രക്‌തപുഷ്പങ്ങള്‍ - നവവര്‍ഷനാന്ദി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പുലരിത്തുടുമേഘക്കനകപ്പൂഞ്ചേലത്തു-
മ്പുലയെക്കിതച്ചെത്തും പകലിന്‍ ദീര്‍ഘശ്വാസം
ഇരുളിലിതേവരെത്തല ചായ്ച്ചുറങ്ങിയ
തരുവല്ലികളെയുണര്‍ത്തി തെരുതെരെ!

വാനമണ്ഡപത്തിലെത്താരകതുമ്പപ്പൂക്കള്‍
വാരിക്കൊണ്ടെങ്ങോ പോയാള്‍ താമസി വേലക്കാരി;
ഇളവെയ്ലണിത്തങ്കപ്പൊടി പൂശിയ പാട-
ത്തിളകീ പഴുപ്പേലുമൊണോട്ടന്‍ കതിരുകള്‍;
മഞ്ഞനെല്ലോലത്തുമ്പില്‍ പാറിവീണിരുന്നോമല്‍-
കുഞ്ഞാറ്റക്കിളിയൂഞ്ഞാലാടിനാന്‍ കൂകിക്കൂകി.

തുമ്പയും മുക്കുറ്റിയും പൂതൂകിയാനന്ദിച്ചു;
തുമ്പിയും പൂമ്പാറ്റയും തുള്‍ലുവാനാരംഭിച്ചു.
നവവത്സരാഗമമംഗളരംഗം-ഹാ, ഹാ,
കവിയും സന്തോഷത്താല്‍ക്കണ്ണുനീര്‍ വരുന്നല്ലോ!
ഞങ്ങളെക്കാണാനൊരു വര്‍ഷമായ്ക്കൊതിച്ചെങ്ങോ
മങ്ങിടും മുഖവുമായ്മേവുമാ മാവേലിയെ,
ഭൂതകാലത്തിന്‍ ജയസ്തംഭത്തെ, വാടാത്തൊരാ
സ്വാതന്ത്യ്രപ്രദീപത്തെ, യോര്‍ത്തോര്‍ത്തു സമ്പ്രീതിയാല്‍
സുന്ദരസ്മരണയിലെന്തിനോ നിമഗ്നമായ്
മന്ദഹാസം വര്‍ഷിച്ചു പുല്‍ക്കൊടിപോലും നില്‍പൂ!

അന്നത്തെ സ്വതന്ത്യ്ര, മസ്സമത്വം, സാഹോദര്യം,
മന്നിലൊന്നുപോലെങ്ങും പരന്ന സമാധാനം,
നിത്യവും തിരുവോണമായ്ത്തന്നെ കഴിഞ്ഞൊരാ
നിസ്തുലരംഗം!- കാലമിന്നെത്ര മാറിപ്പോയി!

ഓണത്തിനിന്നേക്കാലമേതാനും ധനേശര്‍തന്‍
നാണയക്കിഴിയിലൊന്നഴിക്കാന്‍ കഴിഞ്ഞേയ്ക്കാം;
അല്ലാതെ പൊരിയുന്ന വയറിന്‍ തീജ്ജ്വാലയില്‍
തെല്ലനുകമ്പാമൃതം തുളുമ്പിടാനാമോ?

തമ്പുരാന്‍ പൈമ്പാലടപ്രഥമന്‍ ഭുജിക്കട്ടെ;
കുമ്പിളില്‍ക്കുറെക്കഞ്ഞി കോരനും കുടിക്കട്ടെ.
ഓണമാണോണംപോലും ധനദര്‍ ഘോഷിക്കുന്നൂ
താണവര്‍ക്കുയിര്‍ നില്‍ക്കാനുമിനീര്‍മതിയെന്നോ!

പോവുക ധനാഢ്യരേ, നിങ്ങളെത്തടിപ്പിക്കാന്‍
പാവങ്ങള്‍ ഞങ്ങള്‍ക്കുള്ള ഹൃദ്രക്തമൊന്നേവേണ്ടു!
അമൃതാസവപൂരം നിങ്ങളെ സ്വദിപ്പിക്കാ-
നരിവാളെടുക്കുവാന്‍ ഞങ്ങള്‍തന്‍ കരം വേണം!
പട്ടുമെത്തയില്‍ നിങ്ങള്‍ക്കുറങ്ങിക്കിടക്കുവാന്‍
പട്ടിണിക്കെരിവെയ്ലില്‍ച്ചേറില്‍ നില്‍ക്കണം ഞങ്ങള്‍!
വരട്ടെ, വിശപ്പിന്റെ വിപ്ലവക്കൊടുങ്കാറ്റി-
ലൊരിക്കല്‍ത്തകര്‍ന്നുപോം മദിക്കും മേലാളിത്തം.

ഈശ്വരന്‍- നിരര്‍ത്ഥമാമപ്പദം പറഞ്ഞിനി-
ശ്ശാശ്വതമാക്കാനാകാ ഞങ്ങള്‍തന്നടിമത്തം.
ശിലയെപ്പൂജിക്കാനു, മീശ്വരനിടയ്ക്കിടെ-
ച്ചില കൈക്കൂലിയേകി നിര്‍വ്വാണം പിടുങ്ങാനും,
ലോകത്തിന്‍ പുരോഹിതന്‍ വിലയ്ക്കു വിറ്റീടുന്ന
നാകലോകത്തേയ്ക്കുള്ള 'പാസ്പോര്‍ട്ട്' നേടിടാനും
ഭാവിച്ചിട്ടില്ല ഞങ്ങള്‍, പാവന സ്വാതന്ത്യ്രത്തിന്‍
ഭാസുരപ്രഭാതം വന്നണഞ്ഞാല്‍ പോരും വേഗം!
തകരും കിരീടത്തിന്‍ ശകലങ്ങളെക്കൊണ്ടു
നികരാന്‍ വൈകീ കാലം പാരതന്ത്യ്രത്തിന്‍ ഗര്‍ത്തം.

മലര്‍വല്ലികളിതാ തൂകുന്നു മന്ദസ്മേരം!
മലയാനിലന്‍ പരത്തുന്നു സൌരഭപൂരം!
ചാഞ്ചാടും തിരകളാല്‍ വീണക്കമ്പികള്‍ മീട്ടി-
പ്പുഞ്ചോല പൊഴിപ്പൂ സത്സ്വാതന്ത്യ്രഗീതാമൃതം!!
നവവത്സരം വന്നൂ!- നിങ്ങള്‍തന്‍ കര്‍മ്മങ്ങളെ
നവപന്ഥാവില്‍ക്കൂടി നയിപ്പിന്‍ സഖാക്കളേ!