കലാകേളി - ആനന്ദരംഗം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മാനസം മാമകമാകമാനം
ആനന്ദചിന്തതന്‍ വേണുഗാനം.
ശോകമൊഴിഞ്ഞു കഴിഞ്ഞു-ചിത്തം
രാഗാദയത്തില്‍ തുടങ്ങി നൃത്തം.
കാര്‍മുകില്‍ നീങ്ങിത്തെളിഞ്ഞു സൂര്യന്‍
പൂമണം വീശി മരുല്‍കിശോരന്‍.
പച്ചനെല്ലോലകള്‍ കാറ്റുതട്ടി-
ക്കൊച്ചോലച്ചാര്‍ത്തുകള്‍ കൂട്ടിമുട്ടി.
ദൂരത്തു, ദൂരത്തു, വന്മരങ്ങള്‍
വാരിച്ചൊരിയുന്നു മര്‍മ്മരങ്ങള്‍.
മാകന്ദവാടിയില്‍ കോകിലങ്ങള്‍
തൂകുന്നു ഗാനങ്ങള്‍ കോമളങ്ങള്‍.
പച്ചപ്പുല്ലാളും തടം തഴുകി-
ക്കൊച്ചുപൂഞ്ചോല തളര്‍ന്നൊഴുകി.
മന്ദം, സഖികളോടൊത്തുകൂടി
മണ്‍കുടമേന്തിക്കൊ, ണ്ടാടിയാടി
ഹാ, മുഗ്ദ്ധമന്ദാക്ഷലോലരായി,
ഗാമീണബാലകള്‍ വന്നുപോയി.
പൂഞ്ചിറകാര്‍ന്ന പുളകംപോലെ
പൂമ്പാറ്റ പാറിപ്പറന്നു ചാലേ.
എങ്ങുമൊരാനന്ദപ്പൊന്‍തരംഗം
പൊങ്ങിത്തുടങ്ങുന്നിതെന്തു രംഗം!
-ഞാനുമെന്‍ കണ്ണീര്‍ തുടച്ചിടട്ടേ;
ഞാനുമെന്‍ ഗാനം ചൊരിഞ്ഞിടട്ടേ!
ആതങ്കം കൈവെടിഞ്ഞാത്തവേഗം
ആനന്ദം പൂകട്ടേ സാനുരാഗം!
ഓമലാളേ, നീയൊന്നിങ്ങു നോക്കൂ
ഓടക്കുഴലതിങ്ങേകിയേക്കൂ!-
ആനന്ദരംഗമിതിങ്കല്‍ വേണം
ഞാനുതിര്‍ക്കുന്നതെന്‍ പ്രേമഗാനം!