സൌഹൃദത്തിന്റെ സൌരഭത്തിനാല്
സൌഭഗാര്ദ്രമാണിദ്ദിനം!-
കര്മ്മശുദ്ധിതന് കമ്രകാന്തിയാല്
നന്മ പൂണ്മതാണിദ്ദിനം!-
ഭാവശാന്തതയാലടിമുടി
പൂവണിഞ്ഞതാണിദ്ദിനം!-
പ്രാണഹര്‍ഷങ്ങള്‍ വാരിവീശുന്ന
വേണുഗാനമാണിദ്ദിനം!-
ഒത്തുചേര്ന്നിന്നു വാഴ്ത്തുക നമ്മ-
ളിദ്ദിനത്തെസ്സഹജരേ!
ഇന്നുതൊട്ടിനിയില്ല നമ്മളില്‍
ഭിന്നവര്ഗ്ഗീയ ചിന്തകള്‍;
ഇല്ല ജാതിമതാദിഭേദങ്ങ-
ളില്ലനാചാരനിഷ്ഠകള്!
അന്തമില്ലാത്ത കര്മ്മരാശിയും
ചിന്തകളും മൊഴികളും
സര്വ്വവുമൈക്യസൌഹൃദോജ്ജ്വലം
സര്വവുമാദര്ശകോമളം!
സേവനം, ദീനസേവനം, നമ്മള്
മേവും ശാന്തിനികേതനം!
മോഹനോല്ക്കര്ഷദീപം മിന്നിപ്പൂ
സ്നേഹധാരപകര്ന്നു നാം!
ഞങ്ങളോടൊത്തു വന്നുചേരുവിന്‍
നിങ്ങളോമല് സഹജരേ!
വിശ്വഗഹത്തില് പൂത്തുനില്ക്കുന്ന
വിശ്വാസത്തിന് തണല്‍ച്ചോട്ടില്‍
തോഴരേ, നിങ്ങള്‍ പോരുവി,നെന്നും
തോളുരുമ്മിയിരിക്കുവാന്!
ഇസ്സുദിനമഹോത്സവങ്ങളില്
സസ്പൃഹം പങ്കുകൊള്ളുവാന്‍
ഞങ്ങളോടൊത്തു വന്നുചേരുവിന്‍
നിങ്ങളോമല് സഖാക്കളേ! .....