ലീലാങ്കണം - അപരാധി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

(കേക)
ഒന്ന്
വല്ലികാവൃതമായ വാടികയ്ക്കകത്തൊരു
നല്ലാര്‍മൌലിയാളേകാകിനിയായ് വസിക്കുന്നു!

വാരുണീകപോലത്തില്‍ തങ്കം കുങ്കുമപങ്കം
ചാരുവെണ്‍കരങ്ങളാല്‍ തുടച്ചു താരാനാഥന്‍.

ഇരവിന്‍ കരിങ്കൂന്താലായിടുമിരുള്‍ ചിക്കി-
ച്ചൊരിവൂ പനിനീരിന്‍ ശീതളവെണ്‍തുള്ളികള്‍

ശരദാകാശാംഗന നിദ്രാവൈവശ്യം പൂണ്ടു
താരനേത്രങ്ങള്‍ മന്ദമടച്ചുതുറക്കുന്നൂ!

അന്ത്യമായ്‌ത്തരുക്കളെയാശ്ലേഷിച്ചെങ്ങോ പോയി-
പ്പൂന്തെന്നല്‍പോലും നിദ്രചെയ്യുവാനാരംഭിച്ചു.

നിദ്രതന്‍ പരിഷ്വംഗത്താലപ്പോള്‍ പ്രകൃത്യംബ
സദ്രസം വശഗയായ് നിശ്ചലം നിലകൊള്‍വൂ!

പാതിയും തീര്‍ന്നൂ രാവിന്‍നര്‍ത്തനം, ഗാനാല്‍പ്പരം
പാതിരാപ്പതത്രിയും നിദ്രയില്‍ പങ്കുകൊണ്ടാന്‍

ക്രമുകാവലികള്‍തന്‍ പുതുപൂക്കുല പൊട്ടി-
യമലാമോദമപ്പോളവിടെപ്പരക്കയായ്!

ഓമലാള്‍ നെടുതായ വീര്‍പ്പുവിട്ടനന്തരം
തൂമുഖത്താമരത്താരൊന്നു പിതിരിക്കവേ,

അന്തികേ കണ്ടീടിനാളിഷ്ടതോഴിയാളാകും
'സാന്ധില്യ'തന്നെ-സന്താപാവിഷ്ടയെ-സാധുവെ.

ത്വരയാര്‍ന്നവള്‍ വേഗം ചോതിപ്പൂ:- "തോഴീ! അവ-
നുരചെയ്തൊരു വാക്യം മുന്‍ചൊന്ന വൃത്തംതാനോ?"

ചൊല്ലിനാള്‍ സഖീ:- "ഭദ്രേ! ദുഷ്ടനാമവന്‍ നിന്നെ
വല്ലമട്ടിലും ചതിച്ചീടുവാന്‍ മുതിരുന്നു

സദ്വൃത്തയാകും നിന്റെ സാരോപദേശമെല്ലാം
വ്യര്‍ത്ഥമാണവനോടു ഫലിക്കില്ലവയൊന്നും!

പോക നാമുറങ്ങുവാന്‍, പാതിര കഴിഞ്ഞുപോ-
യാകുലംവേണ്ട നിന്നെ രക്ഷിച്ചീടുന്നുണ്ടു ഞാന്‍.

താവകചിത്തേശന്റെ താരുണ്യപ്പൂങ്കാവിലെ-
പൂവണിത്തൂമരന്ദം മൃഷ്ടമായ് നുകര്‍ന്നീടാന്‍,

നിന്നെ ഞാന്‍സഹായിക്കാ, മവന്‍തന്നരവാളി-
നെന്നുടെ കണ്ഠരക്തമര്‍പ്പണം ചെയ്തെങ്കിലും.

ഇന്നു നാം പരസ്പരം നമ്മുടെയുറക്കറ-
യൊന്നു മാറ്റേണം-എങ്കില്‍ സര്‍വ്വവും സഫലമായ്

നിത്യവും നിദ്രചെയ്യും നിന്‍മച്ചു മാറ്റീടാഞ്ഞാ-
ലത്യാപത്തടുത്തു വന്നെത്തിടും നിസ്സംശയം.

അങ്ങിനെ വന്നാകില്‍ നിന്‍ മാനസേശ്വരന്‍ തന്റെ
മംഗളഭാഗ്യോദയമക്ഷണം നശിച്ചുപോം!

പാടില്ല,മല്‍ജീവിതം തുച്ഛമാ-ണതു തീര്‍ക്കാ-
നാടലില്ലല്പംപോലും താവകാര്‍ത്ഥമായ്ശ്ശുഭേ!

ഈ മട്ടിലുരചെയ്തു തോഴി, സ്വാമിനിയെത്തന്‍
പൂമണിമേടതന്നിലേക്കുടന്‍ നയിക്കയായ്!

രണ്ട്

കോമളമായീടുന്നൊരാമണിമേടതെന്റെ
പൂമച്ചിന്‍ കവാടമൊന്നുഗമാം കൃപാണത്താല്‍

ദലനംചെയ്തുകൊണ്ടു ദനുജാകാരനേകന്‍
നിലയും മറന്നതാ ചീര്‍ത്തുകൊണ്ടണയുന്നൂ!

മഞ്ചത്തില്‍ശ്ശയിച്ചിടും പൊന്‍തിടമ്പിനുനേരെ
വഞ്ചകന്‍ പകയ്ക്കാതെ പാരാതെ പാഞ്ഞീടുന്നൂ!

ആ, നിന്ദ്യഖള്‍ഗധാരാപതനം പെട്ടെന്നൊരു
ദീനരോദനത്തിനാല്‍ പിന്നോട്ടു വലിയുന്നൂ!

എന്തിനായ്ക്കരവാളം വലിച്ചു പെട്ടെന്നു നീ
ഹന്ത, യാ, മൃണാളം നീ രണ്ടായ്പ്പിളര്‍ത്തുപോയ്!

എത്രയും പരിചിതമാകിന "ജ്യേഷ്ഠാ!"യെന്നു
ള്ളാര്‍ത്തരോദനമവന്‍ കേട്ടൊന്നു ഞെട്ടീടിനാന്‍!

ജാലകം തുറക്കവേ,പൂനിലാവെളിച്ചത്തില്‍
ചാലവേ കണ്ടാനവനക്കുളിര്‍കളേബരം

അന്ധകാരത്തിലറിയാതെ താന്‍ ഹനിച്ചുപോയ്-
സ്സാന്ധില്യയാം തന്നുടെയേകസഹോദരിതന്നെ!

വേപഥുകളേബരനായ് നിന്നീടുമവനോടു
താപവാക്യങ്ങള്‍ തന്വിയോതിനാള്‍ സഗല്‍ഗ്ഗദം.

'ഭ്രാതാവേ! തപിക്കായ്ക; സാരമില്ലിതു, പക്ഷേ
സാധുവാം 'സൌഗന്ധിക'യ്ക്കത്തല്‍ നീ ചേര്‍ത്തീടൊല്ലേ!

ഇക്കൊച്ചു സഹോദരി പോകിലും പകരമാ-
യക്കുളിര്‍വാണിതന്നെയെന്നെപ്പോള്‍ ഗണിക്ക നീ!

ആയവള്‍ക്കണുപോലുമാതങ്കം ചേര്‍ത്തീടാതെ-
യായുഷ്കാലാന്ത്യംവരെ വര്‍ത്തിക്കേണമേ ഭവാന്‍!

എന്നാകില്‍ കൃതാര്‍ത്ഥ ഞാന്‍, സോദരാ, പോയീടട്ടേ
മന്നിന്റെ മറിമായമിന്നിമേല്‍ കണ്ടീടാതെ!"

മൂന്ന്

ആദ്യമായവനുടെയക്ഷികള്‍ ജലാര്‍ദ്രമായ്-
യാദ്യമായവനൊരു തപ്തനിശ്വാസം വിട്ടാന്‍!

ധന്യനാമൊരുവന്റെ രാഗത്തെകൊതിച്ചീടും
കന്യകാരത്നത്തിനെപ്പാട്ടിലാക്കീടാനവന്‍;

ഏറെനാള്‍ ശ്രമിച്ചിട്ടും, സാദ്ധ്യമാകായ്കമൂലം
കാറൊളിക്കുഴലാളെക്കൊല്ലുവാന്‍ സന്നദ്ധനായ്

അണഞ്ഞതാണപ്പുമാന്‍,-എന്തെന്ത് പുമാനോ? ഹാ!
ഗുണിയാണവനെങ്കിലീവിധം തുനിയുമോ?

തത്തോപദേശമെത്ര ചെയ്കതില്ലവര്‍ രണ്ടു-
മുള്‍ത്താരിലവനു ചെറ്റലിവുണ്ടാക്കീടുവാന്‍!

ആയവ വിഫലമായെങ്കിലു, മിപ്പോഴവന്‍
ന്യായചിന്തകനായ്പ്പോയ്സോദരീവധംമൂലം

അന്നുതൊട്ടവന്‍ തനിക്കുറ്റസോദരിയെപ്പോല്‍
ധന്യയാം സൌഗന്ധികതന്നോടു വര്‍ത്തിക്കയായ്

എങ്കിലും, 'അപരാധി' തന്നെ താനെന്ന ചിന്ത
പങ്കിലമാക്കീടാറുണ്ടവനു തന്മാനസം!