ശ്രീതിലകം - ആത്മഖേദം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

    ആത്മഖേദം

അന്നത്തെദ്ദിനത്തിന്റെയന്ത്യനിശ്വാസം കേട്ടി-
ട്ടന്തരമണുപോലും കണ്ടീല ഞാനീമണ്ണില്‍.
ചരമാബ്ധിയില്‍ താണ വാസരേശനുവേണ്ടി-
ക്കരയാനുണ്ടായീല കൊച്ചുപുല്‍ക്കൊടിപോലും.
മാമല മാറ്റീലതിന്‍മൂകത; നീരാഴിതന്‍
ഭീമഗര്‍ജ്ജനഘോഷമല്‍പവുമടങ്ങീല.
പ്രേമപാത്രത്തെത്തേടിയങ്ങിങ്ങായലഞ്ഞിതാ
മാമരക്കാവുതോറും മന്ദനാം മണിത്തെന്നല്‍.
ശ്യാമനീലാഭാംബരത്താമരത്തടാകത്തില്‍
പൂമൊട്ടു മന്ദംമന്ദമോരോന്നായ് വികസിച്ചു.
തെളിഞ്ഞൂ ശശിലേഖ, യെങ്കിലു, മെന്നുള്‍ത്താരില്‍
കിളര്‍ന്നീലൊരു കൊച്ചു കൌമുദീനാളം പോലും!

വിജനശ്മശാനത്തിന്വിരിമാറിടം, രാഗ-
ഭജനത്തിനായെനിക്കവശേഷിപ്പൂ, മൂകം.
തരുണാരുണന്‍ വീണ്ടുമെത്തിടാം - പക്ഷേ,യെനി-
ക്കൊരുതീരാത്ത കൊടും രാത്രി മാത്രമേയുള്ളു;
ആറടിപ്പൊടിമണ്ണിലെന്നാശാലതയിപ്പോ-
ളാഴക്കു വെണ്‍ചാമ്പലായ് വീണടിഞ്ഞിരിക്കണം.
സത്യസൌന്ദര്യത്തിന്റെ നാമ്പിലൊന്നിന്നേവരെ
നിത്യതപ്പൂങ്കാവിങ്കല്‍നിന്നു ഞാനറുത്തീല.
ഒരു വാര്‍മഴവില്ലിലെന്റെ സൌഭാഗ്യാസവം
ചൊരിയാനൊരുമ്പെട്ടൊരീശ്വരന്‍, ജയിക്കട്ടെ!

വസുധാംഗനയാള്‍തന്‍ താരുണ്യം, വര്‍ഷന്തോറും
വസന്താഗമത്തിങ്കല്‍ നൂതനമായേതീരൂ.
അംബരാരാമത്തിങ്കലമ്പിളിക്കുരുന്നുക-
ണ്ടംബുധിരോമാഞ്ചമാര്‍ന്നാനന്ദനൃത്തംചെയ്യും.
വിണ്ടലം വിളര്‍ക്കുമ്പോള്‍ തണ്ടലര്‍ വിടര്‍ന്നീടും
വണ്ടു പാടീടുംനേരം ചെണ്ടു പുഞ്ചിരിക്കൊള്ളും.
നിത്യശാന്തിയിലെല്ലാം ലാലസിക്കുമ്പോളെന്റെ
തപ്തബാഷ്പാംബുമാത്രം വറ്റിടാതൊഴുകിപ്പോം!
സര്‍വ്വവും സന്തോഷത്താല്‍ കോള്‍മയിര്‍ക്കൊള്ളുമ്പോള്‍ ഞാന്‍
ദുര്‍വ്വിധിപ്പുകക്കാട്ടില്‍ വീര്‍പ്പുമുട്ടണംപോലും!

മരവിപ്പിച്ചീലെത്ര വാചാലജിഹ്വാഞ്ചലം
മരണം, മന്ദ്രം മന്ത്രിച്ചീടുന്ന മായാമന്ത്രം!
ഒരുകാറ്റടിക്കുമ്പോളെത്ര വെണ്മലരുകള്‍
വിറകൊണ്ടിതളറ്റുവീഴുകില്ലയേ്യാ, മണ്ണില്‍!
എത്രയോമിന്നല്‍ക്കൊടിയിന്നോളം മറഞ്ഞതി-
ല്ലെത്രനീര്‍ക്കുമിളകള്‍ കിളര്‍ന്നുതകര്‍ന്നീല!
പ്രേമസൌരഭ്യംവാര്‍ന്ന തപ്തനിശ്വാസം കഷ്ടം
തൂമണിക്കുളിര്‍കാറ്റിലെത്ര ചേര്‍ന്നലിഞ്ഞീല!
ഉത്തരം പറയാത്ത കാലത്തോടവയെല്ലാം
വ്യര്‍ത്ഥമായ് ചോദിക്കുവതെന്തിനെന്‍ ഹൃദയമേ?
നിത്യശക്തിതന്നോരോ ലീലാഭേദങ്ങള്‍താനീ-
ച്ചിത്രങ്ങള്‍ വീണ്ടും വീണ്ടും മായ്ക്കലും വരയ്ക്കലും!
ഇക്കൊടുംചുടുകാട്ടിന്‍ വരണ്ട മണ്ണില്‍ത്തന്നെ-
പുക്കുവിശ്രമിക്കുകെന്‍ കണ്ണുനീര്‍ക്കണങ്ങളെ!
മായലു, തെളിയലാ, ണല്ലെങ്കില്‍, പണ്ടേതന്നെ
'മായ'യെന്നൊരു പദം മാനുഷന്‍ മറന്നേനേ!...

                               -ഏപ്രില്‍ 1933