കലാകേളി - ആ രംഗം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

നകതാരകല്‍ കതിര്‍ചൊരിഞ്ഞൊരക്കളിമലരണിക്കാവില്‍;
കവനലോലുപരിരുവര്‍ ഞങ്ങളൊരതുലനാടകമാടി!
ഇണയിറങ്ങുമാറകലെ രാക്കുയിലൊരു കിളി മരക്കൊമ്പില്‍,
പ്രണയഗാനങ്ങള്‍ പലതുമങ്ങനെ കളലളിതമായ് പാടി!
ചേണിയലും നീലനിഴല്‍ നീളെ നീളെത്തിങ്ങി-
പ്പൂനിലാവലകളിലാപ്പൂവനിക മുങ്ങി!
തരളിതനവസുരഭിലവനപവനനിലുലഞ്ഞാടി-
ത്തരുനിരകളെത്തഴുകി വല്ലികള്‍ പുളകപ്പൂങ്കുല ചൂടി!
പറവതെന്തു ഞാന്‍ സഖികളേ, പാരം പരിധിയറ്റതാമേതോ
പരമനിര്‍വൃതിപ്പുഴയില്‍ ഞങ്ങളന്നൊഴുകിയങ്ങനെ പോയി!

ഭരിതമോദമെന്‍ മടിയില്‍ ഞാനൊരു ചെറുവിപഞ്ചികയേന്തി-
ത്തെരുതെരെയതിന്‍ കനകതന്ത്രികള്‍ മധുമധുരമായ് മീട്ടി!
സുഖദമായൊരസ്വരലഹരിയില്‍ മുഴുകിയെന്‍ മടിത്തട്ടില്‍
സുമശരോപമസുഭഗനങ്ങനെ കിടന്നു സുസ്മിതം തൂകി!
എത്തുകില്ലൊരിക്കലുമാ മുത്തണിഞ്ഞകാലം
വ്യര്‍ത്ഥമാണിക്കാണ്മതെല്ലാം പാഴ്ക്കിനാവിന്‍ ജാലം!