അകളങ്കാനന്ദത്താ-
ലിത്ര നാളെന്നാത്മാവി
ലമലേ, പേര്‍ത്തും പേര്‍ത്തും
പുളകം പൂശിച്ചു നീ!
എങ്ങനെ മറക്കും ഞാന്‍
പ്രാണനാളത്തോടൊട്ടി-
ത്തങ്ങിനിന്നീടും നിത്യ-
മംഗളാസ്പദേ, നിന്നെ?
ദിവ്യാത്മബന്ധം ലോകം
മറ്റൊന്നായ് വ്യാഖ്യാനിയ്ക്കാം
ദൈവത്തിന് മുന്നില്‍, പക്ഷേ
തെറ്റുകാരല്ലല്ലോ നാം!
അതിനാലധീരമ-
ല്ലെന്മനമൊട്ടും ലോക-
ഗതികണ്ടിടയ്ക്കിട-
യ്ക്കല്ലലിലടിഞ്ഞാലും.
ഭൂവില്‍ ഞാന്‍ നിന്നെക്കണ്ടു-
മുട്ടിടാതിരുന്നെങ്കില്-
ജ്ജീവിതസൌന്ദര്യം ഞാ-
നറിയാതിരുന്നേനേ!
നിസ്വാര്ത്ഥസ്നേഹാമൃത-
മാധുര്യം, നീയാണാദ്യം
നിസ്വനാമെന്നെ സ്വദി-
പ്പിച്ചതി പ്രപഞ്ചത്തില്‍.
നിന്നിലൂടീക്ഷിപ്പൂ ഞാന്‍
സ്ത്രീത്വത്തിന് മാഹാത്മ്യത്തെ
നിന്നിലൂടാരാധിപ്പൂ
ശക്തിയെസ്സഹര്ഷം ഞാന്‍!
സന്തതം നവരക്ത-
പുഷ്പസഞ്ചയമെന്റെ
സങ്കല്പം, നിന്തൃക്കാല്ക്ക-
ലര്ച്ചിച്ചുനില്പൂ, ദേവി! ...
14-8-1119
3
വനനീലിമയെപ്പുണര്ന്നടു-
ത്തണയും കോകിലകൂജനങ്ങളേ,
പ്രണയാകുല ഞാ, നശേഷമി-
ന്നനുമോദിക്കുകയില്ല നിങ്ങളെ!
വികസിച്ചു വിലാസസുസ്മിതം
വിതറീടും നവകോരകങ്ങളേ,
വിരഹാകുല ഞാന്‍, ക്ഷമിക്കുവിന്‍
വിഗണിച്ചീടുകിലിന്നു നിങ്ങളെ!
അനുഭൂതികള്‍ വീശി നിന്നൊര-
ക്കനകപ്പൂങ്കതിരസ്തമിച്ചിതോ?
ഇനിവീണ്ടുമുദിയ്ക്കയില്ലയോ
തനിയേ നീ തളിരിട്ട ഭാഗ്യമേ?
22-10-1118