നിര്‍വ്വാണമണ്ഡലം - അനുവാദം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഇനി ഞാനൊഴിഞ്ഞൊരു പാട്ടു പാടാ-
നനുമതിയേകുകെനിക്കു നാഥാ!
അതിലൂടെന്‍ സര്‍വ്വരഹസ്യവും, ഞാ-
നവിടുത്തെ തൃക്കാല്‍ക്കല്‍ കാഴ്ചവെയ്ക്കാം!

പകലിന്‍ സമാപനകാന്തിയിങ്കല്‍
മുകില്‍നിര മുങ്ങിക്കുളിച്ചിടുമ്പോള്‍;-
സുലളിതഗീഷ്മാന്തവാതപോതം
സുഖകരമര്‍മ്മരം വീശിടുമ്പോള്‍;
ഉലകിന്റെ ജോലിത്തിരക്കു നിന്നൊ-
രലഘുപ്രശാന്തതയെത്തിടുമ്പോള്‍;-
മുരളിയുമായ് നിന്മണിയറയി-
ലൊരു കോണില്‍, മന്ദ, മൊഴിഞ്ഞൊതുങ്ങി
അനുരാഗഗാനങ്ങള്‍ തൂകുവാനി-
ന്നനുമതിയേകുകെനിക്കു നാഥാ!

പതറിപ്പോമെന്‍ ഗാനമാകമാനം
പരനിരര്‍ത്ഥകമായിരിക്കാം
അതിലെങ്ങും തിങ്ങിത്തുളുമ്പിടുന്ന-
തഴലിന്റെ കണ്ണുനീരായിരിക്കാം;
പരിചിലെന്നാലുമതിന്റെ ലക്ഷ്യം
പരമാര്‍ത്ഥസ്നേഹമൊന്നായിരിക്കും.

അലിവാര്‍ന്നിനിയൊരു പാട്ടുപാടാ-
നനുമതിയേകുകെനിക്കു നാഥാ!