(പാലക്കാട്ടു സാഹിത്യപരിഷത്തില്‍ വായിച്ചത്)
മുന്നോട്ടടങ്ങാത്ത നിന്കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകു യുവത്വമേ!
അത്യുച്ചമാം നിന്നിരമ്പല് ദൂരത്തുനി-
ന്നെത്തുന്നതവ്യക്തമാണെന്നിരിക്കിലും
പേര്‍ത്തും വിറച്ചുതുടങ്ങിയുണക്കില-
ച്ചാര്ത്തുകളാര്ത്തിയാര്ന്നുല്ക്കടഭീതിയാല്!
വെള്ളിത്തലമുടി പൂണ്ട നൂറ്റാണ്ടുക-
ളുള്ളഴിഞ്ഞേകിയ മംഗളാശംസകള്‍
ഉള്‍ക്കൊണ്ടു ശാശ്വതത്വം സ്വയം ഭാവിച്ചു
നില്ക്കും മഹാവൃക്ഷസഞ്ചയം കൂറ്റിയും,
കമ്പിതശാഖയാല് കൈമലര്ത്തിപ്പാര-
മമ്പരപ്പോടുറ്റുനോക്കുന്നു ചുറ്റിലും!
വെമ്പി വിളറിത്തുടങ്ങി, യുഷസ്സിന്റെ
മുമ്പിലുത്തുംഗസ്ഥകാഞ്ചനതാരകള്.
മുന്നോട്ടടങ്ങാത്ത നിന്കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകൂ യുവത്വമേ!
നഷ്ടംവരാനെന്തിരിക്കുന്നു, ഹാ, കുറെ
ക്ഷുദ്രപത്രങ്ങള് കൊഴിഞ്ഞു വീഴുന്നതില്‍?
പാതവക്കത്തെച്ചിലന്തിനൂല്ക്കെട്ടുകള്
പാദ പാതത്തില്‍ തകര്‍ന്നു പോകുന്നതില്‍?
അഭ്രാനനം, മുകര്ന്നാടും മരങ്ങളോ-
ടൊപ്പമീയോമല്തൃണങ്കുരശ്രേണിയും
സന്തതമാസ്വദിച്ചീടട്ടനന്തമാ-
മന്തരീക്ഷത്തിന് വിശുദ്ധവായുക്കളെ!
നീയതില് നിത്യം വിഷപ്പുക ചേര്‍ക്കയോ,
നീതി നിര്‍മ്മിക്കുന്ന നിര്ദ്ദയസ്വാര്ത്ഥതേ?
നിന്നസ്തിവാരം തകരാന്‍ തുടങ്ങി, നീ
നിന്നു കാലൂന്നിയാലില്ല ഫലമിനി.
മുന്നോട്ടടങ്ങാത്ത നിന് കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകൂ യുവത്വമേ!
കര്ഷകരാജ്യമതിങ്കലാകര്ഷക-
ഹര്‍ഷപുളകം മുളയ്ക്കട്ടെ മേല്ക്കുമേല്!
കുന്നുകള്‍ വീണു കുഴികള്‍ നികരട്ടെ.
വിണ്ണിന് വെളിച്ചം കുടിക്കട്ടെ ജീവികള്‍
സസ്മിതം സീമയറ്റുല്ലസിച്ചീടട്ടെ,
സസ്യസമൃദ്ധസമതലഭൂമികള്!
ഓരോപരിവര്ത്തനങ്ങള് കളകള-
ധാരയില്‍ മുക്കട്ടെ ജീവിതത്തോപ്പുകള്!
എപ്പൊഴും വീണവായിച്ചുകൊണ്ടെത്തിട-
ട്ടഭ്യുദയങ്ങളാമപ്സര:കന്യകള്‍!
മന്ദിരം തോറുമനാരതം സ്വാതന്ത്യ്ര-
മന്ദ്രഘോഷങ്ങള് മുഴങ്ങട്ടെമേല്ക്കുമേല്!
മുന്നോട്ടടങ്ങാത്ത നിന് കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകൂ യുവത്വമേ!
-30-12-1940