിവനായി
ഷണ്മുഖനായി, വിഘ്നേശനായി

മിത്രവര്‍ഗ്ഗത്തിന്‍ കല്‍പകമായി
ശത്രുരാശിക്കു കാലനുമായി.

കാമിനിമാര്‍ക്കു കണ്‍കുളിരേകി-
ക്കാമദേവനായ് കാല്‍ക്ഷണം മേവി

ഹന്ത, പാവം നൃപനെപ്പിടിച്ചെ-
ന്തിന്ദ്രജാലങ്ങള്‍ കാട്ടിയാ വീരന്‍!

അബ്ധിവീചികള്‍ പോലിരച്ചാര്‍ത്ത-
ഭിത്തികളിലടിച്ചു ചിതറി,

കേട്ടുനില്‍ക്കും ജനങ്ങള്‍തന്നസ്ഥി-
ക്കൂട്ടിനുള്ളിലൂടൂളിയിട്ടോടി,

വിത്രസിച്ചിതക്കൌസൃതികന്‍തന്‍
വിഭ്രമപ്രദവാഗ്വിഭവങ്ങള്‍!

തല്‍ക്കൃതിയില്‍ ധ്വനികളും മറ്റും
തിക്കുകൂട്ടും പരമരഹസ്യം,

കെട്ടുഴി, ച്ചിഴയോരോന്നു പൊക്കി-
ക്കാട്ടി പിന്നെയക്കാവ്യകണ്ഡൂലന്‍

ഹൃസ്വമാകുമാ നാരായണാഖ്യ-
യ്ക്കര്‍ത്ഥമായിരമേച്ചേച്ചുകെട്ടി,

പന്തലിപ്പിച്ചുയര്‍ത്തിപ്പിടിച്ചോ-
രിന്ദ്രജാലത്തെ ദര്‍ശിച്ച നേരം,

ഒന്നൊഴിയാതെ കണ്ണും മിഴിച്ചു
നിന്നുപോയ് മര്‍ത്ത്യരാബാലവൃദ്ധം!

പുണ്ഡരീകനിരുന്നു-ഹാ, മര്‍ത്ത്യ-
മണ്ഡലമൊന്നു മൂരിനിവര്‍ന്നു.

സ്ഥൂണരാശിയ്ക്കിടകളില്‍, മര്‍ത്ത്യ-
മാനസങ്ങളില്‍, മാറ്റൊലി വീശി,

പിന്നെയും തങ്ങിനില്‍പതായ്ത്തോന്നി
മന്ദ്രഗംഭീരമാ സ്വരസ്പന്ദം.

അന്യദേശത്തുനിന്നണഞ്ഞോര-
ദ്ധന്യരോരോ മഹാപണ്ഡിതന്മാര്‍,

"വീര, നെന്തൊരു വീരന്‍!"-എന്നിത്ഥം
വീറോടൊന്നിച്ചു കൈയടിച്ചാര്‍ത്തു!

മന്നവേന്ദ്രനൊരുല്‍ക്കണ്ഠ വെമ്പും
കണ്ണുരച്ചു കവിയുടെ കണ്ണില്‍.

കാതരമാം കടമിഴിയാലേ
കാവ്യകാരന്‍ നൃപനെയും നോക്കി.

അസ്ത്രമേറ്റു കുതിക്കവേ, മാര്‍ഗ്ഗം
മുട്ടി വീണോരു മാനിനെപ്പോലെ,

പാടുപെട്ടൊന്നെഴുന്നേറ്റു, പാവം,
പാടുവാനായൊരുമ്പെട്ടു നിന്നു.

മുത്തൊളിക്കവിള്‍ത്തട്ടുകള്‍ മങ്ങി
മുഗ്ദ്ധയെപ്പോലെ നാണിച്ചൊതുങ്ങി,

ലോലതയില്‍ തരുണിമയാടി
ലാലസിയ്ക്കുമക്കോമളരൂപം;

കണ്ഠകീലകബന്ധമൊരുക്കി-
ക്കമ്പിയെല്ലാം മുറുക്കിയിണക്കി,

ഒന്നുതൊട്ടാലുടന്‍ പാട്ടുപെയ്യാ-
നുന്നി നിന്നിടും വീണപോല്‍ തോന്നി!

നേര്‍ത്ത സൌമ്യസ്വരത്തില്‍, നിജാസ്യം
താഴ്ത്തി ഗായകന്‍ ഗാനം തുടങ്ങി.

ഒന്നുമേ കേട്ടതില്ലതിലാദ്യ-
മൊന്നുരണ്ടു വരികളൊരാളും.

മന്ദമന്ദമശ്ശീര്‍ഷമുയര്‍ന്നു
മഞ്ജു ഗാനവുമൊപ്പം വളര്‍ന്നു.

അത്രമാത്രം തെലിമയും ചേണു-
മൊത്തിണങ്ങിയോരസ്വരനാളം,

പാളി മേലോട്ടു മേലോട്ടു, കത്തി-
ക്കാളിടുമൊരു തീജ്വാലപോലെ!

ഭൂതകാലതിമിരാന്തരത്തില്‍
പാതിമാഞ്ഞു, മൊളിഞ്ഞും, തെളിഞ്ഞും,

ലാലസിക്കുമാ വിശ്രുതധാത്രീ-
പാലവംശപവിത്രചരിത്രം,

വാഴ്ത്തി, യോരോരോ സംഭവചിത്രം
കോര്‍ത്തിണക്കിരസാത്മകമാക്കി,

ഹാ, വിശിഷ്ടമൊരു ലഘുകാവ്യം
ഭാവസാന്ദ്രമായ് പാടീ കവീന്ദ്രന്‍.

വീരകൃത്യസഹസ്രാപദാനം
ചോരയില്‍ നിന്നുറഞ്ഞൊരാ ഗാനം

വന്നു വന്നതു മുന്നിലാ മിന്നും
മന്നവന്റെ ചരിതത്തിലെത്തി.

ഓട്ടമായ്ച്ചുടുരക്തം ഞരമ്പില്‍
കേട്ടുനില്‍ക്കും പ്രജകളിലെല്ലാം

വിഷ്ടപേന്ദ്രമുഖത്താക്കവീന്ദ്രന്‍
ദൃഷ്ടി ബന്ധിച്ചു ഗാനമര്‍ച്ചിക്കേ,

കേട്ടു ചുറ്റിലും കോള്‍മയിര്‍ക്കൊള്ളും
നാട്ടുകാര്‍ക്കെഴും ഭക്തിപ്രകര്‍ഷം,

തുഷ്ടിവായ്ക്കുമഗ്ഗാനത്തില്‍നിന്നു-
മഷ്ടഗന്ധപ്പുകച്ചുരുള്‍ പോലെ,

പൊങ്ങിയൂര്‍ന്നുലഞ്ഞങ്ങനെ ചെന്നാ
മന്നവേന്ദ്രന്റെ സിംഹാസനത്തെ,

ചുറ്റി, മാലാകലാപമിണക്കി
പ്പറ്റി മിന്നിടും മാതിരി തോന്നി!

അത്രമാത്രം മതിമറന്നോരോ
മര്‍ത്ത്യഹൃത്തുമീയാശംസയേകി:-

"ഭാഷ പൂത്തും, വികാരം തളിര്‍ത്തും
ഭാവനയ്ക്കു പുളകം കിളിര്‍ത്തും,

ചോരയില്‍ച്ചെര്‍ന്നലിഞ്ഞുപോം, ഗാന-
ധാരകളേ, ജയ, ജയ, നിങ്ങള്‍!! ..."

പാടവത്തില്‍, ധനാശിയില്‍, മെല്ലെ-
പ്പാടി നീത്തിയഗ്ഗായകനിത്ഥം:-

"വാക്കുകള്‍ തന്‍ മഹേന്ദ്രജാലത്തില്‍-
ത്തോല്‍ക്കുവാനിടയാകാമടിയന്‍;

എങ്കിലും, പ്രഭോ, മാമകഹൃത്തില്‍-
ത്തങ്കുമങ്ങയ്യോടുള്ളൊരി സ്നേഹം,

വാശിയെത്ര വടംവലിച്ചാലും
വാടുകില്ല കടുകിട പോലും."

പാട്ടു നിന്നു-കടക്കണ്ണില്‍നിന്നു
കേട്ടു നില്‍പ്പോര്‍ക്കു കണ്ണീരു വന്നു

ചീര്‍ത്തുയര്‍ന്നു ജനാവലി പെട്ടെ-
ന്നാര്‍ത്തൊരാ ജയകോലാഹലങ്ങള്‍

മത്തടിച്ചാര്‍ക്കല്‍ മേല്‍ക്കുമേല്‍ പൊങ്ങി
ഭിത്തിചുറ്റും കിടുങ്ങിക്കുലുങ്ങി.

മൂഢമെന്നമട്ടാ മര്‍ത്ത്യഘോഷ-
മൂഢഗര്‍വ്വം തൃണപ്രായമാക്കി,

ചില്ലിരണ്ടും ചുളിച്ചു, തന്‍ശീര്‍ഷം
മെല്ലെയാട്ടി, ച്ചൊടിച്ചൊന്നു മൂളി,

പുണ്ഡരീകനെഴുന്നേറ്റു മര്‍ത്ത്യ-
മണ്ഡ്ലത്തിലിച്ചോദ്യമെറിഞ്ഞു:-

"ചൊന്നിടുകൊന്നു സംശയിക്കാതെ
മന്നിലെന്തുണ്ടു വാക്കിനുമീതെ? ..."

മുറ്റിനില്‍ക്കും ജനക്കൂട്ടമൊന്നോ-
ടൊറ്റമാത്രയില്‍ നിശ്ശബ്ദമായി.

പുണ്ഡരീകന്‍ പ്രസംഗം തുടങ്ങി
മണ്ഡപാന്തം മുഴുക്കെക്കുലുങ്ങി.

കെട്ടഴിച്ചു നിരത്തിയൊന്നൊന്നാ-
യൊട്ടസംഖ്യം വിജ്ഞാനഭാണ്ഡം:-

വാക്കു, വാക്കാണു സൃഷ്ടിയിലാദ്യം
വാക്കിനില്ലൊരുകാലവുമന്ത്യം.

വാക്കു, ശക്തിതന്നത്ഭുതകേന്ദ്രം
വാക്കുവാ, ക്കതേ, വാക്കാണു ദൈവം!-

വൈഭവേന സമര്‍ത്ഥിച്ചിതിത്ഥം
വൈഖരീവൈശ്രവണനിത്തത്വം.

നാലുവേദവും ചിക്കിച്ചികഞ്ഞു
നാവടിച്ചടിച്ചാത്താര്‍ക്കികാഗ്യന്‍

ഉദ്ധൃതസൂക്തജാലം പടുത്തൊ-
രുജ്ജ്വലോന്നതമണ്ഡപം തീര്‍ത്തു.

മന്നിലെന്നല്ല വിണ്ണിലും വേറി-
ട്ടൊന്നതിന്‍ മീതെയില്ലാത്തമട്ടില്‍,

വാച്ചഭക്തിയോടാ മണ്ഡപത്തില്‍
വാക്കിനെപ്പൊക്കിപ്പൂജിച്ചൂവെച്ചു.

പേര്‍ത്തുപേര്‍ത്തിടിവെട്ടും സ്വരത്തില്‍
വാര്‍ത്തെറിഞ്ഞു സദസ്സിലച്ചോദ്യം:-

"ചൊന്നിടുകൊന്നു സംശയിക്കാതെ
മന്നിലെന്തുണ്ടു വാക്കിനു മീതെ?"

ചുറ്റുപാടും, മിഴികളില്‍ ഗര്‍വ്വം
മുറ്റിനിന്നു, വൈതണ്ഡികന്‍ നോക്കി.

പുണ്ഡരീകനോടുണ്ടായീലൊട്ടും
ഖണ്ഡനത്തിനൊരുത്തനും ധൈര്യം.

പോര്‍വിളികൊണ്ടിനിക്കാര്യമെ, ന്തൊ-
രാവിയുമില്ലനക്കവുമില്ല.

ചെന്നിരയെ ക്കടിച്ചു കുടഞ്ഞു
മണ്ണിലിട്ടടിച്ചാര്‍ത്തള്ളി മാന്തി,

എല്ലുകള്‍ കാര്‍ന്നിറച്ചി കഴിച്ചു
പള്ളവീര്‍പ്പിച്ചു സംതൃപ്തിയോടേ,

ഉത്ഭടസട മാടിയിരിപ്പോ-
രുഗകണ്ഠീരവാഗ്യനെപ്പോലെ,

മണ്ഡിതസ്വേദശീര്‍ഷം തുടച്ച-
പ്പുണ്ഡരീകന്‍ ഞെളിഞ്ഞൊന്നിരുന്നു.

"വീര, നെന്തു വിചാരഗംഭീരന്‍!"-
വീറോടൊത്താര്‍ത്തു പണ്ഡിതസംഘം.

അപ്രതിമപ്രതാപനാം ഭൂപ-
നത്ഭുതസ്തബ്ധനായ് മുന്നില്‍ മേവി.

"അദ്രികല്‍പനപ്പണ്ഡിതന്‍, താനോ
ക്ഷുദ്രമാകും ചിതല്‍പ്പുറ്റുമാത്രം!"

ലോലലോലമാം ശേഖരഹൃത്തില്‍
നൂലു പാകിയിക്ലീബവിഷാദം!

അന്നു മത്സരമേവം കഴിഞ്ഞു
വന്നവര്‍ പലപാടും പിരിഞ്ഞു! ...

ഏഴ്

വാതുറന്നൊന്നു മിണ്ടുമ്പൊഴേയ്ക്കും
വാദവാര്‍ത്തയാണുള്ളതന്നാര്‍ക്കും.

വാനിലോളമുയര്‍ന്നു നാടാകെ
വാശി വാച്ചൊരാ വാഗ്വാദഘോഷം.

"കണ്ടറിഞ്ഞിടാം, നാം തമ്മിലേവം
ശണ്ഠകൂടിയിട്ടെന്തിതില്‍ കാര്യം? ..."

രണ്ടുകൂട്ടരുമൊന്നുപോലോതി
"കണ്ടറിഞ്ഞിറ്റാം"- "കണ്ടോളൂ, കാണാം!"

"ഒന്നു നിശ്ചയം ശേഗരന്‍ തോല്‍ക്കും"
"അന്നു കാക്ക് മലര്‍ന്നു പറക്കും!"

"താനിതിനെക്കുറിച്ചെന്തറിഞ്ഞു?"
"താനറിഞ്ഞതേക്കാളുമറിഞ്ഞു."

"താനറിയും മരക്കൊള്ളികുത്താന്‍"-
"താനറിയും വിമാനം പറത്താന്‍"

"താനൊരുവെറും പുല്ലാഞ്ഞിമോറന്‍"-
താനോ?-താനൊരു വില്ലാളിവീരന്‍!"

"നിന്നു ചുമ്മാ ചിലയ്ക്കാതെ പോയേ!"
"ഒന്നുപോടാ കൊരയ്ക്കാതെ നായേ!"

"എന്തു ചൊന്നെടാ കൂരാളിമന്താ?"-
"മന്തനോ?-മന്തന്‍, നോക്ക്, നിന്‍തന്ത!" ...

വാക്കുമൂത്തു പടക്കങ്ങള്‍ പൊട്ടി
വാശി വീര്‍പ്പിച്ചിതച്ചെവിക്കുറ്റി.

ആളുകള്‍ കൂടി, മദ്ധ്യസ്ഥരെത്തി-
ത്തോളുചേര്‍ത്തു പൊരുത്തപ്പെടുത്തി!
തൊട്ടടുത്ത ദിവസം സദസ്സി-
ലൊട്ടുപേര്‍ പുത്തനായ് വന്നണഞ്ഞു.

എന്തു തിക്കും, തിരക്കും, വഴക്കും
ഹന്ത, വീര്‍പ്പിടാന്‍ പോലും ഞെരുക്കം!

മണ്ണിടുകിലും ചോരാത്തമട്ടില്‍
മണ്ഡപത്തില്‍ നിറഞ്ഞൂ ജനങ്ങള്‍.

ശാലയിലില്ല സൂചികടത്തുവാന്‍-
പോലുമല്‍പമിടമൊരിടത്തും.

ഭിത്തികാഗതടങ്ങളി, ലങ്ങി-
ങ്ങുത്തരങ്ങളില്‍, ജാലകത്തട്ടില്‍,

നിന്നൊതുങ്ങിയും തൂങ്ങിയും തങ്ങി
വന്നു മുറ്റിയ മര്‍ത്ത്യപ്രവാഹം!

മന്നവേന്ദ്രനെ വന്ദിച്ചെഴുന്നേ-
റ്റന്നു ശേഖരനാദ്യമായ് പാടി.
ആ മനോഹരഗാനം വരച്ചു
ശ്യാമസുന്ദരവൃന്ദാവനാന്തരം;

ചിത്തമാദക ചൈത്രവിലോലം
ചിത്രശീതളയാമുനാകൂലം;

മന്ദമാരുതചുംബിതശ്വേത-
ചന്ദ്രികാവൃതയാമിനീകാലം;

വിണ്ണില്‍ വെണ്‍മുകില്‍ വീര്‍പ്പിട്ടു പുല്‍കി
മിന്നിനിന്നിടും താരകജാലം;
അന്തരീക്ഷത്തില്‍ മന്ദിതസ്പന്ദം
ചിന്തിടും നേര്‍ത്ത ചെമ്പകഗന്ധം!-

എങ്ങുനി, ന്നെങ്ങുനി, ന്നെങ്ങുനിന്നീ
മംഗളാലാപമാവിര്‍ഭവിപ്പൂ?-

സ്വാപകൌതുകംപോലും മറന്നു
ഗാപകന്യകള്‍ മുറ്റത്തു വന്നു-

എങ്ങുനി, ന്നെങ്ങുനി, ന്നെങ്ങുനിന്നീ
മംഗളാലാപമാവിര്‍ഭവിപ്പൂ?-

നീലലോലാളകാവലി മാടി
നാലുപാടുമുഴന്നവര്‍ നോക്കി-

"മന്നില്‍ വിണ്ണി, ലെവിടെ നിന്നൂറി
വന്നിടുന്നതാണീ വേണുഗാനം?

മന്ദമങ്ങിങ്ങു വീര്‍പ്പിട്ടുലാത്തും
തെന്നലിന്‍ മുഗ്ദ്ധഹൃത്തില്‍ നിന്നാമോ?

അദ്രിശൃംഗത്തിലെത്തിയലയു-
മഭ്രഖണ്ഡശതങ്ങളില്‍നിന്നോ?

കര്‍മ്മപുഷ്പിതമായിടുമേതോ
നര്‍മ്മസങ്കേതസൂചനയോടേ,

പൊന്നുഷസ്സിന്റെ നാട്ടില്‍നിന്നൂറി
വന്നിടുന്നുവോ വര്‍ണ്ണഗംഗ, നീ?

വേഗവേപിതമായിടുമേതോ
വേദനതന്‍ നെടുവീര്‍പ്പുമേന്തി,

അന്തിതന്‍ വക്കിലൂടോലിച്ചെത്തി-
ച്ചിന്തിടുവതോ രാഗസുധേ, നീ?

ശര്‍വ്വരിതന്‍ കിനാവുകള്‍ സര്‍വ്വം
ദിവ്യസംഗീതധാരയില്‍ മുക്കി,

ലാലസിക്കുമാ വേണുവിന്‍ രന്ധ്ര-ജാലമോ,
താരകങ്ങളേ, നിങ്ങള്‍?

പുഷ്പവാടങ്ങള്‍, കൈദാരകങ്ങള്‍,
ശഷ്പശായിതശാദ്വലാങ്കങ്ങള്‍;

പൂത്ത കായ്കനിത്തോപ്പുകള്‍, ഹര്‍ഷം
ചാര്‍ത്തുമേകാന്തസൈകതകങ്ങള്‍;

നീളെ നീളെയൊലിച്ചുപോം, വിണ്ണിന്‍
നീലിമതന്‍ തരംഗരംഗങ്ങള്‍,

നിര്‍ജ്ജനശ്ലഥരഥ്യക, ളോളം
പിച്ചവെച്ചുപോം പച്ചക, ളേവം,

എങ്ങുനിന്നും ഞൊടിയ്ക്കകം പൊട്ടി-
പ്പൊങ്ങിമാസ്മരസംഗീതമേ, നീ!

സാരമെന്തിതി, നാരതറിഞ്ഞു
ചാരുഗാനമേ, ഞങ്ങള്‍ വലഞ്ഞു!! ..."

എന്തിനോവേണ്ടി ദാഹിച്ചു ദാഹി-
ച്ചന്തരംഗമവര്‍ക്കു തളര്‍ന്നു.

എന്തിനെന്നു പറഞ്ഞറിയിയ്ക്കാന്‍
ഹന്ത, വാക്കില്ലവര്‍ക്കെ, ന്തുചെയ്യും!

ഭംഗിയുമൊത്തവരുടെ കണ്ണില്‍-
ത്തൊങ്ങിനിന്നു, ഹാ, കണ്ണീര്‍ക്കണങ്ങള്‍!

"ഇന്നീ ജീവിതപൂര്‍ണ്ണിമയിങ്ക-
ലൊന്നു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍!

എന്തു നിര്‍വൃതി! ..." കണ്ണുകള്‍ കൂമ്പി,
ചെന്തളിരില്‍ നിലാവു വിതുമ്പി,

സ്വപ്നതുല്യ, മസ്സംഗീതകേന്ദ്രം
ലക്ഷ്യമാക്കി നടന്നവര്‍ പോയി.

കണ്ണൊടുവില്‍ത്തുറക്കവേ-നില്‍പൂ
കണ്ണിനു മുന്‍പില്‍, പൂമരച്ചോട്ടില്‍!!

കന്ദളിതമദാലസയാമ-
ക്കണ്മണി രാധ തോല്‍ചേര്‍ന്നു നില്‍ക്കെ;

ഹാ, വലംകാലൊരല്‍പം മടങ്ങി-
പ്പൂവെതിരിടംകാല്‍ത്തണ്ടുരുമ്മി;

തെല്ലി, ടംഗളം ചാഞ്ഞം, ഗുലികള്‍
ലല്ലലല്ലലം തത്തിക്കളിക്കെ,

ചുണ്ടിലോടക്കുഴല്‍ചേര്‍ന്നു, ഹര്‍ഷം
ചെണ്ടിടുമൊരു പുഞ്ചിരിയോടെ;

താളമൊപ്പിച്ചു പീലിയിളകി-
ച്ചേലിലാവനമാലകളാടി;

ഗാനധാരയില്‍ വിശ്വം മയക്കി
വേണുഗാപാലനങ്ങുല്ലസിപ്പൂ!

കാല്‍ക്ഷണത്തിലത്താളക്രമത്തില്‍
കാല്‍ച്ചിലമ്പൊലി ചുറ്റിലും വീശി,

വെമ്പിയൊന്നിച്ചു കൈകോര്‍ത്തുലഞ്ഞ-
ച്ചെമ്പകാംഗികള്‍ വട്ടമിട്ടാടി;

നീലനീരദരേഖയ്ക്കു ചുറ്റും
ലോലചഞ്ചലാലേഖകള്‍പോലെ!

കമ്രമംഗല്യരാത്രിയ്ക്കു ചുറ്റും
കന്യകതന്‍ പ്രതീക്ഷകള്‍ പോലെ!

ഞാനകന്നോരവസ്ഥയെച്ചുറ്റി
ജ്ഞാനഭക്തികര്‍മ്മങ്ങളെപ്പോലെ!

വെണ്ണിലാവിന്റെ വെണ്മ വളര്‍ന്നു
കണ്ണിമയ്ക്കാതെ താരകള്‍ നിന്നു.

ഓളമൊന്നോടൊതുക്കിയൊരോമല്‍-
ച്ചോലപോലായമുനയൊലിച്ചു.

ചുറ്റഴിഞ്ഞു ലതാവലി താഴേ-
യ്ക്കുറ്റുവീണേറ്റു മൊട്ടിട്ടു നിന്നു.

തെന്നലുംകൂടി നിശ്ചലമായി
മന്നലിഞ്ഞലിഞ്ഞില്ലാതെയായി!-

ഒന്നുമാത്രമു, ണ്ടാ വേണുഗാന-
സ്പന്ദിതമായ നാദപ്രപഞ്ചം!...
ശെഖരഗാനമീവിധം മുക്തി-
മേഖലയിലേയ്ക്കാത്മാവുയര്‍ത്തി.

അസ്സഭാഗൃഹം, രാജാ, വതിലീ
മത്സരം, മഹാമര്‍ത്ത്യസമൂഹം,

അപ്രമേയപ്രധീയുതനായോ-
രപ്രതിദ്വന്ദി, പണ്ഡിതസംഘം,

തത്സമാധിയില്‍ സര്‍വ്വം മറന്നു
ചിത്സുഖത്തിലാ ഗായകന്‍ നിന്നു!

ചഞ്ചലഗീഷ്മവായുവില്‍, ത്തത്തി-
ക്കൊഞ്ചിടും പച്ചിലകളെപ്പോലെ,

ചുറ്റിലുമുള്ള, ചിന്തകള്‍ക്കെല്ലാ-
മൊത്ത മദ്ധ്യത്തിലൊറ്റയ്ക്കു മേവി,

പ്രാണവേണുവില്‍ക്കൂടിയപ്രേമ-
ഗാനധാര പകര്‍ന്നൂ കവീന്ദ്രന്‍!

നിന്നിടുന്നില്ല തന്‍തോളുരുമ്മി-
ദ്ധന്യയാമൊരു രാധിക മാത്രം.

എങ്കിലും തന്‍മനസ്സിനു മുന്‍പില്‍
തങ്കിടുന്നൊരാ മഞ്ഞത്തിരമേല്‍,

വീണ നീലനിഴല്‍പ്പാടില്‍നിന്നും
ചേണെഴുമൊരെ മംഗളരൂപം,

വ്യക്തമല്ല-മുഖപടം മാറ്റാ-
തുത്ഭവിപ്പു, ഹാ, സ്വപ്നസമാനം!

കാല്‍ത്തളിര്‍വെപ്പില്‍ ദൂരെനിന്നെതോ
നേര്‍ത്തുനേര്‍ത്തൊരു ശിഞ്ജിതം കേള്‍പ്പൂ! ...

നിന്നു ഗാനം-ഇരുന്നു കവീന്ദ്രന്‍
മുന്നിലൊക്കെപ്രതിമകള്‍ മാത്രം!

ഉണ്ടൊരാള്‍ക്കു ചലനം-മഹാന-
പ്പുണ്ഡരീകന്‍, മഹാഭാഗ്യശാലി!

മര്‍ത്ത്യലക്ഷമുണര്‍ന്നു-പെട്ടെന്ന-
സ്വപ്നലോകവുമെങ്ങോ പറന്നു.

വര്‍ണ്ണനാതീതമാമൊരാനന്ദം-
തന്നില്‍ നിന്നൂറുമേതോ വിഷാദം;

ഉല്‍ക്കട, മപ്രമേയ, മവ്യക്തം
ഉള്‍ക്കളത്തിലുലാവിയുലാവി,

ഹസ്തതാഡനം ചെയ്യുവാന്‍പോലും
വിസ്മരിച്ചു വിറച്ചവര്‍ നിന്നു.

അത്രമേലൊരനുഭൂതിയുള്‍ച്ചേര്‍-
ന്നര്‍ദ്ധസുഷുപ്തിയിലാണ്ടുപോയ് ഭൂപന്‍ ...

തെല്ലുനേരം കഴിഞ്ഞീ വികാരം
മെല്ലെ മാഞ്ഞു മറഞ്ഞതിന്‍ശേഷം,

പുണ്ഡരീകനെഴുന്നേറ്റു രാജ-
മണ്ഡപാഗ നിവര്‍ന്നൊന്നു നിന്നു.

"വിസ്തരിച്ചൊന്നു ചൊല്ലിടുകാരാ-
ണിത്ര കീര്‍ത്തിച്ചൊരിക്കമിതാക്കള്‍? ..."

ആഞ്ഞെറിഞ്ഞിതിച്ചോദ്യം കവിത-
ന്നാനനത്തിലാ വാദപ്രവീണന്‍.

ഒന്നുമോതീല ശേഖര, നൊന്നു-
മുന്നയിയ്ക്കാന്‍ തനിക്കില്ല തത്വം.

കാളിടുന്നോരഹന്തയില്‍, ച്ചുഴു-
മാളുകള്‍തന്‍ മുഖത്തുറ്റുനോക്കി,

ഭക്തശിഷ്യസമൂഹത്തിനര്‍ത്ഥം-
വെച്ചു കണ്ണാലൊരുത്സവമേകി,

പിന്നെയും ജനമദ്ധ്യത്തിലേയ്ക്ക-
പ്പണ്ഡിതനെടുത്തെറ്റിയച്ചോദ്യം:-

"കാമുകന്‍ കൃഷ്ണനാരാണു നേരില്‍-
ക്കാമുകിയാമാ രാധയുമാരാം? ..."

ശബ്ദമില്ല!-അശ്ശാബ്ദികന്‍ വേഗം
ശക്തിയായൊന്നു കെക്കലിച്ചാര്‍ത്തു.

പിന്നെ ഗംഭീരഗൌരവത്തോടേ
നിന്നുറക്കെ പ്രസംഗം തുടങ്ങി.

ആ മനോഹരനാമദ്വയത്തെ-
പ്രേമസൌന്ദര്യസാരോദയത്തെ,

ബുദ്ധിതകത്തി കുത്തിയിറക്കി-
ബ്ബദ്ധവീര്യം പിളര്‍ത്തി മലര്‍ത്തി,

ധാതു കിട്ടുവാന്‍ ചിക്കിച്ചികഞ്ഞു
വീതശങ്കം മദിച്ചിതാ ജ്ഞാനം!

ശക്തിചെയ്തൊരശ്ശസ്ത്രക്രിയതന്‍
യുക്തിവൈഭവം സാധൂകരിയ്ക്കന്‍,

പാണിനി, യപ്പതഞ്ഞലി, വ്യാസന്‍
ബാണഭട്ട, നശ്ശങ്കരാചാര്യന്‍

എന്നുവേണ്ടെത്ര ദീക്ഷിതന്മാര-
ണന്നിറങ്ങിയതാ നാവിലൂടെ!

എട്ടുപത്തര്‍ത്ഥമാര്‍ന്ന ധാതുക്കള്‍
കട്ടകെട്ടിയതാണുപോല്‍ക്കൃഷ്ണന്‍!-

നാവുകൊണ്ടു നിമിഷത്തിനുള്ളി-
ലേവമുല്‍ക്കടപാടവമോടേ,

മല്ലവൈരിതന്‍ കണ്ഠമൊരൊറ്റ-
ത്തല്ലിലക്കവിമല്ലനൊടിച്ചു!

നന്ദനനന്ദനന്‍ കൃഷ്ണന്‍ മരിച്ചു
സുന്ദരനായ കൃഷ്ണന്‍ മരിച്ചു-

അര്‍ത്ഥസമ്പുഷ്ടമായ, കൃഷ്ണന്‍ത-
ന്നസ്ഥികൂടമൊന്നങ്ങുയര്‍ന്നേറ്റു!

ആ മനോഹരഗാനത്തിന്‍ മുന്‍പ-
പ്രേമസാന്ദ്രയായ് സ്പന്ദിച്ച രാധ-

പുല്ലണിഞ്ഞ യമുനാതടത്തി-
ലുല്ലസല്‍പ്പൊന്‍കടമ്പിന്‍ ചുവട്ടില്‍;

ഫുല്ലശൈവലശീതളമാകും
നല്ലനീലശിലാതലമൊന്നില്‍;

കാന്തിചിന്തുമക്കാല്‍ത്തളിര്‍ പുല്‍കാന്‍
നിന്തിയോളങ്ങള്‍ വന്നേന്തിനില്‍ക്കെ,

അന്തിമാരുണകാന്തിയില്‍ മുങ്ങി-
ക്കുന്തളാവലി കെട്ടൂര്‍ന്നു ചിന്നി,

ചെന്തളിര്‍ച്ചുണ്ടില്‍ മന്ദസ്മിതമൊ-
ന്നെന്തിനോ വന്നലസമായ്ത്തങ്ങി,

അല്ലിലോടക്കുഴല്‍ വിളിച്ചെത്തും
വല്ലഭന്റെ കഴുത്തിലണിയാന്‍,

പിച്ചിമാല കൊരുത്തു കൊ,ണ്ടോമല്‍
സ്വപ്നവും കണ്ടിരുന്നൊരാ രാധ-

മഞ്ജുഹേമന്തചന്ദ്രികയിങ്കല്‍
മന്മഥവ്യഥയേന്തിയ-രാധ-

അന്യഗാപികാസംഗമശങ്കാ-
ജന്യഖേദപരവശയായി,

വൃഷ്ണിവംശശ്രീചിത്രകനാമ-
ക്കൃഷ്ണനോടു പിണങ്ങിയ രാധ-

നീലവേണിയഴിച്ചു വിതുര്‍ക്കും
ശ്രീലകാളിന്ദിതന്‍ തറഭൂവില്‍;

പൂത്തുമേളിച്ച വൃന്ദാവനത്തില്‍
പൂനിലാവല ചിന്നിയ രാവില്‍;

ചാസുദേവനുമൊത്തൊരുമിച്ചു
രാസകേളികളാടിയ രാധ-

വിശ്വനായികമാര്‍ക്കൊരു ശീര്‍ഷ-
മൌക്തികമാം മദാലസ രാധ-

വിശ്വനാഥന്റെ ഹൃത്തിനെപ്പോലും
വിഭ്രമിപ്പിച്ച സൌന്ദര്യധാര-

മോഹബദ്ധമീ ലോകത്തിലെന്നും
സ്നേഹദീപമായ് മിന്നുമാ രാധ-

അത്രമോഹിനി രാധതന്മാറില്‍-
ക്കത്തി താഴ്ത്തിയക്കറ്റവയോധന്‍!

ഹന്ത, കഷ്ട, മപ്പൂവുടല്‍പോലും
ചീന്തിമാന്തിയക്കൌശികവ്യാധന്‍!

ധാതുമൂല, മപ്രേമസര്‍വ്വസ്വം
പ്രേതമായ് പ്രാണനാഥനോടൊപ്പം!

കോട്ടുവായിട്ടടിമുടി വേര്‍ത്ത-
ക്കേട്ടുനില്‍ക്കുവോര്‍ കണ്ണുമിഴിച്ചു.

ഹസ്തതാഡനഘോഷം മുഴക്കി
ബദ്ധകൌതുകം ശീര്‍ഷം കുലുക്കി,

മേളമോടേ, മതിമറന്നേവം
മേവി മുന്നിലപ്പണ്ഡിതസംഘം.

ഒത്തുചേര്‍ന്നിതവരൊടൊന്നിച്ചാ
മര്‍ത്ത്യപംക്തിയുമുത്സാഹപൂര്‍വ്വം.

"എന്തു പാണ്ഡിത്യ, മമ്പോ!"-ജനങ്ങള്‍-
ക്കന്തരംഗത്തിലത്ഭുതം പൊട്ടി.

"എന്തു വേദജ്ഞ, നെന്തു ഗംഭീരന്‍
എന്തു താര്‍ക്കിക, നെന്തൊരു വാഗ്മി!

കഷ്ട, മീ വടവൃക്ഷത്തിനോടോ
പുല്‍ക്കൊടി നില്‍പു മത്സരിച്ചീടാന്‍! ..."

ആര്‍ത്തു കൈയടിച്ചുച്ചത്തി, ലുള്ളി-
ലോര്‍ത്തിതേവമാ മാനവയൂഥം.

സത്യമുള്ളിലൊതുക്കി മറച്ചു
നിര്‍ത്തിയോരത്തിരശ്ശീലയെല്ലാം,

കെട്ടു പൊട്ടിച്ചു കീറിനിലത്തേ-
യ്ക്കിട്ടു നില്‍പിതപ്പണ്ഡിതരാജന്‍!

ഇന്നൊരു തടവില്ലാതെ തങ്ങള്‍
മുന്നില്‍ നേരിട്ടു കാണ്‍മിതസ്സത്യം!

വാച്ചഗര്‍വ്വിലച്ചക്രാടകന്‍ തന്‍
വാക്കുകൊണ്ടുള്ള കമ്പക്കൂത്താട്ടം,

അമ്പരപ്പിച്ചു മര്‍ത്ത്യരെയൊന്നോ-
ടിമ്പമാര്‍ന്നവരേറ്റം രസിച്ചു.

അപ്രകാരം മുഴങ്ങി, ഹാ, മെന്മേ-
ലത്ഭുതത്തിന്റെ കൂട്ടക്കൂറ്റാരം!

കാണിയും സത്യമൊന്നതിന്‍ പിന്നില്‍
കാണുമോ?-വെറും കമ്മട്ടമാണോ?

ശേഖരോന്മാഥിയാ വീരനിന്നൊ-
രാഖനികബകന്‍ മാത്രമാണോ?-

കൂടിനില്‍പോരതാരാഞ്ഞറിയാന്‍
പാടുപെട്ടി, ല്ലവര്‍ക്കെന്തു കാര്യം!!

അത്രമാത്രമാവേശകമാകു-
മത്ഭുതംകൊണ്ടു കല്‍പിച്ചു ഭൂപന്‍.

ഹന്ത, പാട്ടില്‍ മയക്കം പിടിച്ചോ-
രന്തരീക്ഷത്തിനന്തരം കിട്ടി.

സ്വപ്നമൊക്കെപ്പറന്നു-യാഥാര്‍ത്ഥ്യം
തപ്പടിച്ചു പടയണി തുള്ളി

ആ മരതകപ്പച്ചകല്‍പോയി
ഭൂമിയില്‍ക്കട്ടക്കല്‍പ്പാതയായി!

വാങ്മയഗന്ധമാദനത്തിങ്കല്‍
വായുനന്ദനന്‍ ഭീമനെപ്പോലെ,

കണ്ട കല്ലും മരങ്ങളും തല്ലി-
ത്തുണ്ടുതുണ്ടാക്കി ദൂരത്തു തള്ളി,

വാദവീര്യ ഗദയും ചുഴറ്റി
വാടിടാതെ ഗമിച്ചൊരാ വീരന്‍!-

തത്സമീപത്തു ശേഖരന്മാട-
ത്തത്തതന്നിളം കുഞ്ഞുപോല്‍ത്തോന്നി!

"എന്തു ഗാനങ്ങള്‍, സാധാരണങ്ങള്‍
ചിന്തയില്ല, തിലില്ലൊരു ചുക്കും.

ഒറ്റവാക്കുമില്ലര്‍ത്ഥമറിയാ-
നൊത്തിടാത്തതായ്-കാവ്യമിതാണോ?

ഇല്ലതിങ്കല്‍ പുതുമയശേഷം
ഇല്ല ലേശവും ധര്‍മ്മോപദേശം.

കാല്‍ക്കഴഞ്ചു സംഗീതം കുഴച്ച
കാമജല്‍പനം കാവ്യമാണെന്നോ?

എന്തിനാണതു ലോകത്തി, നയേ്യാ
ഹന്ത താനെന്തതോര്‍ത്തീലിന്നോളം?

വേണമെങ്കില്‍ത്തനിക്കുമെഴുതാ-
മാ നിലയ്ക്കുള്ളൊരായിരം ഗാനം.

ഒന്നുമാത്രം, മിനക്കെട്ടതിനാ-
യുന്നിയില്ല താന്‍-അല്ലെങ്കിലിപ്പോള്‍ ..."

മന്ത്രശാലയിലോരോ മനസ്സും
മത്രണം ചെയ്തിതീര്‍ഷ്യയോടേവം.

ചിന്തയില്‍നിന്നുണര്‍ന്നു വീറാര്‍ന്നി-
ട്ടന്ത്യമായൊരു കൈയൊന്നു നോക്കാന്‍,

ക്ഷോണിപങ്കാവ്യകൃത്തിനെത്തന്‍ കണ്‍-
കോണുവെച്ചൊന്നുയര്‍ത്തുവാന്‍ നോക്കി.

ഒത്തതി, ല്ലനങ്ങീ, ലൊരു ബിംബം
കൊത്തിവെച്ചതോ?-കോപിച്ചു ഭൂപന്‍.

"എന്തു ഭോഷനിശ്ശേഖരന്‍!"-ഏവം
ചിന്തയോടേറ്റനുഭാവപൂര്‍വ്വം,

ഉജ്ജ്വലാഭം ഗളത്തില്‍ത്തിളങ്ങും
വജ്രമാല്യമെടുത്താത്തവേഗം,

പുണ്ഡരീകന്റെ കണ്ഠത്തിലിട്ടു
മണ്ഡലം കൈയടിച്ചാര്‍ത്തു!

അത്തുമുലപ്പുളപ്പില്‍ക്കുലുങ്ങീ
കുഡ്യകുട്ടിമസ്തംഭകീര്‍ണ്ണങ്ങള്‍! ...

ആ വിജയകോലാഹലം പൊങ്ങി-
ത്താവിയല്‍പാല്‍പമായ് സ്വയം താണു.

ഭിത്തികാഗപ്പുറയില്ലിയിങ്കല്‍-
ത്തത്തുമക്കീര്‍ണ്ണകുഞ്ജല ജാലം,

മിന്നിയപ്പൊഴും-പിന്നില്‍നിന്നെത്തീ
സന്നമാം വസ്ത്രധൂനനനാദം.

മാലകള്‍ മണിമഞ്ജീരകങ്ങള്‍
ലോലമായ്പ്പെയ്തു ശിഞ്ജാരവങ്ങള്‍!-

കോള്മയിര്‍ക്കൊണ്ടു ശേഖരനേറ്റു
കോമളമാം സഭാഗൃഹം വിട്ടു! ....

എട്ട്

തോറ്റു ശേഖരന്‍!-അന്തി വന്നോതി-
ക്കേട്ടമാത്രയില്‍ക്കണ്ണുനീര്‍ പൊട്ടി,

മുന്നിരുട്ടും പുതച്ചുവന്നെത്തി
മന്നിടത്തിലഗീഷ്മാന്തരാത്രി!

പുണ്ഡരീകന്റെ ജൈത്രാടനത്തില്‍
ഡുണ്ഡുലാവലി കൈമണികൊട്ടി.

മന്ദതവിട്ടു ജംബുകവൃന്ദം
ദുന്ദുഭോച്ചണ്ഡനാദം മുഴക്കി.

കച്ഛകീടശ്രുതിയിട കൂടി-
ക്കങ്കുശായങ്ങള്‍ കാഹളമൂതി.

രണ്ടു പുള്ളൊപ്പമമ്പയിട്ടാര്‍ത്തു
കുണ്ടുമാക്രി കുരവയുതിര്‍ത്തു.

ഇന്ദുഗാപങ്ങള്‍ പന്തം കൊളുത്തി
കുന്ദുളങ്ങള്‍ കളിമ്പക്കൂത്താടി-

ഏവമാടോപ ഘോഷങ്ങളൊത്ത-
ന്നാവിധാനഗനപ്പുരം വിട്ടു! ...

അക്കുടിലിനകത്തതാ കാണ്മൂ
പൊല്‍ക്കതിരുകള്‍ പൂത്തൊരു ദീപം;

മുറ്റി മൂടും വിഷാദപ്പടര്‍പ്പിന്‍
കുറ്റിരുട്ടില്‍ മനശ്ശക്തിപോലെ!

ദുര്‍വ്വിധിക്കാറ്റതൂതിക്കെടുത്താന്‍
സര്‍വ്വയത്നവും ചെയ്യുകയാണോ?

ഏഡുകോപാന്തപേടകം തന്നി-
ലീടെഴും മാറടുക്കിയടുക്കി,

വെച്ച കൈപ്രതിക്കെട്ടെടുത്തെല്ലാം
തച്ചുതൂര്‍ത്തിട്ടു താഴെക്കവീന്ദ്രന്‍.

എന്തതെന്താണവയില്‍ച്ചിലതില്‍?-
ഹന്ത, തന്‍ ബാല്യകാല കാവ്യങ്ങള്‍!-

ജീവിതത്തീവെയിലല്ല, ശൈത്യം
താവിടും കാല്യകാലസ്മിതങ്ങള്‍!

അക്കൃതികളെത്താനിന്നു, കഷ്ടം,
മിക്കവാറും മറന്നിരിക്കുന്നു!

ഏടുകള്‍ മറിച്ചൊന്നതിലങ്ങി-
ങ്ങോടിയോടിച്ചു വായിച്ചു നോക്കി.

ഒക്കെയോടുകള്‍, തൊണ്ടുകള്‍, പൊട്ട-
ക്കക്കകള്‍!-വെറും കുട്ടിക്കളികള്‍!

ആളിടുന്നൊരവജ്ഞയാലൊക്കെ-
ത്താളുതാളായ് വലിച്ചുടന്‍ ചീന്തി,

മുന്നിലാളും നെരുപ്പോടിനുള്ളി-
ലൊന്നിനൊന്നിട്ടെരിച്ചൂ കവീന്ദ്രന്‍.

ചര്‍വ്വണം ചെയ്തു തീയതുത്തപ്ത-
യൌവനത്തിന്‍ പിപാസകള്‍ പോലെ!

പിന്നെ, യത്യന്ദവേദനയോടെ
ചൊന്നിതിത്ഥമജ്ജ്വാലകള്‍ നോക്കി:-

"അഗ്നിപുഞ്ജമേ, നിഷ്ഫലമായ് നി-
ന്നിത്രനാളുമെന്‍ ഹൃത്തില്‍ നീ കത്തി,

മന്ദഭാഗ്യനായ് നിന്മുന്നിലിന്നെന്‍
മഞ്ജിമേ, മനം നൊന്തു ഞാന്‍ നില്‍പൂ.

അര്‍പ്പണം ചെയ്വു ഞാന്‍ നിനക്കായെ-
ന്നര്‍ത്തശൂന്യമാം സ്വപ്നങ്ങ, ളാര്‍യേ്യ!

ഈ മഹിയിലെന്‍ ജീവിത, മയേ്യാ,
ഹേമഏശമൊന്നായിരുന്നെങ്കില്‍,

തല്‍പരീക്ഷയില്‍ മാറ്റേറിയേറ്റി-
ന്നുജ്ജ്വലിച്ചീടുമായിരുന്നല്ലോ!

അല്ലതുവെറും പുല്ലാ, ണുണക്ക-
പ്പുല്ല്, ചിക്കിച്ചതച്ചിട്ട പുല്ല്!

ആയതിലിനി ബാക്കിയായുള്ള-
തീയൊരുപിടിച്ചാമ്പലുമാത്രം!

അശ്മരാത്മവസുന്ധരേ, കൈക്കൊള്‍-
കസ്മദഗ്ന്യുത്ഥമീ യജ്ഞഭസ്മം!! ...

നാഴികകള്‍ കടന്നുപോയ്-ദീപ-
നാളമാളിപ്പിടയുന്നു കാറ്റില്‍!

വീട്ടിലുള്ള വിളക്കുകളെല്ലാം
കോട്ടമറ്റെടുത്തെണ്ണപകര്‍ത്തി,

പട്ടുനൂല്‍ത്തിരിയിട്ടൊക്കെ നീട്ടി-
പ്പുഷ്ടമോദം കൊളുത്തീ കവീന്ദ്രന്‍.

ജാലകങ്ങള്‍ തുറന്നിട്ടു-കാറ്റില്‍-
ച്ചൂളമിട്ടാടിനില്‍പ്പൂ മരങ്ങള്‍!

സ്വര്‍ണ്ണരശ്മികള്‍ പാവിട്ടിരുട്ടില്‍
മിന്നി യാദീപമാലകള്‍ മുന്നില്‍

അഷ്ടഗന്ധം പുകച്ചു, തല്‍പത്തില്‍-
പ്പട്ടെടുത്തു നിവര്‍ത്തി വിരിച്ചു;

മുല്ലമൊട്ടുകള്‍, വെണ്‍പനീര്‍പ്പൂക്കള്‍
ഫുല്ലമല്ലികാപുഷ്പങ്ങ, ലേവം,

പ്രീതിയേറ്റം തനിയ്ക്കിയന്നോര-
ശ്വേതപുഷ്പങ്ങളെല്ലാമൊരുക്കി,

ഒട്ടധിക, മാ മിന്നിമിനുത്ത
പട്ടുമെത്തയില്‍ വാരി വിതറി.

പിന്നെയേതോ വിഷച്ചെടിവേരില്‍-
നിന്നു ഞെക്കിയെടുത്തതാം നീരില്‍,

തേനൊഴിച്ചി, ട്ടതൂറ്റിക്കുടിച്ച-
ഗ്ഗാനലോലന്‍ കിടന്നു തല്‍പത്തില്‍! ...
പാരമാസ്യം വിളറിത്തളര്‍ന്നു
പാതിരാക്ഷീണചന്ദ്രന്‍ കിളര്‍ന്നു.

കാറ്റിലാ മരച്ചാര്‍ത്തൊന്നുലഞ്ഞു
കാട്ടുപക്ഷിയൊന്നേതോകരഞ്ഞു ...
അമ്മലരണിമുറ്റത്തൊരേതോ
പൊന്മണിക്കാല്‍ച്ചിലമ്പൊലികേള്‍പ്പൂ.

തെന്നലില്‍ നീന്തി നിന്തിയാ മച്ചില്‍
വന്നൊരു നേര്‍ത്ത സൌരഭം നില്‍പ്പൂ.

ശേഷിയറ്റു, മിഴി തുറക്കാതേ
ശേഖരനിദം ചോദിച്ചു മന്ദം:-

"എത്രകാലമാ, യിന്നെങ്കിലുമി-
ബ്ഭക്തദാസനിലുള്‍ക്കനിവേന്തി,

ഒന്നിവനെയനുഗഹിച്ചീടാന്‍
വന്നിതോ നീയൊടുവി, ലെന്‍ ദേവി? ..."

"വന്നു ഞാന്‍, കവിരത്നമേ! ..." ലജ്ജാ-
സന്നക സ്വരമൊന്നു മന്ത്രിച്ചു.
കെട്ടണഞ്ഞവിളക്കുകള്‍, ധൂപ-
ക്കുറ്റിക, ളേകവിഹ്വലദീപം!

ഹാ, നിലമാകെച്ചിന്നിച്ചിതറി
വീണു വാടിക്കിടക്കുന്ന പൂക്കള്‍!

ഒത്തമദ്ധ്യത്തില്‍പ്പട്ടടപോലെ
കത്തിനീറിയടങ്ങിയ ചാരം! ...
കണ്ണു ശേഖരന്‍ ചിമ്മിത്തുറന്നു
മുന്നിലാരിതൊ, രംഗനാരൂപം!

കാണുവാനുള്ള കെല്‍പൊക്കെ മങ്ങി
കാമിനിയവളാരായിരിക്കും?

ചിത്തമാം മണീശ്രീകോവിലില്‍ത്താ-
നിത്രകാലവും പൂജിച്ച രൂപം;

നേര്‍ത്ത നീലനിഴല്‍പ്പാടില്‍നിന്നും
വാര്‍ത്തൊരുജ്ജ്വലവിദ്യുത്സ്വരൂപം;

തന്നവസാനയാത്രയില്‍, ക്കാണാന്‍
വന്നതല്ലല്ലി ബാഹ്യലോകത്തില്‍? ...

നാവെടുക്കെക്കുഴയും സ്വരത്തി-
ലാവിധിഹതന്‍ ചോദിച്ചു മന്ദം:-

"മായ മഞ്ഞപിഴിഞ്ഞു ഞെറിഞ്ഞോ-
രാ യവനിക നീങ്ങിയോ, മുഗ്ദ്ധേ

സത്യമോതണേ, നീയെന്റെ സാക്ഷാല്‍
മൃത്യുദേവതയല്ലയോ, ഭദ്രേ? ..."

"അ, ല്ലജിതകുമാരി ഞാന്‍! ..." മെല്ലെ-
ച്ചൊല്ലിയുല്ലസദ്വല്ലകീവാണി.

പാരവശ്യം വക്കര്‍ന്നു, കവീന്ദ്രന്‍
പാടുപെട്ടെഴുന്നേറ്റിരുന്നു.

മഞ്ഞവര്‍ണ്ണയവനികയിന്മേല്‍
മഞ്ജുളമഴവില്ലികളാടി

മന്ദ മന്ദമതങ്ങനെ നീങ്ങി-
മന്ദഭാഗ്യന്റെ കണ്ണുകള്‍ മങ്ങി!

ശിഞ്ജിതദുകൂലാഞ്ചലനാദ-
രഞ്ജിതസ്വപ്നരൂപിണിയായി,

സര്‍വ്വസന്താപഭഞ്ജകമാകും
നിര്‍വൃതിതന്‍ പരിമളം വീശി,

ദേവദുര്‍ല്ലഭമാകുമൊരാര്‍ദ്ര-
ഭാവസാന്ദ്രമൃദുസ്മിതം പൂശി,

വന്നതാ, ദിവ്യകല്യാണരശ്മി
മുന്നില്‍ നില്‍ക്കുന്നു, സൌന്ദര്യലക്ഷ്മി!

തജ്ജഡിതശ്രുതിപുടംതന്നി-
ലുജ്ജ്വലാപാംഗി മന്ത്രിച്ചിതിത്ഥം:-

"മത്സരത്തില്‍ വിജയമങ്ങയ്ക്കാ-
ണുത്സുകയാണു ഞാനിതൊന്നോതാന്‍!

നീതിയായില്ല ചെയ്തതിന്നച്ഛന്‍
നീരസം തോന്നരുതതില്‍, ദേവ!

അങ്ങുതന്‍ മൃദുഹൃത്തില്‍നിന്നൂറി-
പ്പൊങ്ങിടും ഗാനമെന്തൊരു ഗാനം!

എത്ര ലോകം തപസ്സുചെയ്താലാ-
ണെത്തിടുന്നതൊരിക്കലിശ്ശബ്ദം!

ഉത്തമകവേ, നന്നായറിവൂ
ഹൃത്തില്‍ ഞാനതിന്‍ ദിവ്യമഹത്വം!

ഇങ്ങിതാ നില്‍പൂ ഞാ, നിഡളത്തില്‍
മംഗളജയമാല്യമണിയാന്‍!..."

കോമപ്പാംഗി, തങ്കണ്ഠത്തില്‍നിന്ന-
ത്തൂമലര്‍മാല കൈയിലെടുത്തു.

രോമഹര്‍ഷപരവശയായി-
ട്ടാ മഹാന്‍ തന്‍ ഗളത്തിലണിഞ്ഞു!

ശിഞ്ജിതങ്ങള്‍!-കവിയുടെ കണ്ഠ-
മൊന്നു ചാഞ്ഞു ..മിഴികള്‍ മറിഞ്ഞു.

"വൈകി, ദേവി! ..." മുഖത്തുടനേതോ
വൈകൃതം വന്നു ...വൈഖരി നിന്നു.

ഉത്തരക്ഷണമക്കവിവര്യന്‍
മെത്തയിന്മേല്‍ മരവിച്ചു വീണു! ....

കെട്ടു ദീപം!-നിഴല്‍ച്ചുരുള്‍ക്കൂന്തല്‍-
ക്കെട്ടഴിഞ്ഞു നിലാവു കരഞ്ഞൂ!! ....

(1320 വരി)

"http://ml.wikisource.org/wiki/%E0%B4%AF%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്