നിര്‍വ്വാണമണ്ഡലം - നിരാശ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

    നിരാശ

പൂമണിമച്ചിലേകയായെന്തിനോ
കൂരിരുളിലിരുന്നു കേഴുന്നു ഞാന്‍.
എന്മനോരഥസങ്കല്‍പമൊക്കെയും
കണ്ണുനീരിലലിഞ്ഞൊഴുകീടിലും
ഞാനിനിയും രചിക്കും വിഭോ, ഭവല്‍-
കോമളചിത്രമെന്നില്‍ പലപ്പൊഴും

കേവലമൊരു പുഞ്ചിരികാരണം
ജീവിതത്തെക്കൊതിച്ചുതുടങ്ങി ഞാന്‍.
രാഗലോലയാമെന്മിഴികള്‍ക്കുടന്‍
ലോകപുഷ്പം മരന്ദസമ്പൂര്‍ണ്ണമായ്!


ദേവ, നിന്നനുഭവസരസ്സിലെന്‍
ഭാവിജീവിതസാരസകോരകം,
നിസ്തുലാഭമായ് മിന്നുന്നതും നോക്കി
വിസ്മരിച്ചുപോയെന്നെയും കൂടി ഞാന്‍.
ഇന്നനുശയമേകിടുമിത്തിരി
കണ്ണുനീരല്ലാതില്ലെനിക്കൊന്നുമേ!

ശോകമേ, ഹാ, തകര്‍ന്ന ഹൃദയത്തെ
ലോകതത്ത്വം പഠിപ്പിച്ചിടുന്നു നീ!

ഈ നിരാശതന്‍ നീണ്ട നിഴലിലെന്‍
ഭാഗധേയം തകര്‍ന്നടിഞ്ഞെങ്കിലും,
ഇത്തിമിരപ്പടര്‍പ്പിലൊരിക്കലും
സുപ്രഭാതമുദിക്കുകില്ലെങ്കിലും,
ഞാനിനിയും രചിക്കും വിഭോ, ഭവല്‍-
കോമളചിത്രമെന്നുള്ളില്‍ നിത്യവും!