നിര്‍വ്വാണമണ്ഡലം - കപോതഗീതം‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

 കപോതഗീതം

 കൊച്ചുപുല്‍പരപ്പിനാല്‍ വസുധാംബികേ, നീ, നല്‍-
പ്പച്ചക്കച്ചകളെന്തേ പുതച്ചു കിടക്കുന്നു ?
നീരദാവലി നീളെ നിന്മെയ്യില്‍ വര്‍ഷിക്കുന്ന
നീരബിന്ദുക്കളിത്ര ശൈത്യദായകമെന്നോ ?
എങ്കിലെന്തതിലെഴും പുഞ്ചിരിയൊന്നല്ലല്ലീ
തങ്കവല്ലരിതോറും പുഞ്ചിരി പൊഴിപ്പിപ്പൂ ?
മാമരം ഫലപുഷ്ടശോഭമായ്ത്തീര്‍ന്നീടാനും,
മാമല മരതകനീരാളം ധരിപ്പാനും,
വഹിനിചിത്തം ഹര്‍ഷകല്ലോലമടിപ്പാനും
സ്നേഹശീകരങ്ങളാം മേഖങ്ങളില്ലാതാമോ ?

വാരിദ, വര്‍ഗുണപൂരിത, ലസിപ്പൂ നീ
നീരദ, നിരര്‍ഘസല്‍ജീവിതജയിപ്പൂ നീ!


പരശോണിതത്തിനാല്‍ പങ്കിലമായീടുന്ന
നരജീവിതമിന്നീ മന്നിന്റെ മുഖത്തിങ്കല്‍
കരിതേക്കവേ കഷ്ടമായതു കഴുകുവാന്‍
ചൊരികല്ലല്ലീ ധാരധാരയായ് ജലം ഭവാന്‍?
കൃത്യം താവകം സ്തുത്യമെന്നിരിക്കിലും വ്യര്‍ത്ഥം
സത്യസൌന്ദര്യം കാണ്മാന്‍ കാലമിന്നിനിയും പോണം.
അക്കറുപ്പല്‍പാല്‍പമായ് മാറ്റാന്‍ നീ ശ്രമിക്കുന്നു
മേല്‍ക്കുമേല്‍ വീണ്ടും വീണ്ടൂം മര്‍ത്ത്യന്മാര്‍ പുരട്ടുന്നു.
ഇന്നലെ മരിച്ചോരു നിശയും കൂടിപ്പാടി
'മന്നിന്റെ മറിമായ' മെന്നൊരുശൂന്യ ഗാനം!
സമരം പരസ്പരം സഹജീവികള്‍ ചെയ്താല്‍
ക്ഷമ, യെത്രനാള്‍ കഷ്ട, മീവിധം ക്ഷമിച്ചിടും?
സോദരഹൃദന്തങ്ങള്‍ കുത്തിവാര്‍ത്തീടും, കുറെ
ചോരച്ചാലുകളല്ലാതിങ്ങു കാണ്മാനില്ലൊന്നും?
അതിന്നിന്നോരോതുള്ളികൊച്ചുപൂങ്കുലകളില്‍
പതിയാനിടയായിട്ടവയും ചുവന്നുപോയ്.
എത്രയും ശാന്തം വാഴുമെന്‍ മാംസമൊന്നേ വേണ്ടൂ
ഗൃദ്ധ്രോദരത്തിലുണ്ടാം തീജ്വാല കെടുത്തുവാന്‍!
മുകിലേ, മുഷിഞ്ഞു ഞാന്‍ ലോകജീവിതത്തിങ്കല്‍
സുഖശാദ്വലമെങ്ങോ, ഹാ, മരീചിക മാത്രം!
ഇനിയുണ്ടെങ്കില്‍ ജന്മ മുകിലായ് പിറക്കുവാന്‍
മനതാരിങ്കല്‍ ഞാനിന്നത്യന്തമാശിക്കുന്നു!