മംഗളമണിനാദം!-ശ്രീലസല്സമാധാന-
രംഗത്തിന് നവോദയകാഹളം!-മുഴങ്ങുന്നു!
ശാന്തിതന്‍ മരതാപ്പൂവനമെല്ലാം പൂത്തു
കാന്തിയുമുല്ക്കര്ഷവുമൊന്നിച്ചു കരം കോര്‍ത്തു
വിജയക്ഷേത്രത്തിന്റെ ഗാപുരകവാടങ്ങള്
വിരവോടെല്ലാര്ക്കുമായ് തുറക്കപ്പെട്ടുമുന്നില്.
മാമൂലിന് മഷിതേച്ചമാറാല മാറിപ്പോയി
മായാത്തമയൂഖങ്ങള് നൃത്തമാടുകയായി!
ഇച്ചിത്രയുഗത്തിന്റെ സുപ്രഭാതത്തിന്മുന്നി-
ലര്ച്ചിക്കൂ, വേണാടേ, നിന്നിര്മ്മലഹര്ഷാശ്രുക്കള്.
ഇപ്പുണ്യവിളംബരമേകിയചെങ്കോലിന്റെ
കെല്പ്പിനും കനിവിനുമരുളൂ നമോവാകം!
ദൈവത്തെപ്പങ്കിട്ടുകൊണ്ടിന്നലേവരെ, യോരോ
വൈവിദ്ധ്യം കാണിച്ചു നാം കലഹംകൂട്ടി തമ്മില്‍.
ഇന്നിതാ നമുക്കെല്ലാമൊന്നിച്ചു കൈയുംകോര്ത്തു
നിന്നുകൊണ്ടുല്ക്കര്ഷത്തെപ്പുണരാനിടയായി.
ഇന്നത്തെ 'ശ്രീവാഴുംകോ'ടനന്വര്ത്ഥമായ്-ലോകത്തിന്
മുന്നിലിന്നതു നേടീ മുഖ്യമാംസ്ഥാനം നൂനം!
ഈ നവയുഗത്തിന്റെ സുപ്രഭാതത്തില്ക്കൂടി
മാനവത്വത്തിന്‍ വാടാവെളിച്ചം മന്ദം മന്ദം
പരന്നുപരന്നൊരുകാലത്തു കാണാറാകും
പരമസ്നേഹത്തിന്റെ പാവനമതം മാത്രം!
അന്നത്തെ വിശ്വവ്യാപകോല്ക്കര്ഷസമുദ്രത്തി-
ന്നമ്മയാ, ണിന്നീനാട്ടിന് കനിവിന്വെള്ളത്തുള്ളി;
അന്നത്തെസ്സമത്വത്തിന് സാമ്രാജ്യം താലോലിപ്പൂ
തന്നുള്ളിലടക്കിക്കൊണ്ടിക്കൊച്ചുമണല്ത്തരി.
ഇദ്ദിവ്യയജ്ഞാഗ്നിയാല് കൊളുത്തപ്പെട്ടീടട്ടെ
സദ്രസം, മൃതയായ ജാതിതന്‍ ചിതാകൂടം!
ബുദ്ധിതന്‍ വിദ്യുച്ഛക്തിമന്ദിരമായീടുമീ-
യുത്തമസചിവന് തന്നമരംപിടിക്കലാല്,
ഒഴുകിക്കളിക്കട്ടെ നിര്‍ബാധം കാറും കോളും
ചുഴിയും കണക്കാക്കാതെന്നുമിച്ചെറുവഞ്ചി!
നിര്‍ഭരം നടക്കട്ടെ വീണവായിച്ചുംകൊണ്ടു
നിത്യമീ വേണാടിന്റെ ഭാഗ്യദേവതയെങ്ങും!
ഇക്ഷേത്രപ്രവേശനമംഗളവിളംബര-
മക്ഷയസമാധാനത്തിന്റെ നാന്ദിയായ് ശോഭിക്കട്ടെ!
നീണാളായ് കൊതിച്ചൊരാ നിര്‍വൃതി ലഭിച്ചിന്നു
വേണാട്ടില്‍ ജനിക്കയാല് ചരിതാര്ത്ഥരായ് നമ്മള്.
അത്യന്തപവിത്രമാമീ യുഗമാരംഭിച്ച
ചിത്രതാരകേ, ഹാ, നീയുല്ലസിക്കാവൂ മേന്മേല്!
താവകയശസ്സിന്റെ രശ്മികളുണര്ത്തട്ടെ
കേവലം മരവിച്ച ലോകത്തിന്റെ പ്രജ്ഞാചക്രം!