ഓണപ്പൂക്കള്‍ - ക്ഷാമയക്ഷി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ടിയട്ടെ, ചെങ്കോലടിയട്ടേ, വേഗ
മരിവാളിന്‍ കാലമണയട്ടേ!
വറുതികൊണ്ടയ്യോ, വരളുന്നൂ ലോകം
വരിക നീ ധാന്യസുലഭതേ!
കൊടിയ ദുഭിക്ഷരുധിരയക്ഷിതന്‍-
കുടിലദംഷ്ട്രകള്‍ക്കിടയിലായ്,
പതിതജീവിതം ചിറകൊടിഞ്ഞാര്‍ത്തു
പരമദീനമായ്പ്പിടയുന്നു.
തെരുവുകള്‍തോറും, വരളും തൊണ്ടയില്‍
മരണദണ്ഡം നിന്നലറുന്നു.
വിഷമയങ്ങളാം വിവിധരോഗങ്ങള്‍
വിഹരിപ്പൂ വുശ്വം മുഴുവനും.
എവിടെയും ക്ഷാമം, ദുരിതം, ദുര്‍ഭിക്ഷ-
മെവിടെയാണിവയ്ക്കവസാനം?

മഴ വീഴാതില്ല, വെയില്‍ വീശാതില്ല
മഹിമതന്‍വീട്ടില്‍, മലനാട്ടില്‍,
മകരമഞ്ഞെത്തിത്തഴുകിയാല്‍പ്പിന്നെ
മലരിടാതില്ല മരമൊന്നും.
ഇടവപ്പാതിതന്നറുതിയില്‍, പ്പച്ച-
പ്പുടവ ചാര്‍ത്തുന്ന വയലുകള്‍;
അവയെപ്പുല്‍കുമ്പോള്‍ പുളകം പൂണ്ടപോ-
ലലകള്‍ ചാഞ്ചാടുമരുവികള്‍;
അജകിശോരങ്ങളഴകില്‍പ്പുല്ലുമേ-
ഞ്ഞലയുമോമല്‍പ്പുല്‍ത്തകിടികള്‍;
അരിയ സസ്യശ്രീ കളിയാടും നാനാ
ഹരിതമോഹനവനികകള്‍;
കരളിലാനന്ദം പകരുവാന്‍, നേര്‍ത്ത
കലകളം പെയ്യും പറവകള്‍;
മഹിതം സമ്പന്നം മലനാ, ടെന്നിട്ടും
മതിയായില്ലെന്നോ വിഭവങ്ങള്‍?
അഴകും, ശാന്തിയും, സുഖഡരോഗ്യവും,
അലരുതിര്‍ക്കുന്നോരിവിടത്തില്‍
ഉരിയരിക്കഞ്ഞിക്കൊരുവഴിയില്ലാ-
തുരുകുന്നോ, കഷ്ട, മുദരങ്ങള്‍?
അരിയകല്‍പകനിരകള്‍തന്‍ നാട്ടി-
ലലയുന്നോ മേന്മലഗതികള്‍?
ഭുവനത്തിലെങ്ങുണ്ടിവിടുത്തേപ്പോലു-
ള്ളവധിയില്ലാത്ത വിഭവങ്ങള്‍?
ഫലമെ, ന്തെന്നിട്ടു, മിതുപോല്‍ മറ്റെങ്ങു-
ണ്ടുലകി, ലുല്‍ക്കടദുരിതങ്ങള്‍!

ധനഗര്‍വ്വത്തിന്റെ സുഖമദം പ്പോണം
ജനത സസ്യശ്രീ പുണരണം.
അടിമയും പാടില്ലുടയോനും പാടി-
ല്ലഖിലരുമൊന്നായമരണം.
തൊഴിലിന്‍ ക്ഷേത്രത്തില്‍സ്സസുഖമെല്ലാരും
തൊഴുകൈയര്‍ച്ചിച്ചു കഴിയണം!
അടിയട്ടേ, ചെങ്കോലടിയട്ടേ, വേഗ-
മരിവാളിന്‍ കാലമണയട്ടേ!
                        6-11-1118
       20

യാത്രയോതിബ്ഭവാന്‍ പോയൊരാ വീഥിയില്‍
പൂത്തുപൂത്താടിയ സായാഹ്നദീപ്തികള്‍;
അന്നെന്റെ ചിന്തയില്‍ പൂശിയ സൌരഭ-
മിന്നും തനിച്ചിരുന്നാസ്വദിയ്ക്കുന്നു ഞാന്‍!

ആവഴിത്താരയ്ക്കിരുവക്കിലും, തളിര്‍-
ത്തൂവാലയാട്ടിക്കുണുങ്ങീ ലതികകള്‍!
പിന്നാലെയെന്‍മിഴിക്കോണുകള്‍ പായിച്ചു
നിന്നിത്തൈമരം ചാരി വീര്‍പ്പിട്ടു ഞാന്‍.
ചേലില്‍ത്തഅലതിരിച്ചെന്‍നേര്‍ക്കിടയ്ക്കിട-
യ്ക്കാലക്ഷ്യമാക്കിയെറിഞ്ഞ മിന്നല്‍പ്പിണര്‍,
അപ്പൊഴെല്ലാമെന്‍ശിരസ്സുതാഴ്ത്തിച്ചതോ-
ടൊപ്പമൊ, ന്നിക്കിളിയാക്കി മല്‍ച്ചിത്തവും!
                        2-11-1118