ബാഷ്പാഞ്ജലി - വ്രണിതഹൃദയം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

വ്രണിതഹൃദയം
പരമധന്യയാമുലകിനെന്തിനെന്‍-
ഹൃദയബാഷ്പത്തില്‍ നനഞ്ഞ ചിന്തകള്‍?
കപടലോകത്തിന്‍ നടുവിലീവിധം
കദന ഭീരുവായ് കഴിഞ്ഞിടുന്ന ഞാന്‍,
നിരര്‍ത്ഥജല്‍പനം പൊഴിപ്പതൊക്കെയു-
മസഹ്യമായേക്കാം പലര്‍ക്കുമെപ്പൊഴും.
'ക്ഷമിക്കു'കെന്നതിനുരച്ചുകൊണ്ടിതാ
നമിച്ചീടുന്നു ഞാനതിവിനീതനായ്!
വിവിധചിന്തയാല്‍ഹൃദയവീണതന്‍-
മൃദുലതന്ത്രികള്‍ശിഥിലമാകയാല്‍,
നിരുപമാനന്ദമധുരിമയെഴു
മൊരുഗാനമ്പോലുമുദിപ്പതല്ലതില്‍!
മദീയമാനസംമഥിത,മീവിധം
വിഫലഗദ്ഗദം പൊഴിക്കാവൂ മേലും!!åå 19-2-1108