വെല്ക നീ, വെല്ക നീ, മന്മാതൃഭൂവിനെ-
പ്പുല്കിയുണര്ത്തുന്ന പൊന്നുഷസ്സെ!
സ്വാതന്ത്ര്യ പീയൂഷവാഹിനീ, മോഹിനീ,
സ്വാഗതം ചെയ്യുന്നു നിന്നെ ഞങ്ങള്‍!
എത്രയോകാലമായൊത്തൊരുമിച്ചു നീ-
യെത്തുവാന്‍ ഞങ്ങള്‍ തപസ്സുചെയ്വൂ!
കര്മ്മതപസ്സിതിന് കാഠിന്യപൂര്ത്തിയില്
കണ്ണഞ്ചിച്ചെത്തിയോ ശാരദേ, നീ?
അര്‍ച്ചിപ്പൂ നിന് കാല്ക്കലാനന്ദ സാന്ദ്രങ്ങ-
ളച്ഛങ്ങള് ഞങ്ങള്‍തന്‍ മാനസങ്ങള്‍!
നിര്‍ന്നിമേഷാക്ഷരായ് നിര്വൃതിയാര്ന്നിതാ
നിന്മുന്നില്ക്കൈകൂപ്പി നില്പൂ ഞങ്ങള്‍.
വെല്ക നീ, വെല്ക നീ, മാതൃഭൂവിനെ-
പ്പുല്കിയുണര്ത്തുന്ന പൊന്നുഷസ്സേ!
ഒത്തുകൈകോര്ത്തു പോം കൂട്ടുകാര്‍ കൂസല-
റ്റൊട്ടുചെല്ലുമ്പോളകന്നു മാറാം.
ഒറ്റവയറ്റില്ക്കിടന്നവര്കൂടിയു-
മൊറ്റതിരിഞ്ഞു പിരിഞ്ഞുപോകാം.
വന്ധ്യമാണദ്വൈതം, ദ്വൈതമേ ലോകത്തെ
ബന്ധിച്ചുനില്ക്കൂ സഗര്ഭയായി-
ഉജ്ജ്വല സംസ്കാരതേജോമയങ്ങളാ-
മുല്ക്കര്ഷങ്ങള്ക്കു സവിത്രിയായി-
എങ്കിലും സര്വ്വവുമൊന്നാണൊടുവില് നിന്
പൊങ്കതിര് മേല്ക്കുമേല് പെയ്യു, ദേവി!
വെല്ക നീ, വെല്ക നീ, മന്മാതൃഭൂവിനെ-
പ്പുല്കിയുണര്ത്തുന്ന പൊന്നുഷസ്സെ!
വിശ്വസൌഹാര്ദ്ദത്തിന് ക്ഷേമോത്സവം വാഴ്ത്തി
വിസ്തൃതാദര്ശങ്ങള് വീശി വീശി,
ഉല്‍ക്കകള്‍ ചിന്തട്ടെ ഞങ്ങള്‍തന്‍ ചിന്തകള്‍
ചക്രവാളാന്തത്തെ ലക്ഷ്യമാക്കി.
ഓരോ ചിറകടി തട്ടിയുണര്ത്തീട-
ട്ടോരായിരം കൊടുങ്കാറ്റുകളെ.
എത്തട്ടേ ഞങ്ങള്‍തന്‍ നിത്യോത്സവത്തിനാ-
യെത്രയും വേഗം സമത്വ ചൈത്രം.
ദാരിതമാകട്ടെ മണ്കട്ടമാതിരി
ദാരിദ്ര്യമെന്ന മൂന്നക്ഷരങ്ങള്‍.
വെല്ക നീ, വെല്ക നീ, മന്മാതൃഭൂവിനെ-
പ്പുല്കിയുണര്ത്തുന്ന പൊന്നുഷസ്സെ!
നിസ്തുലനിസ്വാര്ത്ഥ സേവനത്താല്‍ ഞങ്ങള്‍
നിത്യ സൌഹാര്‍ദ്ദം പുലര്‍ത്തുവാനും,
സ്വാന്തോത്സവം ചേര്‍ന്നു, താന്തരായ്ത്തീരാതെ
ശാന്തിയെ മേന്മേല് ഭജിക്കുവാനും,
സ്വാതന്ത്യശക്തി നീയേകുന്നു ഞങ്ങള്‍ക്കു
പൂതചൈതന്യത്തിന് പൊല്ത്തിടമ്പേ!
എന്നെന്നും കാത്തിടും ഞങ്ങളുള്ക്കാമ്പിലീ-
പ്പുണ്യോദയത്തിന് സുഖസ്മൃതികള്
ഭംഗിഇല് പൂത്തിടും ഞങ്ങള്‍തന്‍ വീഥിയില്‍
മങ്ങാതെ നിത്യവും മംഗളങ്ങള്‍.
വെല്ക നീ, വെല്ക നീ, മന്മാതൃഭൂവിനെ-
പ്പുല്കിയുണര്ത്തുന്ന പൊന്നുഷസ്സെ!
20-12-1947