അര്‍ദ്ധനഗ്നോജ്ജ്വലാംഗികളാകു-
മബ്ധി കന്യകളല്ലയോ നിങ്ങള്‍?
ശബ്ദവീചീശതങ്ങളില്‍ത്തത്തി
നൃത്തമാടും മദാലസമാരേ,
അര്‍ദ്ധസുപ്തിയിലാടിക്കുഴഞ്ഞി-
ങ്ങെത്തിനില്‍പിതോ നിങ്ങളെന്‍ മുന്നില്‍!
മഞ്ഞില്‍ നീന്തും മൃദുശശിലേഖാ,
മഞ്ജിമതന്‍ കനകശലാകാ,
ശിഞ്ജിതോന്മുഖനൂപുരരേഖാ,
'ഞ്ജ' നില്പൂ വിലാസപതാക!
മിന്നിടുമുഷപ്പൊങ്കതിര്‍നൂലി-
ലൊന്നില്‍ വെണ്‍നുര തത്തിയിണങ്ങി
പിന്നിലെല്ലാമിരുളൂര്ന്നു ചിന്നി
നിന്നിടും മായാ മാലികപോലെ;
പാലൊളിപ്പൂനിലവില് മയങ്ങും
പാതിരാപ്പൂവിന്‍ പുഞ്ചിരിപോലെ;
വന്നു,വാതില്‍ മറഞ്ഞമൃതാംഗി
'ന്ദ' നില്ക്കുന്നു നാണം കുണുങ്ങി!
സ്വര്‍ഗ്ഗ ലോകത്തിലേതോ മദത്തിന്
സ്വപ്നമൊന്നുടലാര്‍ന്നതുപോലെ,
മഗളത്തിന് കളിച്ചെണ്ടുമേന്തി
'ങ്ങ്ഗ' നില്പൂ കവചിത കാന്തി!
മണ്ഡിതോദുല്പ്പുളക പ്രസന്ന
'ണ്ഡ' നില്പൂ കലാജലകന്യ!
ചുംബനത്തിനു ചുണ്ടു വിടര്‍ത്തി
'മ്ബ' നില്പൂ തരളത ചാര്‍ത്തി!
പുഞ്ചിരിക്കൊണ്ടു പിന്നിലായ് നില്പു-
ണ്ടഞ്ചുപേരവര്‍ക്കാളിമാരായി!....
എന്തു നൃത്തം, നടത്തുകയാണോ,
സുന്ദരികളേ, നിങ്ങളെന്‍ മുന്നില്‍?
ഒറ്റമാത്രയ്ക്കകത്തഹോ നിങ്ങള്‍
മറ്റൊരു ലോകമാരചിച്ചല്ലോ!
ആയിരമിളവെയ്ലലയാടി.
മായാനീല നിഴലുകള്‍ വീശി,
കാണുവാന്‍കഴിയാത്തോരസംഖ്യം
വീണയൊന്നിച്ചിണക്കമായ് പാടി,
മാത്രതോറും പരിമളമെത്തി
വീര്‍പ്പിടുമൊരു പൂന്തെന്നല്‍ തത്തി,
നാവിലൂടൊരമൃതമാധുര്യം
ജീവനിലേയ്ക്കലിഞ്ഞലിഞ്ഞൂറി;
ഹാ,തുറന്നിട്ടതെന് മുന്നില്‍ നിങ്ങ-
ളേതലോകവിലാസ പ്രപഞ്ചം!
എന്റെ ലോകം-നശിച്ചൊരീലോകം-
എന്തിനാണെനിക്കീ വിഷലോകം?
പ്രേതമാണിതു ജീവനില്ലയേ്യാ
ഭീതിയാണെനിക്കിങ്ങേറെ നില്ക്കാന്
നിങ്ങള്‍ പോകുമ്പോഴൊപ്പം പറക്കും,
ഭംഗിയുള്ളൊരസ്വപ്ന പ്രപഞ്ചം
ശബ്ദനാമെനിക്കുത്സവമേകും
ശബ്ദസാഗരകന്യകമാരേ,
എന്നെയുമൊന്നു നിങ്ങള്തന് പിമ്പേ
വന്നിടാന്‍ സമ്മതിക്കുമോ നിങ്ങള്‍?....
ഞെട്ടി ഞാന്‍ കണ്‍തുറന്നു വെറും മണ്-
കട്ട ഞാനെന്റെ ലോകവും മണ്ണ്!
മിഥ്യ മേന്മേല് പകര്‍ന്നു പകര്‍ന്ന്
മദ്യപിച്ചിടുന്ന പേമണ്ണ്!
ചെന്നിണത്തില്‍ക്കുതിര്‍ന്നു കുതിര്‍ന്ന്
ദുര്‍ന്നയങ്ങള്‍ മുളയ്ക്കുന്ന മണ്ണ്1
കഷ്ട, മീ മണ്ണിലെന്നാണൊരൈക്യ-
കല്പകവൃക്ഷം മുളയ്ക്കുന്നതാവോ!
എങ്ങുപോയ് നിങ്ങളെന്‍ ചുറ്റുപാടും
തിങ്ങി നില്പ്പൂ പരുഷാക്ഷരങ്ങള്‍,
അബ്ധികന്യകളല, ഭൂതങ്ങള്‍,
അസ്ഥിമാല ധരിച്ച സത്വങ്ങള്‍!
ഞാനുറക്കെക്കരഞ്ഞിടും-അയ്യോ!
പ്രാണനിലല്ലാ, നിങ്ങളുണ്ടെന്നോ?.... 19-7-1946
കാലം ദേശമിവയ്ക്കകത്തണുവുമി-
ന്നൂനം പെടാതൊക്കെയും
ചേലില് ചേര്‍ത്തു ഭരിക്കുവാന്‍ നരപതേ
മോഹിച്ചിടുന്നൂ ഭവാന്.
ഈലോകത്തൊരുമട്ടു ജീവിതമഹാ
ഭാരം വഹിക്കുന്നതി
ന്നാലോചിച്ചിടുകെത്രമാത്രമഴലെ-
ന്നാലും സഹിച്ചീടണം! 15-2-1946
എന്നാല്‍, പോകുംവഴി വേറെയെന്തു? നൃപതേ
വേണ്ടാ വിഷാദം, ഭവാന്
വന്നാലും,പ്രണയാത്മകം മമ മതം
കൈക്കൊള്ളുകെത്തും ശുഭം.
ഇന്നോളം പ്രണയം കുടിച്ചു മദമുള്-
ച്ചേര്ന്നോന് ഗണിപ്പീല ഞാ-
നിന്നീമേദിനിയേയുമൊട്ടുമവള്‍ തന്
മായാവിലാസത്തെയും! 15-2-1946