ബാഷ്പാഞ്ജലി - ആത്മക്ഷതം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ആത്മക്ഷതം
കേവലമാശാമയസ്വപ്നമാത്രമാ, മെന്റെ
ഭാവനാസാമ്രാജ്യത്തില്‍ത്തന്നെ, ഞനിരുന്നോട്ടെ!-
തിമിരം ലേശം പോലും തീണ്ടാത്തൊ,രക്കല്‍ഹാര-
കമനീയോദ്യാനത്തില്‍ത്തന്നെ, ഞാന്‍ കഴിഞ്ഞോട്ടെ!-
അവിടെ സ്വച്ഛന്ദമായൊന്നു ഞാന്‍വിഹരിച്ചാ-
ലതിനും കയര്‍ക്കുന്നതെന്തിനാണാവോ, ലോകം!
ഒന്നുമില്ലെനി,ക്കെന്നാലീ നിരാശയില്‍പ്പോലും
മന്നിനെന്തസൂയ!- ഞാനിനിയെങ്ങോടിപ്പോകും?
å പൊന്നിനാലുന്മാദം പൂണ്ടുലകം, പുരോഗതി-
ക്കെന്നു ചൊന്നനുമാത്രം മുന്നോട്ടുകുതിക്കുമ്പോള്‍,
ശരിയാ,ണതേ; വാടിപ്പോയപൂവിനെ നോക്കി-
ക്കരയാനൊരുമ്പെടും ഞാനൊരു വെറും മൂഢന്‍.
കാണുന്നതെല്ലാംതന്നെ നശ്വരമല്ലേ?- പിന്നെ
ഞാനതുനോക്കിത്തേങ്ങിക്കരഞ്ഞാ, ലതോ കുറ്റം?
മാനവന്‍ മഹാരഥന്‍!- ഭേദമെന്തെന്നാല്‍, കഷ്ടം !
ഞാനുമപ്പൂന്തോപ്പിലെപ്പനിനീര്‍പ്പൂവും തമ്മില്‍?
നാളത്തെപ്പുലര്‍കാലമായതിന്‍ ലാവണ്യത്തെ
നാമെല്ലാം കാണ്‍കെത്തന്നെ, നിര്‍ദ്ദയം നശിപ്പിക്കും;
ഇന്നു നാമതു നോക്കിപ്പുഞ്ചിരിയിടുന്നെന്തി-
നിന്നത്തെ നമ്മളെപ്പോലും നാളെയാരോര്‍ക്കുന്നാവോ!
å അത്യന്തം ദയനീയമാകു, മീ മറവിയോര്‍
ത്തെത്രയത്നിച്ചാലെന്തു വറ്റുമോ കണ്ണീരല്‍പം?
ജീവിതകാവ്യം തീര്‍ക്കുമക്കലാകാരന്‍തന്നെ
കേവലം ശോകാത്മകലോലനായിരിക്കണം.
ഇല്ലല്ലോ ലവലേശ,മായതിലാകെക്കൂടി
വല്ലഭാഗത്തെങ്ങാനൊരാനന്ദഗാനം പോലും.
å നിസ്സഹായതയിങ്കല്‍ നമ്മളെപ്പിടിച്ചിട്ടു
"നിശ്ശ്ബ്ദ!"മെന്നൊതുവാന്‍ നിയതി തുനിഞ്ഞാലോ!
ഇനിയും കരഞ്ഞതു പോര നാം; മറ്റൊന്നിനും
തുനിയാന്നമുക്കില്ല തെല്ലുമിന്നവകാശം
ഏകാന്തം നിരാശതന്‍ കണ്ണാടിച്ചില്ലില്‍ക്കൂടി
ലോകത്തെ നോക്കിക്കാണും മനസ്സിന്‍ നയനങ്ങള്‍
എത്രമേല്‍ ബാഷ്പാവിലമാകിലെന്തതില്‍ പേര്‍ത്തും
സദ്രസം നിഴലിപ്പൂ സത്യത്തിന്‍ കിരണങ്ങള്‍.
å ഈ വിശ്വംതന്നെ, യേതോതീരാത്ത നിരാശതന്‍
ഭാവമൂകമാം ബാഹ്യരൂപമല്ലെന്നാര്‍ കണ്ടു?
കോലാഹലത്തില്‍ പൊതിഞ്ഞുള്ളൊരീ നിശ്ശബ്ദത-
യ്ക്കാലംബകേന്ദ്രംവെറും നൈരാശ്യ,മിച്ഛാഭംഗം.
എന്തിലുമപൂര്‍ണ്ണതയല്ലാതെ കാണ്മീലിങ്ങു
ചിന്തിക്കി,ലെല്ലാം തന്നെ നിര്‍ജ്ജീവം, വെറും ജഡം!
മന്ദഹാസവും കൂടി മാറാത്ത മാലിന്‍ചിഹ്നം
മഞ്ജുസംഗീതം തപ്ത ചിന്തയാല്‍ തരംഗിതം.
നാനാപാന്ഥന്മാര്‍ക്കല്‍പം വിശ്രമിക്കുവാന്‍മാത്രം
സ്ഥാനമുള്ളോരീ ലോകം, ഹാ, വെറും വഴിസ്സത്രം!
നാമെല്ലാമൊരുപോലെ നിസ്സഹായന്മാര്‍, മര്‍ത്ത്യ-
നാമാക്കളാകും വെറും യന്ത്രങ്ങള്‍, മൃത്പിണ്ഡങ്ങള്‍!
അപ്രമേയാഭമാകും വൈദ്യുതപ്രവാഹമൊ-
ന്നത്ഭുതാവഹം നമ്മെയീവിധം ചലിപ്പിപ്പൂ.
ആയതിന്‍ സമാപ്തിയില്‍ സര്‍വ്വവും നിശ്ചഞ്ചലം!
ഹാ, മര്‍ത്ത്യ, നിന്‍ഭൂതലം മായികച്ഛായാതലം!
å ദയനീയമാമൊരു ഗദ്ഗദ, മവ്യക്തമാ-
മൊരു രോദന, മാണീജീവിതം നിരാലംബം!
ഫലശൂന്യമാമതു ചെന്നുചെന്നവസാനം
ഫലശൂന്യതയില്ത്താനല്ലല്ലീ വിലയിപ്പൂ!
എന്തൊരു ശോച്യാവസ്ഥ!- വിസ്മയമെന്തി,ന്നതു
ചിന്തിച്ചു ചിന്തിച്ചെന്റെ കണ്ണിണ നിറഞ്ഞെങ്കില്‍
å സതതം ജോലിത്തിരക്കാര്‍ന്നൊരെന്‍ ജഗത്തേ, നീ,
കുതികൊള്ളുക മുന്നോട്ടെന്നെ നീ ഗൌനിക്കേണ്ട.
ഞാനൊരുവെറും ശോചനീയത, നിനക്കെന്റെ
ദീനരോദനം, പക്ഷേ, ദുസ്സഹമായിത്തോന്നാം!
അതു നീ പൊറുത്താലുമുള്ളലിഞ്ഞെ,നിക്കെന്റെ
ഹൃദയം നോവുന്നു, ഞാനിത്തിരി കരഞ്ഞോട്ടെ!
åå *åå *åå *
å കേവലമാശാമയസ്വപ്നമാത്രമാ,മെന്റെ
ഭാവനാലോകത്തേയ്ക്കുതന്നെ, ഞാന്‍ പോയ്ക്കൊള്ളട്ടെ!
തിമിരം ലേശം പോലും തീണ്ടാത്തൊ,രക്കല്‍ഹാര-
കമനീയോദ്യാനത്തില്‍ നിന്നെന്നെ വിളിക്കൊല്ലേ!åå17-11-1109