മഗ്ദലമോഹിനി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മി. മുണ്ടശ്ശേരിയുടെ നിര്‍ദ്ദേശാനുസരണമല്ല ഞാന്‍ മഗ്ദലമോഹിനി എഴുതുന്നത്. ന്യായമായിതോന്നുന്ന നിര്‍ദ്ദേശങ്ങള്‍ ആരുടെതായാലും സ്വീകരിയ്ക്കുവാന്‍ ഞാന്‍ സദാസന്നദ്ധനാണ്; പക്ഷേ, കവന കലയില്‍ ഓരോരുത്തരുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുവാന്‍ ഇന്നിതുവരെ ഞാന്‍ ഒരുമ്പെട്ടിട്ടില്ല. മേലില്‍ ചെയ്യുകയുമില്ല. എട്ടുകൊല്ലങ്ങള്‍ക്കുമുമ്പ്[1] മെറ്റര്‍ ലിങ്കന്റെ 'മേരീമഗ്ദലിന്‍' എന്ന മനോഹരമായ നാടകം വായിച്ചതു മുതല്‍ ആ കഥയെ ആസ്പദമാക്കി നാടകീയമായ രീതിയില്‍ ഒരു കൃതി എഴുതണമെന്നു ഞാന്‍ ആഗ്രഹിച്ചുതുടങ്ങിയതാണ്. പക്ഷെ, അതിനൊരുമ്പെട്ടില്ല എന്നേയുള്ളൂ. പൊന്‍കുന്നം ദാമോദരന്റെ മറിയത്തെക്കണ്ടപ്പോള്‍ ഏതായാലും ഇനിയതിനുദ്യമിക്കുകതന്നെ എന്നു ഞാന്‍ നിശ്ചയിച്ചു. മെറ്റര്‍ലിങ്കിന്റെ കൃതിയിലെ രംഗങ്ങളെല്ലാം മറന്നുകഴിഞ്ഞിരിയ്ക്കുന്നു. ഇന്നിപ്പോള്‍ നാടകീയമായ രീതിയില്‍ അതെഴുതണമെന്ന് ഉദ്ദേശിക്കുന്നില്ല. വള്ളത്തോളിന്റെയോ മെറ്റര്‍ലിങ്കിന്റെയോ മേരിയല്ല എന്റെ മഗ്ദലമോഹിനിയെന്നു നിങ്ങള്‍ക്കു കാണാം. പശ്ചാത്താപത്തിനു മുമ്പുള്ള വിലാസിനിയായ മേരിയെ കാമുകസമ്പന്നയും കലാരസികയുമായ മേരിയെ ചിത്രീകരിയ്ക്കുകയാണ് എന്റെ ലക്ഷ്യം. അവളുടെ സുഖതൃഷ്ണയും തത്ഫലമായി അവള്‍ സമാര്‍ജ്ജിയ്ക്കുന്ന പാപഭാരവും ആദ്യമായി പ്രത്യക്ഷപ്പെടുത്തുക. ക്രിസ്തുവിന്റെ സഹവാസത്താല്‍ അവളുടെ ജീവിതത്തിന് അല്‍പാല്‍പമായമാറ്റം വന്നു. ഒടുവില്‍ തന്റെ അപരാധത്തെക്കുറിച്ചു പൂര്‍ണ്ണബോധമുണ്ടാവുക. തജ്ജന്യമായ പശ്ചാത്താപത്തിന് അവളുടെ ഹൃദയം വിധേയമാവുക. ഇങ്ങനെ മനശ്ശാസ്ത്രപരമായ ഒരു മേഖലയില്‍ക്കൂടി മേരിയെ ആനയിയ്ക്കുവാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ബൈബിളിലെ മേരിയോ ശീമോനോ അല്ല എന്റെ കൃതിയില്‍ പ്രത്യക്ഷപ്പെടുന്നതെന്നും കാണാം.

(പ്രൊ:എസ്'ഗുപ്തന്‍ നായരുടെ 'കാറ്റില്‍ പറക്കാത്ത കത്തുകള്‍' എന്ന കൃതിയില്‍ നിന്ന്.)

    ഒന്നാം ഭാഗം
            1

മഗ്ദല, മഗ്ദല, മാദകദാഹങ്ങള്‍
മത്തടിച്ചാര്‍ക്കുന്ന മദ്യശാല-
മഗ്ദല മഗ്ദല, മായികമോഹങ്ങള്‍
മത്സരിച്ചാടുന്ന നൃത്തശാല-
മാനവപ്രജ്ഞയെ കിക്കിളികൂട്ടുന്ന
മാഹേന്ദ്രജാലമൊന്നുണ്ടവിടെ,
മാനസം തന്നിലണച്ചു മദിക്കുന്ന
മായാമരാളിയൊന്നുണ്ടവിടെ,
വിശ്വഗണനയ്ക്കു മറ്റൊരുമട്ടിലും
വിത്തുപാകാത്തൊരശ്ശൂന്യരംഗം!
അറ്റമില്ലാതെഴും പേരും പെരുമയു-
മൊറ്റത്തടില്‍ക്കൊടി ചൂടിനേടി.

            2

മഗ്ദല, മഗ്ദല, മേരിയെപ്പെറ്റൊരാ-
മഗ്ദല, മന്നിന്റെ മുത്തുമാല!
വിശ്വശൃംഗാരം മുഴുവനുള്‍ച്ചേര്‍ന്നൊരു
വിദ്രുമവല്ലരി പൂത്തുനില്‍ക്കേ
തേനും സുഗന്ധവുമേകുവാനെപ്പൊഴു-
മാനന്ദപൂര്‍വ്വമൊരുങ്ങി നില്‍ക്കേ
അത്ഭുതമെന്തുണ്ടിരുണ്ടെഴും വ്യാമോഹ-
മദ്ദിക്കിലൊന്നു ചേര്‍ന്നാര്‍ത്തണഞ്ഞാല്‍?
മേരിയി,ലല്ലെങ്കില്‍, മാന്മഥമാസ്മര-
ഭേരിയില്‍ മത്തുപിടിച്ച ലോകം
മത്സരിക്കുന്നൂ സലര്യകള്‍ക്കെത്തിയാ-
മഗ്ദലമോഹിനിതന്‍ പദത്തില്‍!

            3

കട്ടിപ്പൊന്‍ ചങ്ങലത്തുമ്പത്തു തൂങ്ങും പൊന്‍-
കട്ടിലില്‍, പട്ടുകിടക്കയിന്മേല്‍,
ചെണ്ടും ചെടികളും തുന്നിപ്പിടിപ്പിച്ചു
കണ്ടാല്‍ക്കൊതിക്കും തലയണകള്‍
ചേലില്‍ത്തലയ്ക്കലും കാല്‍ക്കലും പാര്‍ശ്വത്തില്‍
പോലും യഥോചിതം ചേര്‍ന്നിണങ്ങി.
താരകപ്പുള്ളികള്‍ മിന്നുന്ന മേലാപ്പിന്‍
താഴെത്തിരകള്‍പോല്‍ നാലുവക്കില്‍
നീലനീരാളഞെറികളില്‍ നീളെക്കൊ-
ച്ചാലിലപ്പൊന്‍കുണുക്കാടിയാടി;
ചട്ടറ്റ കാഞ്ചനഗാളങ്ങള്‍പോല്‍ രസ-
ക്കട്ടകള്‍ തൂങ്ങിത്തിളങ്ങിമിന്നി
ചുറ്റുമുയരെച്ചുമരിലൊരേ വരി-
യ്ക്കൊപ്പം വിടവിട്ടണിയണിയായ്
ഫുല്ലസുഷമയാര്‍ന്നുല്ലസിച്ചീടുമ-
ച്ചില്ലണിച്ചിത്രാവലിക്കുകീഴില്‍
കണ്ണഞ്ചും കാന്തികലര്‍ന്നെഴും വാര്‍നില-
ക്കണ്ണാടി നീളെ നിരന്നുമിന്നി.
ചിത്രാങ്കിതോജ്ജ്വലകംബളാലംകൃത-
സ്നിഗ്ദ്ധസ്ഫടികത്തറയിലെല്ലാം
മുത്തണിപ്പട്ടുവലത്തിരച്ചുറ്റിലും
തത്തും ശരറാന്തലിങ്കല്‍നിന്നും
സ്വര്‍ണ്ണാംശുമാലകളൂര്‍ന്നൂര്‍ന്നുതിര്‍ന്നോരോ-
വര്‍ണ്ണപ്പകിട്ടുകള്‍ വാര്‍ന്നുലാവി;
ആ ദര്‍പ്പണങ്ങളിലൊപ്പമതൊക്കെയോ-
ത്തായിരം രംഗങ്ങളായി മാറി.
ബന്ധുരമാകുമാക്കേളിയറയൊരു
ഗന്ധര്‍വ്വലോകം തുറന്നു കാട്ടി.

            4


വിഭ്രമദായിനിയായൊരച്ചഞ്ചല-
വിദ്യോതിനിക്കു വിധേയരായി
വിശ്രമം തേടുന്നിതാ മച്ചിലായിരം
വിശ്രുതവിത്താധിനായകന്മാര്‍.
വിസ്മയ,മാണവള്‍ കണ്‍മുനക്കോണിനാല്‍
വിശ്വം മുഴുവനും കീഴടക്കി
സേവിച്ചുനില്‍പായി സൌഭാഗ്യപൂര്‍ത്തികള്‍
ആ വരവര്‍ണ്ണിനിതന്നരികില്‍.
ചെറ്റക്കുടിലില്‍പ്പിറന്നു വളര്‍ന്നൊരു
കറ്റക്കുഴലാള്‍തന്‍ കാല്‍ച്ചുവട്ടില്‍
നിസ്ത്രപമിന്നിതാ കാവല്‍കിടക്കയാ-
ണെത്രയോ രത്നസിംഹാസനങ്ങള്‍!
ചിന്തിച്ചുനോക്കിയാല്‍ മന്നിലൊരംഗന-
യ്ക്കെന്തുണ്ടിതില്‍പ്പരം ഭാഗധേയം!

            5

അന്തിയപ്പൂനണിമേടയി,ലുല്ലസല്‍-
ച്ചെന്താരിതളൊളിവീശിനില്‍ക്കേ;
അഭ്രരംഗത്തുനിന്നൂര്‍ന്നുവീണിടിനോ-
രപ്സരസ്സെന്നപോലേകയായി;
നീളെച്ചുരുളലച്ചാര്‍ത്തുലഞ്ഞീടുമാ-
നീലക്കാര്‍കൂന്തലും മാടിമാടി;
സ്വര്‍ണ്ണവര്‍ണ്ണാംഗിയാണെങ്കിലും, പിന്നെയും
പൊന്നില്‍ക്കുളിച്ചു മദാലസയായ്;
നിത്യവും കാണാമജ്ജാലകപാര്‍ശ്വത്തില്‍
നില്‍പ്പതാ വിശ്വവിലാസിനിയെ.
'എങ്ങുലകിലിതിലീദൃശ്രസൌന്ദര്യ?'-
മെന്നു ചോദിച്ചുകൊണ്ടെന്നപോലെ!
ഒന്നതുകാണുവാനൊത്താ,ലൊരിക്കലും
പിന്നെ മറക്കില്ല സ്സ്വപ്നചിത്രം!

            6

കാമദനൃത്തങ്ങളാടിയും, പാടിയും
കാലം കഴിക്കുമാക്കാമിനിയെ,
മെല്ലെത്തഴുകിത്തഴുകിസ്സുഖിപ്പിച്ചു
നല്ലകാലത്തിന്‍ കരാംഗുലികള്‍!

തെല്ലുനാള്‍ക്കുള്ളി,ലൊരാത്മസുഷുപ്തിയില്‍
നിര്‍ല്ലീനയായിതപ്പല്ലവാംഗി.
കണ്ടിതവളതില്‍ ഭൌതികസ്വപ്നങ്ങള്‍
ചെണ്ടിട്ടുനില്‍ക്കുന്ന മണ്ഡലങ്ങള്‍.
ഭോഗമരന്ദം തുളുമ്പിത്രസിക്കുമ-
ബ്ഭാഗധേയത്തിന്‍ വിശാലതയില്‍.
മത്തുപിടിച്ചു ചിറകടിച്ചാക്കൊച്ചു-
ചിത്രപതംഗി പറന്നലഞ്ഞു!

ഓരോദിനവുമവള്‍ക്കൊരജ്ഞാതമാ-
മോടക്കുഴല്വിളിയായിരുന്നു!
നിത്യ, മാസ്വാദന, മുത്സവ, മുന്മദം,
നിസ്തുലോല്ലാസം, മധുരമദ്യം;
നര്‍ത്തനം, ഗാനം!-ജഗത്തി,ലിതില്‍പര-
മുത്തേജനത്തിനൊന്നെന്തുവേണം?

താനേ മതിമറ,ന്നേന്തിത്തുളുമ്പുന്നൊ-
രാനന്ദകല്ലോലമാലകളില്‍,
ദിക്കാലചിന്തയും ലക്ഷ്യവുമ, റ്റേവ-
മക്കളിത്തോണി തളര്‍ന്നോഴുകി!

   രണ്ടാം ഭാഗം
            1

ഗദീശചൈതന്യം മൂര്‍ത്തിമത്തായ്
ജറുസലമേന്തിയ ദിവ്യദീപം,
കപടാന്ധകാരത്തിലാകമാനം
കതിര്‍വാരിവീശിനിന്നുജ്ജ്വലിക്കേ;
നിരുപിച്ചിരിക്കാതൊരത്ഭുതമാം
നിരുപമചൈതന്യം പുല്‍കിലോകം
ഒരുഞൊടികൊണ്ടതിന്‍ ലൌകികത്വം
കുരുടനു കാഴ്ച കൊടുത്തുപോലും!
അവശബധിരനതിങ്കല്‍നിന്നും
ശ്രവണപ്രവണത കിട്ടിപോലും!
തടവില്ലപോലതിന്‍ശക്തിമൂലം
കടലലച്ചാര്‍ത്തില്‍ നടന്നുപോകാന്‍!
മൃതരതിന്‍ സ്പര്‍ശനമാത്രയിങ്കല്‍
പുതുജീവന്‍ സിദ്ധിച്ചുയര്‍ന്നിടുമ്പോല്‍!
തൊടുകയാല്‍ കേവലം പച്ചവെള്ളം
തുടുമുന്തിരിച്ചാറായ് മാറിപോലും!
ഇതുവരെക്കേട്ടിട്ടില്ലിക്ഷിതിയി-
ലിതുപോലൊരത്ഭുതവാര്‍ത്തയെങ്ങും!-

"പലതും, പലരും, പറഞ്ഞുകേള്‍പ്പൂ
പരമാര്‍ത്ഥമെന്താണെന്നാരുകണ്ടു?"
'ശരിതന്നെ, പക്ഷെ, പരീശരേ, ഞാ-
നൊരുവാക്കിടയ്ക്കൊന്നു ചോദിച്ചോട്ടെ!'
മൃദുമര്‍മ്മരത്തിലൂടോതിയേവം
ബദല്‍ഹേമില്‍നിന്നെത്തും ശീതവാതം:
പലരും പലതും പറവൂ-പക്ഷേ,
പതിരുകളാണവയെന്നിരിക്കില്‍,
മതതത്ത്വസംഹിതാസംഹതിയി-
ലെതിരറ്റ പാണ്ഡിത്യമാര്‍ന്ന നിങ്ങള്‍
പരിഭവഭാവത്തിലിത്രമാത്ര-
മെരിപൊരിക്കൊള്ളുവാനെന്തുബന്ധം? ...

"ശകലവും ശങ്കവേണ്ടിക്കഥകള്‍
സകലവും ശപ്തമാമാഭിചാരം!-
കുരിശില്‍ തറച്ചു തുലച്ചിടേണ്ടും
കുടിലതമുറ്റിയ കൂടപത്രം! ..."

ക്ഷിതിയില്‍, സ്വാര്‍ത്ഥതേ, നിന്‍വെളിപാ-
ടതു,മതിന്‍ മീതെയു, മാചരിക്കും!'

വിരവില്‍ക്കുളിര്‍കാറ്റിതോതിയപ്പോള്‍
വിറകൊണ്ടു നിന്നുപോയ് പച്ചിലകള്‍!

            2

ചതിതന്നെ-സര്‍വ്വവും കൂടപത്രം-
ചകിതന്മാര്‍, പക്ഷേ, പരീശര്‍ മാത്രം!
അയുതായുതാബ്ദങ്ങള്‍ക്കപ്പുറം തൊ-
ട്ടണുപോലും ചാഞ്ചല്യമേശിടാതെ,
ബലിപീഠത്തിന്മേലധിഷ്ഠിതമായ്
പുളയും യഹൂദപുരോഹിതത്വം,
ഭരിതശക്ത്യാധിപത്യാഭിഗുപ്തം
സ്ഫുരിതപ്രഭാവസ്ഫുലിംഗദീപ്തം;
പതികയോ പെട്ടെന്നതിന്‍ഫണത്തില്‍
പഥികഹതകഹസ്താശ്മപാതം!
കുരുതിക്കളത്തില്‍ തലമുറയായ്-
ക്കുലധനം പൂത്തു പൂത്തുല്ലസിക്കേ;
അതിനെഴും ശ്യാമളച്ഛായകളി-
ലതുലാത്മസംതൃപ്തരായ് സുഖിക്കേ;
അവിടെന്നെണീറ്റവര്‍ പോകണമ്പോ-
ലഭിനവാദര്‍ശമരുപ്പരപ്പില്‍!
സിനഗാഗിന്‍ വെണ്മയില്‍ ചേറെറിയാന്‍
തുനികയോ വിപ്ലവക്ഷുദ്രഹസ്തം!-

അതുപോട്ടെ, കേവലം ഭ്രാന്തനുമു-
ണ്ടതി, രതുംപോ,ട്ടൊരാള്‍ ഭ്രാന്തനായാല്‍,
തൊഴുകൈയുമായിട്ടവന്റെ പിന്‍പേ
തൊഴിലൊന്നുമില്ലാത്ത മൂഢവര്‍ഗ്ഗം!
അവതാരമാണെന്നു വാഴ്ത്തി-
യനുഗമിച്ചീടുന്നതാണു കഷ്ടം!
സഭകൂടിയേവം പഴികളോതി
ക്ഷുഭിതരായ് മേവി പരീശവര്‍ഗ്ഗം!

            3

"പരിശുദ്ധസ്നേഹത്താല്‍ പാപികളെ-
പ്പരിചരിച്ചീടുവിന്‍ സോദരെരേ!
കരുതല്ലേ ചെയ്യുവാന്‍ പാപകര്‍മ്മം,
കരളില്‍ കളങ്കം കലര്‍ന്നീടൊല്ലേ!
തടിപോല്‍ത്തിമിരമോ കാമിലയോ
തവ മിഴിയിങ്കല്‍ത്തഴച്ചുനില്‍ക്കേ,
കരടൊന്നവന്‍ കണ്ണില്‍ കാണ്‍കവേ നീ
കരുതുന്നോ ചൂണ്ടിപ്പരിഹസിക്കാന്‍!
സകലവും തിന്മതന്‍ സങ്കേതങ്ങള്‍
സകലവും ഹാ! സര്‍പ്പസന്തതികള്‍;
സതതം സദുക്തികള്‍ പെയ്തിടുവാന്‍
ഹതര്‍ നിങ്ങള്‍ക്കെങ്ങനെ സാദ്ധ്യമാകും?
ഹൃദയസമ്രൂദ്ധിയില്‍നിന്നുമാണോ
വദനം, വദിപ്പതറിഞ്ഞുകൊള്‍വിന്‍!
നിജചിത്തസമ്പത്തില്‍നിന്നു ധന്യന്‍
നിരുപമരത്നങ്ങളാനയിപ്പൂ;
നിജചിത്തനിക്ഷേപത്തിങ്കല്‍നിന്നും
നിയതം, ഹാ, നീചനോ, കക്കകളും!
പറയുന്നു ഞാന്‍ നിങ്ങളോടു, നിങ്ങള്‍
പറയുന്ന വാക്കൊന്നും പാഴിലാകാ.
അവയെല്ലാമീശന്‍ കുറിച്ചുവെയ്ക്കും
അവസാനം നിങ്ങളെ വിസ്തരിക്കും.
വിടുകയില്ലിങ്ങുച്ചരിക്കുമോരോ
വിടുവാക്കിനും ന്യായമോതിടാതെ.
പിഴവരില്ലദ്ദേഹം നാള്‍വഴിയി-
ലെഴുതിയിട്ടമട്ടില്‍ക്കണക്കു തീര്‍ക്കും.
മൊഴിയാണു കാര്യമക്കല്‍പനയില്‍
പിഴപറ്റിയോര്‍ക്കു പിഴവിധിക്കും!
ഭുവി ഞാന്‍ പൊഴിക്കും വചസ്സിതെല്ലാം
ചെവിയുള്ളോരാരവര്‍ കേട്ടിടട്ടേ!
ഇയലുവോരാ,രവര്‍ക്കേകുമേറ്റ
മിയലാത്തോര്‍ക്കുള്ളതും കൊണ്ടുപോകും.
അവനേവന്‍ ജീവിതം കാത്തുനില്‍പോ-
നവനതു നിശ്ചയം നഷ്ടമാകും.
ഇവനായിട്ടാരതു സന്ത്യജിപ്പോ-
നവനതു പിന്നെയും കണ്ടുകിട്ടും.
ഭുവനം മുഴുവന്‍ ലഭിക്കിലെന്തു-
ണ്ടവനു തന്നാത്മാവു നഷ്ടമാകില്‍?
പറയുകാത്മാവിനുതുല്യമായി
പകരമേകാനൊരാള്‍ക്കെന്തിരിപ്പൂ?
അവനിയിലേറ്റം വിനീതനാരാ-
ണവനത്രേ നാകത്തില്‍ സാര്‍വ്വഭൌമന്‍.
ഒരുകുഞ്ഞിനെന്‍പേരിലാരഭയ-
മരുളു;മവനെന്നെ സ്വീകരിപ്പൂ.
അവഗതമെന്തതിന്‍ പാലനത്തി-
ന്നവതരിച്ചെത്തീ മനുഷ്യപുത്രന്‍!
ഭുവനത്തില്‍ നേടുന്നതെന്തു നിങ്ങ-
ളവയെല്ലാം സ്വര്‍ഗ്ഗത്തും നേടും നിങ്ങള്‍
അവനിയില്‍ നഷ്ടപ്പെടുന്നതെന്താ-
ണവയെല്ലാം സ്വര്‍ഗ്ഗത്തും നഷ്ടമാകും!
ഇരുവരോ മൂവരോ മന്നിതിലി-
ങ്ങൊരുമിച്ചുചേരുവതെന്റെ പേരില്‍,
അവിടത്തില്‍ ഞാനെന്നില്‍ വിശ്വസിപ്പോ-
രവര്‍തന്‍ നടുവിലുണ്ടായിരിക്കും!
അവിതര്‍ക്കമീവിധം നല്ലവനെ-
ന്നിവനെ വിളിപ്പതെന്തിന്നു നിങ്ങള്‍?
പരമാര്‍ത്ഥം ചിന്തിച്ചാലീശനല്ലാ-
തൊരുവനില്ലല്‍പവും നല്ലവനായ്!
കളവായിസ്സാക്ഷി പറഞ്ഞിടൊല്ലേ
കൊലപാതകം നിങ്ങള്‍ ചെയ്യരുതേ.
വ്യതിയാനം ധര്‍മ്മത്തിനേകിടൊല്ലേ
വ്യഭിചാരം ചെയ്യാനൊരുങ്ങരുതേ
കനിവാര്‍ന്നര്‍ച്ചിക്കുവിന്‍ കൂപ്പുകൈകള്‍
ജനകജനിത്രിമാര്‍തന്‍ കഴലില്‍.
അതുതൊട്ടും ചോരണം, സ്നേഹപൂര്‍വ-
മയല്‍വാസിക്കാശ്രയമേകിടേണം!
ഇടതുചെവിട്ടത്തൊരാളടിക്കി-
ലുടനാ വലത്തേതുമേകിയേക്കിന്‍.
ധനികനൊരിക്കലും സാദ്ധ്യമാകി-
ല്ലണയുവാന്‍ സ്വര്‍ഗ്ഗത്തി,ലോര്‍ത്തുകൊള്‍വിന്‍!
അവര്‍ ദരിദ്രന്മാരനുഗഹീത-
രവരുടേതാണീശ്വരന്റെ രാജ്യം.
ക്ഷുധിതന്മാര്‍ ധന്യന്മാര്‍, ദിവ്യഭോജ്യം
വിധിപോലവര്‍ക്കു കരസ്ഥമാകും.
കരയുവോരോര്‍ക്കിലനുഗൃഹീതര്‍
കരളിലവര്‍ക്കേകും ശാന്തി ദൈവം!"

ഹൃദയങ്ങള്‍ തോറുമിദ്ദിവ്യസൂക്തം
മൃദുതരംഗങ്ങളണിഞ്ഞൊഴുകി.
അരിയ താബോര്‍മലത്താഴ്വരയി-
ലരുവികള്‍പോലുമതേറ്റുപാടി.
അതു കേള്‍ക്കെച്ചുറ്റുമത്തൈച്ചെടിക-
ളടിമുടി പൂവിട്ടു നിന്നുപോയി! ...

            4

"കനകനക്ഷത്രത്തിരി കൊളുത്തി
ക്കണികാണാനീശനങ്ങെത്തിനോക്കി,
അവിടെയാക്കാലിത്തൊഴുത്തിലല്ലി-
ലവതാരമാര്‍ന്നൊരാ ലാകഭാഗ്യം,
നിരുപമനിസ്വാര്‍ത്ഥസ്നേഹസാര-
മുറവെടുത്തെത്തിയ പുണ്യപുഞ്ജം
എതിരേവരികി,ലേതുണ്ടുലകി-
നതിനോടെതിര്‍ക്കാനൊരാത്മഗര്‍വ്വം?
വിഫലം പരീശരേ, നിങ്ങള്‍ചെയ്യും
വിവിധവിഷാവലിപ്തോദ്യമങ്ങള്‍!
വരുമെത്ര നിങ്ങള്‍ തടയുകിലും
നിരഘമാ സ്വര്‍ഗ്ഗപിതാവിന്‍ രാജ്യം!"

ചില വെള്ളപ്രാവുകളേവമോതി-
ച്ചിറകടിച്ചെങ്ങോ പറന്നുപോയി!

            5

പറയുന്നു ശീമോന്‍; "ഞാനൊന്നു പക്ഷേ
പറയാം, സഖാക്കളേ നമ്മളേക്കാള്‍
അവതാരമാകിലുമല്ലെന്നാലു-
മവനുണ്ടൊരാത്മീയസിദ്ധിയെന്തോ!"
അപരപുരോഹിതന്‍ ചൊല്‍വൂ: "ശീമോ-
നവനോടുണ്ടെന്തോ മമതയെല്ലാം.
പറയുന്നു കേട്ടില്ലേ തുച്ഛനാക്കും
വെറുമൊരാശാരിക്കു സിദ്ധിപോലും!"
"ശരിതന്നെ," ശീമോന്‍ മൃദുസ്മിതമ്പൂ-
ണ്ടരുളി, "പക്ഷേ നാമിതോര്‍ത്തിടേണം:
കുളിരൊളിതാവിച്ചിരിച്ചു നില്‍ക്കും
കുസുമത്തിനൊക്കെസ്സുഗന്ധമില്ല.
കഴുകനുയരെച്ചിറകടിച്ചു
കഴിയും പറക്കാന്‍ സുരപഥത്തില്‍;
അതിനെന്നാലാപ്പൂങ്കുയിലിനെപ്പോല്‍
മതിമറ,ന്നോക്കില്ല, പാട്ടുപാടാന്‍!
സിതമേഘമാലയ്ക്കിടയിലങ്ങി-
ങ്ങതു വിഹരിക്കിലുമാ മിഴികള്‍,
പതിവതെപ്പോഴുമടിയിലുള്ള
മൃതശരീരങ്ങളിലായിരിക്കും!
പനിമലര്‍ച്ചെമ്പകം നില്‍പതേതോ
പടുകുണ്ടിലെങ്ങാനുമായിരിക്കും!
അതുമൊണ്ടതിന്റെ പരിമളത്തി-
ന്നണുവും പതിത്വം ഭവിപ്പതാണോ?
കുലമേന്മയല്ല പദവിയല്ലീ-
യുലകില്‍ മഹത്വത്തിന്‍ മാനദണ്ഡം.
ഒരുപോല്‍ മനസ്സു, വചസ്സു, കര്‍മ്മം
കറയറ്റതാരവന്‍ വിശ്വവന്ദ്യന്‍!
പരമാത്മചൈതന്യസിദ്ധിയിങ്കല്‍
വെറുമൊരാശാരിക്കും സിദ്ധനാകാം! ....
"ശരിതന്നെ, ശീമോനേ താനും പോകൂ
പുറകേയസിദ്ധന്റെ ശിഷ്യനായി
ഒരു കാര്യമുണ്ടഭ്യസിക്കണം താന്‍
ശരിയായതിന്മുമ്പു മീന്‍പിടിക്കാന്‍!
തലയിലൊരാണിക്കൊരല്‍പമെന്തോ
തകരാറുപറ്റി തനിക്കുമിപ്പോള്‍!"

സരസമായിപ്പരിഹാസം കേള്‍ക്കെ-
സ്സകലരും പൊട്ടിച്ചിരിച്ചുപോയി.
പലവഴിക്കായവര്‍ വേര്‍പിരിഞ്ഞു
പരിതപ്തനായ് ശീമോന്‍ പിന്തിരിഞ്ഞു!

പതികയായ് മഗ്ദലമോഹിനിതന്‍
സ്മൃതിയാ പ്രണയാര്‍ദ്രമാനസത്തില്‍.

അകലെ മരതകക്കുന്നുകളി-
ലരുണാഭയല്ലിലലിഞ്ഞുമാഞ്ഞു
കിളരുന്നു താരകള്‍ വ്യക്തമല്ലാ-
തിളകുന്നൊരാദര്‍ശ ചിന്തകള്‍ പോല്‍.

"ശരി, ഞാനവരോടു മാപ്പിരക്കും
പരിഭവിപ്പിക്കില്ല ഞാനവരെ ..."
"പരിഭവിക്കട്ടെ-നീ വിശ്വസിക്കൂ ..."
പതറായ്ക!-താരകള്‍ക്കാഭകൂടി.

അകലെക്കടല്‍പ്പുറത്തോമലാളിന്‍
മികവുറ്റ പൂമ്മണിമേട കാണ്‍മൂ
അഴകാര്‍ന്നതിനെയും വെണ്‍കരത്താല്‍
തഴുകിനില്‍ക്കുന്നുവോ താരമേ നീ!
('വ്യതിയാനം ധര്‍മ്മഥിനേകിടൊല്ലേ!')
"ക്ഷിതിയിതില്‍ നിന്‍ ധര്‍മ്മം നീയെന്തുചെയ്തു?"
ഇരുള്മൂടുംതോറും തെളികയാണാ-
സ്സുരപഥദീപങ്ങള്‍ മേല്‍ക്കുമേലേ!

(വ്യഭിചാരം ചെയ്യാനൊരുങ്ങരുതേ)!
"രഭസം നീയിപ്പോവതെന്തിനായി?"

വിലസുന്നു മഗ്ദലമോഹിനിതന്‍
സുലളിതശ്രീമയരത്നസൌധം!
കരിയിലമാത്രമതില്‍ക്കടന്നാല്‍
കനലൊളിയാളുമാദര്‍ശമെല്ലാം.
അതുലനിര്‍വാണദമായിരിപ്പു-
ണ്ടതിനകത്തുജ്ജ്വലസ്വര്‍ഗ്ഗമേകം.
അതിനെ ത്യജിക്കയോ-താരകളേ
മതിമതി, നിങ്ങള്‍തന്‍ മന്ദഹാസം!
"മതിയിതാ വീര്‍പ്പുമുട്ടുന്നിതയ്യോ,
മതിയിപ്പരീക്ഷണം തമ്പുരാനേ!"

മുകിലിന്‍ ഹൃദയം നിലാവില്‍മുക്കി
മുകളില്‍ ശശിമേഖലയെത്തിനോക്കി,

"സകലതും നോക്കി മനസ്സിലാക്കാം
സമയമാവട്ടെ"-കഥിച്ചു ശീമോന്‍.

പ്രണയാര്‍ദ്രരംഗങ്ങള്‍ സജ്ജമാക്കി
മണിമേട മുന്നില്‍ച്ചിരിച്ചുനില്‍പ്പൂ.
മതിയീ വിഷാദാത്മകാത്മഭാവം
മതിമോഹിനിയവള്‍ക്കെന്തു തോന്നും? ...

    മൂന്നാം ഭാഗം
            1

ന്തുകഷ്ടമാണിപ്പുരുഷന്മാ-
രെന്തു പാഴ്മരപ്പാവകള്‍!
തുള്ളിടുന്നു ഞാന്‍ കൊട്ടും താളത്തി-
നുള്ളഴിഞ്ഞവരൊന്നുപോല്‍!
അക്കയാഫസ്സും, ഹാനു, നന്നാസു-
മൊക്കെയുല്‍കൃഷ്ടരാണുപോല്‍!
വിശ്വവന്ദ്യരായുല്ലസിപ്പവര്‍
വിത്തനായകന്മാരവര്‍.
എങ്കിലെന്തവരൊക്കെയും വെറും
കിങ്കരന്മാരാണെന്മുന്നില്‍.
അത്ഭുതബുദ്ധിവൈഭവം വായ്ക്കു-
മപ്പീലാത്തോസുകൂടിയും
ബദ്ധകൌതുകം വാഴ്ത്തുകയാണെന്‍
ബുദ്ധിശക്തിതന്‍ വിസ്മയം!
മേദിനിയിലൊരാളെയിന്നോള-
മാദരിക്കാത്തൊരെന്നിലും
കുത്തിവെയ്ക്കയാണാദരം, നിജ
വ്യക്തിശക്തിയാലപ്പുമാന്‍.
എങ്കിലും ലയിപ്പീല ലേശമി-
ന്നെന്‍കരളിന്നയാളിലും!

ഇക്കനകാഭിഷേകമില്ലെങ്കി-
ലിക്കിഴടന്മാര്‍ക്കൊക്കെയും
പട്ടെതിരാമിക്കൈവിരലൊന്നു
തൊട്ടിടാന്‍പോലുമൊക്കുമോ?
ഭവ്യദകലാസ്വദനത്തിനും
യൌവനസൌന്ദര്യത്തിനും
നാണയാര്‍പ്പണഹീനമാകിലും
ഞാനധീനയാണെപ്പൊഴും!

സുന്ദരന്‍, ഹാ, സുസംസ്കൃതാശയന്‍
നിന്ദതീണ്ടാത്ത നിര്‍മ്മലന്‍
ശീമോനേകനല്ലാതെ നില്‍ക്കില്ലെന്‍
പ്രേമസാമ്രാജ്യ നാഥനായ്!
എങ്കിലു,മെന്തപ്രേമവും?-വെറും
സങ്കല്‍പ്പം, മിഥ്യ, കല്‍പ്പിതം.
രണ്ടുപേര്‍ക്കായ് പകുത്തതാണിന്നാ-
ച്ചുണ്ടിലും തഞ്ചും സുസ്മിതം.
ആകട്ടെയെങ്കിലുമക്കരാശ്ലേഷ-
മേകുന്നുണ്ടെനിക്കുന്മദം!
നിന്ദ്യരാമിപ്പരീശരിലൊന്നായ്
നിന്നിടേണ്ടതല്ലമ്മഹാന്‍!
ദീനചിന്തയാലീയിടയ്ക്കല്പം
മ്ളാനമാണാ മുഖാംബുജം!

            2

ദുഷ്ടനാമാക്കയാഫസ്സിന്‍ മുഖം
ദൃഷ്ടിയില്‍പ്പെടും മാത്രയില്‍,
ഹാ, വിരസസ്മൃതികളില്‍ച്ചെന്നു
മേവിടുന്നു മന്മാനസം.
ഓര്‍പ്പിതപ്പൊഴെന്‍ വല്ലഭനായ
പാപ്പസിന്‍ വൃദ്ധവിഗഹം.
കാന്തനെക്കൊന്ന കൈകളില്‍ മദ്യ-
മേന്തി,യിന്നു മദിപ്പു ഞാന്‍!

പാതിയോളമിതള്‍ വിരിഞ്ഞന്നു
പാതവക്കില്‍ ഞാന്‍ നില്‍ക്കവേ,
എത്തിയെന്നെപ്പിഴുതെടുത്തിതാ
വൃദ്ധവിത്താഢ്യവാനരന്‍!
തല്‍പ്രിയപദം കാമ്യമെന്നോര്‍ത്തു
കൊറ്റിനില്ലാത്തൊരേഴ ഞാന്‍.
എന്തു ലുബ്ധ, നരസികനെത്ര
നൊന്തിരുന്നു മന്മാനസം?

ജന്മസിദ്ധമെന്‍ നൃത്തകൌതുകം
പൊന്മലര്‍ ചൂടിക്കാണുവാന്‍
ഹൃത്തുപൊട്ടിത്തകര്‍ന്നു കേണുകേ-
ണെത്രയന്നു കരഞ്ഞു ഞാന്‍!
കെഞ്ചി ഞാനന്നിരന്നു;-പുച്ഛിച്ചു
പുഞ്ചിരിക്കൊണ്ടു കശ്മലന്‍.
തേവിടിത്തങ്ങളാണുപോലെന്നി-
ന്നിലാവിലാസാദി ചേഷ്ടകള്‍!
മിണ്ടിയില്ലൊന്നും, മാറിയെന്മനം
വിണ്ടുവിങ്ങിക്കരഞ്ഞു ഞാന്‍!
ആടുവാന്‍ മേല, പാടുവാന്‍ മേല,
ചൂടുവാന്‍ മേല പൂവുകള്‍!
നല്ലവസ്ത്രമുടുക്കുവാന്‍പോലു-
മില്ലിനിക്കയ്യോ സമ്മതം!
ഉണ്ടു സമ്പത്തതീതമാ,യതു-
കൊണ്ടെനിക്കെന്താണന്യ ഞാന്‍?
കേവലം നിധി കാത്തിടും ഭൂത-
മാ വയോധികവാനരം!

നാളുകളെണ്ണിപ്പോക്കി ഞാനയ്യോ
നാലു നീണ്ട സംവത്സരം.
അന്നെനിക്കൊരു വെള്ളിനാണയം
തന്നിരുന്നെങ്കിലശ്ശഠന്‍,
കണ്ണുവെയ്ക്കുകില്ലായിരുന്നു ഞാന്‍
സ്വര്‍ണ്ണഭണ്ഡാരമൊന്നിലും!
സ്നേഹസാന്ദ്രമൊരാശ്ലേഷത്തിലെന്‍
ദേഹം കോരിത്തരിച്ചെങ്കില്‍
കണ്ണയയ്ക്കുകില്ലായിരുന്നു ഞാ-
നന്നു മറ്റൊരു മര്‍ത്ത്യനില്‍!
ഇഷ്ടമുള്‍ച്ചേര്‍ന്നാനെല്‍ക്കൊറിയനൊ-
രൊറ്റവാക്കുച്ചരിച്ചെങ്കില്‍,
നിശ്ചലമാക്കില്ലായിരുന്നു ഞാന്‍
നിശ്ചയം നിജസ്പന്ദനം.
അത്തുറുങ്കിലടിമയായ്ക്കിട-
ന്നത്രമേല്‍ നരകിച്ചു ഞാന്‍!
മുക്തിയാശിച്ചു വീര്‍പ്പുമുട്ടിയെന്‍
മുഗ്ദ്ധചിത്തം ദ്രവിക്കവേ,
ചിത്തമര്‍പ്പിച്ചു ഗൂഢമായ് മുന്നി-
ലെത്തി പാന്ദേരനെന്നൊരാള്‍.
സുന്ദരനവന്‍, വിത്തവാന്‍, പ്രഭൂ-
നന്ദനന്‍, കലാലോലുപന്‍;
ഊഢമോദമവനെയന്നെന്റെ
ഗൂഢകാമുകനാക്കി ഞാന്‍.
കണ്ടു ഞാനന്നവനിലെന്മനം
ചെണ്ടിടും ചില സിദ്ധികള്‍.
തന്നു-ചോദിച്ചതില്ല ഞാന്‍-ധനം
തന്നിതെന്നുമെനിക്കവന്‍.
കാത്തുസൂക്ഷിച്ചു ഞാനതെന്‍ ഭാവി-
യോര്‍ത്തു ഗൂഢമായ്, ഭദ്രമായ്!
അസ്സുമുഖന്റെ ചുംബനങ്ങളി-
ലാത്മവിസ്മൃതി തേടി ഞാന്‍

ശങ്കതോന്നീ കുറച്ചുനാള്‍ക്കുള്ളില്‍
തന്‍ കരളിലെന്‍ കാന്തനും.
തല്‍ക്കലഹകോലാഹലം ജ്വലി-
ച്ചുഗമാവതിന്മുന്നമേ,
ഒട്ടുമാശങ്കമേ,ലതെന്നേക്കും
കെട്ടടങ്ങണം നിശ്ചയം.
കാമുകോത്തേജനത്തിനാല്‍,ച്ചെറ്റു-
മാമയം ചേര്‍ന്നിടാതെ, ഞാന്‍
കൊന്നു, ഹാ, ഗൂഢമായ് വിഷം കൊടു-
ത്തെന്നെ വേട്ടൊരാ നീചനെ! ....

            4

ആ മിഴികളടവതെന്നേക്കും
കോള്‍മയിര്‍ക്കൊണ്ടു കണ്ടു ഞാന്‍
ഓടി ഞാനിരച്ചാര്‍ത്തവനെഴു-
മീടുവെയ്പുകള്‍ കാണുവാന്‍.
സ്വര്‍ണ്ണനാണ്യങ്ങള്‍!-മഞ്ഞളിച്ചുപോയ്
കണ്ണുക,ളാളുമാറി ഞാന്‍!
നൃത്ത,മെന്‍ ജീവദാഹം!-നീ തടു-
ത്തെത്തുകൊന്നിനി പ്രേതമേ!

വാരഞ്ചുന്നൊരസ്വര്‍ണ്ണനാണ്യങ്ങള്‍
വാരിവാരിയെറിഞ്ഞുടന്‍
തല്‍പ്പതനസ്വനങ്ങളൊപ്പിച്ചു
മല്‍പ്പദങ്ങള്‍ ചലിക്കവേ
ചത്തുനീലിച്ചു മെത്തയിലെഴു-
മജ്ജഡത്തിനു ചുറ്റുമായ്
നിദ്രചെയ്തിടാതന്നു രാത്രിയില്‍
നൃത്തമാടിക്കഴിച്ചു ഞാന്‍!
കോട്ടമറ്റാപ്പിണത്തിനെ നോക്കി-
പ്പാട്ടുപാടിസ്സുഖിച്ചു ഞാന്‍!
ഭ്രാന്തിയെപ്പോല്‍ വികാരവീചിയില്‍
നീന്തിനീന്തിച്ചരിച്ചു ഞാന്‍!
പ്രേതപാര്‍ശ്വത്തിന്‍ കാമുകാങ്കത്തില്‍
പ്രീതിപൂര്‍വ്വം ശയിച്ചു ഞാന്‍!
എന്തൊരാനന്ദരാത്രി!-യിന്നതിന്‍
ചിന്തപോലുമെന്തുത്സവം! ...

            5

ശണ്ഠയറ്റു പാന്ദേരനൊന്നിച്ചു
രണ്ടുവര്‍ഷം രമിച്ചു ഞാന്‍.
അപ്പൊഴേയ്ക്കും മനസ്സിലായെനി-
ക്കപ്പുഴുവിന്‍ കുറവുകള്‍.
നാലുകുഞ്ഞുങ്ങള്‍ക്കച്ഛനാണവന്‍
നാണമറ്റവന്‍ സ്ത്രീജിതന്‍,
ഇല്ല പൌരുഷം കാമകോടിയില്‍
തുള്ളിടും വെറും കോമരം.
നിത്യമര്‍പ്പിപ്പതുണ്ടവന്‍ നിജ-
വിത്തമെന്‍ കാല്‍ക്കലാദരാല്‍
അശ്ശരീരം മടുത്തി, തന്യമാ-
മുത്സവത്തിനുഴറി ഞാന്‍.
'ഒന്നു ഞങ്ങളു'മെന്നിരക്കുന്ന
കണ്‍മുനകള്‍ തുടര്‍ച്ചയായ്
'കണ്‍മണി'യെന്നായോമനിക്കുന്ന
കണ്‍മുനകള്‍ തുടര്‍ച്ചയായ്
എന്നെവന്നുതഴുകി-സുസ്മിതം
വന്നുപോയെന്‍ ചൊടികളില്‍.
ചിത്രകാരന്മാര്‍, കാവ്യകര്‍ത്താക്കള്‍,
നര്‍ത്തകന്മാര്‍, പുരോഹിതര്‍
മന്ത്രിമാര്‍, നിയനജ്ഞ,രാ രാജ്യ-
തന്ത്രകോവിദരിങ്ങനെ
എത്രപേരുണ്ടെനിക്കു ദാസരാ-
യെത്തുവാനൊന്നു മൂളിയാല്‍
നന്ദിക്കുമതിരുണ്ടി, നിയെന്റെ
മന്ദിരമതില്‍ നാഥ ഞാന്‍.
ശണ്ഠകൂടിയെന്‍ കാമുകന്‍ പിന്നെ
കുണ്ഠിതം തോന്നിയില്ല മേ.
വിത്തമൊക്കെയെന്‍ കൈയിലായ് മുന്നില്‍
വിസ്തൃതവിശ്വം കാണ്‍മു ഞാന്‍;
ചെയ്തു ഞാന്‍ ഗളഹസ്ത, മശ്രുക്കള്‍
പെയ്താ ബാധയും വിട്ടുപോയ്!
എന്തൊരാശ്വാസം ജീവിതത്തിന്റെ
മുന്തിരിച്ചാറിനര്‍ഹ ഞാന്‍! ....

            6

എത്ര കാമുകരെത്ര കാമുകര്‍
വിത്തനായകര്‍ വിശ്രുതര്‍.
ഗര്‍വഹീനരെല്ലാരുമെന്മുന്നില്‍
സര്‍വതന്ത്രസ്വതന്ത്ര ഞാന്‍.
മദ്യം, ഹാ, ഗാനം, നര്‍ത്തനം കാമം
മത്തടിക്കുന്ന യൌവനം.
പുഷ്പസൌരഭ്യദ്രവ്യം, രാലക-
ലെപ്പൊഴും ചുറ്റും സൌരഭം.
രത്നഹര്‍മ്മ്യമസീമമാം ധനം
സ്വപ്നസാന്ദ്രമിജ്ജീവിതം!
പോരപോരെനിക്കീ മദോത്സവ-
ധാരയില്‍ മുങ്ങി നീന്തണം.
ചുംബനം ചെയ്തുചെയ്തു മല്‍ത്തളിര്‍-
ച്ചുണ്ടുരണ്ടും തളരണം.
കാമുകാശ്ലേഷവീചിയേറ്റേറ്റു
മാമകമെയ് കുഴയണം.
വിത്തസൌഭാഗ്യസീമയില്‍ച്ചെന്നെന്‍
ഹൃത്തുമൂര്‍ച്ഛിച്ചടിയണം.
മേരിതന്‍ നാമം ഭൌതികോത്സവ-
സാരപര്യായമാവണം.
ഉജ്ജ്വലാംഗനാസൌഭഗശ്രീതന്‍
പൊല്ജ്ജയക്കൊടിയാവണം! ....

            7

അപ്പരീശന്മാര്‍ നിത്യമോതിടു-
മപ്പരാതികള്‍ കേള്‍ക്കിലും
നേരിലിന്നോളമക്കഥ ചെറ്റും
സാരമാക്കിയതില്ല ഞാന്‍.
ചൊല്ലുക പതിവാണവരേവം
പൊള്ളയാമോരോരോ വാര്‍ത്തകള്‍.
ആ വിടുവായന്മാരരുളുന്ന-
താരു ഗൌനിക്കുമല്ലെങ്കില്‍.
അത്തരക്കാരനല്ലല്ലോ ശീമോ-
നല്പമുണ്ടതില്‍ ഗൌരവം.
ഇന്നലെവന്നു ചൊന്നതൊക്കെയു-
മൊന്നൊഴിയാതിന്നോര്‍പ്പു ഞാന്‍.
ശ്രദ്ധവെച്ചു ഞാന്‍ കേട്ടിരുന്നിതെന്‍
ഹൃത്തു മേന്മേല്‍ത്തുടിക്കിലും.

ക്രിസ്തു-കോള്‍മയിര്‍ക്കൊള്‍വിതെന്‍പ്രാണ-
നപ്പദോച്ചാരണത്തിലും.
എന്തു ശക്തിയോ!-താന്തമാവിതെ-
ന്നന്തരംഗമാച്ചിന്തയില്‍!
ആ മുഖം പരിവേഷരഞ്ജിത
ശ്രീമയോജ്ജ്വലമാണുപോല്‍!
അബ്ധിയെപ്പോലഗാധമാണു പോ-
ലപ്പവിത്രാര്‍ദ്രമാനസം!
അദ്രിയെപ്പോലചഞ്ചലന്‍പോലും
ഭദ്രഗംഭീരനപ്പുമാന്‍
അത്ഭുതകര്‍മ്മകാരനാണുപോ-
ലപ്രതിമനുമാണുപോല്‍,
യേശുവെന്നാണു പേരുപോല്‍,ജഗ-
ദീശനന്ദനനാണുപോല്‍!
മോഹദൂരിതനാണുപോല്‍, ശുദ്ധ-
സ്നേഹവിഗഹനാണുപോല്‍!
ലോകപാപമകറ്റിടും ദിവ്യ-
ത്യാഗചൈതന്യമാണുപോല്‍!

പ്രാണഹര്‍ഷദമാ മുഖസ്മിതം
കാണുവാനായ് കൊതിപ്പു ഞാന്‍.
എന്തിനീവെറും ശുഷ്കവൈരാഗ്യം
ഹന്തയീ മേരിയുള്ളനാള്‍?
ഒക്കുമീത്തളിര്‍ച്ചുണ്ടിനീ മന്നില്‍
സ്വര്‍ഗ്ഗരാജ്യമണയ്ക്കുവാന്‍.
ഒട്ടകപ്പുറമേറിയാത്രചെയ്-
തൊട്ടവിടുന്നുഴന്നുവോ?
വന്നിടുകിങ്ങെന്‍ പുഷ്പതല്‍പകം
തന്നിടും സുഖവിശ്രമം! ....

പട്ടുമെത്തയില്‍ച്ചാരി, യാച്ചുണ്ടില്‍
മൊട്ടിടും പുഞ്ചിരിയുമായ്,
നല്ലമുന്തിരിച്ചാറിടയ്ക്കിടെ
മെല്ലെയങ്ങു നുകരവേ;
അത്തറിന്‍ സുഗന്ധാര്‍ദ്രവീചിക-
ളെത്തിയെത്തിത്തഴുകവേ;
മുന്നിലുജ്ജ്വലസ്വര്‍ണ്ണദീപങ്ങള്‍
മിന്നിമിന്നിമയങ്ങവേ;
പാട്ടിനൊപ്പിച്ചെന്‍ ചേടികള്‍ വീണ
മീട്ടിമീട്ടിയിരിക്കവേ;
പച്ചവില്ലീസൊഴുകിയെന്മെയ്യില്‍
കൊച്ചലകളിളകിയും
മാറിലാ ലോലരത്നമാലകള്‍
മാരിവില്ലൊളിവീശിയും;
അങ്ങയെക്കാണ്‍കെക്കണ്‍കളിലെനി-
യ്ക്കംഗജവ്യഥ തങ്ങിയും
സഞ്ചിതമദമെന്‍തളിര്‍ച്ചുണ്ടില്‍
പുഞ്ചിരികള്‍ തുളുമ്പിയും;
മഞ്ജുനാദസരിത്തിന്‍ നൂപുര-
ശിഞ്ജിതമലിഞ്ഞങ്ങനെ
വാരിളംകുളിര്‍ച്ചെമ്പനീര്‍പ്പൂക്കള്‍
വാരിവാരി വിതറി ഞാന്‍.
സ്വര്‍ഗ്ഗമാനയിച്ചങ്ങതന്മുന്നില്‍
സ്വപ്നനൃത്തങ്ങളാടിടാം.
ഇങ്ങുപോരിക, പോരികെന്‍ വിശ്വ-
മംഗളശ്രീ വിലാസമേ! ...

(അപൂര്‍ണ്ണം)

1.^ 1945-ല്‍ ഞാന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ ചേട്ടന്റെ നിര്‍ദ്ദേശാനുസരണം മോറിസ് മേറ്റര്‍ലിങ്കിന്റെ 'മേരി മഗ്ദലീന്‍' എന്ന നാടകം കോളേജ് ലൈബ്രറിയില്‍ നിന്നെടുത്തുകൊടുത്തു. അതുവീണ്ടും വായിച്ചതിനുശേഷമാണ് 'മഗ്ദലമോഹിനി' എഴുതിയിട്റ്റുള്ളത്. ചങ്ങമ്പുഴ പ്രഭാകരന്‍.

"http://ml.wikisource.org/wiki/%E0%B4%AE%E0%B4%97%E0%B5%8D%E0%B4%A6%E0%B4%B2%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%BF%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്