ഏതോ വിദൂരവിജനതയിങ്കല്നി-
ന്നേറെനാള്കൂടിയിട്ടെന്മുന്നിലെത്തി നീ.
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലിനിക്കണ്ടു-
മുട്ടുവാന്‍ നിന്നെയിടയാകുമെന്നു ഞാന്‍.
ഇന്നു ഞാനല്പ്പവുമോര്ത്തിരിക്കാതിതാ
വന്നു നീ നില്ക്കയാണിപ്പൂവനികയില്.
പ്രാണന് കുളിര്‍ക്കുന്നു കാനനപ്പച്ചയി-
ലോണനിലാവു പരന്നതുമാതിരി!
പോയപ്പോളെന്നോടൊരൊറ്റവാക്കോതുവാന്-
പോലും തുനിയാഞ്ഞതെന്തുകൊണ്ടാണു നീ?
അത്രയ്ക്കുമാത്രം പരിഭവം തോന്നുവാ-
നല്പവും നിന്നോടു തെറ്റുചെയ്തില്ല ഞാന്‍.
നീ പോയനാള്മുതലിന്നോളമെന്മനം
നീറിയിരുന്നതറിഞ്ഞുവോ നീ സഖീ?
പണ്ടു നാം മേളിച്ചപൂങ്കാവനങ്ങളും
ചെണ്ടിട്ടുനിന്ന ലതാ നികുഞ്ജങ്ങളും
സ്വര്‍ണ്ണ മരീചിയില്‍ മുങ്ങി, നീയന്തിക്കു
വന്നിരിക്കാറുള്ള താഴ്വരപ്പച്ചയും;
ഒക്കെയോരോന്നുറ്റുനോക്കി, സ്സഹിക്കുവാ-
നൊക്കാതെനിന്നെത്ര പൊട്ടിക്കരഞ്ഞു ഞാന്‍!
നീപോയമാത്രയില് പോയി നിന്നോടൊത്തു
നീളെയിങ്ങെല്ലാം വഴിഞ്ഞ സുഷമകള്‍.
ഇങ്ങുള്ളവയില് സ്സമസ്തവും നീയാണു
ഭംഗിയും കാന്തിയും നല്‍കിയിരുന്നവള്‍.
നിന്നഭാവത്തില്‍ നിലച്ചതവയുടെ
നിര്മ്മലാകര്ഷണ ശക്തികള്‍ സര്‍വ്വവും.
എത്തീ തിരിച്ചു നീയിന്നി, ന്നിതാ, തിരി-
ച്ചെത്തീയവയിലവയുടെ ശോഭയും!
ഏറെനാളായിട്ടിരുണ്ട പരിസരം
ചാരുപ്രഭാമയമാകുന്നു പിന്നെയും.
പണ്ടത്തെ ഞാന്‍ തന്നെയായി ഞാന്‍, ലോകവും
പണ്ടത്തെതന്നെയായ് നില്ക്കുന്നു മേ!
അത്ഭുതം തന്നെയാണോര്ത്താലിതിനിത്ര
ശക്തി, യെന്തെ, ങ്ങുനിന്നെപ്പൊളാര്ജ്ജിച്ച്ഹ് നീ?
മായികേ, മായ്ക്കുവാനെത്ര യത്നിക്കിലും
മായുന്നില്ല നിന് ചിത്രം!- മടങ്ങി ഞാന്‍!