മയൂഖമാല - നിദ്രയില്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

നിദ്രയില്‍ (ഒരു ജര്‍മ്മന്‍കവിത-ആല്‍ഫ്രഡ്

എത്രയും ദൂരത്തുനിന്നു, ഞാ,നെന്‍നാട്ടി-
ലെത്തുന്നു സദ്രസം മല്‍സുഖനിദ്രയില്‍!
ഉത്തുംഗശൈലങ്ങല്‍ പാറപ്പടര്‍പ്പുക-
ളത്യഗാധങ്ങളാമാഴിപ്പരപ്പുകള്‍
എന്നിവയെല്ലാം കടന്നുകടന്നു ഞാ-
നെന്‍നാട്ടിലെത്തുന്നു മല്‍സുഖനിദ്രയില്‍.
ഘോരാന്ധകാരത്തി,ലോരോനിശാചര-
വീരരോടേറ്റമെതിര്‍ത്തു വിജയിയായ്,
നിഷ്പ്രയാസം ഞാന്‍ ഗമിക്കുന്നു മുന്നോട്ടു
നിദ്ര വന്നെന്നെയനുനയിപ്പിക്കയാല്‍.
കോമളമാമൊരു ഹസ്തം ഗ്രഹിച്ചിതാ
മാമകമന്ദിരോപാന്തത്തില്‍ നില്പു ഞാന്‍!
ഘണ്ടാനിനദപ്രതിദ്ധ്വനിവീചികള്‍
വിണ്ടലത്തോളമുയരുന്നു മേല്ക്കുമേല്‍!
ഇത്തെരുവീഥികള്‍തോറും കുതൂഹല-
ചിത്തനായ്, വേച്ചും, വിറച്ചു, മൊരുവിധം
മുന്നോട്ടു മുന്നോട്ടു പോവുകയാണിതാ
മന്ദസുഷുപ്തിയില്‍ ബന്ധിതനായ ഞാന്‍!

--നവംബര്‍ 1932