നീറുന്ന തീച്ചൂള - കൈകോര്‍ത്തു പോക നാം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഭാവനൈര്‍മ്മല്യം വഴിഞ്ഞണഞ്ഞൂ ഭവ്യശ്രീലം
ഭാരതസ്വാതന്ത്ര്യത്തിന്‍ ഭദ്രമാം പുലര്‍ കാലം.
ചിത്തത്തിന്‍ നവോല്ലാസപൂര്‍ത്തിയാം വാനമ്പാടി
ചിത് പ്രകാശത്തെത്തേടിപ്പൊങ്ങുന്നു പാടിപ്പാടി.
എന്തിനു?-ശതാബ്ദങ്ങള്‍ക്കപ്പുറം തേനും പാലും
ചിന്തിയെന്നോതും സ്വാര്‍ത്ഥം വാഴ്ത്തുവാന്‍ താനോ മേലും?
ഇരുളൊക്കെയും പോയോ, പോവുമോ?-നിലയ്ക്കുമോ
തെരുവിന്‍ ഞരക്കങ്ങള്‍, സമത്വം കിളിര്‍ക്കുമോ?
കുത്തല്ലേ, വിഷാപ്തമായ് പഴിക്കപ്പെടും ചിന്തേ
ഹൃത്തിനെ - ക്കൈവന്നൊരാ മൂല്യത്തിന്‍ നിലയെന്തേ?
കനകോജ്ജ്വലം കാമ്യമാ നിധി, പക്ഷേ, സര്‍വ്വം
കരിനാഗത്തെപ്പോലെ കാത്താലോ ധനഗര്‍വ്വം
പൊരിയും വയറിന്റെ വിളിയാലിന്നുഋഗ്വദം
പരിപൂതമാംതീക്ഷ്ണപരിതാപത്തിന്‍ നാദം!

സ്വാതന്ത്ര്യം-മാതൃക്ഷോണി തുണ്ടുതുണ്ടാക്കിക്കിട്ടും
സ്വാതന്ത്ര്യം-സ്വാതന്ത്യ്രമാണെങ്കില്‍, നാം സ്വതന്ത്രന്മാര്‍!
ഏറ്റവും മൃദുവായൊരിഴയും പൊട്ടിപ്പോയി-
ട്ടേച്ചുകെട്ടിയാല്‍പ്പിന്നെ സര്‍വ്വഭംഗിയും പോയി!
എന്നാലും വെള്ളപ്പാട നീങ്ങി, യെന്‍ നാടിന്‍നേത്രം
പിന്നെയും വെളിച്ചത്തെ നുകരാമനുമാത്രം.
സര്‍വ്വവും നന്മയ്ക്കായിത്തീരട്ടേ- തീരും പോരും
നിര്‍വ്വേദം, കൈകോര്‍ത്തൊന്നായ്- പോകനാമെല്ലാപേരും...
3-8-1947