സ്പന്ദിക്കുന്ന അസ്ഥിമാടം - ഹൃദയമുള്ള സര്‍പ്പം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

തെറ്റിദ്ധരിച്ചിതന്നെന്നെ നീപോലു, മെന്‍-
കഷ്ടകാലത്തിന്റെ ശക്തിമൂലം.
ആരെന്തു ചൊല്‍കിലും ചഞ്ചലമാവുകി-
ല്ലാ മനസ്സെന്നു ഞാന്‍ വിശ്വസിച്ചു.
അല്ലലാണെല്ലാമെനിയ്ക്കു, നിന്‍ കണ്‍മുന-
ത്തെല്ലൊന്നിലേ ചെറ്റു ശാന്തിയുള്ളു.
ദുസ്സഹമാണെനി, യ്ക്കേവ, മതും, വെറും
ദുശ്ശങ്കമൂലം ജലാര്‍ദ്രമായാല്‍!
ശത്രുക്കളാണെനിയ്ക്കൊക്കെ, നീ മാത്രമേ
മിത്രമായിട്ടെനിക്കുള്ളു മുന്നില്‍.
ലോകമെമ്മട്ടല്ലാമെന്നെപ്പഴിയ്ക്കിലും
ശോകാര്‍ത്തനല്ലതിലൊന്നിലും ഞാന്‍.
നീമാത്രമൊന്നെന്നെ വിശ്വസിച്ചാല്‍ മതി
നീറുകില്ലെങ്കിലെന്നന്തരംഗം!
വഞ്ചിയ്ക്കയില്ലയേ, നിന്നെമാത്രം പ്രിയേ,
നെഞ്ചിടിപ്പറ്റു ഞാന്‍ വീഴുവോളം!
ചെഞ്ചോരവാര്‍ത്തു പിടയ്ക്കുകില്‍ക്കൂടിയും
ചഞ്ചലമാവുകില്ലെന്‍ഹൃദയം.
എന്നെ നീ വിസ്മരിച്ചാലും, മറക്കില്ല
നിന്നെ ഞാനെങ്കണ്ണടയുവോളം!

സര്‍പ്പമാകാം ഞാന്‍, വിഷം വമിയ്ക്കാ, മുഗ്ര-
ദര്‍പ്പവുമുണ്ടാമെനിയ്ക്കു, പക്ഷേ-
അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ-
കൊത്തുകയില്ല ഞാന്‍ നിന്നെ മാത്രം!
ഓടക്കുഴല്‍ വിളിയായ നിന്‍മുന്നില്‍നി-
ന്നാടും ഫണം വിരിച്ചോമനേ, ഞാന്‍!
കാണിയ്ക്കപോലുമില്ലെന്‍ വിഷപ്പല്ലുകള്‍
പ്രാണനും പ്രാണനായുള്ള നിന്നെ!

സര്‍പ്പത്തിനുമുണ്ടൊരുജ്ജ്വലസൌന്ദര്യം
സത്തമേ, നീയതു കണ്ടറിഞ്ഞു.
എന്നല്ല, നീയതില്‍ക്കണ്‍കുളുര്‍ത്തങ്ങനെ
നിന്നതിന്‍ വിസ്തൃതമാം ഫണത്തില്‍,
പൂവിതള്‍കൂടിയും തൊട്ടാല്‍, മുറിപ്പെട്ടു
നോവു, മിളംകൈവിരലുകളാല്‍
ദേഹം പുളകത്തില്‍ മൂടിമൂടി സ്വയം
സ്നേഹപുരസ്സരമോമനിച്ചു!
ഓരോവിരലും മുറിഞ്ഞു മുറിഞ്ഞയേ്യാ
ചോരയൊലിച്ചിട്ടുമോമനിച്ചു!
ലോകം മുഴുവന്‍ വെറുക്കുമതിനു, നീ-
യേകി, നിന്നാര്‍ദ്രമാമന്തരംഗം!-
മന്ദഹസിയ്ക്കുമാക്കുന്ദപുഷ്പത്തിലും
സുന്ദരമായുള്ളൊരന്തരംഗം!-
അംഗുലീസ്പര്‍ശത്തിലാ വീണക്കമ്പിപോല്‍-
സംഗീതം സ്പന്ദിക്കുമന്തരംഗം!

സന്ദേഹമില്ലുഗസര്‍പ്പത്തിനുകൂടി
നന്ദികേടില്ലാ മനുഷ്യനോളം!
നന്നായ് നിനക്കതറിയാം- കൃതജ്ഞനാ-
ണെന്നുമിസ്സര്‍പ്പം, നീ വിശ്വസിക്കൂ!
സന്നദ്ധനാണതിന്‍ പ്രാണനും കൂടി, നിന്‍-
മന്ദസ്മിതത്തിനായ് സന്ത്യജിക്കാന്‍!
മേദുരസ്നേഹാര്‍ദ്രമായൊരാക്കണ്ണുക-
ളാദര്‍ശമൂര്‍ത്തിയായ്ക്കാണ്‍മിതെന്നെ-
നിന്ദ്യസര്‍പ്പത്തിനെ-ത്തീവ്രമാമീമന-
സ്പന്ദനമെമ്മട്ടൊന്നടക്കിടും ഞാന്‍?
ദേവി, നീ കാണുമീമട്ടില്‍, നിന്മുന്നില്‍ ഞാന്‍,
ദേവനായ് നില്‍ക്കും മരിയ്ക്കുവോളം!
തെറ്റിദ്ധരിയ്ക്കരുതെന്നെ നീ മേലില്‍!-ഞാന്‍
തെറ്റു ചെയ്യില്ല നിന്നോടു ചെറ്റും!! ...
                               2-3-1120

11

അന്തച്ഛിദ്രമെഴാതനന്തതയില്‍നി-
ന്നുല്‍ഭൂതമായ്ജ്ജീവിത-
സ്പബ്ദങ്ങള്‍ക്കു വിരാമദാദ്ഭുതസുധാ-
സിക്തപ്രഭാകേന്ദ്രമായ്,
അന്തസ്പര്‍ശമെഴാത്ത ദീര്‍ഘസുഖസു-
പ്തിയ്ക്കേകസങ്കേതമായ്-
ജ്ജന്തുക്കള്‍ക്കു ഭയാങ്കമായ്, മരണെമേ,
രാജിപ്പൂ നിന്‍ മന്ദിരം!
                               19-9-1119

12

ഏതോമഹത്താമദൃശ്യകരങ്ങള്‍ത-
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ,
മുന്നോട്ടൊഴുക്കിലൊലിച്ചുപോയല്‍പനാ-
ളൊന്നിച്ചു നമ്മുടെ ജീവിതത്തോണികള്‍
കണ്ടുനാമത്തെല്ലുനേര, മൊരായിരം
ചെണ്ടിട്ടു നില്‍ക്കുന്ന പൊന്നിന്‍ കിനാവുകള്‍.
ഇണ്ടലാര്‍ന്നന്യോന്യമീവിധമിന്നുനാം
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും,
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി
വിസ്മരിക്കാന്‍ നമുക്കൊക്കുമോ, മോഹിനി?
                               21-4-1120
13

(A Poem written in the Autograph Book of SREE RAVI VARMA APPAN THAMPURAN)

കമ്പിതമെന്‍ കൈത്തൂവലന്‍പിലെന്‍ ഹൃദയത്തെ-
ത്തമ്പുരാനടിയറവെയ്ക്കുവാന്‍ വെമ്പുന്നല്ലോ!
ചമയാന്‍ ഭാവിയ്ക്കേണ്ട ഭാഷേ, നീ, സൌഹാര്‍ദ്ദത്തിന്‍
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ!
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ-
യ്ക്കാനയിച്ചിടും കൈകള്‍ മരവിച്ചേയ്ക്കാം നാളെ!
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ!
അവതന്നുടമസ്ഥന്‍ നിസ്വനായിരുന്നിട്ടു-
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും,
ഈശ്വരന്‍ പിണങ്ങിയില്ലവനോടതുമൂല-
മാശ്വസിച്ചവന്‍ ഗാനലോലനായ് കാലമ്പോക്കീ!! ...
                               10-3-1110